കൊച്ചി: രാധാമാധവം അനശ്വരമാക്കി ദേശീയ ചിത്രപ്രദര്‍ശനത്തില്‍ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലാ അധ്യാപകന് സാജു തുരുത്തില് ശ്രദ്ധേയനായി. കേന്ദ്ര സാംസ്ക്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ഹരിയാനയില്‍ നടന്ന ദേശീയ തല ചിത്രപ്രദര്‍ശനത്തില്‍ കേരളത്തനിമയുടെ ചിത്രങ്ങള്‍ വരച്ചാണ് സാജുതുരുത്തില്‍ പ്രശംസനേടിയത്. സംസ്കൃത സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറും ചിത്രകാരനുമായ സാജു തുരുത്തിലാണ് കേരളത്തെ പ്രതിനിധീകരിച്ച് ഹരിയാനയിലെ പഞ്ചഗുളയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത്. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളെയും അവരുടെ പാരമ്പര്യകലകളേയും സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുംവേണ്ടി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി തുടങ്ങിവച്ചതാണ് ഈ കലാമാമാങ്കം. ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളെ വീതം സോണുകളായി തിരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്നതാണ് സൗത്ത് സോണ്‍. പരിപാടിയില്‍ പങ്കെടുക്കുന്ന ഇന്ത്യയിലെ 1800 ഓളം കലാകാരന്മാരില് 250 ഓളം പേര് ചിത്രകാരന്മാരും മറ്റുള്ളവര്‍ പെര്‍ഫോമിങ് ആര്‍ട്ടിസ്റ്റുകളുമാണ്. കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുത്ത സാജു തുരുത്തില് ചുമര് ചിത്രകലയെ ഈ കലാമാമാങ്കത്തില്‍ പരിചയപ്പെടുത്തി.
സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ പവിലിയന്റെ പ്രധാന കവാടത്തില്‍ 26 അടി നീളവും 10 അടി ഉയരവുമുള്ള ക്യാന്‍വാസില്‍ രാധാമാധവം എന്ന ചിത്രമാണ് 10 ദിവസംകൊണ്ട് സാജു തുരുത്തില് പൂര്‍ത്തിയാക്കിയത്. യമുനയുടെ കരയില്‍ ഓടക്കുഴല്‍ വായിക്കുന്ന കൃഷ്ണന്റെ സമീപത്ത് രാഗലോലഭാവത്തില് രാധയും കൈക്കുമ്പിളില്‍ പറിച്ചെടുത്ത താമരമൊട്ടുകള്‍ കൃഷ്ണനായ് സമര്‍പ്പിക്കുന്നതാണ് ചിത്രം. ആയിരങ്ങള്‍ കാഴ്ചക്കാരായെത്തിയ പ്രദര്‍ശനത്തില്‍ സാജു തുരുത്തിലിന്റെ ചിത്രം കേരളത്തിന്റെ യശസ്സ് ഉയര്‍ത്തുന്നതായി. സെവന്‍ത്ത് സോണല്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ സില്‍വര്‍ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന പ്രദര്‍ശനം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങാണ് ഉദ്ഘാടനം ചെയ്തത്.
ആറ് വര്‍ഷം മുമ്പ് ഹരിയാനയിലെ കുരുക്ഷേത്രയില്വച്ചായിരുന്നു ഇതിന് മുമ്പ് ഈ കലാമാമാങ്കം നടന്നത്. അതിലും സാജു തുരുത്തില് പങ്കെടുത്തിരുന്നു. മൂത്തകുന്നം സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ കാലടിയില്‍ സ്ഥിരതാമസക്കാരനാണ്. ചുമര്‍ചിത്രകലയെ ജനകീയമാക്കുന്നതിന് വേണ്ടി റസിഡന്‍ഷ്യല്‍ ഗാലറി എന്ന ആശയം ഇന്ത്യയില്‍ തുടങ്ങിവച്ചതും ഇദ്ദേഹമാണ്. സംസ്ഥാന ലളിതകലാ അക്കാദമിയുടെ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്ക്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: