ന്യൂദല്‍ഹി: യുഎസ് സമ്മര്‍ദ്ദത്തിന് വഴങ്ങി ഇന്ത്യ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുന്നു. ക്രൂഡ് ഓയില്‍ ഇറക്കുമതി 11 ശതമാനമായി കുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 15.5 ദശലക്ഷം ടണ്‍ ക്രൂഡ് ഓയിലായിരിക്കും ഇറക്കുമതി ചെയ്യുക.
ഇന്ത്യ 80 ശതമാനം ക്രൂഡ് ഓയിലാണ് മൊത്തം ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ 12 ശതമാനവും തെഹ്റാനില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. 2011-12 ല്‍ 18.50 ദശലക്ഷം ടണ്‍ എണ്ണയാണ് ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്തതെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി ആര്.പി.എന്‍.സിംഗ് രാജ്യ സഭയില്‍ വ്യക്തമാക്കി.
ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ ഗണ്യമായ കുറവ് വരുത്തണമെന്ന യുഎസിന്റെ നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇന്ത്യ ഈ തീരുമാനം എടുത്തത്. അതേ സമയം എണ്ണ ഇറക്കുമതിയില്‍ വന്‍ കുറവ് വരുത്തുന്നതില്‍ തീരുമാനം എടുക്കുക സാധ്യമല്ലെന്നാണ് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നത്.
യുഎസ് ഉപരോധത്തില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കണമെങ്കില്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറക്കേണ്ടത് അത്യാവശ്യമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ കുറവ് വരുത്താത്ത രാജ്യങ്ങള്‍ക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎസും യൂറോപ്യന്‍ യൂണിയനും മാര്‍ച്ചില്‍ തീരുമാനിച്ചിരുന്നു. ഇതില്‍ നിന്നും ജപ്പാനേയും മറ്റ് പത്ത് യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളേയും ഒഴിവാക്കി. എന്നാല്‍ ഇന്ത്യയേയും ചൈനയേയും ഒഴിവാക്കിയിരുന്നില്ല.
2010-11 കാലയളവില്‍ 18.50 ദശലക്ഷം ടണ്ണും 2011-12 കാലയളവില്‍ 17.44 ദശലക്ഷം ടണ്‍ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്തത്.
ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്നതില്‍ ഇന്ത്യ കുറവ് വരുത്താത്തതില്‍ യുഎസിന് അതൃപ്തി രേഖപ്പെടുത്തിയതിന് തൊട്ട് പിന്നാലെയാണ് ഇറക്കുമതി കുറക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയത്.
ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ കുറവ് വരുത്തുന്നതിന് ഇന്ത്യയുടെ ഭാഗത്തുനിന്നും കാര്യമായ ശ്രമങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ലെന്ന് യുഎസ് സ്ഥാനപതി കാര്‍ലോസ് പാസ്കല്‍ പറഞ്ഞു.
ഇറാനില്‍ നിന്നും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതില്‍ മുന്നില്‍ നില്ക്കുന്ന ഇന്ത്യ ഇക്കാര്യത്തില്‍ കുറവ് വരുത്താതെ ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നതിനുള്ള യുഎസ് ശ്രമങ്ങള്‍ ഉപേക്ഷിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുന്ന കാര്യത്തില്‍ വിദഗ്ധോപദേശം നല്‍കുന്നതിനായാണ് പാസ്കല്‍ ഇന്ത്യയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: