മുല്ലപ്പെരിയാര്‍ ഒരു പ്രഹേളികയായി തുടരുമ്പോഴും സ്വന്തം സ്വാര്‍ത്ഥതയുടെ പ്രതീകമായി തമിഴരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്കി കടുംപിടിത്തം പിടിക്കുമ്പോഴും കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളം എന്ന പഴയ പല്ലവി പാടി ഇപ്പോള്‍ ആവശ്യപ്പെടുന്നത് ഈ പ്രശ്നത്തില്‍ ഒരു രാഷ്ട്രീയ സമവായം വേണമെന്നാണ്. കൂടംകുളം ആണവനിലയത്തില്‍നിന്ന് കേരളത്തിന് പ്രധാനമന്ത്രി തരാമെന്നേറ്റിരുന്ന 266 മെഗാവാട്ട് പോയിട്ട് ഒരു മെഗാവാട്ട് വൈദ്യുതി പോലും നല്‍കരുതെന്ന നിലപാടാണല്ലോ ജയലളിത ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. 116 വര്‍ഷം പഴക്കമുള്ള, ചുണ്ണാമ്പിലും സുര്‍ക്കിയിലും തീര്‍ത്ത അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് നിലവിലുള്ള 136 അടിയില്‍നിന്നും താഴ്ത്തി ടണലിന്റെ സ്ഥാനം താഴ്ത്താനും ഉന്നതാധികാരസമിതിയില്‍ നിര്‍ദ്ദേശമുണ്ടെന്നാണ് അറിവ്. ടണല്‍ താഴ്ത്തുകയാണെങ്കില്‍ കൊണ്ടുപോകുന്ന വെള്ളവും വിലയും സംബന്ധിച്ച് പുതിയ ധാരണാപത്രം ഒപ്പുവെക്കണം. ടണല്‍ താഴ്ത്തിയാല്‍ തമിഴ്നാടിന് ജലനിരപ്പ് താഴ്ന്നാലും ജലലഭ്യത ഉറപ്പാക്കാനാകും. തമിഴ്നാടിന്റെ ആവശ്യം ജലനിരപ്പ് 142 അടിവരെ ആക്കി നിലനിര്‍ത്തണമെന്നാണ്. അടിത്തട്ടില്‍നിന്നും 106 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ടണലില്‍നിന്നും 106 അടി മുകളിലുള്ള സംഭരണിയിലെ 30 അടിവരെയുള്ള ജലമാണ് തമിഴ്നാട് ഉപയോഗിക്കുന്നത്.
ടണല്‍ 50 അടി താഴ്ത്തിയാല്‍ ജലം കൊണ്ടുപോകാനും ജലനിരപ്പ് ഉയരുമ്പോള്‍ കേരളത്തിലേക്ക് ഒഴുകാന്‍ ക്രമീകരണം വേണമെന്നും നിര്ദ്ദേശമുള്ളതായാണറിവ്. പക്ഷെ ഭൂകമ്പ മേഖലയിലുള്ള മുല്ലപ്പെരിയാര്‍ നിലനിര്‍ത്തിക്കൊണ്ടുപോകുന്നതില്‍ കേരളത്തിന് ആശങ്കയുള്ളതിനാലാണ് നിലവിലുള്ള ഡാമിന്റെ 1300 അടി താഴെ പുതിയ ഡാം എന്ന നിര്‍ദ്ദേശം കേരളം മുന്നോട്ടുവെച്ചത്. പക്ഷെ ഡാം സുരക്ഷിതമാണെന്ന് സമിതി വിദഗ്ധര്‍ രേഖപ്പെടുത്തുമ്പോള്‍ പുതിയ ഡാം എന്ന ആശയം അപ്രസക്തമാകുകയില്ലേ എന്ന ആശങ്കയാണ് കേരളത്തിനുള്ളത്. പുതിയ ഡാം കേരളത്തിന്റെ ചെലവില്‍ പണിതാലും പഴയ ഡാം പൊളിക്കേണ്ട എന്ന ശുപാര്‍ശയും സമിതി റിപ്പോര്‍ട്ടിലുണ്ട്. പുതിയ ഡാം ഇരുസംസ്ഥാനങ്ങളുടെയും സംയുക്ത നിയന്ത്രണത്തില്‍ വേണോ കേന്ദ്രംകൂടി ഉള്‍പ്പെട്ട ത്രികക്ഷി നിയന്ത്രണം വേണോ എന്ന കാര്യം സംസ്ഥാനങ്ങളുടെ വാദം കേട്ടശേഷം തീരുമാനിക്കും. കേരളം ഇന്ന് ജലക്ഷാമവും കറന്റ് ക്ഷാമവും അനുഭവിക്കുന്ന സംസ്ഥാനമായി മാറിക്കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനം കേരളത്തിലെ നദികളിലെ ഒഴുക്ക് ശുഷ്ക്കമാക്കിയിരിക്കുന്നു. കൂടംകുളം വൈദ്യുതിനിലയം തുടങ്ങാനുള്ള എല്ലാ സഹായവും ചെയ്തു എന്ന അവകാശത്തിന്മേലാണ് അവിടത്തെ വൈദ്യുതി മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാതെ സ്വന്തമായി ഉപയോഗിക്കണമെന്ന് ജയലളിത നിര്‍ബന്ധം പിടിക്കുന്നത്. അതേസമയം കേരളത്തിന്റെ ഭൂപ്രദേശത്തെ കേരളത്തിന്റെ നദിയായ മുല്ലപ്പെരിയാറിലെ വെള്ളത്തിന്റെ പൂര്‍ണാവകാശവും അവര്‍ ആവശ്യപ്പെടുന്നു. ഇത് വിരോധാഭാസമാണ്.
കേരളം സ്വാഭാവിക അവധാനതയോടെ വൈദ്യുതി കൊണ്ടുപോകാനുള്ള സംവിധാനം ഒരുക്കാത്തതും പുതിയ ലൈനുകള്‍ സ്ഥാപിക്കാത്തതും കേരളത്തിന് കൂടംകുളം വൈദ്യുതിയില്‍ താല്പര്യമില്ലാത്തതിനാലാണെന്നും തമിഴ്നാട് മുഖ്യമന്ത്രി വാദിക്കുന്നു. കേരളം ഈവിധം രണ്ട് പ്രതിസന്ധികളെയാണ് നേരിടുന്നത്.
മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി റിപ്പോര്‍ട്ട് സുപ്രീംകോടതി മുമ്പാകെ പരിഗണനക്ക് വരുമ്പോള്‍ സംസ്ഥാന താല്പര്യ സംരക്ഷണത്തിന് ജാഗ്രത പാലിക്കുന്ന പ്രഗല്ഭരായ അഭിഭാഷകരെ നിയോഗിക്കാന്‍ കേരളം തയ്യാറാകണം. തമിഴ്നാട് ഒരു യൂണിറ്റ് വൈദ്യുതി പുറത്തുനിന്ന് വാങ്ങുമ്പോള്‍ 12 രൂപ നല്കുമ്പോഴും മുല്ലപ്പെരിയാറിലെ ജലം കൊണ്ടുപോയി ഉല്പാദിപ്പിക്കുന്ന വൈദ്യുതിക്ക് ഒരു പൈസയുടെ 12 ശതമാനം മാത്രമേ ചെലവുവരുന്നുള്ളൂ എന്ന കാര്യവും തമിഴ്നാട് സൗകര്യപൂര്‍വം മറക്കുന്നു. അതേപോലെ കൂടംകുളം ആണവവൈദ്യുതിക്കുവേണ്ടിയും വാദിക്കാന്‍ പ്രഗല്ഭരായ അഭിഭാഷകരെ നിയോഗിക്കാന്‍ കേരളം ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും കേരളം തോറ്റുപോകുന്നത് കേസ് വാദിക്കാന്‍ നിയോഗിക്കുന്ന അഭിഭാഷകരുടെ കഴിവുകേടു മൂലമാണ്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഒരു രാഷ്ട്രീയ സമവായംതന്നെയാണ് ആവശ്യം എന്നത് സംശയാതീതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: