പെരുമ്പാവൂര്‍: വാഴക്കുളം ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന അറവുശാലകളും, പ്ലൈവുഡ് കമ്പനികളും അന്യദേശത്തൊഴിലാളികളും ശൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഇവിടത്തെ മഴക്കാല പൂര്‍വ്വ ശുചിത്വ പദ്ധതിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആക്ഷേപം ഉയരുന്നു. ഇത്തരം മേഖലകളിലെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്ത് യോഗം വിശദമായി ചര്‍ച്ചചെയ്തതായും പറയുന്നു. അറവുശാലകളില്‍ നിന്നും അനധികൃതമായി മാലിന്യങ്ങള്‍ റോഡരികില്‍ തള്ളുന്നതും അന്യസംസ്ഥാന തൊഴിലാളികള്‍ വൃത്തിഹീനമായ ചുറ്റുപാടില്‍ ജീവിക്കുന്നതുമാണ് ഇവിടത്തെ ഏറ്റവും വലിയ ആരോഗ്യ പ്രശ്നമെന്ന് നാട്ടുകാര്‍ പറയുന്നു.
എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിനായി കഴിഞ്ഞ ദിവസം ചേര്‍ന്നയോഗത്തില്‍ തീരുമാനമായതായി പ്രസിഡന്റ് റ്റി.എസ്.അബ്ദുള്‍ ജബ്ബാര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ വ്യവസായ സ്ഥാപന ഉടമകള്‍, കുടുംബശ്രീ ഭാരവാഹികള്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍, പ്രധാന അദ്ധ്യാപകര്‍, പ്രേരക്മാര്‍ എന്നിവര്‍ക്ക് 21ന് ഏകദിന പരിശീലനം നല്‍കും. എല്ലാവീടുകളിലും എലിവിഷം എത്തിക്കും. അന്യ സംസ്ഥാന തൊഴിലാളികളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ എന്‍ജിഒ സംഘടനകളുടെ സഹായത്തോടെ നടപടി കൈക്കൊള്ളും. 23ന് എല്ലാസ്ഥാപനങ്ങളിലും ശുചിത്വ ദിനമായി ആചരിക്കും.
ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ കിണറുകളും, 28ന് ക്ലോറിനേറ്റ് ചെയ്യും. 30ന് ആയുര്‍വേദ ഡിസ്പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യ ക്യാമ്പ് നടത്തും. ഭക്ഷ്യമായം തടയുന്നതിന് ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായും പ്രസിഡന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: