കോഴിക്കോട്: റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ വധത്തില്‍ സി.പി.എം പ്രതിക്കൂട്ടിലായിരിക്കെ ജില്ലയില്‍ നിന്നുള്ള സംസ്ഥാനസെക്രട്ടറിയേറ്റ് അംഗവും വിദേശപര്യടനത്തിന്. സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറി ടി.പി. രാമകൃഷ്ണന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ വി.വി. ദക്ഷിണാമൂര്‍ത്തിയാണ് വിദേശത്തേയ്ക്ക് യാത്രയായത്. കുവൈറ്റിലേക്കാണ് ദക്ഷിണാമൂര്‍ത്തി പോയത്. പാര്‍ട്ടി നിര്‍ദ്ദേശം തള്ളിയാണ് രാമകൃഷ്ണന് ചൈന സന്ദര്‍ശനത്തിന് പോയതെങ്കില്‍ പാര്‍ട്ടി ദൗത്യമേറ്റെടുത്താണ് ദക്ഷിണാമൂര്‍ത്തി പോയതെന്നാണ് വിവരം. ഗള്‍ഫിലുള്ള പാര്‍ട്ടി അനുഭാവികളെ സന്ദര്‍ശിക്കാനും നിലപാട് അറിയിക്കാനും കൂടിയാണ് യാത്ര. ഗള്‍ഫ് രാജ്യങ്ങളിലെ പാര്‍ട്ടി അണികളില്‍ നിന്നു സാമ്പത്തിക സമാഹരണവും യാത്രയിലൂടെ ലക്ഷ്യമാക്കുന്നുണ്ടെന്നാണ് വിവരം. ടി.പി. ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സ്വീകരിച്ച നിലപാടുകള്‍ക്കൊപ്പമായിരുന്നു വി.വി. ദക്ഷിണാമൂര്‍ത്തിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: