രാഷ്ട്രീയ കേരളത്തിന്റെ ജീര്‍ണതയും ആദര്‍ശ രാഷ്ട്രീയവും ഏറ്റുമുട്ടുന്ന നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് ആശയക്കുഴപ്പമൊന്നുമില്ല. ഇടത്-വലത് മുന്നണികള്‍ പ്രതിനിധീകരിക്കുന്ന അവസരവാദത്തിന്റെയും അഴിമതിയുടെയും അധികാര രാഷ്ട്രീയത്തിന്റെയും പ്രതീകങ്ങളായി ഉയര്ന്നുനില്ക്കുന്നവരാണ് ഇരുവരും രംഗത്തിറക്കിയിട്ടുള്ള സ്ഥാനാര്‍ത്ഥികളെന്ന് അവരുടെ രാഷ്ട്രീയ ഭൂതകാലം പകല്‍പോലെ വ്യക്തമാക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആര്. ശെല്‍വരാജ് സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എഫ്. ലോറന്‍സ് കേരളാ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയയാളാണ്. ഉയര്‍ത്തിപ്പിടിച്ച കൊടിയുടെ നിറം വിസ്മരിച്ചും ഉറക്കെ വിളിച്ചുശീലിച്ച മുദ്രാവാക്യങ്ങള്‍ വിഴുങ്ങിയും വര്‍ഗീയതയുടെ കുടമാറ്റത്തിലൂടെ പാര്‍ട്ടിയും മുന്നണിയും മാറിയവര്‍ക്ക് ജനവിധി തേടാനുള്ള പ്രാഥമിക യോഗ്യതപോലുമില്ല.
ത്രികോണമത്സരത്തിന്റെ ചിത്രം തെളിഞ്ഞിരിക്കുന്ന നെയ്യാറ്റിന്‍കരയില്‍ ജനങ്ങളുടെ യഥാര്‍ത്ഥ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടാന്‍ യോഗ്യതയുള്ള ഒരേയൊരാള്‍ ഒ.രാജഗോപാല്‍ മാത്രമാണ്. രാജഗോപാലിന്റെ അഭംഗുരമായ രാഷ്ട്രീയ പാരമ്പര്യവും ആദര്‍ശ സുരഭിലമായ പൊതുജീവിതവും അദ്ദേഹത്തിന്റെ ഈ യോഗ്യതക്ക് അടിവരയിടുന്നു.
ഭാരതീയ ജനസംഘത്തിന്റേയും ബിജെപിയുടേയും നേതാവ്, കേരളത്തിലെ ബിജെപിയെ പ്രതിനിധീകരിച്ച് രാജ്യസഭയിലെത്തിയയാള്‍, കേന്ദ്രത്തില്‍ നിയമവകുപ്പിന്റേയും പ്രതിരോധവകുപ്പിന്റേയും റെയില്‍വേ വകുപ്പിന്റേയുമൊക്കെ ചുമതല നോക്കിയ സഹമന്ത്രി, മാതാ അമൃതാനന്ദമയീദേവിയുടെ ശിഷ്യന് എന്നീ നിലകളിലാണ് ഒ.രാജഗോപാല്‍ മറ്റുള്ളവര്‍ക്ക് സുപരിചിതന്‍. ഈ ചിത്രത്തെ വലിയൊരു ക്യാന്‍വാസില്‍ മാറ്റിവരയ്ക്കുകയാണെങ്കില്‍ അത് ഒ.രാജഗോപാലിന്റെ ജീവിതമാകും.
മഹാത്മാഗാന്ധിയില്‍ ആകൃഷ്ടനാവുകയും സ്വാതന്ത്ര്യസമരത്തില്‍ ആവേശഭരിതനാവുകയും ചെയ്ത രാജഗോപാല്‍, മിഡില്‍സ്കൂളില്‍ പഠിക്കുമ്പോള്‍ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തില്‍ തന്റേതായ നിലക്ക് ഭാഗഭാക്കായി. പാലക്കാട് വിക്ടോറിയ കോളേജില്‍ ഇന്റര്‍മീഡിയറ്റിനു പഠിക്കുമ്പോള്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റേ ആഘോഷപരിപാടിയിലും ഒരു സന്നദ്ധഭടനായി പങ്കുചേരുന്നുണ്ട്. അതേസമയം, കോളേജില്‍ സജീവമായിരുന്ന കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് അനുകൂല വിദ്യാര്‍ത്ഥി സംഘടനകളോട് ഒരേപോലെ അകലം പാലിച്ചു. “നന്നായി പഠിച്ച് ജയിച്ചുപോകണം” എന്നതായിരുന്നു ചിന്ത. “പക്ഷെ, അതിനുശേഷം മറ്റൊരു സന്ദര്‍ഭത്തില്‍ എനിക്ക് ചില പ്രേരണകളുണ്ടായി. ബാഹ്യമായും മാനസികവുമായുണ്ടായ ആ പ്രേരണകള്‍ എനിക്ക് പുതിയൊരു വഴി കാണിച്ചു. ഈ വഴിയിലൂടെ അഞ്ച് ദശകത്തിലേറെ സഞ്ചരിച്ച് കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ തൃപ്തിതരുന്ന കാര്യങ്ങളാണ് ഒട്ടെല്ലാം തന്നെ” എന്നാണ് രാജഗോപാല്‍ ആത്മകഥയായ ‘ജീവാമൃത’ത്തില്‍ രേഖപ്പെടുത്തുന്നത്.
രാജഗോപാലിനെ അടുത്തറിയുന്നവര്‍ക്കുപോലും അജ്ഞാതമായ തരത്തില്‍ സംഭവബഹുലമാണ് അദ്ദേഹത്തിന്റെ ജീവിതം. തൊഴില്‍തേടി തമിഴ്നാട്ടിലെ സേലത്തു ചെന്നെത്തിയ പന്തളത്തുകാരന്‍ നീലകണ്ഠപണിക്കരുടേയും അക്കാലത്തെ ചിലരുമായുള്ള പരിചയത്തിലൂടെ വിവാഹം കഴിച്ച പാലക്കാട് ആലത്തൂരിനടുത്ത് മണപ്പാടം ഓലഞ്ചേരി തറവാട്ടിലെ കുഞ്ഞിക്കാവിന്റേയും മകനായി 1929 തിരുവോണനാളില്‍ ജനിച്ച രാജഗോപാല്‍ യാത്രകളിലും പത്രവായനയിലും അച്ഛനെ പിന്‍പറ്റി. അച്ഛനെ ആവേശംകൊള്ളിച്ചിരുന്ന വീരസവര്‍ക്കര്‍ മകന്റെ മനസില്‍ നേതാവായി പ്രതിഷ്ഠനേടി. എന്നാല്‍ ഇന്റര്‍മീഡിയറ്റ് ജയിച്ച മകന് ഒരു കൃഷിക്കാരനായി മാറണമെന്ന അച്ഛന്റെ പ്രതീക്ഷ തെറ്റിച്ച് രാജഗോപാല്‍ എത്തിയത് മദ്രാസ് ലോ കോളേജിലാണ്. മദ്രാസില്‍തന്നെ മെഡിസിനുപഠിക്കുകയായിരുന്ന ശാന്തയാണ് പിന്നീട് സഹധര്‍മിണിയാവുന്നത്. നിയമബിരുദമെടുത്തിട്ടും എന്റോള്‍ ചെയ്യാനുള്ള പണത്തിനായി ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ രാജഗോപാലിന് ജോലിനോക്കേണ്ടിവന്നു. ഇക്കാലത്ത് സോഷ്യലിസ്റ്റ് പ്രഖ്യാപനത്തില്‍ ആകൃഷ്ടനായി കോണ്‍ഗ്രസിന്റെ ആവഡി സമ്മേളനത്തില്‍വരെ രാജഗോപാല്‍ എത്തുന്നുണ്ട്.
മന്നത്തുപത്മനാഭന്, സ്വാമി ചിന്മയാനന്ദന്, ഗുരുജി ഗോള്‍വല്‍ക്കര്‍, പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ എന്നിവരുമായൊക്കെ രാജഗോപാല്‍ ആത്മബന്ധം സ്ഥാപിച്ചു. ഈ മഹാപുരുഷന്മാരുടെ സാമീപ്യവും സ്വാധീനവും ആണ് ഒരു പൊതുപ്രവര്‍ത്തകനിലേക്കുള്ള രാജഗോപാലിന്റെ പാത വെട്ടിത്തുറന്നത്. സാമൂഹ്യ നന്മയ്ക്കുവേണ്ടിയുള്ള മന്നത്ത് പത്മനാഭന്റെ ആഹ്വാനം രാജഗോപാലിനെ പാലക്കാട് രൂപീകരിച്ച എന്‍എസ്എസ് യൂണിറ്റിന്റെ സെക്രട്ടറി സ്ഥാനത്തെത്തിച്ചു. ചങ്ങനാശ്ശേരിയില്‍ നടന്ന മന്നത്തിന്റെ ശതാഭിഷേകസമ്മേളനത്തില്‍ പാലക്കാടിനെ പ്രതിനിധീകരിച്ച് രാജഗോപാല്‍ പങ്കെടുത്തു. “ഗാംഭീര്യവും ആഢ്യത്വവുമുള്ള ശ്രീ തുളുമ്പുന്ന മുഖം. വല്ലാത്ത വശ്യത ആ മുഖത്തുണ്ടായിരുന്നു. തികഞ്ഞ പ്രതിജ്ഞാബദ്ധമായ കൊച്ചുകൊച്ചു വാക്യങ്ങളില്‍ അദ്ദേഹം സംസാരിച്ചു.” പുതുശ്ശേരിയില്‍ ഒരു ചായസല്‍ക്കാരത്തില്‍വെച്ച് മന്നത്തിനെ ആദ്യമായി നേരില്‍കണ്ടതിനെക്കുറിച്ച് രാജഗോപാല്‍ പറയുന്നു.
ഇതുപോലെതന്നെയാണ് സ്വാമി ചിന്മയാനന്ദനുമായുള്ള ബന്ധവും. പാലക്കാട് നടത്തിയ ഗീതാജ്ഞാനയജ്ഞത്തിന്റെ സംഘാടകരില്‍ ഒരാളായിരുന്നു രാജഗോപാല്‍. യജ്ഞശേഷമുള്ള അവഭൃഥ സ്നാനത്തിന് തെരഞ്ഞെടുത്തത് കന്യാകുമാരിയിലെ ത്രിവേണീസംഗമമായിരുന്നു. ഈ യാത്രയില്‍ പന്തളത്ത് സംഘത്തെ സ്വീകരിച്ചത് മന്നം ആയിരുന്നു. സ്വാമി ചിന്മയാനന്ദനിലൂടെ ആണ് ആര്‍എസ്എസിന്റെ സര്‍സംഘചാലക് ആയിരുന്ന ഗുരുജി ഗോള്‍വല്‍ക്കറുടെ സവിധത്തില്‍ രാജഗോപാല്‍ എത്തിച്ചേര്‍ന്നതും ഋഷിതുല്യമായ ആ വ്യക്തിത്വത്തില്‍ ആകൃഷ്ടനായതും.
പാലക്കാട് ചെറുകിട-കര്‍ഷക തൊഴിലാളി സംഘത്തിന്റെ പ്രസിഡന്റായിരിക്കെയാണ് ഭാരതീയ ജനസംഘവുമായി അടുക്കുന്നതും തുടര്‍ന്ന് പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുമായി നടത്തിയ കൂടിക്കാഴ്ചയിലൂടെ ആശയപരമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുമൊക്കെ. വ്യക്തിയെന്നനിലയിലും സൈദ്ധാന്തികനെന്നനിലയിലും ദീനദയാല്‍ജി തന്നില്‍ ചെലുത്തിയ സ്വാധീനം വളരെവലുതായിരുന്നുവെന്ന് രാജഗോപാല്‍ പറയുന്നു. 1967 ല്‍ കോഴിക്കോട് നടന്ന ദേശീയ സമ്മേളനത്തില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ദീനദയാല്‍ജി മടങ്ങിപ്പോയതിന്റെ 41-ാം ദിവസം ഉത്തര്‍പ്രദേശില്‍നിന്ന് പാറ്റ്നയിലേക്കുള്ള തീവണ്ടിയാത്രയില്‍ കൊല്ലപ്പെട്ടത് രാജഗോപാലിന്റെ ജീവിതത്തിനേറ്റ ആഘാതമായിരുന്നു. പാലക്കാട് കോട്ടമൈതാനത്ത് നടന്ന അനുസ്മരണയോഗത്തില്‍ പ്രസംഗിച്ച രാജഗോപാല്‍ താന്‍ വക്കീല്‍പ്പണി എന്നേക്കുമായി ഉപേക്ഷിക്കുകയാണെന്നും മുഴുവന്‍ സമയവും പാര്‍ട്ടി പ്രവര്‍ത്തനത്തിനുവേണ്ടി സമര്‍പ്പിക്കുകയാണെന്നും പ്രഖ്യാപിച്ചു.
രണ്ട് പതിറ്റാണ്ടോളമാണ് ജനസംഘം കേരളത്തില്‍ പ്രവര്‍ത്തിച്ചത്. എങ്കിലും എത്ര സമരതീഷ്ണമായിരുന്നു ഈ കാലഘട്ടമെന്ന തിരിച്ചറിവ് നല്‍കുന്നതാണ് രാജഗോപാലിന്റെ രാഷ്ട്രീയ രംഗപ്രവേശം. അതിര്‍ത്തിയിലെ റാന്‍ ഓഫ് കച്ച് പാക്കിസ്ഥാന് വിട്ടുകൊടുത്ത നെഹ്റു സര്‍ക്കാരിനെതിരായ കച്ച് വിരുദ്ധ സമരത്തില്‍ കച്ചിലേക്ക് പുറപ്പെട്ട കേരള സംഘത്തെ നയിച്ചത് രാജഗോപാലായിരുന്നു. റഷ്യന്‍ മാതൃകയില്‍ നെഹ്റു സ്വീകരിച്ച പഞ്ചവത്സരപദ്ധതിക്കെതിരെ പദ്ധതി പൊളിച്ചെഴുതുകയെന്ന മുദ്രാവാക്യവുമായി തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധമാര്‍ച്ചും സെക്രട്ടറിയേറ്റ് പിക്കറ്റിംഗുമാണ് മറ്റൊന്ന്. ഇതില്‍ പങ്കെടുത്ത 55 പേരെയും അറസ്റ്റ് ചെയ്ത് 11 ദിവസത്തെ തടവിന് ശിക്ഷിച്ച് അട്ടക്കുളങ്ങര ജയിലിലടച്ചു.
ഒരു പാര്‍ട്ടി എന്ന നിലയില്‍ ജനസംഘത്തിന്റെ ശക്തിയും പ്രസക്തിയും കേരളത്തെ ബോധ്യപ്പെടുത്തിയ ഒന്നായിരുന്നു കേളപ്പജി നയിച്ച മലപ്പുറം ജില്ലാ സമരം. ഇ. മൊയ്തു മൗലവി അടക്കമുള്ളവരുടെ പ്രതിഷേധം വകവെക്കാതെ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ സര്‍ക്കാര്‍ മതാടിസ്ഥാനത്തില്‍ മലപ്പുറം ജില്ല രൂപീകരിച്ചതിനെതിരായ പ്രക്ഷോഭത്തിന്റെ നേതൃത്വം ജനസംഘത്തിനായിരുന്നു. മദിരാശി, ബോംബെ, ദല്‍ഹി എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ച് പ്രക്ഷോഭത്തിന് ഒരു ദേശീയമാനം നല്കുന്നതില് ആക്ഷന്‍ കമ്മറ്റി സെക്രട്ടറിയെന്ന നിലക്ക് രാജഗോപാല്‍ പ്രധാന പങ്കുവഹിച്ചു. സിപിഐ നേതാവും സൈദ്ധാന്തികനുമായ കെ. ദാമോദരനും ചിന്തകനായ എം. ഗോവിന്ദനും മലപ്പുറം ജില്ലാ രൂപീകരണത്തോട് വിയോജിപ്പുള്ളവരായിരുന്നു എന്ന കാര്യം രാജഗോപാല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തളി ക്ഷേത്രസമരത്തില്‍ ഒരു വിഭാഗം മുസ്ലീങ്ങളെ ഇളക്കിവിട്ട് വര്‍ഗീയ കലാപം കുത്തിപ്പൊക്കാന്‍ സിപിഎം നടത്തിയ ശ്രമം രാജഗോപാല്‍ ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അടിയന്തരാവസ്ഥക്കെതിരായ പ്രക്ഷോഭത്തില്‍ ആര്‍എസ്എസും ജനസംഘവും വഹിച്ച ഐതിഹാസികമായ പങ്ക് ചരിത്രപ്രസിദ്ധമാണ്. കേരളത്തില്‍ ഈ പ്രക്ഷോഭത്തില്‍ അറസ്റ്റ് വരിച്ച് ആദ്യം പൂജപ്പുര സെന്‍ട്രല്‍ ജയിലിലും പിന്നീട് വിയ്യൂര്‍ ജയിലിലും തടവനുഭവിച്ച കാലത്തെ രാജഗോപാലിന്റെ അനുഭവങ്ങളിലൂടെ കേരള രാഷ്ട്രീയത്തിലെ പലരെയും മുഖംമൂടിയില്ലാതെ കാണാം. ബോണസ് വെട്ടിക്കുറച്ചതിനെക്കുറിച്ച് സമരം ചെയ്യുകയാണെന്ന് പറഞ്ഞ് ഇഎംഎസ് കൗശലപൂര്‍വം ഒഴിഞ്ഞുനിന്നതും, എകെജി പ്രക്ഷോഭത്തെ പിന്തുണച്ചതും, ജയിലില്‍ നിന്ന് തന്റെ പേന വാങ്ങിക്കൊണ്ടുപോയി മാപ്പെഴുതിക്കൊടുത്ത ആര്. ബാലകൃഷ്ണപിള്ള ജയില്‍ മന്ത്രിയായി തന്നെ തിരിച്ചെത്തിയതുമൊക്കെ രാജഗോപാല്‍ ആത്മകഥയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആകെ അറസ്റ്റ് വരിച്ചവരില്‍ 4645 പേരില്‍ 3500ഓളം പേര് സംഘപരിവാര്‍ പ്രവര്‍ത്തകരായിരുന്നു എന്നതാണ് സത്യം.
ഒരിക്കല്‍ കെ.ജി. മാരാര്‍, കെ. രാമന്‍പിള്ള എന്നിവരോടൊത്ത് വള്ളിക്കാവില്‍ അമ്മയെ ദര്‍ശിച്ചതോടെ രാജഗോപാലിന്റെ ജീവിതനിയോഗം പുതിയ തലങ്ങളിലേക്ക് ഉയരുകയായിരുന്നു. ‘എന്നെ സൂക്ഷിച്ചുനോക്കി ആത്മഗതം പോലെ അമ്മ പറഞ്ഞു: പൊതുപ്രവര്‍ത്തനം ആവശ്യമാണ്.’ അന്ന് ആ പറഞ്ഞതിന്റെ അര്‍ത്ഥമോ വ്യാപ്തിയോ എനിക്ക് മനസ്സിലായിരുന്നില്ല. എന്നാല്‍ പിന്നീട് പൊതുപ്രവര്‍ത്തനത്തിലൂടെ പല ചുമതലകളിലേക്കും നിയോഗിക്കപ്പെട്ടപ്പോള്‍ അതെനിക്ക് ബോധ്യമായി എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്. 1992-ല്‍ അമ്മയില്‍ നിന്ന് മന്ത്രദീക്ഷ സ്വീകരിച്ചത് രാജഗോപാല്‍ മാത്രമായിരുന്നില്ല, ഭാര്യ ശാന്തയും കൂടിയായിരുന്നു. അടല്‍ബിഹാരി വാജ്പേയി, എല്‍.കെ. അദ്വാനി, ഭൈറോണ്‍ സിംഗ് ഷെഖാവത്ത്, രാജമാതാ വിജയരാജസിന്ധ്യ, ഷീല ദീക്ഷിത്, നജ്മാ ഹെപ്തുള്ള, സുഷമ സ്വരാജ്, ഉമാഭാരതി, അശോക്സിംഗാള്, ഡോ. മുരളിമനോഹര്‍ ജോഷി തുടങ്ങിയവരെ അമ്മയുടെ സവിധത്തില്‍ എത്തിക്കാന്‍ കഴിഞ്ഞത് ചാരിതാര്‍ത്ഥ്യത്തോടെയാണ് രാജഗോപാല്‍ ഓര്‍ക്കുന്നത്. ഹിന്ദുക്കള്‍ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി സിംഗാള്‍ അമ്മയോട് പറഞ്ഞപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു: “ഒരു പൂമൊട്ടുവിരിയുന്ന അവസരത്തില്‍ പുഷ്പത്തിന് ഒട്ടേറെ വേദന അനുഭവിക്കേണ്ടിവരുന്നു. എന്നാല്‍ പുഷ്പം പൂര്‍ണമായി വിടര്ന്നുകഴിഞ്ഞാല് എല്ലാവര്ക്കും സന്തോഷം ലഭിക്കുന്നു. അതുപോലെ ഭാരതം വിടര്‍ന്നുവികസിക്കുകയാണ്. അതിന്റെ ഫലമാണ് ഇന്ന് സമൂഹത്തില്‍ കാണുന്ന വേദനകള്‍, പ്രസവവേദനപോലെ”.
കെ.ആര്. നാരായണനും പിന്നീട് എ.പി.ജെ. അബ്ദുള്‍കലാമും രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ചില തെറ്റിദ്ധാരണകള്‍ക്കും ഒരുപാട് അവകാശവാദങ്ങള്‍ക്കും ഇടയാക്കുകയുണ്ടായി. നാരായണന് ക്രിസ്തുമതം സ്വീകരിച്ചയാളാണെന്ന വാദം ബിജെപിയില്‍ ഉയര്‍ന്നതും ആ തെറ്റിദ്ധാരണ നീക്കി അദ്ദേഹത്തിന് പാര്‍ട്ടി പിന്തുണ ലഭ്യമാക്കിയതില്‍ താന്‍ വഹിച്ച പങ്കും ആത്മകഥയില്‍ രാജഗോപാല്‍ വിവരിക്കുന്നുണ്ട്. ഹിന്ദി അറിയാത്ത നാരായണനെ ആ ഭാഷ പഠിപ്പിക്കാന്‍ ബനാറസില്‍നിന്ന് രാജഗോപാല്‍തന്നെ ആളെ ഏര്‍പ്പെടുത്തിയ രസകരമായ സംഭവങ്ങളുമുണ്ട്. പി.സി. അലക്സാണ്ടറിന്റെ പേര് പ്രമോദ് മഹാജന് ആദ്യം നിര്‍ദേശിച്ചെങ്കിലും കോണ്‍ഗ്രസ് എതിര്‍ത്തതും പിന്നീട് എ.പി.ജെ. അബ്ദുള്‍കലാമിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് കണ്ടെത്തുന്നത്തില്‍ രാജഗോപാല്‍ വഹിച്ച പങ്കും അതിന് പാര്‍ട്ടിനേതൃത്വത്തില്‍നിന്ന് ലഭിച്ച പ്രശംസയുമൊക്കെ അധികമാര്‍ക്കും അറിയില്ല.
ജനസംഖ്യയില്‍ പകുതിയോളം വരുന്ന ന്യൂനപക്ഷങ്ങള്‍ സംഘടിത വോട്ടുബാങ്കും ഹിന്ദുക്കള്‍ അസംഘടിതരുമായ സാഹചര്യത്തില്‍ ‘ബിജെപിയെ എതിര്‍ക്കുന്നതാണ് ലാഭകരം’ എന്ന മുന്നണി രാഷ്ട്രീയത്തിന്റെ അവസരവാദ നയത്തിന്റെ ബലിയാടാണ് കേരളവും ബിജെപിയും. ഈ അവിശുദ്ധ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുകയെന്ന ദൗത്യമാണ് നെയ്യാറ്റിന്‍കരയില്‍ ഒ.രാജഗോപാല്‍ ഏറ്റെടുത്തിരിക്കുന്നത്.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: