മനുഷ്യന് ഒരു ഭൗതിക ജീവി മാത്രമല്ല. അവന് ഒന്നല്ല, രണ്ടാത്മാക്കളുണ്ടെന്ന് ആദ്ധ്യാത്മിക ശാസ്ത്രങ്ങള്‍ പറയുന്നു. എല്ലായിടത്തും വ്യാപരിച്ചിരിക്കുന്ന പരമാത്മാവാണ് ഒന്നാമത്തേത്. രണ്ടാമത്തേതാകട്ടെ ‘ഞാന്‍ എന്ന് സ്വയം വ്യാപരിക്കുന്ന ജീവാത്മാവും. ഇവ രണ്ടിനെക്കുറിച്ചും അറിയാതെ യഥാര്‍ത്ഥ ജീവിതം സാധ്യമല്ല. എല്ലാറ്റിലും വ്യാപരിച്ചിരിക്കുന്ന ഒന്നുണ്ട്. ആ ഒന്നിനെ അറിഞ്ഞാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ സാധിക്കും. അതറിയാന്‍ കഴിയാത്ത ശാസ്ത്രത്തിന് മനുഷ്യന് ആത്യന്തികമായി എന്തെങ്കിലും ഗുണങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. നമ്മുടെ ഭൗതിക പ്രശ്നങ്ങള്‍ക്ക് തന്നെ വേണ്ടവിധത്തില്‍ പരിഹാരം കണ്ടെത്താന്‍ ശാസ്ത്രത്തിന് കഴിയുന്നില്ല.
ഇനി, മനുഷ്യന് ഭൗതികസുഖങ്ങളൊന്നും ഇല്ലെന്നിരിക്കട്ടെ, എന്നാലും മനുഷ്യന് സന്തുഷ്ടനായിരിക്കില്ല. യൂറോപ്പിലെ സമ്പല്‍സമൃദ്ധിയില്‍ ആറാടുന്ന കോടീശ്വരന്മാര് ഇവിടെ ഇന്ത്യന്‍ ഗുരുക്കന്മാരുടെ കാല്ക്കലിരിക്കുന്നു. അവര്‍ക്കെല്ലാമുണ്ട്, പക്ഷേ മനസ്സിന് സുഖമില്ല. മനുഷ്യരെ നിരന്തരം വേട്ടയാടുന്ന രണ്ട് വന്യജീവികളാണ് ഭയവും വെറുപ്പും.
യഥാര്‍ത്ഥത്തില്‍ നാം ഉള്‍പ്പെടുന്ന ഈ പ്രകൃതിയും പ്രതിഭാസങ്ങളുടെയും നിലനില്പിന് പിന്നില്‍ പ്രതിഭാസിക്കുന്ന ഒരു അനന്ത ചൈതന്യമുണ്ട്. ആ അനന്ത ചൈതന്യമാണ് നമ്മിലോരോരുത്തരിലും കുടികൊള്ളുന്നത്. നമ്മില്‍ ഉറവയെടുക്കുന്ന ആത്മചൈതന്യം വെളിവാക്കാന്‍ അധ്യാത്മികതയ്ക്ക് കഴിയും. മോഷണവും പിടിച്ചുപറിയും അസാനിപ്പിക്കാന്‍ യഥാര്‍ത്ഥ ആത്മീയതയ്ക്ക് കഴിയും. ഉപനിഷദ് കാലഘട്ടത്തില്‍ ആദ്ധ്യാത്മികതയായിരുന്നു മനസ്സിന്റെ മുഖമുദ്ര. അന്നൊക്കെ സ്വഭാവത്തിനും പെരുമാറ്റത്തിനും ആത്മീയമായ ഒരു ചാരുതയുണ്ടായിരുന്നു.
– ആചാര്യ എം.ആര്.രാജേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: