ലാഹോര്‍:വാഗ അതിര്‍ത്തിയില്‍ ഇന്ത്യയും പാകിസ്ഥാനും സുരക്ഷ ശക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം ശക്തമാക്കാന്‍ വാഗ അതിര്‍ത്തിയില്‍ ഈയിടെ തുറന്ന ചെക്ക്പോസ്റ്റ് തകര്‍ക്കുമെന്ന് നിരോധിത സംഘടനയായ ലഷ്ക്കര്‍ ഇ തോയ്ബ ഭീഷണിക്കത്ത് അയച്ചതിനെത്തുടര്‍ന്നാണ് നടപടി. കശ്മീര്‍ പ്രശ്നം പരിഹരിക്കാതെ ഇന്ത്യയുമായി വാണിജ്യബന്ധത്തിന് തയ്യാറായ പാകിസ്ഥാന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ചെക്ക് പോസറ്റ് തകര്‍ക്കാന്‍ ലഷ്ക്കര്‍ ഇ തോയ്ബ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ചില പ്രധാന വ്യക്തികള്‍ക്കും സ്ഥലങ്ങള്‍ക്കും നേരെ ആക്രമണം നടത്താനും ലഷ്ക്കര്‍ പ്രവര്‍ത്തകര്‍ ആലോചിക്കുന്നതായി സുരക്ഷാഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഡെയ്ലിം ടൈംസ് ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണമുണ്ടായാല്‍ അടിയന്തരസാഹചര്യം നേരിടാന്‍ ആംബുസന്‍സ്, ഫയര്‍ഫോഴ്സ് സേവനങ്ങള്‍ അതിര്‍ത്തിയില്‍ ഉറപ്പാക്കി.
അതേസമയം ചെക്ക് പോസ്റ്റില്‍ സുരക്ഷാഭീഷണിയുണ്ടെന്ന വാര്‍ത്ത പാകിസ്ഥാന് സുരക്ഷാവക്താവ് മെഹ്ബൂബ് ഹുസൈന് നിഷേധിച്ചു. ഇന്ത്യ-പാകിസ്ഥാന് വാണിജ്യബന്ധത്തിന്റെ പേരില്‍ എന്തെങ്കിലും ഭീഷണിയുള്ളതായി തനിക്ക് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ-പാകിസ്ഥാന് വാണിജ്യബന്ധം ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് വാഗ അതിര്‍ത്തിയില്‍ പുതിയ ചെക്ക് പോസ്റ്റ് തുറന്നത്. വ്യാപാരം സുഗമമാക്കാന്‍ വിസ നിയമങ്ങളില്‍ ഇളവ് വരുത്തുന്ന കാര്യവും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. വാണിജ്യരംഗത്ത് ഇന്ത്യയെ അഭിമതരാഷ്ട്രമായി അംഗീകരിക്കുമെന്ന് പാകിസ്ഥാന് നേരത്തെ പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ കശ്മീരിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പരിഹാരമാകാതെ ഇന്ത്യയുമായി വ്യാപരബന്ധം സുഗമമായി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ലഷ്ക്കര്‍ ഇ തോയ്ബ ഉള്‍പ്പെടെയുള്ള പാകിസ്ഥാനിലെ ഭീകരസംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: