പെരിയാറിന്റെ പോഷകനദിയായ മുട്ടാര്‍ പുഴയില്‍ മെയ് രണ്ട് 2012 ല്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ഇത് ഒരുപക്ഷെ പെരിയാറ്റിലെ 112-ാം മത്തെ മത്സ്യക്കുരുതിയാകാം. 1978 ലാണ് ആദ്യമായി ഈ നദിയില്‍ മത്സ്യക്കുരുതിയുണ്ടായത്. ഏലൂര്‍-എടയാര്‍ മേഖലയിലെ വ്യവസായ ശൃംഖലയില്‍നിന്നും നദിയിലെത്തുന്ന മാലിന്യങ്ങളാണ് മത്സ്യക്കുരുതിയ്ക്ക് കാരണമെന്ന് വിലയിരുത്തപ്പെട്ടെങ്കിലും ആര്‍ക്കെതിരെയും നടപടിയുണ്ടായില്ല. ഇത് കേരളത്തിലെ 44 നദികളില്‍ ഒന്നിന്റെ കാര്യം മാത്രം. മറ്റുനദികളിലും രൂക്ഷമായ മലിനീകരണം നടന്നുകൊണ്ടിരിക്കയാണ്. കേരളത്തില്‍ ലഭ്യമായ ജലത്തിന്റെ ഗുണനിലവാരം വളരെ മോശമാണെന്ന തരത്തില്‍ ഒട്ടനവധി റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്. ഈ വര്‍ഷം ഏപ്രില്‍ നാലിന് തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്റ് ടെക്നോളജി പഠനം നടത്തി കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പെരിയാര്‍ നദിയുടെ ജലത്തില്‍ കീടനാശിനിയുടെ അംശം ക്രമാതീതമായിട്ടുണ്ടെന്നും നദിയിലെ ജലം വീട്ടാവശ്യങ്ങള്‍ക്ക് കൊള്ളില്ലെന്നുമാണ് പറയുന്നത്. ഇത് ജലത്തിന്റെ കാര്യം.
കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം ജനുവരി 2010 ല്‍ വിശാലകൊച്ചിയടക്കം 43 ഇന്ത്യന്‍ പട്ടണങ്ങളിലാണ് അസഹ്യമായ വായു മലിനീകരണംമൂലം പുതിയ വ്യവസായങ്ങള്‍ തുടങ്ങുന്നതിന് മൊറട്ടോറിയം പ്രഖ്യാപിച്ചത്. കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയ അസഹ്യമായ വായുമലിനീകരണംമൂലം ആരോഗ്യപ്രശ്നങ്ങള്‍ ഉടലെടുക്കുന്ന അവസ്ഥയിലായ പട്ടണങ്ങളിലായിരുന്നു മൊറട്ടോറിയം. മനുഷ്യന് ശ്വസിക്കുന്നത് ഈ നഗരങ്ങളില്‍ വിഷവായുവാണെന്ന നിഗമനത്തിലായിരുന്നു അത്. എന്നാല്‍ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കേന്ദ്രബോര്‍ഡിന് സമര്‍പ്പിച്ച മലിനീകരണം കുറയ്ക്കുന്നതിനുള്ള ഉപാധികളുടെ വെളിച്ചത്തില്‍ വിശാല കൊച്ചിയിലെ മൊറൊട്ടോറിയം 2011 ഫെബ്രുവരി 15 ന് താല്‍ക്കാലികമായി പിന്‍വലിച്ചിരുന്നു. വായു മലിനീകരണം കുറയ്ക്കുന്നതിന് സമര്‍പ്പിച്ച ഉപാധികളുടെ കാര്യക്ഷമമായ നടത്തിപ്പ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിലയിരുത്തിവരികയാണ്. കെഎസ്പിസിബി സമര്‍പ്പിച്ച ഉപാധികള്‍ എന്തെന്നോ, എങ്ങനെ നടപ്പിലാക്കിവരുന്നെന്നോ, എത്രത്തോളം പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കിയെന്നോ ഒന്നും ജനങ്ങള്‍ക്കറിയില്ല. ജനങ്ങളുടെ ആരോഗ്യമാണ് പ്രശ്നമെങ്കിലും കഴിവതും ജനങ്ങളെ കാര്യങ്ങള്‍ അറിയിക്കരുതെന്ന നയമാണ് കെഎസ്പിസിബി വച്ചു പുലര്ത്തുന്നതെന്നേ 1974 മുതലുള്ള അവരുടെ പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ കാണാനാകൂ.
സംസ്ഥാനത്തെ വലിയ നഗരങ്ങളിലും വ്യവസായ സിരാകേന്ദ്രങ്ങളിലും വായുമലിനീകരണം ടെസ്റ്റ് ചെയ്യാനുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ ഉപയോഗിച്ചതിനുശേഷമുള്ള റിസള്‍ട്ട് നാളിതുവരെയായി വെളിച്ചം കണ്ടിട്ടില്ലെന്ന് മാത്രം. പുഴകളില്‍നിന്നും ജലാശയങ്ങളില്‍നിന്നും ജലത്തിന്റെ സാമ്പിളുകള്‍ ഇവര്‍ എടുത്തുകൊണ്ടുപോകുന്നുണ്ടെങ്കിലും അതിന്റെ റിസള്‍ട്ടുകള്‍ ഒന്നും വെളിച്ചത്ത് വന്നിട്ടില്ല. എത്രയേറെ മത്സ്യക്കുരുതികളും ജലമലിനീകരണങ്ങളും നടന്നിട്ടുണ്ട്. സ്ഥലത്തുനിന്നും ജലസാമ്പിള്‍ കൊണ്ടുപോകുന്നതല്ലാതെ പൊതുജനത്തിന് അവയുടെ റിസള്‍ട്ട് ലഭ്യമല്ലാതായിട്ട് പതിറ്റാണ്ടുകളായി. കെഎസ്പിസിബിയുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത വേണം. ജലമായാലും വായുവായാലും മനുഷ്യന്റെ ജീവന്‍കൊണ്ടാണ് പരീക്ഷണം നടത്തുന്നത്. അതുകൊണ്ടുതന്നെ ഓരോ നിരീക്ഷണങ്ങളും പരീക്ഷണങ്ങളും ടെസ്റ്റുകളും റിസള്‍ട്ട് സഹിതം പ്രസിദ്ധം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. കേരളത്തിലെ ഭൂഗര്‍ഭജലം പോലും മലിനീകരിക്കപ്പെട്ടിരിക്കുന്നു എന്നാണ് സര്‍ക്കാര്‍ ഇതര ഏജന്‍സികളുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷമായി തുടര്‍ച്ചയായി എലിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഭാരതത്തില്‍ കേരളത്തില്‍ മാത്രമാണ്. നഗരങ്ങളും ഗ്രാമങ്ങളും പുറംതള്ളുന്ന മാലിന്യങ്ങള്‍ മഴവെള്ളത്തിലൂടെ എത്തിച്ചേരുന്നത് ജലാശയങ്ങളിലാണ്.
വ്യത്യസ്ത പേരുകളില്‍ ഒരുലക്ഷത്തിലധികം നശിക്കാത്ത ഓര്‍ഗാനിക് മാലിന്യങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. കീടനാശിനികള്‍, അണുനാശിനികള്‍, രാസവളങ്ങള്‍ എന്നിവയുടെ അംശങ്ങള്‍ കലരാത്ത വെള്ളം ലഭ്യമല്ലെന്ന തരത്തിലേയ്ക്കാണ് കേരളം നീങ്ങുന്നത്. ജലത്തിന് രുചിഭേദം വരുന്നതിനും രാസപദാര്‍ത്ഥങ്ങള്‍ മനുഷ്യശരീരത്തില്‍ കുമിഞ്ഞുകൂടുവാനും സാധ്യതയുണ്ടത്രെ. ഇവ ചെറിയ അളവിലാണ് അകത്തുചെല്ലുന്നതെങ്കിലും പല മാരക രാസമാലിന്യങ്ങളും ശരീരത്തില്‍ ശേഖരിക്കപ്പെടുകയും മാരകമായ രോഗങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ സംസ്ഥാനത്ത് ഇത്തരം രാസപദാര്‍ത്ഥങ്ങള്‍ ശുദ്ധജലത്തില്‍ കലരുന്നുണ്ടോ എന്ന് പരിശോധിക്കുവാന്‍ പോലും സര്‍ക്കാരിന് സംവിധാനങ്ങളില്ലെന്നാണ് വലിയ പോരായ്മ. കണ്ണിന് ഗോചരമല്ലാത്ത അളവിലാണ് വായുവിലും വെള്ളത്തിലും വിഷമാലിന്യങ്ങള്‍ കലര്‍ന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ മലിനീകരണ നിയന്ത്രണം കുറ്റമറ്റതാക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കാകണം.
ആരോഗ്യരംഗത്ത് സംസ്ഥാനം ഒരുകാലത്ത് ഇന്ത്യയ്ക്ക് മാതൃകയായിരുന്നു എന്നതില്‍ അഭിമാനിക്കുന്ന നമുക്കിപ്പോള്‍ ആരോഗ്യരംഗത്ത് മികച്ച നേട്ടങ്ങള്‍ കൊയ്യുന്ന മറ്റു സംസ്ഥാനങ്ങളുടെ മുന്നില്‍ തല കുനിക്കേണ്ട ഗതികേടിലാണ്. അത്രയ്ക്കും ജലജന്യരോഗങ്ങള്‍ സംസ്ഥാനത്ത് പെരുകിയിരിക്കയാണ്. ടൈഫോയിഡ്, കോളറ, വയറല്‍ പനികള്‍, രാസപദാര്‍ത്ഥങ്ങള്‍ മൂലമുളള രോഗങ്ങള്‍ എന്നിവ വര്‍ഷംതോറും കൂടിവരുന്നതല്ലാതെ കുറയുന്നില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ വഴി മലേറിയയും മലമ്പനിയും കേരളത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കണം. കാലവര്‍ഷത്തിന് മുമ്പ് ആരോഗ്യ മേഖലയില്‍ സത്വരമായി രോഗപ്രതിരോധ നടപടികള്‍ ആരംഭിക്കേണ്ടതായിട്ടുണ്ട്. ശരിയായ ശുചിത്വമില്ലാത്ത സാഹചര്യത്തില്‍ ജീവിക്കുന്നതുകൊണ്ട് ലോകത്ത് പ്രതിവര്‍ഷം ജലജന്യരോഗങ്ങള്‍ കൊണ്ട് മാത്രം 3.41 ദശലക്ഷം ആളുകള്‍ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. നമ്മുടെ പട്ടണങ്ങളില്‍ പ്രത്യേകിച്ചും ആശുപത്രിമാലിന്യങ്ങള്‍ മുനിസിപ്പല്‍ മാലിന്യത്തില്‍ കലരുന്നതാണ് രോഗാതുരതയ്ക്ക് മറ്റൊരു കാരണം.
1998 ല്‍ ബയോ മെഡിക്കല്‍ (മാനേജ്മെന്റ് ആന്റ് കൈകാര്യം ചെയ്യല്‍) നിയമം വന്നെങ്കിലും ഇന്നും അത് വേണ്ടവിധത്തില്‍ നടപ്പാക്കുവാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുനിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. ഇക്കാര്യത്തില്‍ 2012 മാര്‍ച്ച് 2 ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ക്കുലര്‍ വളരെ അര്‍ത്ഥവത്താണ് (ജഇആ/ഠ4/115/97) ക്ലിനിക്കുകള്‍, ദന്താശുപത്രികള്‍, ഡിസ്പെന്‍സറികള്‍, രോഗനിര്‍ണയ ലാബുകള്‍, രക്തബാങ്കുകള്‍, മറ്റു ക്ലിനിക്കല്‍ ലാബുകള്‍ എന്നിവയുടെ ലൈസന്‍സ് പുതുക്കി നല്കുമ്പോള് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍നിന്നും ഫോറം ഒന്ന് പൂരിപ്പിച്ച് വാങ്ങേണ്ടതാണ്. സ്ഥാപനത്തിലെ സൗകര്യങ്ങള്‍ക്കനുസരിച്ച് നിശ്ചിതഫീസും ഒടുക്കേണ്ടതായിട്ടുണ്ട്. ഓരോ സ്ഥാപനവും സത്യവാങ്മൂലവും ഒപ്പിട്ട് നല്‍കണം. സ്ഥാപനത്തിന്റെ അപേക്ഷ പരിശോധിച്ചതിനുശേഷം ബോര്‍ഡ് നല്കുന്ന അനുമതിയില്‍ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്ന പാലക്കാട്ടുള്ള ഐഎംഎജിഇ ല്‍ (പൊതുസംസ്ക്കരണ ശാല) മാലിന്യം എത്തിക്കാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം പാലിക്കണമെന്നും വര്‍ഷാവര്‍ഷം അനുമതി പുതുക്കണമെന്നും മാലിന്യ നീക്കത്തിന് പ്രത്യേകം അനുമതി നേടണമെന്നും ബയോമെഡിക്കല്‍ മാലിന്യം മറ്റു ഖരമാലിന്യങ്ങളുമായി കൂട്ടിക്കുഴയ്ക്കരുതെന്നും 48 മണിക്കൂറില്‍ കൂടുതല്‍ നേരം ബയോമെഡിക്കല്‍ മാലിന്യം കൂട്ടിവയ്ക്കരുതെന്നും ഫോറം രണ്ടില്‍ വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ബയോമെഡിക്കല്‍ മാലിന്യം കൊണ്ടുപോകുന്ന വാഹനത്തിന്റെ രൂപകല്‍പ്പനയില്‍ 2003 ല്‍ കേന്ദ്ര പരിസ്ഥിത മന്ത്രാലയം നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഏതെങ്കിലും വ്യവസ്ഥ പാലിക്കപ്പെട്ടില്ലെങ്കില്‍ നല്കിയ അനുമതി പിന്‍വലിക്കണമെന്നും സംസ്ഥാന നിയന്ത്രണ ബോര്‍ഡ് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വ്യവസ്ഥകള്‍ ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ കര്‍ശനമായി പാലിക്കണം. ഇതൊന്നും പാലിക്കപ്പെട്ടില്ലെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടുവാന്‍ മലിനീകരണ നിയന്ത്രണബോര്‍ഡ് നടപടി സ്വീകരിക്കണം. കാരണം ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ അലസമായി കൈകാര്യം ചെയ്യുന്നത് അനേകം രോഗങ്ങള്‍ക്കും പൊതുജന ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴിവയ്ക്കും എന്നതിനാലും നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തിലാക്കണം. വായു കിട്ടാതെ പുഴ മത്സ്യം പിടഞ്ഞ് മരിക്കുന്നതുപോലെയും വിഷവെള്ളം കുടിച്ച് രോഗബാധിതരായി മരണം സംഭവിക്കുന്നതുപോലെയും മനുഷ്യന് മരിക്കാതിരിക്കുവാന്‍ മലിനീകരണ നിയന്ത്രണ നടപടികള്‍ സുതാര്യമായിരിക്കണം, കാര്യക്ഷമമായിരിക്കണം.
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധനാ ലാബുകളുടെ സൗകര്യങ്ങള്‍ നൂതനമാക്കുകയും മലിനീകരണം നടത്തുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കര്‍ശന നടപടികളെടുക്കുവാനുള്ള നിയമപരമായ അധികാരം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും മാലിന്യങ്ങള്‍ക്കെല്ലാം തോത് ഏര്‍പ്പെടുത്തുകയും ചെയ്താല്‍ മലിനീകരണം കുറയ്ക്കുന്നതിന് ഒരളവുവരെ സാധിക്കും. എല്ലാ നടപടികളും സുതാര്യമായിരിക്കണം. ബോര്‍ഡിലെ അഴിമതി തുടച്ചുനീക്കുന്നതിനും മാലിന്യങ്ങള്‍ മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ശേഷി വിശകലനം ചെയ്യുവാന്‍ ബോര്‍ഡില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. വായുവിലും ജലത്തിലും മനുഷ്യന്റെ അനാസ്ഥമൂലം മാലിന്യങ്ങള്‍ എത്തിച്ചേചരാതിരിക്കുവാന് കര്‍ശന നടപടി സ്വീകരിച്ചാല്‍ മാത്രമേ പൊതുജനാരോഗ്യം സംരക്ഷിക്കുവാനാകൂ. ഇതിനായി സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ദുരന്തങ്ങള്‍ സംഭവിച്ചതിനുശേഷം “ഞെട്ടി” പ്രതികരിച്ചിട്ടെന്ത് കാര്യം?
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: