തിരുവനന്തപുരം: റവല്യൂഷണറി മാര്‍ക്സിസ്റ്റ് നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലചെയ്ത സംഭവത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും രണ്ട് തട്ടില്‍. ചന്ദ്രശേഖരന് വധവുമായി സിപിഎമ്മിന് യാതൊരു പങ്കുമില്ലെന്ന് പാര്‍ട്ടി സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ ആണയിട്ടു പറയുമ്പോള്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് അതത്ര ഉറപ്പിച്ചു പറയുന്നില്ല. നേരത്തെ അദ്ദേഹം കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞത് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ തിരുത്തി.
മുല്ലപ്പെരിയാര്‍ വിഷയത്തെക്കുറിച്ചു സംസാരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വാര്‍ത്താലേഖകരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് പാര്‍ട്ടിക്ക് ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് വ്യക്തമായി പറയാന്‍ വി.എസ് തയ്യാറാകാതിരുന്നത്. താന്‍ നേരത്തെ പറഞ്ഞ അഭിപ്രായം സ്വന്തം നിലയ്ക്ക് പറഞ്ഞതല്ലെന്ന് ധ്വനിപ്പിക്കുന്ന തരത്തിലായിരുന്നു വി.എസ്സിന്റെ വാക്കുകള്‍. പാര്‍ട്ടി ജില്ലാസെക്രട്ടറി ടി.പി.രാമകൃഷ്ണന്റെ അഭിപ്രായം ഉദ്ധരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു അച്യുതാനന്ദന്റെ ഇന്നലത്തെ നിലപാട്. ഇക്കാര്യത്തില്‍ തനിക്ക് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും ജില്ലാ സെക്രട്ടറിയുടെ വാക്കുകളെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും പറയാതെ പറഞ്ഞുകൊണ്ടാണ് ഇന്നലെ വി.എസ് പ്രതികരിച്ചത്. തന്റെ അഭിപ്രായം വന്ന പത്രവാര്‍ത്തകള്‍ പരിശോധിച്ചാന്‍ ഇതു മനസ്സിലാക്കാന്‍ കഴിയുമെന്നും വി.എസ്. പറഞ്ഞു.
പ്രതികളെ കണ്ടു പിടിക്കേണ്ടത് പോലീസിന്റെ ജോലിയാണ്. കാര്യങ്ങള്‍ മനസ്സിലാക്കി അന്വേഷണ സംഘം സത്യാവസ്ഥ കണ്ടെത്തണം. പ്രതികളെയും ഗൂഢാലോചനക്കാരെയും പിടിക്കണം. വി.എസ്. പറഞ്ഞു.
ടി.പി.ചന്ദ്രശേഖരന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ വി.എസ് പോയതു തന്നെ സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ടാണ്. അവിടെയെത്തി പാര്‍ട്ടി സെക്രട്ടറി കുലംകുത്തിയെന്ന് മുദ്രകുത്തിയ ചന്ദ്രശേഖരന് ധീരനായ കമ്യൂണിസ്റ്റാണെന്നും വി.എസ് പരസ്യമായി പ്രഖ്യാപിച്ചു. വി.എസ്സിന്റെ ഇത്തരത്തിലുള്ള ഇടപെടലിനെതുടര്‍ന്നാണ് സിപിഎം സെക്രട്ടറി പിണറായി വിജയന് കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് വാര്‍ത്താ സമ്മേളനം നടത്തേണ്ടി വന്നത്. ചന്ദ്രശേഖരന് ധീരനായ കമ്യൂണിസ്റ്റാണെന്ന അഭിപ്രായം വി.എസ്സിന്റെതുമാത്രമാണെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ചന്ദ്രശേഖരന് വധത്തിലും വി.എസ് പാര്‍ട്ടി നിലപാടിനെ ചോദ്യം ചെയ്ത് രംഗത്തു വരുന്നത് വരുംദിനങ്ങളില്‍ വി.എസ്സും സിപിഎം ഔദ്യോഗിക നേതൃത്വവും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കാന്‍ ഇടവരും. വിഎസ്സിന്റെ നിലപാട് മാറ്റം പാര്‍ട്ടിക്കുള്ളില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: