ലാറ്റിനമേരിക്കന്‍ എഴുത്തുവസന്തത്തില്നിന്നും ഋതുഭേദങ്ങളില്ലാത്തിടത്തേക്ക് കാര്‍ലോസ് ഫ്യൂന്റസ് മടങ്ങുമ്പോള്‍ ശേഷിക്കുന്നത് ചരിത്രവും സംസ്കാരവും ഇഴപാകിയ മെക്സിക്കന്‍ ഭൂതകാലം. സ്പാനിഷില്‍ അഭിജാത ഭാഷയിലെഴുതുന്ന ഫ്യൂന്റസ് കൃതികള്‍ മെക്സിക്കന്‍-സ്പാനിഷ് സങ്കരജീവിതത്തിന്റെ തുടിപ്പുകളാണ്. മാര്‍ക്കേസ്, യോസ, കോര്‍ട്ടാസര്‍ തുടങ്ങിയ സ്പാനിഷില്‍ എഴുതുന്ന ലാറ്റിനമേരിക്കയിലെ മുമ്പര്ക്കിടയിലാണ് ഫ്യൂന്റസിന്റെ ഇരിപ്പിടം.
മുപ്പതാം വയസില്‍ 1957ല്‍ പുറത്തുവന്ന ഫ്യൂന്റസിന്റെ ആദ്യനോവല്‍ വേര് ദ എയര്‍ ഈസ് ക്ലിയര്‍ തന്നെ മെക്സിക്കന്‍ ക്ലാസിക്കായി. പിന്നീടങ്ങോട്ട് നോവലും കഥയും നാടകവും ലേഖനവുമൊക്കെയായി എഴുത്തിന്റെ കുത്തൊഴുക്കായിരുന്നു. എവിടെയാണ് ശുദ്ധവായു എന്ന അദ്ദേഹത്തിന്റെ നോവല്‍ പേരുപോലെ സങ്കരസംസ്കാരത്തിന്റെ പ്രശ്നങ്ങള്‍ എഴുതിയ ശുദ്ധ സ്ലേറ്റായിരുന്നു. പേനയും മഷിയും പേപ്പറും മാത്രം ഉപയോഗിക്കുന്ന താന്‍ ആധുനിക പൂര്‍വ എഴുത്തുകാരനാണെന്ന് സ്വയം പ്രഖ്യാപിക്കുമ്പോഴും പുതുവാശയങ്ങളുടെ ഗരിമയുണ്ട് ഫ്യൂന്റസ് ചിന്തക്ക്.
മെക്സിക്കനെഴുത്ത് സ്പെയിനെഴുത്തുകൂടിയാകുന്ന ദ്വിമാന തലകളുള്ള സങ്കരഭാവം രാഷ്ട്രീയവും സംസ്കാരവും ചരിത്രവും കണ്ണാടി നോക്കുന്ന ഒരു ജലാശയ പച്ച ഫ്യൂന്റസിന്റെ ഭാവനക്കുണ്ട്. തനതേതെന്ന് തിരിച്ചറിയാനാവാത്ത കൂടിക്കുഴച്ചിന്റെ ആന്തരിക പ്രശ്നങ്ങളും പ്രക്ഷോഭങ്ങളും ലാവയായൊഴുകുന്ന ഭൂമികയാണ് ഫ്യൂന്റസിന്റെ ഭാവനാലോകം.
അധിനിവേശങ്ങളുടെയും കടന്നാക്രമണങ്ങളുടെയും വായ്ത്തലയും കുളമ്പടിയും നിറഞ്ഞ മെക്സിക്കന്‍ ചുവന്നമണ്ണിന് ചരിത്രത്തെ തോല്‍പ്പിക്കുന്ന ഐതിഹ്യങ്ങളുടെയും ഭാവനയില്‍ തള്ളിവരുന്ന ചരിത്രത്തിന്റെയും മണമുണ്ട്. എഴുത്തുകാരെ ഒരുതരം മാജിക്കല്‍ റിയലിസത്തിലേക്ക് പിടിച്ചുകൊണ്ടുപോകുന്ന പശപ്പുള്ള ഭൂമി. താന്‍ ആര്‍ക്കുവേണ്ടിയാണ് എഴുതേണ്ടതെന്ന് ഫ്യൂന്റസ് ചോദിക്കുമ്പോള്‍ അതിനുള്ള ഉത്തരം അദ്ദേഹത്തിന്റെ കൃതികള്‍തന്നെയാണ്. ലഹരിമരുന്ന് മാഫിയ മൂപ്പിളമതര്ക്കങ്ങളുടെ പേരില്‍ പരസ്പരം തലവെട്ടി വാര്‍ത്ത സൃഷ്ടിക്കുന്ന ഇന്നത്തെ മെക്സിക്കോയില്‍നിന്ന് ഫ്യൂന്റസ് എന്ന ആഗോള എഴുത്തുകാരന് വിടപറയുമ്പോള്‍ തെളിഞ്ഞ ശുദ്ധവായു സ്വന്തം നാട്ടിലില്ലെന്നു ബോധ്യപ്പെട്ടാണോ അദ്ദേഹത്തിന്റെ പിന്മടക്കമെന്ന ചോദ്യം ബാക്കിയാകുന്നു.
സേവ്യര്‍. ജെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: