പാലാ: തൃശൂര്‍ പൂരത്തിനിടെ ഇടഞ്ഞോടിയ കൊമ്പനെ ഉടമകള്‍ ഒളിപ്പിച്ചു. പിന്നാലെ തൃശൂരില്‍ നിന്നും ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള അധികൃതരെത്തി ആനയെ കണ്ടെത്തി. പൂരപ്രേമികളെ വിറപ്പിച്ച ഉണ്ണിപ്പിള്ളില്‍ കാളിദാസനെന്ന കൊമ്പനെയാണ് അധികൃതര്‍ പാലായിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്നും കണ്ടെത്തിയത്. മദപ്പാടില്‍ നിന്ന ആനയെ തൃശൂര്‍പൂരത്തില്‍ എഴുന്നെള്ളിച്ചതാണ് ആന ഇടയുന്നതിന് കാരണമായത്. സംഭവത്തെപ്പറ്റി മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുന്നതിനായി അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനിടെയാണ് തൃശൂര്‍ തളച്ച സ്ഥലത്തുനിന്നും ആന അപ്രത്യക്ഷമായത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ആന പാലായിലുണ്ടെന്ന് കണ്ടെത്തി വനപാലകര്‍ എത്തുകയായിരുന്നു. ആനയെ മൃഗഡോക്ടര്‍മാര്‍ പരിശോധിച്ചു. ആനയ്ക്ക് മദപ്പാടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആനയെ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് ഡിഎഫ്ഒയ്ക്ക് കൈമാറുമെന്ന് ഡോ.സുനില്‍ പറഞ്ഞു. എഴുന്നെള്ളിപ്പിനിടെ കൂട്ടാനയെ കുത്തുന്ന ശീലമുള്ള ഉണ്ണിപ്പിള്ളില്‍ കാളിദാസനെന്ന കൊമ്പനെ തൃശൂര്‍പൂരം പോലൊരു ആഘോഷത്തില്‍ പങ്കെടുപ്പിച്ചതില്‍ ആശങ്കയുണ്ടായിട്ടുണ്ട്. നിരവധി തവണ പരിശോധന നടത്തിയാണ് പൂരം എഴുന്നെള്ളത്തിന് ആനകളെ തയ്യാറാക്കുന്നതെന്ന വനം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നീരില്‍ നിന്ന ആനയെ നീരൊലിപ്പിന്റെ പാടുകള്‍ കഴുകിക്കളഞ്ഞാണ് പൂരനഗരിയിലെത്തിച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: