പെരുമ്പാവൂര്‍: ഐമുറി എന്ന കൊച്ചുഗ്രാമം സാക്ഷാല്‍ ഭരതന്റെ നന്ദിഗ്രാമത്തിന് സമാനമായി ലോകശ്രദ്ധയാകര്‍ഷിക്കുമെന്ന് സാഹിത്യകാരി ഡോ. എം.ലീലാവതി പറഞ്ഞു. കൂവപ്പടി ഐമുറി മഹാദേവ ക്ഷേത്രത്തിലെ ബൃഹത് നന്ദീപുരാണ സംഹിതാ ധര്മയജ്ഞം ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ. ലീലാവതി. മനുഷ്യനെ മനുഷ്യനാക്കുന്നത് കലാസൃഷ്ടികളാണ്. അത്തരത്തില്‍ ഒരു മഹാസൃഷ്ടിയാണ് ഐമുറി ക്ഷേത്രമുറ്റത്ത് തലയുയര്‍ത്തി നില്ക്കുന്ന ബൃഹത് നന്ദീശില്പ്പം. ഇത്തരത്തിലുള്ള ശില്പ്പങ്ങള് ആദ്യം ജന്മമെടുക്കുന്നത് ശില്പ്പിയുടെ മനസ്സിലാണെന്നും ഇത് മനുഷ്യന് മാത്രമുള്ള കഴിവാണെന്നും ലീലാവതി പറഞ്ഞു.
സമസ്ത ജീവജാലങ്ങളെയും ഏകമായി കാണാനുള്ള കഴിവ് ഭാരതീയന് മാത്രമുള്ളതാണ്. അതിന്റെ പ്രതീകമാണ് ഭഗവാന് പരമേശ്വരന് കാളയായ നന്ദി വാഹനമായതെന്നും ഡോ. എം.ലീലാവതി സൂചിപ്പിച്ചു. ലോകശ്രദ്ധയാകര്‍ഷിച്ച മഹത് ശില്‍പ്പങ്ങളായ താജ്മഹല്‍, ചൈനയിലെ വന്മതില്, ഈജിപ്തിലെ പിരമിഡുകള്‍ എന്നിവയെല്ലാം ആയിരക്കണക്കായ ആളുകളുടെ പരിശ്രമഫലമായി ഉണ്ടായതാണ്. എന്നാല്‍ ഐമുറിയിലെ ബൃഹത് നന്ദീശില്പ്പം അപ്പുക്കുട്ടന് എന്ന ഒറ്റയാളുടെ മനസ്സിലുദിച്ച ആശയത്തിന്റെ ഫലമാണെന്നത് ഏറെ അത്ഭുതപ്പെടുത്തുന്നതാണെന്നും ലീലാവതി അറിയിച്ചു.
എം.രാജശേഖരപ്പണിക്കരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആലങ്കോട് ലീലാകൃഷ്ണന്, വി.ബി.മാധവന് നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന നന്ദീശില്പ്പി അപ്പുക്കുട്ടന് അനുസ്മരണം സംഗീതസംവിധായകന് ജയന് (ജയവിജയ) ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മാഹാത്മ്യ പ്രവചനം, ഗ്രന്ധപൂജ എന്നിവയും നടന്നു. നന്ദീപുരാണയജ്ഞം 13ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: