ദേശീയാധികാരത്തില്‍ കോണ്‍ഗ്രസ് തുടര്‍ന്നുവരുന്ന വികലതകള്‍ വരുന്ന കുറേക്കാലം അവരെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ പര്യാപ്തമാണ്. അധികാരത്തിന്റെ ഇടവേളയ്ക്ക് കാലപരിധികള്‍ നിര്‍ണയിക്കാനുള്ള ശ്രമം ഒരു പരാജയമായേക്കാം. എന്തെന്നാല്‍ ചില പരിധിക്കപ്പുറം വികാര പരിധികളാണ് നമ്മുടെ ജനാധിപത്യത്തിന്റെ പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ പാരമ്പര്യ വോട്ടുകളുടെ ചരിത്ര സ്വഭാവം. അടിയന്തരാവസ്ഥാനന്തരം ഇന്ദിര തൂത്തെറിയപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിന്റെ ശത്രുക്കള്‍, മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ രാജ്യത്തിന്റെ മിത്രങ്ങള്‍ ദീര്ഘമായൊന്നാശ്വസിച്ചു. എന്നാല്‍ കൈകള്‍ തട്ടിക്കുടഞ്ഞ് ശ്വാസം കഴിക്കും മുമ്പേ സകലവിധ സന്നാഹ പ്രതാപങ്ങളോടെയും ഇന്ദിര അധികാരത്തില്‍ തിരികെയെത്തിയിരുന്നു. ജനതാ മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍ സോണിയാഗാന്ധി തന്റെ കുട്ടികളേയും വാരിപ്പിടിച്ച് രാജീവിനെ, അതെ സാക്ഷാല്‍ രാജീവ്ഗാന്ധിയെത്തന്നെ സ്വന്തം ചേലത്തുമ്പില്‍ ചുറ്റി ദല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലേക്കോടുകയായിരുന്നു. ഇറ്റലിയുടെയും ഇന്ദിരയുടെയും അധികാര പാരമ്പര്യം കണ്ടുശീലിച്ച സോണിയ ഒരു വമ്പന്‍ പ്രതിക്രിയ പ്രതീക്ഷിച്ചെങ്കില്‍ തെറ്റുപറയാനാവില്ല. ജനാധിപത്യത്തിന്റെ പ്രാഥമിക പാഠങ്ങള്‍ അന്നുമിന്നും വശമില്ലാത്ത സോണിയയ്ക്ക് അധികാര ഭ്രഷ്ടരായ സ്വേഛാധിപതികളുടെ ദുരന്താനുഭവങ്ങള്‍ ഓര്‍മ്മവന്നത് സ്വാഭാവികം. പക്ഷേ പ്രതീക്ഷകളില്ലാതെ സ്നേഹിക്കാന്‍ പഠിച്ച ഭാരതത്തിലെ സാധാരണ ജനത ജനതാഭരണത്തിന്റെ ഏകതാനതയില്ലായ്മയ്ക്കും കമ്മ്യൂണിസത്തിന്റെ രാഷ്ട്രീയ ദീര്‍ഘ വീക്ഷണമില്ലായ്മയ്ക്കും അപ്പുറം പോയി. അവര്‍ അവരുടെ പ്രിയപ്പെട്ട ഇന്ദിരാ പ്രിയദര്‍ശിനിയെ, കുടുംബാധികാര പാരമ്പര്യത്തിലെ വര്‍ത്തമാനകാല അവകാശിയെ അധികകാലം അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ ആഗ്രഹിച്ചില്ല.
രാഷ്ട്രീയ താത്വികരുടെ ബൗദ്ധിക രാഷ്ട്രീയത്തിനും പ്രൊഫഷണല്‍ രാഷ്ട്രീയത്തിന്റെ പ്രായോഗിക ജഡിലതയ്ക്കുമിടയിലെ തനി സാധാരണ ഭൂമിയിലാണ് ശരാശരി ജനത്തിന്റെ രാഷ്ട്രീയ സ്വീകാര്യ-അസ്വീകാര്യങ്ങള് ഉയിര്‍ക്കുകയും ഒടുങ്ങുകയും ചെയ്യുന്നത്. അധികാരത്തിന്റെ ഓഹരികള്‍ കയ്യിലില്ലാത്ത ജനം അടിയന്തരാവസ്ഥയിലെ അവകാശലംഘനങ്ങളെ അതീവ ഗൗരവത്തില്‍ കണ്ടില്ല. പൗരാവകാശമില്ലായ്മ വലുതായൊന്നും നഷ്ടപ്പെടുത്തിയതായിത്തോന്നിയതുമില്ല. അവരെ സംബന്ധിച്ച് ആ നഷ്ടപ്പെടല്‍ അതുവരെ ഉപയോഗിച്ചിട്ടില്ലാത്ത എന്തോ ഒന്നിന്റെ നഷ്ടപ്പെടലായിരുന്നു. അഴിമതിയാകട്ടെ മതവിശ്വാസംപോലെ ഉറച്ചുപോയതും അവരില്‍നിന്ന് അകലത്തില്‍ സംഭവിക്കുന്നതും. രാഷ്ട്രീയാധികാരം സ്വന്തം അപ്രാപ്യതകളില്പ്പെടുത്തിയിരുന്ന അവര്‍ ആകെ ശീലിച്ചുവച്ചിരുന്ന ദാസ്യമനസ്ഥിതിക്ക് അടിയന്തരാവസ്ഥയില്‍ നല്ല സാധ്യതകളുണ്ടായിരുന്നുതാനും. എങ്കിലും എന്തോ ഒരു ശരിയില്ലായ്മയുടെ പൊടിപടലം അവരെ ശ്വാസംമുട്ടിക്കുന്നുണ്ടായിരുന്നു. കുറേ നല്ല മനുഷ്യരുടെ പ്രതിഷേധത്തെ അവര്‍ താല്‍പ്പര്യത്തോടെ നോക്കിക്കാണുന്നുണ്ടായിരുന്നു. അപ്പോള്‍ത്തന്നെയാണ് നിര്ബന്ധവന്ധ്യംകരണംപോലെ ചില കടുത്ത തീരുമാനങ്ങള്‍ ഇന്ദിരയും സഞ്ജയനും ചേര്‍ന്ന് നടപ്പാക്കാന്‍ തുനിഞ്ഞത്. അതവരെ വേദനിപ്പിച്ചു. ആ വേദനയോടൊപ്പം സ്വാതന്ത്ര്യ ബോധംകൂടി കലര്‍ത്തിവിടാന്‍ പ്രതിഷേധത്തിന്റെ മുന്നേറ്റ നിരകളായിരുന്ന ജയപ്രകാശ് നാരായണന്റെ നേതൃപാടവത്തിനും ആര്‍എസ്എസിന്റെ സഞ്ചാലനക്ഷമതയ്ക്കും സാധിച്ചു. അങ്ങനെ തനി ശുദ്ധനായ ഗ്രാമീണന്റെ പരുക്കന്‍ പ്രതികരണംകൂടി അടിയന്തരാവസ്ഥക്കെതിരായി. സംയോജിതമായ കുതറലില്‍ അടിതെറ്റിയ ഇന്ദിര ഏകാധിപത്യത്തില്‍നിന്നും ഇടറിവീണു. എന്നാല്‍ സമാധാനത്തിന്റെയും പുനര്‍ചിന്തനത്തിന്റെയും ഒരു ഹൃസ്വകാലത്തിനുശേഷം അവരുടെ പ്രിയപ്പെട്ട പ്രിയദര്‍ശിനി, ചാച്ചായുടെ സ്വന്തം പുത്രി അവരോട് മാപ്പിരന്നപ്പോള്‍ നിര്ലോഭമായവരത് നല്‍കുകയും ചെയ്തു.
അടിയന്തരാവസ്ഥാനന്തര ചരിത്രത്തെയും ഗതിയെയും പറ്റി ഗൗരവമായി ചിന്തിച്ചുകൊണ്ടിരുന്ന രാഷ്ട്രീയ വയ്യാകരണന്മാരെയും കോണ്‍ഗ്രസിന്റെ കുടുംബവാഴ്ചയുടെ അന്ത്യമായെന്ന് വിശ്വസിച്ച പാരമ്പര്യവൈരികളെയും അപ്പാടെ അമ്പരപ്പിച്ചുകൊണ്ടാണ് ഇന്ദിര അധികാരമേടയില് കയറിനിന്ന് പൂര്‍വാധികം ശക്തിയോടെ വെല്ലുവിളിച്ചത്. വെല്ലുവിളിച്ചത് ജനാധിപത്യത്തിന്റെ സ്വയം നവീകരണ ക്ഷമതയെയായിരുന്നു. അനിതര സാധാരണമായ ജനസമ്മതി അടിയന്തരാവസ്ഥയുടെ സാധൂകരണമൊന്നുമായിരുന്നില്ല. അച്ഛനേയും മകളേയും ഹൃദയത്തില്‍ പ്രതിഷ്ഠച്ച് സ്നേഹിച്ച നിഷ്കളങ്ക ഗ്രാമീണന്റെ ഉദാര വായ്പ്പായിരുന്നു. എന്നാല്‍ ആ ജനസമ്മതി ഇന്ദിരയുടെ ഫാസിസ്റ്റ് നിലപാടുകള്‍ക്കുള്ള പിന്തുണയായി വ്യാഖ്യാനിക്കപ്പെട്ടു. കുടുംബാധിപത്യമൊഴിച്ചുള്ള ഏതൊരധികാര നേതൃത്വവും നിലനില്‍ക്കുന്നതല്ലെന്ന് ബോധപൂര്‍വം പ്രചരിപ്പിക്കപ്പെട്ടു. അങ്ങനെ പതിന്മടങ്ങ് ധാര്‍ഷ്ട്യത്തോടെ, ആയിരമിരട്ടി ആജ്ഞാശക്തിയോടെ ഇന്ദിര അധികാരസിംഹാസനത്തില്‍ സ്വേഛാധിപത്യത്തിന്റെ ജ്വലിതാംഗനയായി പുനഃപ്രതിഷ്ഠിതയായി.
മൂന്നര പതിറ്റാണ്ട് പിന്നിട്ടുനില്‍ക്കുകയാണ് ഭാരതം. അടിയന്തരാവസ്ഥയുടെ പരുക്കന്‍ ഭാവങ്ങള്‍ ഇന്നില്ല. ഫാസിസത്തിന്റെ വ്യാമോഹങ്ങളുമില്ല. എന്നാല്‍ അധികാരദുര്‍വിനിയോഗത്തിന്റെ അഴിമതിയുടെയും ദുഷിച്ച ഗന്ധം കൂടുതല്‍ രൂക്ഷമായി. ജനം കുടുംബസ്വത്താണെന്ന ബോധത്തിലൂടെ കോണ്‍ഗ്രസ് ഒരുപാട് ദൂരം മുന്നേറി. ഭര്‍ത്താവും കുട്ടികളുമായി മാതൃരാജ്യത്തിന്റെ വിദേശ എംബസിയിലേക്കോടിക്കയറിയ ഭയവിഹ്വലാംഗനയല്ല ഇന്ന് സോണിയ. ദരിദ്രതയില്നിന്ന് അതിസമ്പന്നതയിലേക്ക് അറിയാതെ ചാടിയതിന്റെ ആര്ത്തിഭ്രമങ്ങള് മാഞ്ഞിട്ടില്ലെങ്കിലും സോണിയ ഇന്ന് സോണിയാഗാന്ധിയാണ്. ദൃഢനിഗൂഢമായ ഭരണകേന്ദ്രമാണ്. പുതിയ അധികാര പീഠങ്ങള്‍ സൃഷ്ടിച്ചിട്ടാണെങ്കില്ക്കൂടി രാജ്യത്തിന്റെ പരോക്ഷ നായികയാണ്. അവരുടെ മകനാകട്ടെ ഈ തലമുറയോടെ അന്യംനില്ക്കാന് പോകുന്ന അധികാരാശ്രിതവര്ഗത്തിന്റെ വാത്സല്യോപദേശങ്ങള് കേട്ടുവളരുന്ന അനന്തരാവകാശിയും. വളര്‍ന്നിട്ടും വളര്‍ന്നിട്ടും യുവാവായിത്തന്നെ തുടരുന്ന, പാകതകൊണ്ടും ചെയ്തികള്‍കൊണ്ടും ബാല്യം മാറാത്ത ഒരു മധ്യവയസ്കന്. ഭാവിയില്‍ തന്നെ പിന്തള്ളി അധികാരവീഥികളിലെത്താന് പോകുന്ന സഹോദരിയെ തടയാന്‍ ശ്രമിക്കുന്ന ഒരു പരിഭ്രാന്തന്‍. അങ്ങനെ തിടുക്കംപൂണ്ട് രാഹുല്‍ ചക്രരഹിതമായൊരു തേരില്‍ രാജ്യത്തെ നയിക്കാന്‍ പുറപ്പെടുന്നു. ഒരു കോളേജ് ഇലക്ഷന് നയിക്കാന്‍ മാത്രം പര്യാപ്തമായ പ്രതിഭകൊണ്ടും പാടവംകൊണ്ടും സേനാവ്യൂഹങ്ങള്കൊണ്ടും ഭാരതമെന്ന മനുഷ്യമഹാസാഗരത്തിലെ തിരകളെ നേരിടാന്‍ ഇറങ്ങിത്തിരിക്കുന്നു. കടത്തുകാരന്റെ കാലടിനീട്ടം നയമ്പിനാല് കപ്പലോടിക്കാന്‍ ശ്രമിച്ച് പരാജിതനാകുന്നു.
സോണിയാ മെയ്നോയില്നിന്ന് സോണിയ രാജീവിലേക്കും അവിടെനിന്ന് സോണിയാഗാന്ധിയിലേക്കുമുള്ള വളര്‍ച്ച ക്രമാനുഗതമായിരുന്നു. ഇടയ്ക്ക് അവര്‍ മറ്റൊരുപേരും സ്വീകരിച്ചിരുന്നു. ‘മിസിസ് ഗാന്ധി’. അമ്മായിഅമ്മയെപ്പോലെ ചേലയുടുത്തും ചുവടുകള്വച്ചും ഹിസ്റ്റീരിയ കലര്‍ത്തി സംസാരിക്കാന്‍ ശ്രമിച്ചും അവരൊരു ഹാസ്യാനുകരണത്തിന് മുതിര്‍ന്നു. ഇന്ദിര അനുഗമിച്ചത് അധികാരത്തിന്റെ ചില വന്യസത്യങ്ങളെയായിരുന്നു. അധികാരം പാരമ്പര്യത്തിലൂടെ, കുടുംബത്തിലൂടെ, സഞ്ചരിപ്പിച്ച് വ്യക്തിയില്‍ കേന്ദ്രീകരിക്കാന്‍ ഇന്ദിര ആഗ്രഹിച്ചു. അതിന് ഏകാധിപത്യത്തിന്റെ ഭൂഗോള മാതൃകയെ തന്നെയാണ് ഇന്ദിര പിന്തുടര്ന്നത്. അടിയന്തരാവസ്ഥയില്‍ മാധ്യമങ്ങള്‍ക്ക് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നല്കിയ ഒരു നിര്‍ദ്ദേശം ശ്രദ്ധിക്കുക. ‘അഡോള്‍ഫ് ഹിറ്റ്ലറെ അപഹസിക്കരുത്’. അടിയന്തരാവസ്ഥാനന്തരവും ഇന്ദിരയുടെ മനസ്ഥിതിക്ക് മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ സമീപനത്തിന് മാറ്റമുണ്ടായിരുന്നു. ഏകാധിപ ബോധത്തെ ജനാധിപത്യം കൊണ്ടവര്‍ വഴക്കിയെടുത്തു. ആ അധികാര ചേലകളെ അതേപടി ഉടുക്കാനാണ് സോണിയ ശ്രമിച്ചത്. എന്നാല്‍ അതിന് സര്‍ഗപരവും ചരിത്രപരവുമായ പരിമിതികളുണ്ടെന്ന് മനസ്സിലാക്കിയപ്പോഴാണ് മിസിസ് ഗാന്ധിയെ തെരുവിലുപേക്ഷിച്ച് സോണിയ വീണ്ടും സോണിയാ ഗാന്ധിയായത്. അവര്‍തന്നെ സൂചിപ്പിച്ചിട്ടുള്ളതുപോലെ ബിജെപി ദേശീയാധികാരത്തില്‍ തുടരുന്നതുകണ്ട് സഹിക്കാതെയും സംഘപരിവാറിന്റെ സ്വാധീനതകള്‍ വികസിതമാകുന്നതുകണ്ട് സമാധാനം നഷ്ടപ്പെട്ടിട്ടുമാണ് അവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. നെഹ്റുവിന് സംഘത്തോടുണ്ടായിരുന്ന വികാരം അധികാരഭയമായിരുന്നു. ഗുരു ഗോള്‍വല്‍ക്കറിന്റെ താരതമ്യങ്ങളില്ലാത്ത ജനസമ്മതിയോടും ആര്‍എസ്എസിന് ഉണ്ടാക്കാമായിരുന്ന രാഷ്ട്രീയ സ്വീകാര്യതയോടുമുള്ള ഭയം. അദ്ദേഹം എതിര്‍പ്പിന്റേയും അനുനയത്തിന്റേയും മാര്‍ഗങ്ങള്‍ മാറിമാറി സ്വീകരിച്ചിരുന്നു. അടിയന്തരാവസ്ഥവരെയും ഇന്ദിരയും അനുനയം തന്നെയാണ് അനുവര്‍ത്തിച്ചത്. അടിയന്തരാവസ്ഥയിലെ സംഘത്തിന്റെ കഠിനവും സാര്‍ത്ഥകവുമായ സമരത്തിനുശേഷം ഇന്ദിര പകയോടെയാണ് സംഘത്തെ നേരിട്ടത്. ബിജെപിയുടെ വളര്‍ച്ചയോടെ രാജീവ്ഗാന്ധി മുത്തച്ഛന്റെ വികാരത്തിലേക്കുതന്നെ തിരിച്ചുപോയി. അധികാരം നഷ്ടപ്പെടുന്ന പ്രാചീന ഭീതിയിലേക്ക്. സോണിയയുടെ വികാരം ഇതിനേക്കാളൊക്കെയും അധമവും പ്രാചീനവുമായിരുന്നു. മതപരമായ അസഹിഷ്ണുത, രാഷ്ട്രത്തോടും സംസ്ക്കാരത്തോടുമുള്ള അത്യാഗാധമായ വെറുപ്പ് രാജ്യത്തെ നയിക്കാന്‍ ദേശബോധം തടസമായതോടെ വെറുപ്പ് പകയായും പ്രതികാരമായും പിന്നെയും സങ്കുചിതമായി. ഇറ്റലി എന്ന മതരാഷ്ട്രവും മത, വിഘടനവാദ ഗന്ധംപുരണ്ട നിരവധി ബാഹ്യ-ആഭ്യന്തര ശക്തികളും അതിനവര്‍ക്ക് തുണയായി.
സോണിയായുടെ രാഷ്ട്രീയ പ്രവേശനത്തിനുശേഷം ഭാരതത്തിലെ ക്രൈസ്തവ മതപരിവര്‍ത്തനം വര്ധിതവേഗങ്ങള് പൂകി. അത് നക്സലിസത്തോടുപോലും ചേര്‍ന്ന് പ്രവര്‍ത്തിക്കാനാരംഭിച്ചതോടെ സ്വാമി ലക്ഷ്മണാനന്ദയെപ്പോലെയുള്ള ചെറുത്തുനില്‍പ്പുകള്‍ ദുരൂഹമായവസാനിച്ചു. സംസ്ക്കാരത്തെ നശിപ്പിക്കാന്‍ പുറത്തുനിന്നെത്തുന്ന മതാത്മക ധനസഹായങ്ങളും രാഷ്ട്രത്തെ നശിപ്പിക്കാനൊഴുകിയെത്തുന്ന സാമ്രാജ്യ-തീവ്രവാദ ധനസഹായങ്ങളും പലമടങ്ങായി വര്‍ധിച്ചു.
അത്തരം സംഘടനകളുടെ ടീത്സയെപ്പോലെയുള്ള നേതൃത്വങ്ങള്‍ ഭരണനിര്‍വഹണത്തിലെ അരാഷ്ട്രീയ പങ്കാളിത്തങ്ങളായി. അവരുടെ അരുന്ധതി റോയിയെപ്പോലെയുള്ള രാജ്യാന്തര പിആര്‍ഒമാര്‍ക്ക് ഭാരതത്തിലെവിടെയും ചെന്ന് പരസ്യമായി വിഘടനവാദം പ്രചരിപ്പിക്കാമെന്നായി. നിരപരാധികളുടെ നിരാഹാര ഉദരത്തില്‍ അര്‍ധരാത്രി അമര്‍ത്തിച്ചവിട്ടുന്ന ദല്‍ഹി പോലീസുപോലും കോടതി ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും വിഘടനവാദത്തിനെതിരെ നടപടിയെടുക്കാതെ ഭയന്ന് പിന്‍വാങ്ങുന്ന അവസ്ഥ വന്നു.
വിനയന് കോന്നി
പ്രതികരിക്കാൻ ഇവിടെ എഴുതുക: