ആലുവ: ആലുവ നഗരത്തില്‍ ക്രിമിനലുകളെ കണ്ടെത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി നഗരത്തിന്റെ തിരക്കേറിയ ഭാഗങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചു തുടങ്ങി. ഇതിനോടകം റെയില്‍വേ സ്റ്റേഷനുള്‍പ്പെടെ വിവിധ ഭാഗങ്ങളിലായി 22 ക്യാമറകള്‍ സ്ഥാപിച്ചതായി ആലുവ ഡിവൈഎസ്പി ആര്.സലീം വെളിപ്പെടുത്തി.
ക്യാമറയിലെ ദൃശ്യങ്ങള്‍ 24 മണിക്കൂറും കണ്ട്രോള് റൂമില്‍ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നിരീക്ഷിക്കുന്നുണ്ട്. ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിലായി മോട്ടോര്‍ ബൈക്കില്‍ പോലീസിന്റെ പ്രത്യേക സംഘവും റോന്തുചുറ്റുന്നുണ്ട്. സംശയകരമായ രീതിയില്‍ ഏതെങ്കിലും തരത്തിലുള്ള ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്ന്നാലുടന് മോട്ടോര്‍ ബൈക്ക് സംഘത്തിന് വിവരം നല്‍കും. ഇതിനോടകം റെയില്‍വേ സ്റ്റേഷന് പരിസരത്ത് സംഘര്‍ഷാവസ്ഥകള്‍ കുറയുവാന്‍ ക്യാമറ സഹായിച്ചിട്ടുണ്ടെന്ന് ഡിവൈഎസ്പി വെളിപ്പെടുത്തി. വൈദ്യുതി പോയാലും ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെടുക്കാന്‍ കഴിയുന്നതരത്തില്‍ യുപിഎസും മറ്റും ഇനിയും സ്ഥാപിക്കേണ്ടതുണ്ട്. അതുപോലെ കൂടുതല്‍ സ്ഥലങ്ങളിലെ ദൃശ്യങ്ങള്‍ ശരിയായ വിധത്തില്‍ പതിയുവാന്‍ സഹായകമാകുന്ന വലിയ ഏതാനും ക്യാമറകള്‍ സ്ഥാപിക്കാനും നടപടികള്‍ സ്വീകരിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: