കാസര്‍കോട് : ഏറെ കൊട്ടിഘോഷിക്കപ്പെട്ട് ഏഴുനിലയില്‍ പണിത കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ദുരിതങ്ങള്‍ക്ക് അവസാനമില്ല. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ ഇല്ലാതായിട്ട് ദിവസങ്ങളായി. സ്പെഷ്യല്‍ ഡോക്ടര്‍മാരാണ് ഇപ്പോള്‍ അത്യാഹിത വിഭാഗത്തില്‍ രോഗികളെ പരിശോധിക്കുന്നത്. നിരവധി തവണ ഉന്നതങ്ങളില്‍ പരാതി നല്‍കിയെങ്കിലും പരിഹാരമാകാതെ നീളുകയാണ് ആശുപത്രിയിലെ പ്രശ്നങ്ങള്‍. ൩൪ ഡോക്ടര്‍മാര്‍ വേണ്ടിടത്ത് പകുതിയില്‍ താഴെയാണ് ഇപ്പോള്‍ ഡോക്ടര്‍മാരുള്ളത്. ജീവനക്കാരുടെയും തസ്തികകള്‍ നികത്തിയിട്ടില്ല. ഡോക്ടര്‍മാരില്ലാത്തതു കാരണം ഉള്ള ഡോക്ടര്‍മാര്‍ക്ക് അവധിയില്‍ പ്രവേശിക്കാന്‍ കഴിയാതെ നിരന്തരമായി ഡ്യൂട്ടി ചെയ്യേണ്ടി വരികയാണെന്ന് ഡോക്ടര്‍മാര്‍ പരാതിപ്പെടുന്നു. ഇതു ഇവരുടെ ആരോഗ്യനിലയേയും, മാനസീകാവസ്ഥയേയും ബാധിക്കുകയാണ്. പാവപ്പെട്ട രോഗികളാണ് ജനറല്‍ ആശുപത്രിയെ ആശ്രയിക്കുന്നത്. ൨൪ മണിക്കൂറും പ്രവര്‍ത്തിക്കേണ്ട അത്യാഹിതവിഭാഗത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തത് രോഗികളേയും, ആശുപത്രിയേയും പ്രതികൂലമായി ബാധിക്കുകയാണ്. മഴക്കാലം തുടങ്ങുന്നതോടെ രോഗികളുടെ എണ്ണം കൂടുകയും ഇത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ ബാധിക്കുകയും ചെയ്യും. പല പകര്‍ച്ച വ്യാധികളും മഴക്കാലത്ത് പെരുകുന്നതോടെ ജനറല്‍ ആശുപത്രിയെയാണ് രോഗികള്‍ ആശ്രയിക്കുന്നത്. ഡോക്ടര്‍മാര്‍ ആവശ്യത്തിനില്ലാത്തതിനാല്‍ പലരും സ്വകാര്യാശുപത്രിയെയാണ് ഇപ്പോള്‍ ഏറെയും ആശ്രയിക്കുന്നത്. ഇതു രോഗികള്‍ക്ക് സാമ്പത്തിക ബാധ്യത വരുത്തുന്നു. ജനറല്‍ ആശുപത്രിയില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമായിട്ട് ദിവസങ്ങളായി. വാട്ടര്‍ അതോറിറ്റിയാണ് ആശുപത്രിയിലേക്ക് വെള്ളം വിതരണം ചെയ്യുന്നത്. ഇതു പലപ്പോഴും മുടങ്ങുന്നത് കാരണം പണം കൊടുത്ത് ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിച്ചാണ് ആശുപത്രിയിലെ ദൈനംദിന കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരുടെ അഭാവവും ആശുപത്രി സുരക്ഷിതത്വത്തെ ബാധിക്കുന്നുണ്ട്. രാത്രികാലങ്ങളില്‍ മദ്യപിച്ചും, കഞ്ചാവടിച്ചും, ആശുപത്രി കോമ്പൗണ്ടില്‍ കയറുന്ന സാമൂഹ്യദ്രോഹികള്‍ രോഗികള്‍ക്കും, ജീവനക്കാര്‍ക്കും ഭീഷണിയായിട്ടുണ്ട്. താലൂക്ക് ആശുപത്രിയെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ഡോക്ടര്‍മാരുടെ അഭാവം ആശുപത്രിയുടെ സല്‍പ്പേരിന് കളങ്കമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: