കൊച്ചി: വ്യവസായവത്കരണത്തിലൂടെ വരും തലമുറയ്ക്കായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ-വിവരസാങ്കേതിക മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രത്തിനായി കാക്കനാട് നിര്‍മിച്ച വ്യവസായ സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനസാന്ദ്രത കൂടിയ കേരളത്തില്‍ പുത്തന്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് തടസങ്ങളുണ്ടെങ്കിലും നമുക്കനുയോജ്യമായ വ്യവസായങ്ങള്‍ തുടങ്ങാനാണ് ശ്രമിക്കുന്നത്. ലോകത്തുണ്ടാകുന്ന മാറ്റങ്ങള്‍ക്കൊപ്പം ഭാവിതലമുറയെ വളര്‍ത്താന്‍ നമുക്കാവണം. സമൂഹത്തിന്റെ വിവിധ തുറകളില്‍ ജീവിക്കുന്നവര്‍ക്കായി ദീര്‍ഘവീക്ഷണത്തോടെ മാത്രമേ വ്യവസായവത്കരണം നടപ്പാക്കൂവെന്നും മന്ത്രി പറഞ്ഞു.
സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ ഉയര്‍ത്താന്‍ വ്യവസായവത്കരണത്തിനാകണം. പുത്തന്‍ വിവര സാങ്കേതികതയിലൂടെ വലിയ തൊഴില്‍ വാതായനമാണ് പുതുതലമുറയ്ക്ക് തുറന്ന് കിട്ടുക. ഇതുപയോഗപ്പെടുത്താന്‍ കേരളജനതയെ പ്രാപ്തരാക്കണം. വ്യവസായവത്കരണത്തോടൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിലും നിക്ഷേപം നടത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കേരളത്തിലെ റോഡ്, ജല, റെയില്‍ ഗതാഗത സൗകര്യങ്ങളെ കൃത്യമായി വിനിയോഗിക്കുന്നതിലൂടെ യാത്രാചെലവും സമയവും ലാഭിക്കാനാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ വ്യവസായ കേന്ദ്രമായ കൊച്ചിയില്‍ നടക്കാനിരിക്കുന്ന എമേര്‍ജിംഗ് കേരളയിലൂടെ സംരംഭ സാധ്യതകളെ കുറിച്ച് ബോധ്യപ്പെടുത്തി കൂടുതല്‍ സംരംഭകരെ കണ്ടെത്താനാവും. വലിയ വികസിതനഗരങ്ങള്ക്കൊപ്പം കേരളത്തേയും ഉയര്‍ത്തി ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് നിര്‍ഭയം മുന്നോട്ടു പോകാവുന്ന തരത്തിലുള്ള വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുകയാണ് സര്‍ക്കാരിന്റെ മുഖ്യലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബെന്നി ബെഹ്നാന് എംഎല്‍എ പറഞ്ഞു. വികസന കാര്യത്തില്‍ പുതിയ സംസ്കാരം വളര്‍ത്തുന്ന കേരളം അടിസ്ഥാന സൗകര്യ വികസനത്തിനു കൂടി മുന്‍കൈയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ വ്യവസായ കേന്ദ്രത്തിന് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിനായി 90-കളില്‍ തന്നെ ശ്രമമാരംഭിച്ചിരുന്നു. ഇതിനായി 43 സെന്റ് സ്ഥലം റവന്യൂ വകുപ്പില്‍ നിന്ന് അനുവദിച്ചു. നിലവില്‍ ജില്ലാ വ്യവസായകേന്ദ്രം കടവന്ത്ര ഗാന്ധിനഗറിലുളള സിഡ്കോയുടെ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. യാത്രാസൗകര്യങ്ങളുടെ അപര്യാപ്തതമൂലം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഗാന്ധിനഗറിലെ ഓഫീസില്‍ വ്യവസായ സംരംഭകര്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ട് ഏറെയുള്ള സാഹചര്യത്തിലാണ് ഓഫീസ് കാക്കനാട്ട് നിര്‍മിക്കാന്‍ തീരുമാനിച്ചത്. സിഡ്കോ മുഖേന 2.11 കോടി രൂപ ചെലവഴിച്ച് രണ്ടു വര്‍ഷത്തിനകമാണ് വ്യവസായ സമുച്ചയം പൂര്‍ത്തീകരിച്ചത്. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഓഫീസ് സൗകര്യത്തിനു പുറമെ ഉത്പന്നങ്ങള്‍ വില്‍ക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.
ചടങ്ങില്‍ നഗരസഭാധ്യക്ഷന്‍ പി.ഐ.മുഹമ്മദാലി, വ്യവസായ വാണിജ്യ ഡയറക്ടര്‍ ടി.ഒ.സൂരജ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബി.ശിവപ്രസാദ്, ലീഡ്ബാങ്ക് ജില്ലാ മാനേജര്‍ കെ.ആര്.ജയപ്രകാശ്, കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് വി.കെ.സി മുഹമ്മദ്കോയ, കൗണ്‍സിലര്‍ ടി.എസ്.രാധാമണി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: