രൂപയുടെ മൂല്യത്തകര്‍ച്ച വിലക്കയറ്റംകൊണ്ട് വീര്‍പ്പുമുട്ടുന്ന ഇന്ത്യന്‍ ജനതക്ക് കനത്ത ആഘാതമായിരിക്കയാണ്. രൂപയുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന തട്ടിലെത്തിയപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 54.97 രൂപയായി. ഇത് ഉടനെ 55 ആകും എന്ന് മാര്‍ക്കറ്റുകള്‍ കണക്കുകൂട്ടുന്നു. ഇതോടൊപ്പം സ്വര്‍ണ ഇറക്കുമതിയിലും വന്‍തിരിച്ചടി നേരിട്ട് സ്വര്‍ണവില ഒരു പവന് 400 രൂപ കൂടിയിരിക്കുകയാണ്. യൂറോ സോണ്‍ പ്രതിസന്ധിയുടെ പ്രതിഫലനമാണിതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഏറ്റവും ഇടിവ് നേരിട്ട ഏഷ്യന്‍ കറന്സിയാണത്രെ രൂപ. എന്തെല്ലാം മനോഹര വാഗ്ദാനങ്ങളാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നില്‍ വിളമ്പിയത്. അതേ സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ ചെലവുചുരുക്കല്‍ മന്ത്രം ഉരുവിട്ട് കഴിഞ്ഞു.
നിര്‍ദ്ദോഷമായ ചില വെട്ടിച്ചുരുക്കലുകള്‍ക്കും ഇതിന്റെ ഭാഗമായി കേന്ദ്രം തയ്യാറായി. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിമാനയാത്രാ നിയന്ത്രണം പോലുള്ള നടപടികള്‍ പക്ഷെ പാവപ്പെട്ടവരുടെ വിശപ്പടക്കാന്‍ ഉപകരിക്കില്ല. ജനപ്രിയമല്ലാത്ത നടപടികള്‍ സ്വീകരിക്കേണ്ടിവരും എന്ന മുന്നറിയിപ്പും ധനമന്ത്രി പ്രണബ് മുഖര്‍ജി നല്കുന്നു. സബ്സിഡി കുറയ്ക്കല്‍, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനാ നീക്കം മുതലായ നടപടികള്‍ കടുത്ത വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. ഇപ്പോള്‍ പെട്രോള്‍ വില അഞ്ച് രൂപയും എട്ട് രൂപയോ കൂട്ടാന്‍ സാധ്യതയുണ്ട്. ഡീസല്‍ വില നിയന്ത്രണം കൂടി പെട്രോളിന്റെ വഴിയേ എന്ന ഭീഷണിയും യാഥാര്‍ത്ഥ്യമായേക്കാം. പാചകവാതകവില ഉയര്‍ത്തണം എന്ന ആവശ്യം ഉയര്‍ന്നിട്ട് നാളുകളായി. മണ്ണെണ്ണ ക്ഷാമത്തിനൊപ്പം പാചകവാതക വില വര്‍ധനാ ഭീഷണിയും ജനങ്ങളെ ആശങ്കാഭരിതരാക്കുന്നു.
വികസനം മന്ത്രം ഉരുവിടുന്നത് കേട്ട് തഴമ്പിച്ച ചെവികളില്‍ രൂപയുടെ വിലയിടിവും പെട്രോള്‍-ഡീസല്‍-പാചകവാതക വില വര്‍ധനാ സാധ്യതയും ഞെട്ടലുണ്ടാക്കുക സ്വാഭാവികം. ലോകത്തെ ഏറ്റവും വളരുന്ന രണ്ടാമത്തെ സമ്പദ്വ്യവസ്ഥ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയാണ് ഇപ്പോള്‍ രൂപയുടെ വിലയിടിവിലും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലും പെട്രോള്‍-ഡീസല്‍-പാചകവാതക ബില്‍ ഉയരാനുള്ള സാധ്യതയിലും പകച്ചുനില്‍ക്കുന്നത്. സാമ്പത്തിക പരിഷ്കരണ ധ്വനികള്‍ നിശബ്ദമായിരിക്കുകയാണ്. ക്രൂഡോയില്‍ ഇറക്കുമതി വര്‍ധന, യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധി, ഓഹരി വിപണിയില്‍നിന്ന് വിദേശസ്ഥാപനങ്ങള്‍ ഫണ്ട് പിന്‍വലിച്ചത് മുതലായവ സാധാരണക്കാര്‍ക്ക് മനസിലാകുന്ന വിഷയങ്ങളല്ല. സബ്സിഡികള്‍ വെട്ടിക്കുറക്കുന്നത് തെരഞ്ഞെടുപ്പ് നേരിടേണ്ടിവരുന്ന ഒരു സര്‍ക്കാരും സ്വീകരിക്കാന്‍ ധൈര്യപ്പെടാത്ത നടപടിയാണ്. പെട്രോള്‍ ഡീസല്‍ കമ്പനികള്‍ക്ക് ആഗോള വില നിലവാരത്തിനനുസരിച്ച് കമ്മി നികത്താന്‍ നല്കുന്ന സഹായവും കടുത്ത സാമ്പത്തിക ഭാരമാണ് കേന്ദ്രസര്‍ക്കാരില്‍ ചുമത്തുന്നത്. ഇന്ന് സാധാരണക്കാരന് ദൈനംദിന ചെലവുകള്‍ക്ക് പോലും സ്വന്തം വരുമാനം തികയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന ഇരുന്നൂറോ മുന്നൂറോ ശതമാനമാണത്രേ. പച്ചക്കറികള്‍, പഴങ്ങള്‍, പരിപ്പ്വര്‍ഗങ്ങള്‍ ഒന്നും ഇന്ന് ഒരു ശരാശരി വരുമാനക്കാരന്റെ ബജറ്റില്‍ ഒതുങ്ങുന്നില്ല. കേരളത്തിലെ നെല്ലുല്‍പാദകര്‍ നെല്ലു ശേഖരിച്ചതിന്റെ വില രണ്ടാം വിള നടാറാകുന്ന സമയമായിട്ടും ലഭിക്കാത്തതിനാല്‍ പ്രതിഷേധത്തിലും പ്രതിരോധത്തിലുമാണ്.
ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നെല്‍കൃഷിക്കാര്‍ക്ക് കൊടുക്കാനുള്ളത് 315 കോടി രൂപയാണ്. സപ്ലൈകോയും കേന്ദ്രവിഹിതമായി കിട്ടാനുള്ള 80 കോടിയില്‍ കണ്ണുനട്ടിരിക്കുകയാണ്. മിനിമം താങ്ങുവില ആയ 15 രൂപയില്‍ കേന്ദ്രത്തിന്റെ ഷെയര്‍ 10.80 രൂപയാണ്. ഇപ്പോള്‍ പെട്രോള്‍ വില അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും പാചകവാതക സിലിണ്ടറിന് 50 രൂപയും കൂട്ടാനാണത്രെ നീക്കം. കഴിഞ്ഞ ഡിസംബറിലാണ് പെട്രോള്‍ വില കൂട്ടിയത്. അന്ന് ക്രൂഡോയില്‍ ഇറക്കുമതിച്ചെലവ് 109.30 ഡോളറായിരുന്നത് ഇന്ന് 120 ഡോളറായി. 2011-12 ല്‍ പെട്രോള്‍ വില്‍പ്പന നഷ്ടം 4859 കോടിയാണെന്നാണ് എണ്ണക്കമ്പനികള്‍ അവകാശപ്പെടുന്നത്. ഡീസല്‍, എല്‍പിജി, പാചകവാതകം വില്‍പ്പനയില്‍ 1,38,541 കോടിയുടെ നഷ്ടമുണ്ടായി.
പക്ഷെ കേന്ദ്രം 45,000 കോടി മാത്രമാണ് ഇതുവരെ നല്‍കിയത്. രൂപയുടെ മൂല്യത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്റിസര്വ്ബാങ്ക് ഇടപെടുമെന്ന സൂചനയുണ്ട്. പക്ഷെ ഡോളറിന്റെ കരുതല്‍ശേഖരം രൂപയെ രക്ഷിക്കാന്‍ ഉപയോഗിക്കുന്നതിന്റെ അപകടത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പുതിയ ഡോളര്‍ എത്തിച്ച് നിയന്ത്രണം നീക്കാനാണ് ശ്രമം. ഇപ്പോള്‍ ഉയരുന്ന ചോദ്യം എവിടെ മന്‍മോഹനിസം എന്നാണ്. എണ്ണക്കമ്പോളം ഡീകണ്‍ട്രോള്‍, വള സബ്സിഡി നേരിട്ട് കൃഷിക്കാര്ക്കെത്തിക്കുക മുതലായ ഉപാധികള്‍ ഉയരുന്നുണ്ടെങ്കിലും ഭക്ഷ്യസുരക്ഷാബില്‍ എന്ന വാഗ്ദാനം വിദൂര സ്വപ്നമായേക്കാനാണ് സാധ്യത കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: