കൊച്ചി: അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ അത്യാധുനിക സൗകര്യങ്ങളോടെ ലാസിക് ചികിത്സാ സെന്റര്‍ തുടങ്ങി. കണ്ണടയുടെ പവര്‍ കൃഷ്ണമണിയിലേക്ക് മാറ്റിവയ്ക്കുന്ന അതിനൂതന സാങ്കേതികവിദ്യയാണ് ലാസിക്. പൂര്‍ണ സുരക്ഷയും സാധാരണ കണ്ണടയും കോണ്ടാക്ട് ലെന്‍സ് ഉപയോഗിക്കുമ്പോഴുള്ള ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് ലേസര്‍ ചികിത്സ ചെയ്യുന്നത്. തികച്ചും വേദനാരഹിതമായ ലാസിക് ചികിത്സ ചെയ്യുന്ന നേത്രരോഗിക്ക് വളരെ കുറഞ്ഞ സമയം ചികിത്സയ്ക്ക് മതിയെന്നുള്ളതും, പെട്ടെന്ന് ഹോസ്പിറ്റല്‍ വിട്ടുപോകാമെന്നുള്ളതും ലാസിക് ചികിത്സയുടെ പ്രത്യേകതയാണ്.
‘അമൃത ലാസിക് സെന്ററിന്റെ’ ഉദ്ഘാടനം ചലച്ചിത്രതാരം പ്രിയാലാല്‍ ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. മാതാ അമൃതാനന്ദമയീമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. മനുഷ്യശരീരം ഏറ്റവും വിലപ്പെട്ട ഉപകരണമാണ്. ഏകദേശം രണ്ടരലക്ഷം കമ്പ്യൂട്ടറിന് വേണ്ട കണക്ഷനുകള്‍ നല്‍കാനുള്ള വയറുകള്‍ നമ്മുടെ കണ്ണിന്റെ നാഡീവ്യൂഹത്തിനുണ്ട്. മനുഷ്യന് സങ്കല്പ്പിക്കാന് സാധിക്കാത്ത അത്ഭുത സാങ്കേതികവിദ്യകള്‍ മനുഷ്യശരീരത്തിനുണ്ട്. അതുകൊണ്ട് ശരീരത്തെ പവിത്രമായി സൂക്ഷിക്കാന്‍ നമുക്ക് സാധിക്കണമെന്ന് സ്വാമിജി അനുഗ്രഹപ്രഭാഷണത്തില്‍ പറഞ്ഞു.
തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. മരുന്ന്, ഗവേഷണം, ശാസ്ത്രം, ഡോക്ടര്‍ എന്നിവ വളരെ പ്രധാനപ്പെട്ടതാണെങ്കിലും ഡോക്ടറുടെ രോഗിയോടുള്ള സമീപനരീതി പ്രധാനമാണ്. അമ്മയുടെ സ്നേഹവും ക്ഷമയും കാരുണ്യവും സന്ദേശമായി ഉള്‍ക്കൊള്ളുന്ന അമൃത കാരുണ്യത്തിന്റെ കര്മ്മക്ഷേത്രമാണെന്നുള്ളത് ശ്രദ്ധേയമാണെന്ന് തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി പറഞ്ഞു.
ഡോ. പ്രേംനായര്‍, ഡോ. ഗോപാല്‍ എസ്.പിള്ള, ഡോ. സഞ്ജീവ് കെ.സിന്‍ഹ്, ഡോ. അനില്‍ രാധാകൃഷ്ണന്, ഡോ. മീനാക്ഷിധര്, ഡോ. അനുരാധാറാവു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: