റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം സൃഷ്ടിച്ച നടുക്കം കേരളീയര്‍ക്ക് ഇനിയും മാറിയിട്ടില്ല. മുമ്പ് പാനൂരില്‍ ബിജെപി കണ്ണൂര്‍ ജില്ലാസെക്രട്ടറി പന്ന്യന്നൂര്‍ ചന്ദ്രന്, യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് കെ.ടി.ജയകൃഷ്ണന് എന്നിവര്‍ വധിക്കപ്പെട്ടതു പോലുള്ള നിഷ്ഠുരവും പൈശാചികവുമായ സംഭവം തന്നെയാണ് ചന്ദ്രശേഖരന്റെ വധവും. കുടുംബാംഗങ്ങളുടെ മുന്നിലിട്ടാണ് പന്ന്യന്നൂര്‍ ചന്ദ്രനെ കൊന്നതെങ്കില്‍ ക്ലാസ്മുറിയില്‍ കുട്ടികളുടെ മുന്നില്‍ വച്ചാണ് കെ.ടി.ജയകൃഷ്ണന് മാസ്റ്ററെ തുണ്ടുതുണ്ടാക്കിയത്. ചന്ദ്രശേഖരനെ പകല്‍ വെളിച്ചത്തില്‍ വധിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോഴാണ് രാത്രിയില്‍ പിന്തുടര്ന്ന് ഇടിച്ചുവീഴ്ത്തി വെട്ടിനുറുക്കി തലയും മുഖവും വികൃതമാക്കി കൊന്നത്. കേരളത്തിലും ബംഗാളിലും മാത്രമാണ് ഇപ്പോള്‍ ഈ രീതിയിലുള്ള അരുംകൊലകള്‍ നടക്കുന്നത്. അതിതീവ്രവാദികളെന്ന് ആക്ഷേപിക്കപ്പെടുന്ന മാവോയിസ്റ്റുകള്‍ പോലും ജീവനെടുക്കാന്‍ അറച്ചു നില്‍ക്കുമ്പോഴാണ് പ്രാകൃതമായ രീതിയില്‍ കേരളത്തില്‍ കൊലപാതകങ്ങള്‍ നടക്കുന്നത്. ചന്ദ്രശേഖരന്റെ കൊലയാളികള്‍ ക്വട്ടേഷന്‍ സംഘമാണെന്നും അവര്‍ക്ക് പിന്നില്‍ സിപിഎമ്മുകാര്‍ ഉണ്ടെന്ന് പോലീസിന് സൂചന ലഭിച്ചതായും പറയുന്നു. സിപിഎമ്മുകാര്‍ നേരിട്ട് ചെയ്തു കൊണ്ടിരുന്ന കാര്യങ്ങളാണിത്. പാര്‍ട്ടി വിടുന്നവരെ വര്‍ഗശത്രുക്കളായി മുദ്രയടിക്കുകയും അത്തരക്കാരെ വകവരുത്തുകയും ചെയ്തതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. എണ്‍പതുകളില്‍ തലശ്ശേരി ഭാഗത്ത് അക്രമപരമ്പരകള്‍ക്ക് തുടക്കമായത് പാനുണ്ട ചന്ദ്രനെന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നതോടെയാണ്.
സിപിഎം വിട്ട് ആര്‍എസ്എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ അസഹിഷ്ണുതയാണ് പാനുണ്ട ചന്ദ്രനെ കൊല്ലാന്‍ അവരെ പ്രേരിപ്പിച്ചത്. തുടര്‍ന്ന് നിരവധി സംഭവങ്ങള്‍ അരങ്ങേറി. മാര്‍ക്സിസമാണ് ലോകത്തുതന്നെ മനുഷ്യസ്നേഹം പറയുന്ന പ്രത്യയശാസ്ത്രമെന്ന് അതിന്റെ വക്താക്കളും പ്രയോക്താക്കളും പറയാറുണ്ട്. എന്നാല്‍ മനുഷ്യസ്നേഹത്തിന്റെ കണിക പോലും മാര്ക്സിസ്റ്റുകാര്ക്കില്ലെന്ന് തെളിയിക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ നിരവധിയായി നടന്നു കഴിഞ്ഞു. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മുകാരല്ലെന്ന് അവര്‍ പ്രസ്താവിക്കുന്നു. മാര്‍ക്സിസ്റ്റ് അക്രമികള്‍ പലകുറി വേട്ടയാടിയെങ്കിലും കത്തിമുനയില്‍ നിന്നും വഴുതിമാറിയ ജീവന് ഒടുവില്‍ നടുറോഡില്‍ അവസാനിച്ചെങ്കില്‍ ആദ്യം വിരല്‍ചൂണ്ടുക മാര്‍ക്സിസ്റ്റുകാര്‍ക്ക് നേരെയാകുന്നത് സ്വാഭാവികമാണ്. കേസുമായി ബന്ധപ്പെട്ട് ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികള്‍ സഞ്ചരിച്ച കെ.എല്‍.ഡി. 8144 നമ്പര്‍ ഇന്നോവ കാര്‍ ഉടമ കെ.പി.നവീന്‍ദാസ്, നവീന്‍ദാസിന്റെ സഹോദരന് വിജീഷ്, കാര്‍ വാടകയ്ക്കെടുത്ത വാഴപ്പാടി റഫീഖിന്റെ കൂട്ടുകാരന് ഹാരിസ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കാര്‍ വാടകയ്ക്കെടുത്ത റഫീഖ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. അക്രമിസംഘത്തില്‍ ഏഴു പേര് ഉണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. അതേസമയം സിപിഎമ്മിന്റെ രണ്ട് ഏരിയാകമ്മറ്റികള്‍, ഏരിയാ സെക്രട്ടറിയും ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കൊലപാതകവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
ചൊക്ലിയിലെ സബ് സ്റ്റേഷന് സമീപം വിജനമായ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇന്നോവ കാര്‍ കണ്ടെത്തിയത്. 2010 സപ്റ്റംബര്‍ 28ന് തലശ്ശേരിയില്‍ രജിസ്റ്റര്‍ ചെയ്തതാണ് കാര്‍. തെളിവു നശിപ്പിക്കാന്‍ കഴുകി വൃത്തിയാക്കിയ ശേഷം മണ്ണെടുത്ത സ്ഥലത്ത് ഒളിപ്പിച്ച നിലയിലാണ് കാര്‍ പോലീസ് കണ്ടെത്തിയത്. മാഹിയിലെ രണ്ട് ബിഎംഎസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് റഫീഖ്. റഫീഖ് ഈയിടെയാണ് ജയിലില്‍ നിന്നിറങ്ങിയത്. മറ്റ് ആറ് പേര്‍ക്കും സിപിഎമ്മുമായി അടുത്ത ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. വെളളിയാഴ്ച രാത്രി 10.15 ഓടെ ബൈക്കില്‍ വീട്ടിലേക്ക് പോകുന്ന വഴിയില്‍ വള്ളിക്കാട് വച്ചാണ് ചന്ദ്രശേഖരനെ ‘ഇന്നോവ’കാറിലെത്തിയസംഘം ക്രൂരമായി വെട്ടിക്കൊന്നത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പരിശീലനം സിദ്ധിച്ച കൊലയാളി സംഘം തങ്ങളുടെ കൃത്യം പൂര്‍ത്തിയാക്കിയത്.പോലീസാണ് ചന്ദ്രശേഖരനെ വടകര ആശുപത്രിയിലെത്തിച്ചത്. തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് ചന്ദ്രശേഖരനാണ് കൊല്ലപ്പെട്ടതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ചന്ദ്രശേഖരന്റെ ശരീരത്തിനേറ്റത് 51 മാരകമായ വെട്ടുകള്‍. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കാന്‍ രണ്ടരമണിക്കൂര്‍ എടുത്തു. ഏതാണ്ടെല്ലാ വെട്ടുകളും കഴുത്തിന് മുകളില്‍. കൈകളില്‍ രണ്ട് മുറിവുകളാണുണ്ടായിരുന്നത്. ഇത് വെട്ട് തടുക്കുമ്പോഴായിരിക്കാമെന്നാണ് നിഗമനം. മറ്റു കൊലപാതകങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശരീരത്തിന്റെ ഭാഗങ്ങളില്‍ വലിയപരിക്കുകളില്ല. തലയ്ക്കേറ്റ നാലു വലിയ മുറിവുകളാണ് മരണകാരണമായത്. മുഖത്തിനേറ്റ മുറിവുകള്‍ കാരണം തുന്നിക്കെട്ടി അന്ത്യദര്‍ശനത്തിന് വയ്ക്കാന്‍ തക്ക രീതിയിലാക്കാനാണ് ഏറെ സമയമെടുത്തത്.
വടിവാള്‍ ഉപയോഗിച്ചാകാം ആക്രമിച്ചത്. രക്തം വാര്‍ന്ന സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയും ചെയ്തു. 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ റവല്യൂഷണറി സ്ഥാനാര്‍ഥിയായി മത്സരിച്ച ചന്ദ്രശേഖരന് നേടിയ വോട്ടുകളാണ് സിപിഎം സ്ഥാനാര്‍ഥിയുടെ പരാജയത്തിന് കാരണമായതും മുല്ലപ്പള്ളി രാമചന്ദ്രന് വിജയം നേടിയതും. മുല്ലപ്പള്ളി രാമചന്ദ്രന് ഇപ്പോള്‍ കേന്ദ്രആഭ്യന്തരസഹമന്ത്രിയാണ്. അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു ‘തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചന്ദ്രശേഖരന് നേരത്തെ പറഞ്ഞിരുന്നു’ എന്ന്. മുഖ്യമന്ത്രി അടുത്തിടെ കോഴിക്കോട് സന്ദര്‍ശിച്ചപ്പോള്‍ ചന്ദ്രശേഖരന് നേരിട്ട് കണ്ട് ‘തനിക്കും സഹപ്രവര്‍ത്തകര്‍ക്കും മാര്‍ക്സിസ്റ്റുപാര്‍ട്ടിയില്‍ നിന്നും വധഭീഷണി ഉണ്ടെന്ന്’ പറഞ്ഞതായും ഉമ്മന്‍ചാണ്ടിയും വെളിപ്പെടുത്തിയിട്ടുണ്ട്. ‘ചന്ദ്രശേഖരന് ആക്രമിക്കപ്പെടുമെന്ന് സൂചന ലഭിച്ചിരുന്നതായി’ ഡിജിപി ജേക്കബ് പുന്നൂസും ഇപ്പോള്‍ പറയുന്നു. അങ്ങിനെയെങ്കില്‍ ചന്ദ്രശേഖരന് പൈശാചികമായി വധിക്കപ്പെട്ടതില്‍ സര്‍ക്കാരിന്റെ നിഷ്ക്രിയത്വവുമില്ലേ ? മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ സ്വഭാവമറിയുന്ന കേന്ദ്രആഭ്യന്തരസഹമന്ത്രിയും മുഖ്യമന്ത്രിയും പോലീസ് മേധാവിയും വധഭീഷണിയെ ലാഘവബുദ്ധിയോടെ കാണുകയല്ലേ ചെയ്തത് ? ഗുരുതരമായ വീഴ്ചയാണ് ചന്ദ്രശേഖരന് സംരക്ഷണം നല്കുന്നതില് സര്‍ക്കാരിനുണ്ടായത്. അതുകൊണ്ടുതന്നെ യഥാര്‍ഥ പ്രതികളെയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരുന്നതിനോടൊപ്പം കൃത്യവിലോപത്തിന് ജനങ്ങളോട് കുറഞ്ഞപക്ഷം മാപ്പുപറയാനെങ്കിലും മുഖ്യമന്ത്രി തയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: