മെല്‍ബണ്‍: കൊല്ലപ്പെട്ട അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മൃതദേഹം എവിടെയെന്ന് കണ്ടെത്തിയതായി കടല്നിധി വേട്ടക്കാരന്റെ വെളിപ്പെടുത്തല്‍. ഒരുവര്‍ഷം മുമ്പ് യുഎസ് നാവികര്‍ കടലില്‍ ഒഴുക്കിയ ലാദന്റെ മൃതദേഹം കണ്ടെത്തിയെന്ന് കാലിഫോര്‍ണിയക്കാരനായ ബില്‍ വാറനാണ് സ്പാനിഷ് ദിനപത്രം എല്‍ മുന്‍ ഡൊവിനു നല്കിയ അഭിമുഖത്തില്‍ അവകാശവാദമുന്നയിച്ചിരിക്കുന്നത്. ഈയിടെ യുഎസ് നേവി പുറത്തുവിട്ട ചിത്രങ്ങള്‍ തനിക്ക് അവസാന തെളിവുകള്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നഗരമായ സൂറത്തില്‍നിന്നും 200 മെയില്‍ പടിഞ്ഞാറ് കടലിനടിയിലാണ് ലാദന് അന്ത്യവിശ്രമം കൊള്ളുന്നതെന്നും ലാദന്റെ മൃതദേഹം കരയിലെത്തിക്കുവാന്‍ 200,000 യുഎസ് ഡോളര്‍ വേണ്ടിവരുമെന്നും ബില്‍ പറഞ്ഞു. എന്നാല്‍ താന്‍ ഇത് ചെയ്യാന്‍ ആഗ്രഹിക്കുന്നത് പണത്തിനു വേണ്ടിയല്ലെന്നും ലാദന് മരിച്ചതിന് വ്യക്തമായ തെളിവുകള്‍ നല്കാന് യുഎസ് ഭരണകൂടത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലാദന്റെ മരണം സ്ഥിരീകരിക്കാനാണ് തന്റെ ശ്രമമെന്നും ബില്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞവര്‍ഷം മെയ് രണ്ടിനാണ് പാക്കിസ്ഥാനിലെ സൈനികാസ്ഥാനത്തിന് സമീപമുള്ള അബോട്ടാബാദിലെ വസതിയില്‍വെച്ച് യുഎസ് സൈന്യം ലാദനെ വധിച്ചത്. ലാദന് മരിച്ച് ഒരുവര്‍ഷം തികഞ്ഞ അവസരത്തിലാണ് ഇത്തരത്തില്‍ ഒരു വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്.
ലാദന് കൊല്ലപ്പെട്ടത്
പ്രതിരോധത്തിന് നില്‍ക്കാതെ
വാഷിംഗ്ടണ്‍: അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന് കൊല്ലപ്പെടുന്നതിന് മുമ്പ് യുഎസ് സൈന്യത്തിന് മുമ്പില്‍ യാതൊരുവിധ പ്രതിരോധത്തിനും തയ്യാറായില്ലെന്ന് പുതിയ വെളിപ്പെടുത്തല്‍. പീറ്റര്‍ ബെര്‍ഗന്‍ എഴുതിയ പുസ്തകത്തിലാണ് ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അമേരിക്കന്‍ സൈന്യത്തിന് മുമ്പില്‍ പ്രതിരോധിച്ചില്ല എന്നു മാത്രമല്ല തന്റെ അംഗരക്ഷകരോട് യുഎസ് സൈന്യത്തെ വധിക്കുന്നതിന് മുമ്പ് തന്നെ വധിക്കുവാനും ലാദന് ആവശ്യപ്പെട്ടുവെന്നും പുസ്തകത്തില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം മെയ് രണ്ടിന് സൈന്യത്തിന്റെ വെടിയേറ്റ് ലാദന് കൊല്ലപ്പെട്ടതിന് അവസാന മണിക്കൂറുകള്‍ക്ക് മുമ്പുണ്ടായ സംഭവങ്ങളുടെ ഏറ്റവും പുതിയ വെളിപ്പെടുത്തലുകളാണ് പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നതെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലയിരുത്തി. 54 കാരനായ ലാദന് ഒരുപക്ഷേ അവസാനനിമിഷം ഓടിരക്ഷപ്പെടാമായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള യഥാര്‍ത്ഥ രക്ഷാപദ്ധതികളൊന്നും തന്നെ ലാദന് ആസൂത്രണം ചെയ്തിരുന്നില്ല. അബോട്ടാബാദിലെ വസതിയില്‍ രഹസ്യവഴികളൊന്നും ഉണ്ടായിരുന്നില്ല. ഇത്തരത്തിലുള്ള ചില മുന്നറിയിപ്പുകളും ഒരുപക്ഷെ ലാദന് പ്രതീക്ഷിച്ചിരുന്നുമില്ല. വീടിനുള്ളില്വച്ചുണ്ടാകുന്ന വെടിവെപ്പില്‍ തന്റെ ഭാര്യമാരും കുട്ടികളും കൊല്ലപ്പെടുമെന്നും ഒരുപക്ഷെ ലാദന് അറിയാം. ഇത്തരത്തിലുള്ള ചില വിശദമായ നിരീക്ഷണങ്ങളും ബെര്‍ഗന്‍ തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: