കോഴിക്കോട്: റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഏരിയാ സെക്രട്ടറിയും ഇടതുപക്ഷ ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അറിവോടുകൂടിയാണെന്ന് റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പറയുന്ന നേതൃത്വം ഒമ്പത് തവണ ചന്ദ്രശേഖരനെ വധിക്കാന്‍ ശ്രമിക്കുകയും ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ജയരാജനെ വധിക്കാന്‍ ശ്രമിക്കുകയും നിരവധി ആര്.എം.പി പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തവരാണെന്ന് മറക്കരുത്.
ഒഞ്ചിയം രക്തസാക്ഷിദിനത്തില്‍ സിപിഎം സംഘടിപ്പിച്ച പരിപാടിയില്‍ ടി.പിയുടെ നാളുകള്‍ എണ്ണപ്പെട്ടു എന്ന് മുദ്രവാക്യം വിളിച്ചവരാണിവര്‍. എപ്പോഴൊക്കെ പിണറായി വിജയന് ഒഞ്ചിയത്ത് വന്നിട്ടുണ്ടോ അപ്പോഴൊക്കെ അവിടെ റവല്യൂഷണറി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. പിണറായി സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണെങ്കിലും തന്റെ ഭാര്യവീടായ ഒഞ്ചിയത്തെ ഓരോ ചലനങ്ങളിലും അദ്ദേഹം ഇടപെടുന്നുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം പാര്‍ട്ടിയുടെ നിയന്ത്രണം പൂര്‍ണ്ണമായും കൈപ്പിടിയിലൊതുക്കിയ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പി.ജയരാജനും ഉള്‍പ്പെടുന്ന സി.പി.എം നേതൃനിര കോഴിക്കോട് ജില്ലയിലെ സി.പി.എം നേതൃത്വത്തിലെ ചിലരുടെ ഒത്താശയോടെ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതാണ് ഈ കൊലപാതകം.
ചന്ദ്രശേഖരനെ വകവരുത്താന്‍ നാദാപുരം ചെക്യാട്ടെ വീട്ടില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കോടിയേരി ബാലകൃഷ്ണന്, കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്, കോഴിക്കോട് ജില്ലയിലെ ചില നേതാക്കള്‍ എന്നിവര്‍ ഗൂഢാലോചനയില്‍ പങ്കാളികളായിട്ടുണ്ട്. പണം വാങ്ങി കൊലപാതകം നടത്തിയവരെ മാത്രമല്ല ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ നേതാക്കളെയും പുറത്തുകൊണ്ടുവരുവാന് പോലീസ് സത്യസന്ധമായ അന്വേഷണം നടത്തണം. സിപിഎം ഇപ്പോള്‍ നടത്തുന്ന പ്രകടനങ്ങള്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലാകമ്മറ്റി ഓഫീസുകളിലേക്കും തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിലേക്കുമാണ് നടത്തേണ്ടത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും ഇതു സംബന്ധിച്ച ഗൂഢാലോചനകള്‍ നടന്നിട്ടുണ്ട്. ചന്ദ്രശേഖരന്റെ വീട്ടിലേക്ക് മുതലക്കണ്ണീരുമായി എത്തുന്ന ഒരു സിപിഎം നേതാവിനെയും എംഎല്‍എ മാരേയും കയറ്റില്ലെന്ന് നേതാക്കള്‍ പറഞ്ഞു. വ്യക്തിപരമായി ആര്‍ക്കും വരാമായിരുന്നു. എന്നാല്‍ സംഘടനാപരമായ തീരുമാനമെന്ന നിലയില്‍ ദിവസങ്ങള്‍ക്കുശേഷം വരാന്തീരുമാനിച്ചവര് ജനങ്ങളുടെ കണ്ണില്‍പൊടിയിടാന്‍ ശ്രമിക്കുകയാണ്. ഇതിന് ഒഞ്ചിയം മണ്ണ് അനുവദിക്കില്ല- അവര്‍ പറഞ്ഞു.
കൊലപാതക രാഷ്ട്രീയത്തിനും മാഫിയാ രാഷ്ട്രീയത്തിനുമെതിരെ ജനകീയ മുന്നേറ്റം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി മെയ് 11 ന് ഒഞ്ചിയം മേഖലയില്‍ പ്രതിഷേധ റാലിയും മെയ് 12 ന് കോഴിക്കോട് അതിവിപുലമായ ജനകീയ കണ്‍വെന്‍ഷനും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അഖിലേന്ത്യ ഇടതുപക്ഷ ഏകോപനസമിതി നേതാക്കളായ സിപിഎം പഞ്ചാബ് സെക്രട്ടറി മംഗത്റാം പസ്ല, സി.പി.ഐ (എം.എല്‍) ലിബറേഷന്‍ കേന്ദ്രകമ്മറ്റി അംഗം സ്വപന് മുഖര്‍ജി തുടങ്ങിയവരും സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകരും റാലിയിലും കണ്‍വന്‍ഷനിലും പങ്കെടുക്കും.തുടര്‍ന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും മെയ് മാസം മുഴുവന്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെ വിപുലമായ ജനകീയ കൂട്ടായ്മകള്‍ വളര്‍ത്തിയെടുക്കാനും ഇടതുപക്ഷ ഏകോപനസമിതി പരിപാടികള്‍ തയ്യാറാക്കിയതായി നേതാക്കള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഇടതുപക്ഷ ഏകോപനസമിതി പ്രസിഡന്റ് കെ.എസ്.ഹരിഹരന് , ആര്‍എംപി ആക്ടിങ്ങ് സെക്രട്ടറി എന്‍.വേണു, ഇടതുപക്ഷ ഏകോപനസമിതി വൈസ് പ്രസിഡന്റ് അഡ്വ. പി. കുമാരന് കുട്ടി, ഇടതുപക്ഷ ഏകോപന സമിതി സെക്രട്ടറി കെ.പി. പ്രകാശന്, ജില്ലാസെക്രട്ടറി കെ.കെ. കുഞ്ഞിക്കണാരന്‍, ആര്‍എംപി ഏരിയാ കമ്മറ്റി അംഗം എന്‍.പി. ഭാസ്കരന് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: