ഇസ്ലാമാബാദ്: പാക്കിസ്ഥാനി പത്രപ്രവര്‍ത്തകര്‍ക്കെതിരെ ലഷ്കര്തൊയ്ബ സ്ഥാപകന്‍ മുഹമ്മാ് സയിദിന്റെ വക്കീല്‍ നോട്ടീസ്. യുഎസ് അംബാസഡര്‍ കാമറോണ്‍ മുണ്ടെറും സയിദും തമ്മില്‍ രഹസ്യചര്‍ച്ച നടത്തിയെന്ന് വാര്‍ത്ത കെട്ടിച്ചമച്ചതിനെതിരെ മാനനഷ്ടക്കേസിലാണ് ഇവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. തന്റെ പ്രതിഛായക്ക് കോട്ടം വരുത്തിയെന്നു കാട്ടി നൂറ് മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരവും സയിദ് ആവശ്യപ്പെട്ടിട്ടുണ്ട്.
നസീര്‍ നാജി, റിപ്പോര്‍ട്ടര്‍ അമീര്‍ മിര്‍ എന്നിവര്‍ക്കെതിരെയാണ് സയിദിന്റെ അഭിഭാഷകന് നോട്ടീസ് അയച്ചത്. ഉറുദു പത്രത്തില്‍ മെയ് ഒന്‍പതിന് കോളമിസ്റ്റ് നസീര്‍ നാജി എഴുതിയ വാര്‍ത്തയും ഏഷ്യാംടൈം എന്ന ഓണ്‍ലൈന്‍ വെബ്സൈറ്റില്‍ മീര്‍ നല്കിയ റിപ്പോര്‍ട്ടും തന്റെ പ്രതിഛായയെ ബാധിച്ചുവെന്നാണ് സയിദ് പറയുന്നത്.
എന്നാല്‍ യുഎസിലെ ഒരു പ്രതിനിധികളെയും സന്ദര്‍ശിക്കുവാന്‍ സയിദ് ആഗ്രഹിക്കുന്നില്ലെന്ന് സയിദിന്റെ അഭിഭാഷകന് എ.കെ. ദോഗര്‍ പറഞ്ഞു. പാക്കിസ്ഥാനിലും വിദേശത്തും സയിദിനെ അപമാനിക്കാന്‍ ശ്രമിച്ചതിന് ഇരുവര്‍ക്കുമെതിരെ ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ദോഗര്‍ പറഞ്ഞു.
മാനനഷ്ടത്തില്‍ 100 മില്യണ്‍ ഡോളര്‍ നല്‍കണമെന്ന ആവശ്യത്തിന് പതിനാല് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സയിദും യുഎസ് അംബാസഡറും തമ്മില്‍ അടുത്തിടെ രഹസ്യ കൂടിക്കാഴ്ച നടത്തിയ വാര്‍ത്ത യുഎസ് എംബസിയും നിരാകരിച്ചിരുന്നു.
സയിദിനെതിരെ വാര്‍ത്തകള്‍ കെട്ടിച്ചമച്ചുണ്ടാക്കിയ ഇരുവര്‍ക്കുമെതിരെ നിയമനടപടികള്‍ കൊണ്ടുവരണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ദോഗര്‍ പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് സയിദെന്ന് യുഎസ് പറയുമ്പോള്‍, സയിദിനെ അറസ്റ്റുചെയ്യാന്‍ മതിയായ തെളിവുകളില്ലെന്നാണ് പാക് സര്‍ക്കാരിന്റെ വാദം. സയിദിന്റെ തലക്ക് യുഎസ് 10 മില്യണ്‍ ഡോളര്‍ വിലയിട്ടിരുന്നു. ഇതിന്തൊട്ടുപിറകെയാണ് യുഎസ് അംബാസഡറും സയിദും തമ്മില്‍ രഹസ്യകൂടിക്കാഴ്ച നടത്തിയതെന്ന് വാര്‍ത്ത പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: