ഇന്ത്യന്‍ എക്സ്പ്രസിനുവേണ്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ ആദ്യമായി കണ്ണൂര്‍ സന്ദര്‍ശിച്ചപ്പോള്‍ ഞാന്‍ എഴുതിയത് കണ്ണൂരില്‍ മനുഷ്യരില്ല, രാഷ്ട്രീയക്കാര്‍ മാത്രമേയുള്ളൂവെന്നായിരുന്നു. സ്കൂളില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന ജയകൃഷ്ണന് മാസ്റ്ററെ ക്ലാസ്മുറിയില്‍ കയറി കുട്ടികളുടെ മുന്നിലിട്ട് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് ശേഷമായിരുന്നു അത്. അന്ന് ചിന്തിയ ചോര കുട്ടികളുടെ മുഖങ്ങളിലും ദേഹത്തും ചിതറിവീണ് അവര്‍ക്ക് വര്‍ഷങ്ങളോളം മാനസിക വിഭ്രാന്തി പോലും ഉളവാക്കിയ സംഭവമായിരുന്നു അത്.
ആ കൊടുംക്രൂരതയില്‍ പ്രതിഷേധിച്ച് ഒരു ദിവസത്തെ ഉപവാസമനുഷ്ഠിക്കാന്‍ സുഗതകുമാരിക്കും മറ്റ് പ്രകൃതിസംരക്ഷണ-സാംസ്കാരിക പ്രവര്‍ത്തകര്‍ക്കുമൊപ്പം ഞാനും കണ്ണൂരില്‍ പോയിരുന്നു. ഉച്ചവരെ ഉപവാസമിരുന്നശേഷം ഞാന്‍ കണ്ണൂരിലെ രാഷ്ട്രീയ കാലാവസ്ഥയെപ്പറ്റി എഴുതാന്‍ വിവിധ മേഖലകള്‍ സന്ദര്‍ശിച്ചു. ഞാന്‍ അന്ന് തിരിച്ചറിഞ്ഞത് കണ്ണൂരില്‍ രാഷ്ട്രീയ വിഭാഗീയത മാനസിക-മാനുഷിക വിഭാഗീയതയായി മാറിയെന്നുമാണ്. വീട്ടില്‍ കയറി വെട്ടി മരിക്കാറായ ആളെ ആശുപത്രിയില്‍ എത്തിക്കുന്നത് പോലും എതിര് പാര്‍ട്ടി തടയും. മരിക്കുന്നതിന് മുമ്പ് കേണപേക്ഷിച്ചാല്‍ പോലും അല്പം വെള്ളം നല്കാന് അനുവദിച്ചിരുന്നില്ല. രണ്ട് പാര്ട്ടിക്കാര് താമസിച്ചിരുന്ന മേഖലകളില്‍ പരസ്പരം സന്ദര്‍ശനമോ വിവാഹമോ നടന്നിരുന്നില്ല. അതാണ് കണ്ണൂരില്‍ മനുഷ്യരില്ലെന്നും രാഷ്ട്രീയക്കാര്‍ മാത്രമേ ഉള്ളൂവെന്നും എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. നാദാപുരം സംഭവത്തിലും ഇതേ ഫാസിസ്റ്റ് മനഃസ്ഥിതി ദൃശ്യമായിരുന്നു.
ഇന്നാണെങ്കില്‍ ഞാന്‍ കണ്ണൂരില്‍ മനുഷ്യരില്ല, പിശാചുക്കളേ ഉള്ളൂ എന്നെഴുതുമായിരുന്നു. കാരണം ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം മൃഗീയമെന്ന് വിശേഷിപ്പിക്കുന്നത് മൃഗങ്ങളെ അപമാനിക്കലായിരിക്കും. ഒഞ്ചിയത്ത് നടന്നത് പൈശാചികമായ കൊലയായിരുന്നു. മൃഗങ്ങള്‍ കൊല്ലുന്നത് വിശക്കുമ്പോഴാണ്, ഇരകളെയാണ്. കേരളത്തില്‍ മനുഷ്യര്‍ മനുഷ്യരെ കൊല്ലുന്നത് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പകയുടെയും പേരിലാണ്. സ്വത്തിനു വേണ്ടിയും മറ്റുമാണ്. മൃഗങ്ങള്‍ മനുഷ്യരേക്കാള്‍ എത്രയോ ഭേദം! ചന്ദ്രശേഖരന് ആകെ 62 വെട്ടുകള്‍ ഏറ്റുവെന്നും അതില്‍ 51 എണ്ണം മുഖത്ത് മാത്രമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. വളരെയധികം ജനസമ്മതനായ, ജനപ്രിയനായ ഒരു നേതാവിനെയാണ് രാഷ്ട്രീയ പകപോക്കാന്‍ ഇങ്ങനെ നിഷ്ഠുരമായി കൊലചെയ്തത്. വടകരയില്‍നിന്നുള്ള രണ്ടുമൂന്നുപേര് അദ്ദേഹം എത്ര വലിയ ജനോപകാരിയായിരുന്നു എന്ന് എന്നോട് പറയുകയുണ്ടായി.
മനുഷ്യനായി ജീവിക്കാന്‍, സ്വന്തം വിശ്വാസം പുലര്‍ത്തുവാന്‍, രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ അവകാശമില്ലാത്ത ഫാസിസ്റ്റുകളുടെ നാടായി കേരളം മാറി. ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ജൂതരെയും പാഴ്സികളെയും എല്ലാം സ്വീകരിച്ച കേരളം ഇന്ന് സംഘടിത മതങ്ങളുടെ നാടായി മാറിയിരിക്കുന്നു. ഇവിടെ ഇന്നുള്ളത് നായന്മാരും ഈഴവരും ദളിതരും നാടാരും എഴുത്തച്ഛന്മാരും ലത്തീന്‍ കത്തോലിക്കരും യാക്കോബായ-ഓര്‍ത്തഡോക്സ്-മാര്‍ത്തോമാ വിഭാഗക്കാരും സുന്നികളും ജമാ അത്തെ ഇസ്ലാമിക്കാരും തിരുകേശവിഭാഗക്കാരും മറ്റുമാണ്. മലയാളിയുടെ വ്യക്തിത്വം ഇന്ന് മതത്തിന്റെയും ജാതിയുടെയും ഉപജാതിയുടെയും മറ്റുമായി ഛിന്നഭിന്നമായിരിക്കുകയാണ്.
ഇന്ന് ഒരാള്‍ രാഷ്ട്രീയത്തില്‍ കയറുന്നത് നായരും ക്രിസ്ത്യാനിയും ഈഴവരും മുസ്ലീമുമായിട്ടാണ്. ജനപ്രതിനിധികളായിട്ടോ മണ്ഡല പ്രതിനിധികളായിട്ടോ അല്ല. മന്ത്രിസഭാ രൂപീകരണം ജാതി-മതാടിസ്ഥാനത്തിലാണ്. കോര്‍പ്പറേഷനുകളിലും ദേവസ്വം ബോര്‍ഡുകളിലും വിവിധ ഹൈന്ദവ വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കേണ്ടതുണ്ട്. കാബിനറ്റ് പദവികളും ജാതി-മതാടിസ്ഥാനത്തിലാണ്. ജനപ്രതിനിധിയാകാനുള്ള യോഗ്യതയല്ല, ഏതെങ്കിലും മതവിഭാഗത്തെ പ്രതിനിധീകരിക്കുന്നുണ്ടോ എന്നാണ് സ്ഥാനാര്‍ത്ഥിനിര്‍ണയ യോഗ്യത. മന്ത്രിപദങ്ങളും അങ്ങനെതന്നെ. അതാണല്ലോ അഞ്ചാം മന്ത്രി എന്ന അവകാശവാദം ഉന്നയിച്ചപ്പോള്‍ മുസ്ലീംലീഗിന് 20 എംഎല്‍എമാരുണ്ടെന്ന ന്യായീകരണം വന്നത്. അഞ്ചാം മന്ത്രിസ്ഥാനം സാമുദായിക സന്തുലനം തകര്‍ക്കുമെന്ന ആരോപണം ഉയര്‍ന്നപ്പോഴാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നായര്‍ക്ക് ആഭ്യന്തരവും ഇൗഴവന് റവന്യൂവും മറ്റും പകുത്ത് നല്‍കിയത്. അഭ്യസ്തവിദ്യരെന്നഭിമാനിക്കുന്ന മലയാളിക്ക് എത്ര അപമാനകരമാണിത്! ഒഞ്ചിയം കൊലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച ശശി തരൂര്‍ എംപി ഈ വിഷയത്തില്‍ മൗനിയായിരുന്നു!
കേരളത്തില്‍ ഇന്ന് മതതീവ്രവാദം വളരുകയാണ്. മതാനുപാതം കൂടാന്‍ വ്യഗ്രത കാണിക്കുന്ന സമൂഹങ്ങളാണിവിടെ. ഇപ്പോള്‍ നായന്മാരെക്കാള് കൂടുതല്‍ ഇൗഴവരും ക്രിസ്ത്യാനികളെക്കാള്‍ കൂടുതല്‍ മുസ്ലീങ്ങളുമുള്ള സംസ്ഥാനമായി കേരളം മാറുമ്പോഴും മതപരിവര്‍ത്തനത്തിന് പല വിഭാഗങ്ങളും ശ്രമിക്കുന്നത് സാമുദായികാനുപാതം വര്‍ധിപ്പിക്കാനാണ്. ഇസ്ലാമൈസേഷനാണത്രേ ഇസ്ലാം മതതീവ്രവാദികള്‍ ലക്ഷ്യമിടുന്നത്. പണ്ട് അയിത്തം നിലനിന്നിരുന്ന കാലത്ത് അംഗീകാരത്തിനായി മതംമാറിയവര്‍ പോലും ഇപ്പോഴും ദളിത് ക്രിസ്ത്യാനിയും ദളിത് മുസ്ലീമുമാണ്. ചാക്കോ പുലയനും പറയന് പരീതുമായി അവര്‍ അവശേഷിക്കുന്നു എന്നത് ദുഃഖസത്യം. സമുദായങ്ങള്‍ രാഷ്ട്രീയം നിയന്ത്രിക്കാന്‍ മുതിരുമ്പോള്‍ മാനസിക വിഭജനത്തിനാണവര് ശ്രമിക്കുന്നത്. തമിഴ്നാട് ‘തമിഴന്’ എന്ന തത്വത്തില്‍ കാര്യങ്ങള്‍ നേടിയെടുക്കുമ്പോള്‍ ഒരുമയില്ലാത്ത മലയാളി പരസ്പരം കൊന്നൊടുക്കുന്നു.
ഇന്ന് കേരള സംസ്കാരം എന്ന് പറയാന്‍ അറപ്പ് തോന്നും. ഇവിടെയുള്ളത് മാഫിയാ സംസ്കാരമാണ്, ക്വട്ടേഷന്‍ സംസ്കാരമാണ്. എല്ലാത്തരം മാഫിയകളും ഇവിടെ തഴച്ചുവളരുന്നു. പെണ്‍വാണിഭ മാഫിയ മുതല്‍ മണല്‍-മാലിന്യ മാഫിയ വരെ രൂപപ്പെടുമ്പോള്‍ അവര്‍ക്ക് സ്വന്തമായ ക്വട്ടേഷന്‍ സംഘങ്ങളും ഉണ്ടാകുന്നു. ക്വട്ടേഷന്‍ സംഘം ടി.പി. ചന്ദ്രശേഖരന്റെ ജീവന് വിലയിട്ടത് 35 ലക്ഷംമായിരുന്നു. പണ്ട് ഞാന്‍ ഒരു ക്വട്ടേഷന്‍ നേതാവിന്റെ അഭിമുഖം എടുത്തിരുന്നു. റേയ്മണ്ട് എന്നായിരുന്നു അയാളുടെ പേര്. ഞാന്‍ അഭിമുഖം എടുക്കുന്ന കാലഘട്ടത്തില്‍ ക്വട്ടേഷന്‍ സംഘക്കാരെ ഉപയോഗിച്ചിരുന്നത് വാഹന വായ്പാ ദാതാക്കളായിരുന്നു. ഇന്ന് ഭാര്യമാര്‍ ഭര്‍ത്താവിനെ വധിക്കാനും കുട്ടികള്‍ എതിരാളികളെ കൊല്ലാനും വരെ ക്വട്ടേഷന്‍ നല്കുന്നു. അന്ന് റേയ്മണ്ട് ക്വട്ടേഷന്‍ എടുത്തിരുന്നത് “ഇരുത്തണോ, നടത്തണോ, കിടത്തണോ, ഉറക്കണോ” എന്ന് ചോദിച്ചായിരുന്നു. ഉറക്കല് എന്നാല്‍ കൊല. ഇന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവരാനും ഭാര്യയെയോ സഹോദരിയെയോ കൊല്ലാനും ക്വട്ടേഷന്‍ ലഭ്യമാകുമ്പോള്‍ കേരള വികസനത്തിന്റെ ഭാഗമായി മാഫിയ-ക്വട്ടേഷന്‍ ബിസിനസും കൊഴുക്കുന്നു.
കേരളത്തില്‍ വികസനം കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ കൊണ്ടുവരുന്നത് മൂല്യശോഷണ വികസനമാണ്. അധികാരം, പണം എന്നത് ജീവിതലക്ഷ്യമാകുമ്പോള്‍ അഴിമതിയും കൊലപാതകങ്ങളും അംഗീകൃതമാര്ഗങ്ങളാകുന്നു. ഇത്രയധികം മനുഷ്യത്വം ചോര്‍ന്നുപോയ സംസ്ഥാനത്ത് എങ്ങനെ പുതിയ ആരാധനാലയങ്ങള്‍ ഉയരുന്നു എന്നത് എന്നെ അതിശയിപ്പിക്കാറുണ്ട്. മലയാളിയുടെ ദൈവം ആരാധനാലയങ്ങളിലല്ല, അധികാരസ്ഥാനങ്ങളിലാണ് എന്ന് ആര്‍ക്കാണ് അറിയാത്തത്!
സമൂഹത്തിലെ എല്ലാ അപചയങ്ങള്‍ക്കും കാരണം രാഷ്ട്രീയ മൂല്യച്യുതിയാണോ? രാഷ്ട്രീയം അഴിമതിയുടെ പര്യായമായി മാറുമ്പോള്‍ പുതിയ മുല്ലപ്പെരിയാര്‍ അണക്കെട്ടിനുള്ള മുറവിളിക്കു പിന്നിലും മറ്റ് ഉദ്ദേശ്യമാണോ എന്ന് സാധാരണ ജനങ്ങള്‍ സംശയിക്കുന്നു. രാഷ്ട്രീയത്തിലെ മൂല്യച്യുതി സമൂഹത്തിലും പ്രതിഫലിക്കുമ്പോള്‍ കുടുംബബന്ധങ്ങള്‍ തകരുന്നു. കുടുംബക്കോടതികളില്‍ വിവാഹമോചനക്കേസുകള് പെരുകുന്നു. സ്ത്രീയെ വെറും ശരീരമായി മാത്രം കണ്ട്, പെണ്‍കുട്ടികള്‍ മുതല്‍ വൃദ്ധകള്‍ വരെ ലൈംഗിക ഉപകരണങ്ങളാവുന്നു. ഇത്തരമൊരു സമൂഹം തന്നെ സദാചാര പോലീസും ചമയുന്നു എന്നതാണ് ഏറ്റവും പരിഹാസ്യം.
വികസനത്തോടൊപ്പം സ്ത്രീ സമത്വവും സ്ത്രീക്ക് അധികാരപങ്കാളിത്തവും ലഭിക്കുമെന്ന വിശ്വാസം ഇന്ന് ആരും പുലര്‍ത്തുന്നില്ല. വോട്ടുബാങ്കിനുവേണ്ടി 50 ശതമാനം സംവരണം സ്വയംഭരണസ്ഥാപനങ്ങളില്‍ നടപ്പാക്കിയിട്ടും സ്ത്രീകള്‍ ഇന്നും ശരിയായ അധികാരസ്ഥാനത്തെത്തുന്നില്ല. എത്തുന്നവര്‍ ശബ്ദമില്ലാത്തവരായി അവശേഷിക്കുന്നു. സ്ത്രീപീഡനം വര്‍ധിക്കുമ്പോഴും വനിതാ കമ്മീഷന്റെ പുനഃസംഘടനക്ക് സര്‍ക്കാരിന് സമയമില്ല.
ഒഞ്ചിയം കൊല ആസൂത്രണംചെയ്തത് ജയിലിലാണെന്ന് കേട്ടപ്പോഴാണ് ഞാന്‍ ജയില്‍ സന്ദര്‍ശിച്ച് എഴുതിയ റിപ്പോര്‍ട്ട് ഓര്‍മവന്നത്. അന്ന് നിഷ്കളങ്കനെന്ന് സ്വയം വിശേഷിപ്പിച്ച ഒരു തടവുകാരന് പറഞ്ഞത് രാഷ്ട്രീയ തടവുകാര്‍ ഏറിയാല്‍ ഏഴുവര്‍ഷം മാത്രമേ തടവുശിക്ഷ അനുഭവിക്കേണ്ടതുള്ളൂ എന്നാണ്. മുന്‍ ജയില്‍ ഐജി എം.ജി.എ. രാമന് പറഞ്ഞതും രാഷ്ട്രീയ തടവുകാര്‍ ജയിലിലെ വിഐപികളാണെന്നാണ്. സ്വയം ഭക്ഷണം പാകം ചെയ്യാനും മദ്യവും മയക്കുമരുന്നും ലഭിക്കാനും ഫോണ്‍ ഉപയോഗിക്കാനും സഹതടവുകാരെ മര്‍ദ്ദിക്കാനും എല്ലാം അവകാശമുള്ള ഈ വിഐപികള്‍ ജയിലില്‍ ഗൂഢാലോചന നടത്തിയെങ്കില്‍ അത്ഭുതത്തിന് വകയില്ല. പരേതനായ പ്രസിദ്ധ അഭിഭാഷകനും മാര്‍ക്സിസ്റ്റുമായിരുന്ന അഡ്വ. ജനാര്‍ദ്ദനക്കുറുപ്പ് ഒരിക്കല്‍ പറയുകയുണ്ടായി- കൊലയാളികളായി പാര്‍ട്ടി ഹാജരാക്കുന്നവര്‍ യഥാര്‍ത്ഥ കുറ്റം ചെയ്തവരല്ല, ഡ്യൂപ്പുകളാണെന്ന്. ഏഷ്യാനെറ്റിന്റെ ജോണ്‍ ബ്രിട്ടാസ് ജയിലില്‍ നടത്തിയ ‘നമ്മള് തമ്മില്‍’ പരിപാടിയിലും പലരും ഏറ്റുപറഞ്ഞത് തങ്ങള്‍ സ്വയം കുറ്റം ഏറ്റെടുത്തുവന്ന രാഷ്ട്രീയ തടവുകാരാണെന്നാണ്. കുടുംബത്തിന് ധനസഹായം വാഗ്ദാനം നല്കി അവരെ ജയിലില്‍ അടയ്ക്കുമ്പോള്‍ കുറ്റം തെളിയിക്കാന്‍ സാധ്യതയില്ലാതായി അവര്‍ ജയില്‍ മോചിതരാകുന്നു. രാഷ്ട്രീയം നീതിന്യായ സംവിധാനത്തെപ്പോലും ഈ വിധം അട്ടിമറിക്കുന്നു.
ഈ വ്യവസ്ഥിതിയില്‍ സ്ത്രീകള്‍ക്ക് എവിടെ സ്ഥാനം എന്ന് ചോദിച്ചേക്കാം. പക്ഷെ പണ്ടത്തെ സതി സാവിത്രികള്‍ അല്ല ഇന്ന് കേരളത്തില്‍. സ്വന്തം ചോരക്കുഞ്ഞിനെ വായ് പൊത്തിപ്പിടിച്ച് കൊന്ന് സഞ്ചിയിലാക്കി കൊണ്ടുനടക്കുന്നവരും വിവാഹബന്ധത്തില്‍നിന്നും വിവാഹബന്ധത്തിലേക്ക് പിക്നിക് നടത്തി ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുക്കുന്നവരും ഇന്ന് കേരളത്തിലുണ്ട്. അഴിമതിയിലോ അനാശാസ്യത്തിലോ ക്രൂതതയിലോ സ്ത്രീ പിന്നിലല്ല. സ്ത്രീകള്‍ സമത്വം സമ്പാദിച്ചു എന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ ഇന്ന് അരങ്ങേറുന്നുണ്ട്. പക്ഷെ ഇത് ഒരു ന്യൂനപക്ഷമാണ്. ഭൂരിപക്ഷം സ്ത്രീകളും പീഡനമനുഭവിക്കുന്നവരാണ്. ഗാര്‍ഹിക പീഡനമനുഭവിക്കുന്നവരാണ്, പുരുഷാക്രമണങ്ങള്ക്ക് വിധേയരാണ്, പൊതു ഇടം ഇല്ലാത്തവരാണ്, സുരക്ഷിതത്വം ഇല്ലാത്തവരാണ്. ഈ കേരള മോഡല്‍ സിനിമയെടുക്കുന്നവര്‍ക്ക് പ്രചോദനമായേക്കാം.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: