കോഴിക്കോട്: മാധ്യമങ്ങള്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമെതിരെ വീണ്ടും സിപിഎം. ടി.പി. ചന്ദ്രശേഖരന് വധക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരിലെ ഒരു വിഭാഗവും ഒരുവിഭാഗം മാധ്യമങ്ങളും ക്വട്ടേഷന്‍ സംഘത്തെപ്പോലെ പ്രവര്‍ത്തിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീം. ചന്ദ്രശേഖരന് വധം സിപിഎമ്മിന്റെ തലയില്‍ കെട്ടിവെക്കാന്‍ ക്വട്ടേഷന്‍ എടുത്തപോലെയാണ് കാര്യങ്ങളെന്നും എളമരം കരീം ആരോപിച്ചു. കോഴിക്കോട് ജില്ലാകമ്മറ്റി ഓഫീസില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ പിടിയിലായ പാര്‍ട്ടിപ്രവര്‍ത്തകര്‍ പോലീസ് പറഞ്ഞത്പ്രകാരം കുറ്റക്കാരോ നിരപരാധികളാണോ എന്ന് പറയുന്നില്ല.
പാര്‍ട്ടി നിലപാടിന് വിരുദ്ധമായി ചെയ്തെന്ന് ബോധ്യമായാല്‍ മടിച്ചുനില്‍ക്കില്ല. മാധ്യമങ്ങള്‍ക്ക് യു.ഡി.എഫ്. ക്വട്ടേഷന്‍ നല്‍കിയിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷവിമര്‍ശനമാണ് എളമരംകരീം ഉന്നയിച്ചത്. മുല്ലപ്പള്ളി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രആഭ്യന്തരമന്ത്രി സ്ഥാനത്തിരിക്കാന്‍ മുല്ലപ്പള്ളിക്ക് അര്‍ഹതയില്ല. പദവിക്ക് യോജിക്കാത്ത രീതിയിലാണ് മുല്ലപ്പള്ളി പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാസെക്രട്ടറിയേറ്റ് അംഗങ്ങളായ എം.ഭാസ്കരന്, എം. മെഹബൂബ്, കെ.ചന്ദ്രന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: