ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം ആഗോളതലത്തില്‍ സ്വന്തമാക്കിയ കേരളത്തില്‍ വിനോദസഞ്ചാര മേഖല കുതിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വിനോദസഞ്ചാരികളുടെ വരവില്‍ വന്‍വര്‍ധനയാണ് കാണിച്ചത്. വിദേശസഞ്ചാരികളുടെ എണ്ണം 732985 ഉം ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 9381455 ഉം ആയി ഉയര്‍ന്നപ്പോള്‍ കഴിഞ്ഞ ഒരുവര്‍ഷത്തില്‍ ടൂറിസം മേഖലയില്‍നിന്നുള്ള വരുമാനം 19037 കോടിയായി ഉയര്‍ന്നു. ടൂറിസ്റ്റുകളുടെ വരവിലെ വര്‍ധന ഒരു കോടിയായത്രേ. വിദേശനാണ്യവരുമാനം 3797.37 കോടി രൂപയായി ഉയര്‍ന്നു. കേരളമാണ് വിദേശസഞ്ചാരികളുടെ വരവില്‍ ഇന്ത്യയില്‍ മുന്നില്‍ നില്‍ക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തില്‍ കേരളത്തിലെ ടൂറിസ്റ്റുകളുടെ വരവിലെ വര്‍ധന നാലിരട്ടിയായി. കേരളം ലോകത്തിലെ ഏറ്റവും അധികം വിനോദസഞ്ചാര വികസനം നേടുന്ന സംസ്ഥാനമായി മാറി എന്നത് അഭിനന്ദനാര്‍ഹമാണ്. ദല്‍ഹി, രാജസ്ഥാന്, ഉത്തര്‍പ്രദേശ് മുതലായ സംസ്ഥാനങ്ങളിലേതുപോലെ ഹെറിറ്റേജ് സൈറ്റുകള്‍ ഇല്ലാത്ത കേരളത്തില്‍ ടൂറിസം ഈ വികസനം കൈവരിച്ചത് സംസ്ഥാനത്തെ വൈവിധ്യമാര്‍ന്ന വിനോദസഞ്ചാര മേഖല കൊണ്ടാണ്. വിദേശസഞ്ചാരികളെ ഒന്നൊഴിയാതെ മുഗ്ധരാക്കുന്നത് ഇവിടത്തെ ബീച്ചുകളും കായലുകളും മലയോരങ്ങളും വന്യമൃഗസങ്കേതങ്ങളും മറ്റുമാണ്. കൊച്ചി വിദേശികളുടെ പ്രിയപ്പെട്ട ലക്ഷ്യകേന്ദ്രമാണ്. കോവളം, ചെറായി, വര്‍ക്കല മുതലായ ബീച്ചുകള്‍, വേമ്പനാട്, കുമരകം, ആലപ്പുഴ എന്നിവിടങ്ങളിലെ കായലുകള്‍ മൂന്നാര്‍, വയനാട്, നെല്ലിയാമ്പതി, വാഗമണ്‍ മുതലായ ഹില്‍സ്റ്റേഷനുകള്‍ പെരിയാറിലെയും ഇരവികുളത്തെയും നാഷണല്‍ പാര്‍ക്കുകള്‍ എന്നിവ വിദേശികള്‍ക്ക് ഹരം പകരുന്നവയാണ്.
കേരളത്തിലെ ഉത്സവങ്ങളും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു. തൃശൂര്‍പൂരം, ചെട്ടിക്കുളങ്ങര ഭരണി മുതലായവ ഉദാഹരണങ്ങളാണ്. ആനകളെ എഴുന്നള്ളിപ്പിച്ചുള്ള പരിപാടികള്‍ കാണാന്‍ വിദേശസഞ്ചാരികള്‍ ഒഴുകിയെത്താറുണ്ട്. കേരളത്തിലെ പുരാതന കലകളായ കഥകളി, തെയ്യം, കളരിപ്പയറ്റ്, കുത്തിയോട്ടം മുതലായവയും വിദേശസഞ്ചാരികള്‍ ഇഷ്ടപ്പെടുന്നു. കഥകളി കണ്ടശേഷം അത് പഠിക്കാന്‍ കലാമണ്ഡലത്തിലെത്തുന്ന വിദേശികള്‍ ധാരാളമാണ്. കായല്‍ ടൂറിസത്തിന്റെ ആകര്‍ഷണം ഹൗസ്ബോട്ടുകളാണ്. ഹൗസ്ബോട്ട് സഞ്ചാരം വിദേശികള്‍ക്ക് കേരള ഗ്രാമങ്ങളെയും ഗ്രാമവാസികളെയും കാണാന്‍ അവസരമൊരുക്കുന്നു. കേരളത്തിന്റെ ആഹാരംപോലും ടൂറിസ്റ്റുകള്‍ക്ക് പ്രിയമായതിനാലാണ് കേരളം നല്ല ബ്രേക്ക്ഫാസ്റ്റ് ഡെസ്റ്റിനേഷന്‍ ആയി കരുതപ്പെടുന്നത്.
ടൂറിസം വ്യവസായം വികസിപ്പിക്കേണ്ട വ്യവസായംതന്നെയാണ്. അതിന് കാരണം ഇത് നല്കുന്ന തൊഴിലവസരങ്ങളും വിദേശനാണ്യവുമാണ്. കേരളത്തിന്റെ വിദേശസഞ്ചാര മുതല്ക്കൂട്ടുകള് അക്കമിട്ട് നിരത്തുമ്പോഴും ടൂറിസം വികസനം കൊണ്ട് വന്‍ നേട്ടമാണ് കൊയ്യുന്നതെന്ന് പറയുമ്പോഴും ഇന്ന് കേരളം എന്തുകൊണ്ട് സൂപ്പര്‍ ബ്രാന്ഡാകുന്നുവോ ആ മുതല്ക്കൂട്ടുകള് നമ്മള് നശിപ്പിക്കുന്നു എന്ന വസ്തുത മറക്കരുത്. ഇക്കോ ടൂറിസം വികസിക്കുമ്പോഴും മലയാളികള്‍ ഇക്കോളജി നശിപ്പിക്കുന്നു. ശുചിത്വ വിഷയത്തില്‍ ശ്രദ്ധാലുക്കളായ വിദേശികളെ സ്വാഗതം ചെയ്യുന്നത് മാലിന്യക്കൂമ്പാരങ്ങളും നാറുന്ന അന്തരീക്ഷവും ആണ്.
കഠിനമായ ശുദ്ധജലക്ഷാമം അനുഭവിക്കുന്ന കേരളത്തിലെത്തുന്ന വിദേശികള്‍ എന്നും കുപ്പിവെള്ളത്തെ ആശ്രയിക്കുമ്പോള്‍ കുപ്പിവെള്ളം പോലും മലിനീകൃതമാണ് എന്ന വാര്‍ത്ത ശുഭകരമല്ല. കേരളത്തിന്റെ നികന്നുപോകുന്ന വയലുകളും വെട്ടിനിരത്തി റിസോര്‍ട്ടുകള്‍ ഉയരുന്ന വനമേഖലകളും ഹരിതാഭയില്‍ ഭ്രമിച്ചുവരുന്ന വിദേശികളെ പിന്തിരിപ്പിക്കും. കുമരകത്തെ പക്ഷിസങ്കേതത്തില്‍ പക്ഷികള്‍പോലും എത്താതായി. ഇത്ര വികസനസാധ്യതയും വരുമാനവും ജോലിസാധ്യതയുമുള്ള ഒരു മേഖല തകരാതിരിക്കാന്‍ കേരളീയരും ശ്രദ്ധാലുക്കളാകേണ്ടതാണ്. നല്ലൊരു ശതമാനം വിദേശികള്‍ കേരളത്തിലെത്തുന്നത് നമ്മുടെ പ്രസിദ്ധമായ ആയുര്‍വേദ ചികിത്സ തേടിയാണ്. ആയുര്‍വേദത്തിന്റെ പ്രശസ്തി ആഗോളതലത്തില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. കേരളം മെഡിക്കല്‍ ടൂറിസം രംഗത്തും വികസനം കൈവരിക്കുന്നത് വിദേശത്തെ ഭാരിച്ച ചികിത്സാച്ചെലവിനോട് താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ താഴ്ന്ന ചികിത്സാച്ചെലവും ഡെന്റല്‍ ടൂറിസവുംമൂലമാണ് ഹൃദ്രോഗ ചികിത്സ തേടുന്നവരെയും കേരളം ആകര്‍ഷിക്കുന്നു. അതുപോലെ തന്നെ പുരാതനമായ യോഗയും ധ്യാനവും പരിശീലിക്കാനെത്തുന്നവരും കുറവല്ല. സ്വര്‍ണമുട്ടയിടുന്ന താറാവിനെ കൊല്ലാതെ സംരക്ഷിക്കേണ്ട കടമ കേരളീയര്‍ക്കുണ്ട്. ഈ പശ്ചാത്തലത്തില്‍ സമഗ്രമായ ടൂറിസം നയത്തിന് രൂപം നല്‍കാനും സന്തുലിത വികസനം ലക്ഷ്യമിട്ട് മലബാര്‍ മേഖലയെ കൂട്ടിയിണക്കി ഈസ്റ്റേണ്‍ കോറിഡോര്‍ പദ്ധതി തയ്യാറാക്കിയതും സ്വാഗതാര്‍ഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: