സ്വയം കൃതാനര്‍ത്ഥം എന്നു പറയാറുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും അവര്‍ നേതൃത്വംകൊടുക്കുന്ന ഇടതു ജനാധിപത്യമുന്നണിയും ചെന്നുപെട്ടിരിക്കുന്നത് ഈയൊരവസ്ഥയിലാണ്. ഇടതുമുന്നണിയിലെ വല്യേട്ടനായ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് സംഭവിക്കുന്ന കാര്യങ്ങള്‍ ആത്യന്തികമായി അവരുടെ ഘടകകക്ഷികളിലേക്കും പടരുമെന്നത് നിസ്തര്‍ക്കമത്രേ. വടകരയിലെ ഒഞ്ചിയത്ത് മുന്‍ മാര്‍ക്സിസ്റ്റുകാരനായ ടി.പി. ചന്ദ്രശേഖരനെ നിഷ്ഠുരമായി വധിച്ചതാണല്ലോ സ്ഥിതിഗതികള്‍ സങ്കീര്‍ണാവസ്ഥയില്‍ എത്തിച്ചിരിക്കുന്നത്. വാസ്തവത്തില്‍ ഇതിലത്ര അത്ഭുതമൊന്നുമില്ല. കേരളത്തിലെ കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ തുനിഞ്ഞാല്‍ ഏതൊരാള്‍ക്കും മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ഗുണ്ടായിസത്തെ മറക്കാന്‍ കഴിയില്ല. ഇതിനകം പ്രാദേശിക നേതാക്കളുള്‍പ്പെടെ ആറ് പേരാണ് ഒഞ്ചിയം സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്. ഇതില്കുന്നുമ്മക്കര, ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മറ്റിഅംഗങ്ങളും പെടുന്നു.ഇതോടെ ഗുണ്ടാപ്പടയുടെ യഥാര്‍ത്ഥ ചിത്രം പുറത്തായിരിക്കുന്നു.
നാളിതുവരെ ശത്രുപക്ഷത്ത് നിര്‍ത്തി കൈകാര്യം ചെയ്തിരുന്നത് ഒരു കക്ഷിയെ ആണെങ്കില്‍ ഇന്ന് പുതിയൊരു കക്ഷിയെ അവര്‍ക്ക് കിട്ടിയിട്ടുണ്ടെന്നേയുള്ളൂ. അക്രമത്തിന്റെ കാളകൂടം സിരകളിലൂടൊഴുകാത്ത ഏതു കമ്യൂണിസ്റ്റുകാരനുണ്ട് ഈ ഭൂമി മലയാളത്തില്‍? ഇപ്പോള്‍ ഗുണ്ടകളായി മാറ്റിനിര്‍ത്തുന്ന, മാറ്റി നിര്‍ത്തിയിരിക്കുന്ന വിദ്വാന്മാരെക്കാളും ഭീകരസ്വഭാവികളായ നേതാക്കള്‍ തന്നെയല്ലേ സിപിഎം എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഗുണ്ടാപ്പടയെ നയിക്കുന്നത്? ഇക്കാര്യത്തില്‍ ഇടതു സഹയാത്രികര്‍ക്കും അവര്‍ തീറ്റിപ്പോറ്റുന്ന സാഹിത്യ-സാംസ്കാരിക നായകന്മാര്ക്കും മാത്രമേ സംശയമുണ്ടാവുകയുള്ളൂ.
അതിക്രൂരമായ കൊലപാതകം കഴിഞ്ഞിട്ടുപോലും തനിസ്വഭാവത്തില്‍ നിന്ന് കടുകിട മാറാന്‍ അവര്‍ക്കു കഴിയുന്നില്ല എന്നല്ലേ ഓരോ പ്രസ്താവങ്ങളും സംഭവഗതികളും സൂചിപ്പിക്കുന്നത്. മാനവികതയും മാര്‍ക്സിസവും ഒന്നിച്ചു പോകാന്‍ ബുദ്ധിമുട്ടാണെന്ന് തിരിച്ചറിഞ്ഞ സഖാക്കളും അനുഭാവികളും ആശ്വാസതീരം തേടുമ്പോള്‍ അവരെയൊക്കെ വരുതിയില്‍ നിര്‍ത്താന്‍ ഒറ്റ ആയുധമേ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കയ്യിലുള്ളൂ; കൊലപാതകം.
കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി പഞ്ചായത്തില്‍ ഒരു വീട്ടിലുണ്ടായ സ്ഫോടനം ഈയവസരത്തില്‍ നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. സ്ഥിതിഗതികള്‍ സംഘര്ഷനിര്ഭരമായിരിക്കുന്ന അവസ്ഥയിലാണ് സിപിഎംകാരന്റെ വീട്ടില്‍ സ്ഫോടനമുണ്ടായതും ഓടിട്ട വീട് അപ്പാടെ തകര്‍ന്നതും. ഭാഗ്യത്തിന് വീട്ടില്‍ ആ സമയത്ത് ഒരാള്‍ മാത്രം ഉണ്ടായിരുന്നതിനാല്‍ കൂടുതല്‍ ദുരന്തമുണ്ടായില്ല. സംഭവത്തില്‍ സിപിഎംകാരനായ പടിക്കച്ചാല്‍ ഇയ്യമ്പോട്ട് രവീന്ദ്രന് എന്ന 22 കാരന് ഗുരുതരമായി പരിക്കേറ്റു.
സിപിഎംകാരുടെ വിഹാരകേന്ദ്രമായ ഇവിടം വിവിധ കേസുകളില്‍പ്പെട്ട ഗുണ്ടകളുടെ ഒളിത്താവളമാണ്. സ്ഥിരമായി ബോംബ് സ്ഫോടനങ്ങളും മറ്റ് അതിക്രമങ്ങളും ഇവിടെ നടക്കാറുണ്ട്. ബോംബിന്റെ ശേഷി പരിശോധനയുള്പ്പെടെയുള്ളവ യും ഉണ്ടാകാറുണ്ട്. നാട്ടുകാര്‍ നിരന്തരം പരാതിപ്പെടാറുണ്ടെങ്കിലും കൈകെട്ടപ്പെട്ട പോലീസും ഒത്താശക്കാരായ ഭരണകൂടവും പാര്‍ട്ടിയും ഒന്നിച്ചു കങ്കാണിപ്പണി ചെയ്യുമ്പോള്‍ എന്തുസംഭവിക്കാന്‍! എതിരാളികള്‍ക്കുനേരെ പ്രയോഗിക്കാന്‍ വെച്ച ബോംബുകള്‍ മഴവന്നതിനാല്‍ അലമാരയില്‍ സൂക്ഷിച്ചുവെക്കുകയായിരുന്നു. എങ്ങനെയോ അത് വീണ് പൊട്ടി വീട് ഛിന്നഭിന്നമായി.
സമൂഹത്തെ വരുതിയില്‍ നിര്‍ത്താന്‍ ഇമ്മാതിരി ഗുണ്ടാപ്പണിയും ആയുധസംഭരണവും നിര്‍മാണവുമായി നടക്കുന്ന ഈ പാര്‍ട്ടിയെ നിയന്ത്രിക്കാന്‍ ആര്‍ക്കുമാവുന്നില്ല എന്ന സ്ഥിതിയിലേക്കല്ലേ പോവുന്നത്. ക്രൂരതകള്‍ക്ക് ഡോക്ടറേറ്റ് നല്കുകയാണെങ്കില് ഒന്നാം സ്ഥാനം കൊടുക്കാന്‍ ഈ പാര്‍ട്ടിയിലുള്ള നേതാക്കളെ നറുക്കിട്ടെടുക്കേണ്ട അന്തരീക്ഷമല്ലേ? ഭരണം കിട്ടുമ്പോള്‍ എല്ലാ രംഗങ്ങളും പാര്‍ട്ടിവല്‍ക്കരിക്കുന്ന സിപിഎമ്മിന് ഭരണം പോയാല്‍ ഗുണ്ടാപ്പണി പൂര്‍വാധികം ഭംഗിയായി നടത്താന്‍ സാധിക്കുന്നതിന്റെ പിന്നിലും മറ്റൊന്നല്ല.
ഗുണ്ടാപ്പടയെ ഒതുക്കുമെന്നും കുറ്റവല്‍ക്കരണം തടയുമെന്നും വീമ്പിളക്കുന്ന ആഭ്യന്തരമന്ത്രിയുടെ പാര്‍ട്ടിയും ഇവര്‍ക്കുവേണ്ടി ഒത്താശ ചെയ്യുകയാണ്. ആത്മാര്‍ഥമായി ഇതിനെതിരെ നടപടിയെടുക്കാന്‍ അവര്‍ക്കാവുന്നില്ല. പുറംപൂച്ച് മാത്രമായി അവരുടെ പ്രഖ്യാപനങ്ങള്‍ ഒതുങ്ങിപ്പോവുന്നു. പല കേസുകളിലും സംഭവത്തിന്റെ അടിവേരിലേക്ക് അന്വേഷണം വേണമെന്ന് കോടതികള്‍ നിര്‍ദ്ദേശിക്കുമെങ്കിലും അത് മുഖവിലക്കെടുക്കാന്‍ അതാത് ഭരണകൂടങ്ങള്‍ തയ്യാറാവുന്നില്ല. ജയകൃഷ്ണന് മാസ്റ്ററെ ക്ലാസ്മുറിയില്‍ വിദ്യാര്‍ഥികള്‍ക്കു മുമ്പില്‍ കൊത്തിയരിഞ്ഞ ക്രൂരതക്കുനേരെ കോടതി അതിനിശിതമായ വിമര്‍ശനം ചൊരിയുകയും ഗൂഢാലോചനയെക്കുറിച്ച് നേതാക്കള്‍ക്കുനേരെ അന്വേഷണം നടത്തണമെന്ന് പറഞ്ഞ് വിധിപ്പകര്‍പ്പ് ചീഫ് സെക്രട്ടറിക്കയക്കാന് നിര്‍ദ്ദേശിക്കുകയുണ്ടായെങ്കിലും ഫലമുണ്ടായില്ല എന്ന കാര്യം ഓര്‍ക്കണം.
കൊലപാതകങ്ങളുടെ അടിവേരുകള്‍ കണ്ടെത്തി മുറിച്ചു മാറ്റിയിരുന്നെങ്കില്‍ ഇന്നത്തെ ഭീഷണമായ സ്ഥിതിവിശേഷം വരുമായിരുന്നില്ല. ഒഞ്ചിയത്തെ കൊലപാതകത്തിന്റെ പേരില്‍ നല്ലപിള്ള ചമയാന്‍ മുന്നോട്ടു വന്നിരിക്കുന്ന ഘടകകക്ഷികള്‍ക്കും പാര്‍ട്ടിയിലെ തലമൂത്ത നേതാവിനും ആത്മാര്‍ഥതയുണ്ടെന്ന് പറയാനാവില്ല. സ്വാര്ത്ഥതാല്പ്പര്യത്തിന്റെ കോണിപ്പടികള്‍ തകര്‍ന്നുവീണതിന്റെ ഇച്ഛാഭംഗമാണ് തലമൂത്തനേതാവിനെക്കൊണ്ട് പലതും പരസ്യമായി വിളിച്ചുപറയിച്ചത്. ഒഞ്ചിയത്തെക്കാള് ക്രൂമായി ഭിന്നാശയക്കാരെ തവിടുപൊടിയാക്കിയ അവസരങ്ങളിലൊക്കെ സുഖകരമായ മൗനവല്‍മീകങ്ങളില്‍ നിദ്രകൊള്ളുകയായിരുന്നു ഇവരൊക്കെയെന്നകാര്യം മറന്നുകൂട.
പബ്ലിസിറ്റി ക്രേസ് എന്ന രോഗം മൂത്ത കോണ്‍ഗ്രസും ഗുണ്ടാപ്പടയായി അധപ്പതിച്ച സിപിഎമ്മും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന തിരിച്ചറിവിലേക്ക് സമൂഹം ഉണര്‍ന്നെഴുന്നേറ്റെങ്കില്‍ മാത്രമേ സ്ഥിതിഗതികള്‍ക്ക് മാറ്റമുണ്ടാവുകയുള്ളൂ. അല്ലെങ്കില്‍ ഇമ്മാതിരിയോ ഇതിനെക്കാള്‍ ഭീകരമായോ കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. കുറച്ചുനാള്‍ അത് വാര്‍ത്തകളില്‍ നിറയും; പിന്നെ മറക്കും. അതിന്റെ തന്നെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഒഞ്ചിയം കൊലപാതകം. ആ സംഭവസ്ഥലത്തുനിന്ന് 15 കിലോമീറ്റര്‍ പോലും അകലെയല്ലാത്ത സ്ഥലത്താണ് ബിഎംഎസ് പ്രവര്‍ത്തകനായ മനോജിനെ ഫെബ്രുവരി 12ന് സിപിഎമ്മുകാര്‍ കുടുംബത്തിന്റെ മുന്നില്‍ വെച്ച് വെട്ടിക്കൊന്നത്. ഒരു വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. മരിച്ച മനോജിന്റെ മുഖം വ്യക്തമായിരുന്നു; നെഞ്ചത്ത് വെട്ടുകല്ല് എടുത്തുവെച്ചിരുന്നു. ചന്ദ്രശേഖരന്റെ മുഖം തിരിച്ചറിയാന്‍ പറ്റാത്ത തരത്തില്‍ വികൃതമാക്കിയിരുന്നു. ഗുണ്ടാപ്പടയ്ക്ക് മനുഷ്യനെന്നോ മൃഗമെന്നോ വ്യത്യാസമില്ല. കാരണം സിപിഎമ്മിന്റെ തത്വശാസ്ത്രം തന്നെ ഗുണ്ടായിസത്തിന് ഊര്‍ജം പകരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: