അമിക്കസ് ക്യൂറി എന്ന ലാറ്റിന്‍ പദത്തിനര്‍ത്ഥം കോടതിയുടെ സുഹൃത്ത് എന്നുമാത്രമാണ്. ചില കേസുകളില്‍ കോടതിക്ക് നേരിട്ട് വിവരം ലഭ്യമാക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിക്കാറുണ്ട്. ചിലപ്പോള്‍ അതൊരു വ്യക്തിയാകാം. വ്യക്തികളാകാം. സ്ഥാപനമാകാം. അമിക്കസ് ക്യൂറി ഒരിക്കലും അന്വേഷണ ഏജന്സിയാകില്ല. വിവരം നല്കുന്ന സുഹൃത്ത് മാത്രമാണ്. അമിക്കസ് ക്യൂറിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കോടതിക്ക് വിധിപറയാന്‍ തെളിവ് നിയമത്തിലും ക്രിമിനല്‍ നടപടിചട്ടത്തിലും വ്യവസ്ഥയില്ല. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ കോടതി നിയമിച്ച് അമിക്കസ് ക്യൂറി സുപ്രീംകോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ട് നരേന്ദ്രമോഡിക്കെതിരെ വലിയ ആയുധമായിട്ടാണ് ചില മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നല്കിയ റിപ്പോര്‍ട്ടാണ്. അന്നുതന്നെ മോഡിയുടെ പങ്ക് അന്വേഷിക്കണമെന്നും പ്രോസിക്യൂട്ട് ചെയ്യണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ട കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അതൊരു പുതിയ വാര്‍ത്തയായി ഇപ്പോള്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നു.
സുപ്രീംകോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോഡിക്ക് നേരിട്ട് ബന്ധമൊന്നുമില്ലെന്ന് കണ്ടെത്തിയിരുന്നു. മുന്‍ സിബിഐ ഡയറക്ടര്‍ ആര്.കെ.രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് വിശദമായ അന്വേഷണത്തിനുശേഷം നരേന്ദ്രമോഡിക്ക് ക്ലീന്‍ചിറ്റ് നല്‍കിയത്. മോഡിയുടെ പങ്ക് നേരിട്ട് വ്യക്തമാക്കുന്ന ഒരു തെളിവും ലഭിച്ചില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് മോഡിയെ 9 മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യാനായി ആവശ്യപ്പെട്ട ദിവസം മോഡിക്ക് ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിച്ചത് വലിയ വാര്‍ത്തയായിരുന്നു. മോഡി അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നില്ലെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ആവശ്യപ്പെട്ട തീയതിയില്‍ അസൗകര്യമുണ്ടായിരുന്നെന്ന് വ്യക്തമാക്കിയ മോഡി തൊട്ടടുത്ത ദിവസം തന്നെ ചോദ്യം ചെയ്യലിന് ഹാജരായി. മോഡി സഹകരിക്കുന്നില്ലെന്ന് അച്ചുനിരത്തിയ മാധ്യമങ്ങള്‍ ഇളിഭ്യരായ സംഭവമായിരുന്നു അത്.
ഗുജറാത്ത് കലാപവേളയില്‍ താന്‍ ഉള്‍പ്പെടെയുള്ള ഇന്റലിജന്‍സ് മേധാവികള്‍ പങ്കെടുത്ത യോഗത്തില്‍, ഹിന്ദുക്കളെ അവരുടെ പ്രതികാരം തീര്‍ക്കാന്‍ അനുവദിക്കണമെന്ന് നരേന്ദ്രമോഡി ആവശ്യപ്പെട്ടതായി ഇന്റലിജന്‍സ് ഓഫീസറായിരുന്ന സഞ്ജീവ് ഭട്ട് നല്കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് മോഡിക്കെതിരെ അന്വേഷണം നടത്തിയത്. എന്നാല്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ആ യോഗത്തില്‍ സഞ്ജീവ് ഭട്ട് പങ്കെടുത്തിട്ടേയില്ലെന്ന് വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ കണ്ടെത്തലുകള്‍ മോഡിക്ക് എതിരാകും എന്ന ധാരണയിലായിരുന്നു രാജ്യത്തെ മോഡി വിരുദ്ധരെല്ലാം. എന്നാല്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ ഇവര്‍ക്ക് നിരാശയായിരുന്നു ഫലം. ഈ വാര്‍ത്ത പരമാവധി ചുരുക്കി ഉള്‍പ്പേജില്‍ കൊടുക്കാനായിരുന്നു കേരളത്തിലേത് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ശ്രമിച്ചത്. അതുവരെ അന്വേഷണസംഘത്തെ പുകഴ്ത്തി പറഞ്ഞിരുന്ന മാധ്യമങ്ങള്‍ തന്നെ അതോടെ നിശ്ശബ്ദത പുലര്‍ത്തി. ഈ അന്വേഷണസംഘം സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്കിയ സമയത്തുതന്നെ അമിക്കസ് ക്യൂറി രാജു രാമചന്ദ്രന് തന്റെ അഭിപ്രായം കോടതിയെ അറിയിച്ചിരുന്നു.
സഞ്ജീവ്ഭട്ട് യോഗത്തില്‍ പങ്കെടുത്താലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ സത്യവാങ്മൂലം പരിഗണിച്ച് മോഡിയെ പ്രോസിക്യൂട്ട് ചെയ്യുന്നതില്‍ തെറ്റില്ലെന്നായിരുന്നു രാജുരാമചന്ദ്രന്‍ കോടിയെ അറിയിച്ചത്. ആ റിപ്പോര്‍ട്ട് കോടതി മുഖവിലയ്ക്കുപോലും എടുത്തിട്ടില്ല. കക്ഷികളില്‍ ഒരാള്‍ ചോദിച്ചപ്പോള്‍ ആ റിപ്പോര്‍ട്ടിന്റെ കോപ്പി നല്കി. അതാണിപ്പോള്‍ വാര്‍ത്തയാക്കിയിരിക്കുന്നത്. മോഡിയെ താറടിക്കാന്‍ കിട്ടിയ ഒരവസരം നഷ്ടപ്പെടുത്തരുതെന്ന താല്പര്യം മാത്രമാണ് ഈ വാര്‍ത്തയ്ക്കു പിന്നില്‍. ഗുജറാത്ത് കലാപത്തിന്റെ പേരുപറഞ്ഞ് മോഡിക്കെതിരെയുള്ള വേട്ടയാടലുകള്‍ തുടര്‍ക്കഥയാണ്. കൊലക്കേസ് അന്വേഷിക്കുന്ന നാനാവതി കമ്മീഷന് മുമ്പാകെ മോഡി ഹാജരാകണമെന്നാവശ്യപ്പെട്ട് ചില സംഘടനകള്‍ രംഗത്തുവന്നിരുന്നു. മോഡി കമ്മിഷനു മുന്നില്‍ നേരിട്ട് ഹാജരാകേണ്ട ആവശ്യമില്ലെന്നും വിളിച്ചുവരുത്തി വിസ്തരിക്കാന്‍ തക്ക സാഹചര്യമില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ വിധി. ഇതും വലിയ വാര്‍ത്തയാക്കാന്‍ മാധ്യമങ്ങള്‍ക്ക് താല്പര്യമില്ലായിരുന്നു.
ഇതൊന്നും നരേന്ദ്രമോഡിയെന്ന രാജ്യതന്ത്രജ്ഞനെ തളര്‍ത്തില്ല എന്നതാണ് ചരിത്രം. അന്താരാഷ്ട്ര പ്രശസ്തമായ ടൈംമാഗസിന്റെ കവര്‍പേജില്‍ മോഡിയെ അടുത്തയിടെ ഇടം നേടിയിരുന്നു. വികസനത്തിന് മോഡി നല്കിയ സംഭാവനകളെ പ്രശംസിച്ച മാഗസിന് എന്തുകൊണ്ട് അദ്ദേഹം പ്രധാനമന്ത്രിയായില്ല എന്ന ചോദ്യവും ഉയര്‍ത്തിയിരുന്നു. ലോകത്തെ സ്വാധീനിച്ച 100 പേരുടെ ലിസ്റ്റ് തയ്യാറാക്കിയ ടൈംമാഗസിന്റെ പട്ടികയിലും മോഡി ഉണ്ടായിരുന്നു. വോട്ടിന്റെ കണക്കെടുത്താല്‍ രണ്ടാംസ്ഥാനത്തായിരുന്നു മോഡി. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ 20-ാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടപ്പോഴാണ് സംസ്ഥാന മുഖ്യമന്ത്രിമാത്രമായ മോഡി രണ്ടാംസ്ഥാനത്ത് എത്തിയത്. ഇതൊന്നും കണ്ണില്‍പ്പെടാത്ത മാധ്യമങ്ങള്‍ മോഡിക്കെതിരായ ചെറിയ പരാമര്‍ശങ്ങള്‍പോലും വെണ്ടക്ക അക്ഷരത്തില്‍ നിരത്തുകയാണ്. അടുത്തിടെ ‘മികച്ചഭരണ’ത്തിന് കേന്ദ്രസര്‍ക്കാരിന്റെ പുരസ്കാരത്തിനും മോഡിസര്ക്കരാണ് തിരഞ്ഞെടുക്കപ്പെട്ടത്. എന്നിട്ടും രാഷ്ട്രീയ പ്രതിയോഗികളും അവരുടെ ചട്ടുകമായ ചില മാധ്യമങ്ങളും സന്നദ്ധ സംഘടനകളും മോഡിയുടെ ചോരയ്ക്കായി നാക്കുനീട്ടി പിന്നാലെ ഓടുകയാണ്. എന്തുതന്നെ ആയാലും അത്തരക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നത് നിരാശമാത്രമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: