ചില പുസ്തകങ്ങള്‍ അങ്ങനെയാണ്. വായനയ്ക്കു ശേഷവും നമുക്കൊപ്പം സഞ്ചരിക്കും. വായിച്ചതു തന്നെ വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കും. ഓരോവായനയിലും പുതിയ അര്‍ത്ഥങ്ങളും വിചാരങ്ങളും നമ്മിലേക്ക് സന്നിവേശിപ്പിക്കും. വായിച്ചു തീര്‍ന്നാലും നമ്മെ പിന്തുടരുന്ന ഇത്തരം പുസ്തകങ്ങളാണ് കാലാതിവര്‍ത്തികളായി നിലനില്‍ക്കുന്നത്. എല്ലാ പുസ്തകങ്ങള്‍ക്കും ഇത്തരമൊരു സ്വഭാവമില്ല. പ്രതിഭാധനമായ രചനയാല്‍ സമ്പന്നമായ പുസ്തകങ്ങള്‍ക്കാണ് വായനക്കാരനെ കാലങ്ങളോളം പിന്തുടരാനുള്ള കഴിവു ലഭിക്കുന്നത്.
മലയാളത്തില്‍ ഈ ഗണത്തില്‍ പെടുത്താവുന്ന നിരവധി പുസ്തകങ്ങളുണ്ട്. എം.ടിയുടെ രണ്ടാമൂഴവും വി.കെഎന്നിന്റെ പയ്യന് കഥകളും വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും ബഷീറിന്റെ പ്രേമലേഖനവുമൊക്കെ വായന അവസാനിപ്പിച്ച ശേഷവും വായനക്കാരനെ പിന്തുടര്ന്നു വരികയോ വായനക്കാരന് വീണ്ടും തേടിച്ചെല്ലുകയോ ചെയ്യുന്ന പുസ്തകങ്ങളാണ്.
നോവലുകള്‍ക്കും കഥകള്കള്ക്കും അപൂര്‍വ്വം ചില ആത്മകഥകള്‍ക്കുമാണ് മലയാളത്തില്‍ ഈ പ്രശസ്തി ലഭിച്ചിട്ടുള്ളത്. പി.കുഞ്ഞിരാമന്‍നായരുടെ കവിയുടെ കാല്പാടുകളെന്ന പുസ്തകം അദ്ദേഹത്തിന്റെ ആത്മകഥയാണ്. പുസ്തകം ഇറങ്ങി കാലങ്ങളേറെക്കഴിഞ്ഞിട്ടും വായനക്കാര്‍ ഇപ്പോഴും തേടിപ്പിടിച്ചു വായിക്കുന്ന പുസ്തകങ്ങളുടെ പട്ടികയിലാണ് കവിയുടെ കാല്പാടുകളുള്ളത്. എസ്.കെ.പൊറ്റക്കാടിന്റെ യാത്രാവിവരണങ്ങള്‍ മലയാള വായനക്കാരെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. ലോകരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി പൊറ്റക്കാട് തയ്യാറാക്കിയ യാത്രാക്കുറിപ്പുകള്‍ വായിച്ച് ആഫ്രിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നേരില്‍ കണ്ട അനുഭൂതി മലയാളിക്കുണ്ടായിട്ടുണ്ട്. അത്രയ്ക്ക് വിശേഷപ്പെട്ടതായിരുന്നു പൊറ്റക്കാടിന്റെ തൂലികയുടെ വിവരണം. എന്നാല്‍ വിദേശരാജ്യങ്ങള്‍ വിരല്‍ത്തുമ്പിലൂടെ നമുക്കു മുന്നിലെത്തുന്ന ഇന്നത്തെ സൈബര്‍കാലത്ത് പൊറ്റക്കാടിന്റെ യാത്രാവിവരണങ്ങള്‍ക്ക് പ്രസക്തിയില്ലാതാകുന്നു. പൊറ്റക്കാടിന്റെ രചനകള്‍ വിലപ്പെട്ടതാണെങ്കിലും കാലാതിവര്‍ത്തിയായ സജീവത അതിനില്ലാതെ പോകുന്നു. നേരത്തെ സൂചിപ്പിച്ച വായനക്കാരനെ പിന്തുടരുന്ന രചനകളായിരുന്നില്ല പൊറ്റക്കാടിന്റെ യാത്രാവിവരണങ്ങള്‍.
എന്നാല്‍ യാത്രാനുഭവത്തെയും കാലാതിവര്‍ത്തിയായ അനുഭവമാക്കാമെന്ന് തെളിയിക്കുകയാണ് തെന്നിന്ത്യയിലെ സംഗീത ചക്രവര്‍ത്തി ഇളയരാജ. 1983ല്‍ ഇളയരാജ നടത്തിയ വിദേശ പര്യടനത്തിന്റെ ഓര്‍മ്മക്കുറിപ്പുകളാണിത്. ‘സംഗീതക്കനവുകള്‍’ എന്നു പേരിട്ട കൃതി തമിഴില്‍ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പുസ്തക രൂപത്തിലിറങ്ങിയിരിക്കുന്നത് വായിച്ചാല്‍ ഒരു യാത്രാവിവരണമെന്നതിലുപരി സംഗീതത്തിന്റെ ആഗോളഭൂപടത്തിലേക്കുള്ള യാത്രചെയ്യലാകുമത്. മലയാളത്തിന്റെ പ്രിയകവി, ചലച്ചിത്രഗാനരചയിതാവ് എസ്.രമേശന്‍നായരാണ് ഇളയരാജയുടെ തമിഴ് അക്ഷരങ്ങള്‍ മലയാളത്തിലെത്തിച്ചത്. തമിഴിലെ ലോക ക്ലാസ്സിക്കുകള്‍ മലയാളിക്കു പരിചയപ്പെടുത്തുന്നതില്‍ മിടുക്കു കാട്ടിയ അദ്ദേഹം ഇളയരാജയുടെ കൃതിയും മലയാളത്തിലെത്തിച്ചതു വഴി മലയാള സാഹിത്യത്തോടും സംഗീതത്തോടും പുണ്യം ചെയ്തിരിക്കുന്നുവെന്നു പറയാം.
തമിഴ് ഭാഷയിലെ ഇതിഹാസ ഗ്രന്ഥങ്ങളാണ് തിരുക്കുറലും ചിലപ്പതികാരവും. അവ മലയാളിക്കു പരിചയപ്പെടുത്തിയത് കവി രമേശന്‍നായരാണ്. ശുദ്ധമായ തമിഴിനെ മലയാളത്തിന്റെ സാഹിത്യഭാഷയിലേക്ക് അദ്ദേഹം മൊഴിമാറ്റം നടത്തി. കന്യാകുമാരി ജില്ലയിലെ കുമാരപുരത്തു ജനിച്ച അദ്ദേഹത്തിന് മലയാളം പോലെതന്നെ പരിചിതമാണ് തമിഴ്ഭാഷയും. സുബ്രഹ്മണ്യഭാരതിയുടെ കവിതകളും അദ്ദേഹം മലയാളിക്ക് പരിചയപ്പെടുത്തി. ഭാരതിയാറുടെ കവിതകളുടെ ഭംഗിയും വാക്കുകളുടെ ആഴവും മലയാളി അറിഞ്ഞത് അങ്ങനെയാണ്.
ഒരു പുസ്തകത്തെക്കുറിച്ചുള്ള നിരൂപണമല്ല ഈ കുറിപ്പ്. ‘സംഗീതക്കനവുകള്‍’ വായിച്ചപ്പോഴുണ്ടായ അനുഭൂതി ഇതു വായിക്കുന്നവര്‍ക്കു കൂടി പകര്‍ന്നു നല്‍കിയില്ലെങ്കില്‍ അപരാധമാകുമെന്നതിനാലാണിതെഴുതുന്നത്. ഇളയരാജയെന്ന സംഗീതജ്ഞനെ പരിചയപ്പെടാനും ഒപ്പം ലോക സംഗിതത്തിന്റെ ഭാവങ്ങളെ അടുത്തറിയാനും ‘സംഗീതക്കനവുകള്‍’ ഉപകരിക്കുന്നുണ്ട്. തമിഴ് സിനിമയില്‍ നിലനിന്നിരുന്ന സംഗീത ശൈലി ഇളയരാജയുടെ വരവോടെ മാറ്റത്തിന്റെ പാതയിലെത്തിയെന്നു പറയാം. 1976ലാണ് അന്നക്കിളി ചിത്രം റിലീസാവുന്നത്. ഈ ചിത്രത്തില്‍ നാടോടി സംഗീതവും പാശ്ചാത്യ സംഗീതവും സംയോജിപ്പിച്ച് അദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ തമിഴകത്ത് പുതിയ തരംഗം സൃഷ്ടിച്ചു. അത് ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിന്റെ തന്നെ മാറ്റത്തിനു വഴിവച്ചെന്നതാണ് സത്യം.
മൂന്നു പതിറ്റാണ്ടിനുള്ളില്‍ വ്യത്യസ്ത ഭാഷകളില്‍ ആയിരത്തോളം ചിത്രങ്ങള്‍ക്കായി അയ്യായിരത്തോളം ഗാനങ്ങള്‍ ഇളയരാജ ചിട്ടപ്പെടുത്തിയിട്ടുണ്ട്. സൂപ്പര്‍ ഹിറ്റുകളായ നിരവധി ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതവും നിര്‍വഹിച്ചു. മികച്ച ഗാനരചയിതാക്കള്‍, സംവിധായകര്‍ എന്നിവര്‍ക്കൊപ്പം ഇണങ്ങിച്ചേരാന്‍ പറ്റിയതാണ് ഇളയരാജയ്ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കാനും അതു വഴി പ്രശസ്തിയുടെ പടവുകള്‍ കയറാനും എളുപ്പമായത്.
ഗുല്‍സാര്‍, കണ്ണദാസന്, വെട്ടൂരി സുന്ദര രാമമൂര്‍ത്തി, ശ്രീവെണ്ണില സീതാരാമ ശാസ്ത്രി, വൈരമുത്തു, വാലി എന്നീ ഗാനരചയിതാക്കളും കെ. ബാലചന്ദര്‍, കെ. വിശ്വനാഥ്, ശിങ്കിതം ശ്രീനിവാസ റാവു, വംശി, ബാലു മഹേന്ദ്ര, മണിരത്നം എന്നീ സംവിധായകരും ഇളയരാജ എന്ന സംഗീതസംവിധായകന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിച്ചവരാണ്. എന്നാല്‍ സ്വന്തം നാട്ടില്‍ നിന്നാര്‍ജ്ജിച്ച അനുഭവങ്ങളോടൊപ്പം തന്നെ അദ്ദേഹം പാശ്ചാത്യ സംഗീതത്തെയും പഠിക്കുകയും അതില്‍ നിന്ന് നല്ലത് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഒരു വിദേശയാത്രയ്ക്ക് ക്ഷണം വന്നപ്പോള്‍, താനെന്തിന് വിദേശത്തു പോകണമെന്ന ചിന്ത അദ്ദേഹത്തിനുണ്ടായി. വിദേശത്ത് ക്ഷേത്രങ്ങളില്ലല്ലോ. താനവിടെ എന്തുകാണും?. അപ്പോള്‍ മിന്നല്‍പ്പിണര്‍ പോലെ നിരവധി രൂപങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സിലേക്ക് കയറി വന്നു. ബാക്ക്, ബീഥോവന്, ബ്രാംസ്, ഹൈഡിന്, മൊസാര്‍ട്ട്….സംഗീതത്തിന്റെ അനന്തസാഗരം നീന്തിക്കടന്ന പ്രതിഭകളുടെ അടുത്തേക്കുള്ള തീര്‍ത്ഥയാത്രയായിരുന്നു അദ്ദേഹത്തിന്റെ വിദേശ പര്യടനം.
സംഗീതക്കനവുകളെന്ന ഈ കുറിപ്പുകളില്‍ ഇളയരാജയും സംഗീതവും മാത്രമാണുള്ളത്. കാഴ്ചയിലേക്കു കയറിവന്ന സ്ഥലത്തിന്റെ ഭംഗിയും ഭക്ഷിച്ച ആഹാരത്തിന്റെ രുചിയുമൊന്നും ഇതിലില്ല. ഇതില്‍ മൊസാര്‍ട്ടും ബീഥോവനും ഷൂപെര്ട്ടും ബാക്കും മാന്‍ഡല്‍സണും രമണമഹര്‍ഷിയും ത്യാഗരാജ സ്വാമികളും ഗാന്ധിജിയുമുണ്ട്. ലോകത്തിന്റെ സംഗീതവും അതു പകര്‍ന്നു നല്കുന്ന സന്തോഷവുമുണ്ട്. പിന്നെ ഇളയരാജയുടെ ജീവിതമുണ്ട്. ഇളയരാജയുമായി മാനസിക അടുപ്പം ഏറെയുള്ളയാളാണ് രമേശന്‍നായര്‍. രാജയുടെ മനസ്സിനെ അടുത്തറിഞ്ഞയാളുമാണ് അദ്ദേഹം. ‘ഗുരു’ എന്ന പ്രശസ്ത മലയാള ചലച്ചിത്രത്തില്‍ ദേവസംഗീതം തീര്‍ക്കാന്‍ രാജയ്ക്കൊപ്പം നിന്നത് രമേശന്‍നായരാണ്.
“യാത്രാനുഭവങ്ങള്‍ നാം പലതും കണ്ടിരിക്കുന്നു. യാത്രതന്നെ ഒരു അനുഭവമാകുകയും അത് അനുവാചകനെ പ്രബുദ്ധനാക്കുകയും ചെയ്യുന്ന ഒരു സാക്ഷാത്കാരമാണ് ഈ ഗ്രന്ഥം സാധിക്കുന്നത്. സംഗിതത്തില്‍ മാത്രമല്ല, ജീവിതത്തിലും വേണം ശ്രുതിചേര്ക്കലും സ്വരപ്പെടുത്തലും ലയവും ഭാവവും താളവുമൊക്കെ. അദ്ദേഹത്തിന്റെ എളിമ, സമര്‍പ്പണം, സംസ്കാരം, നാടിനെക്കുറിച്ചും ഭാഷയെക്കുറിച്ചുമുള്ള അഭിമാനം, ഗുരുത്വം എന്നു വേണ്ട, ഓരോ വരിയിലും നമുക്കു വായിച്ചറിയാനുള്ള, നമ്മെ ചിന്തിപ്പിക്കുന്ന എന്തൊക്കയോ ഉണ്ട്…”
രമേശന്‍നായര്‍ പുസ്തകത്തിന്റെ ആമുഖമായി എഴുതിയവാക്കുകളത്രെയും ശരിയാണ്. ഖണ്ഡശ്ശ കലാകൗമുദിയില്‍ ഇതു പ്രസിദ്ധീകരിച്ചിരുന്നു. പക്ഷേ, അന്നത്തെ വായനക്കു തുടര്‍ച്ചയുടെ സൗന്ദര്യമില്ലായിരുന്നു. പുസ്തകമായപ്പോള്‍ അതുണ്ടായി. വായന ഒരു അനുഭവമാണെന്ന തിരിച്ചറിവു കൂടിയാണ് സംഗീതക്കനവുകള്‍ സമ്മാനിച്ചത്. മനസ്സിലേക്ക് തിരയടിച്ചു കയറുന്നത് ഇളയരാജയുടെ സംഗീതത്തിന്റെ സൗരഭ്യവും.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: