അസംതൃപ്തമായ നഴ്സിംഗ് മേഖലയ്ക്ക് ആശ്വാസമേകി നഴ്സുമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയുക്തമായ ഡോ. ബലരാമന് നയിക്കുന്ന ഏഴംഗ കമ്മറ്റി സമഗ്രമായ പഠനത്തിന് വിധേയമാക്കി അവര്‍ക്ക് വര്‍ധിച്ച ശമ്പളനിരക്കും മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകളും ശുപാര്‍ശ ചെയ്തിരിക്കുകയാണ്. നഴ്സിംഗ് വിദ്യാഭ്യാസത്തിന് വരുന്ന കുട്ടികള്‍ സാമ്പത്തിക നിലവാരം താഴ്ന്നവരായതിനാല് ലോണെടുത്ത് പഠനം പൂര്‍ത്തിയാക്കുന്നവരാണ്. വിദ്യാഭ്യാസലോണിന്റെ കാര്യത്തില്‍ ബാങ്കുകള്‍ പലപ്പോഴും നിഷേധാത്മക സമീപനമാണ് കാണിക്കുന്നതെന്ന് തെളിയിച്ചാണ് ആന്ധ്രയില്‍ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്ന കോട്ടയം കുടമാളൂര്‍ സ്വദേശിനി ശ്രുതി ദിവസങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്തത്. എച്ച്ഡിഎഫ്സി ബാങ്കില്‍ മൂന്ന് ലക്ഷം രൂപയുടെ വായ്പയ്ക്ക് അപേക്ഷിച്ചശേഷം ഒരുലക്ഷം വായ്പയെടുത്ത് മറുനാട്ടില്‍ നഴ്സിംഗ് കോളേജില്‍ ചേര്‍ന്ന ശ്രുതി വായ്പ നല്കാന് ബാങ്ക് വിസമ്മതിച്ചപ്പോള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. വിദ്യാഭ്യാസ വായ്പ എന്നും ഉന്നത വിദ്യാഭ്യാസം കൊതിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രശ്നമാണെന്ന് 2004ല്‍ അടൂര്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി രജനി ആനന്ദിന്റെ ആത്മഹത്യ തെളിയിച്ചതാണ്. അന്ന് രജനിക്ക് വായ്പ നിഷേധിച്ചത് ഐഒബിയായിരുന്നു. രജനി പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തിന്റെ ആറാം നിലയില്‍നിന്നും ചാടിയാണ് മരിച്ചത്. ആത്മഹത്യ നഴ്സിംഗ് മേഖലയുടെ ശാപമാണെന്ന് തെളിയിച്ച് മുംബൈയില്‍ ഒരു നഴ്സ് ആത്മഹത്യ ചെയ്തിരുന്നു.
അതിനെത്തുടര്‍ന്നുണ്ടായ ശക്തമായ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പിലെത്തിയത് കേരള രാഷ്ട്രീയ നേതാക്കളുടെ ഇടപെടല്‍ മൂലമായിരുന്നു. നഴ്സിംഗ് രംഗത്തെ പ്രശ്നം അവരുടെ തുച്ഛമായ വേതനവും കഠിനമായ സേവനവും മാത്രമല്ല, അവര്‍ക്ക് നിര്‍ബന്ധമാക്കുന്ന ബോണ്ട് വ്യവസ്ഥയും കൂടിയാണ്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍തന്നെ മാലാഖമാര്‍ സമരത്തിലായിട്ട് മാസങ്ങളായി. നഴ്സിംഗ് സര്‍വീസ് മേഖലയില്‍ നിലനില്‍ക്കുന്ന ചൂഷണപരമായ ശമ്പള സേവന വ്യവസ്ഥയും 12-14 മണിക്കൂര്‍ നീളുന്ന ജോലി സമയവും മാത്രമല്ല അവരെ സമരത്തിന് പ്രേരിപ്പിച്ചത്, ജോലിസമയത്ത് അവര്‍ അനുഭവിക്കേണ്ടിവരുന്ന ശാരീരിക മാനസിക പീഡനങ്ങളും കൂടിയാണ്. മിനിമം വേജസ് ആക്ട് പോലും അവര്‍ക്ക് ബാധകമല്ലായിരുന്നു. ഇതിന് പുറമെയാണ് ജോലിക്ക് ചേരുമ്പോള്‍ അവരെക്കൊണ്ട് ഒപ്പിടീപ്പിക്കുന്ന ബോണ്ട് വ്യവസ്ഥയും സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവയ്ക്കുന്നതും. ജോലിയില്‍നിന്ന് സ്വയം പിരിഞ്ഞുപോയാല്‍ എഴുതിക്കൊടുത്ത ബോണ്ടിന്റെ തുക അമ്പതിനായിരം മുതല്‍ ഒരുലക്ഷം വരെ ആശുപത്രി അധികൃതര്‍ക്ക് നല്‍കിയില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കില്ല. സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ മറ്റ് ജോലി തേടാന്‍ സാധ്യവുമല്ല. നഴ്സിംഗ് മേഖലയിലേക്ക് വരുന്നവരില്‍ ഭൂരിഭാഗവും സാമ്പത്തിക ഭദ്രത ഇല്ലാത്ത കുടുംബങ്ങളില്‍നിന്നാണ്.
അവര്‍ ബാങ്ക് വായ്പയെടുത്ത് പഠിച്ച് പാസായി ജോലിയില്‍ പ്രവേശിച്ച് കഴിഞ്ഞാലും കിട്ടുന്ന ശമ്പളം തുച്ഛമായതിനാല്‍ ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ സാധ്യമാകുന്നില്ല. മെച്ചപ്പെട്ട ശമ്പളം തേടി വിദേശജോലി ലഭിക്കുമെന്ന പ്രതീക്ഷയില്‍ നഴ്സിംഗ് പഠനം നടത്തുന്നവര്‍ ബോണ്ട് പണം അടച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നവരാണ് സ്വകാര്യ ആശുപത്രി നഴ്സുമാര്‍. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ദല്‍ഹി, മുംബൈ, കല്‍ക്കട്ട മുതലായ സ്ഥലങ്ങളിലും കേരളത്തില്‍ വ്യാപകമായിട്ടും നഴ്സുമാര്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്, ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് എന്നിവയുടെ നേതൃത്വത്തില്‍ സമരങ്ങള്‍ ആരംഭിച്ചത് ഇതിനുശേഷമാണ്. അമൃത ആശുപത്രി, ലേക്ഷോര്, കോലഞ്ചേരി എന്നിങ്ങനെ സംസ്ഥാന വ്യാപകമായി പല ആശുപത്രികളിലും സമരങ്ങള്‍ ഒത്തുതീര്‍പ്പാകാതെ തുടര്‍ന്നപ്പോഴാണ് സര്‍ക്കാര്‍ ഡോ. ബലരാമന്റെ നേതൃത്വത്തില്‍ ഏഴംഗ കമ്മീഷനെ നിയോഗിച്ചതും കമ്മീഷന് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നതും. ബലരാമന് കമ്മറ്റി ശുപാര്‍ശകള്‍ പ്രകാരം തുടക്കത്തില്‍ ഒരു നഴ്സിന് 12,900 രൂപ അടിസ്ഥാന ശമ്പളവും വ്യവസ്ഥാപിതമായ എല്ലാ ആനുകൂല്യങ്ങളും നല്‍കണം. 250 രൂപ വാര്‍ഷിക ഇന്‍ക്രിമെന്റ്, മൂന്നുവര്‍ഷം പ്രവൃത്തിപരിചയമുള്ള സീനിയര്‍ സ്റ്റാഫ് നഴ്സിന് 13,650 രൂപ, ഹെഡ്നഴ്സിന് 15,150 രൂപ, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ടിന് 19,740 രൂപ, നഴ്സിംഗ് ഓഫീസര്‍ക്ക് 21,160 രൂപ എന്നിങ്ങനെയുള്ള ശമ്പളസ്കെയിലിന് പുറമെ നൈറ്റ് അലവന്‍സ്, റിസ്ക് അലവന്‍സ്, ഓവര്‍ടൈം, കാഷ്വല്‍ ലീവ്, ആനുവല്‍ ലീവ്, സിക്ക് ലീവ്, പൊതുഅവധി ദിവസത്തിനാനുപാതികമായ അവധി എന്നിവയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ വായ്പാ അവകാശമാണ് ഉന്നതപഠനം ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി രൂപകല്‍പ്പന ചെയ്ത വിദ്യാഭ്യാസ വായ്പ, കാര്‍ഷികവായ്പ ഫോറം ആത്മഹത്യയിലേക്കുള്ള വഴിയായി മാറുന്ന കാഴ്ച ഖേദകരമാണ്. പക്ഷേ ബാങ്ക് അധികൃതര്‍ പലപ്പോഴും വായ്പ നല്കുന്നതില് നിഷേധാത്മക സമീപനം സ്വീകരിക്കുമ്പോള്‍, ദരിദ്രര്‍ക്ക് ഉന്നത പഠനം അപ്രാപ്യമാകുന്നു. ഇങ്ങനെ വായ്പ വാങ്ങി പഠിച്ച് ജോലി ലഭിച്ചിട്ടും ആശുപത്രി അധികൃതരുടെ ചൂഷണ മനോഭാവവും ക്രൂരതയും നഴ്സുമാരുടെ ജീവിതം നിരാശാഭരിതമാക്കുന്നു. ഈ സാഹചര്യത്തിലാണ് ബലരാമന് കമ്മറ്റിയുടെ ശുപാര്‍ശ പ്രസക്തമാകുന്നത്. ഇതില്‍ ശക്തമായ നടപടി സര്‍ക്കാര്‍ കൈക്കൊണ്ടാല്‍ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം സാധ്യമാകുകയുള്ളൂ. നഴ്സുമാരുടെ സേവന-വേതന ചൂഷണം മാത്രമല്ല ബലരാമന് കമ്മറ്റി അനാവരണം ചെയ്തിരിക്കുന്നത്. കണ്ണൂര്‍-കാസര്‍കോട്ടെ ചില സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാര്‍ വസ്ത്രം മാറുന്നിടത്ത് ഒളിക്യാമറ സ്ഥാപിച്ച് ആ ചിത്രങ്ങള്‍ കാണിച്ച് നഴ്സുമാരെ മാനസിക-ലൈംഗിക പീഡനത്തിന് വിധേയമാക്കുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. 14 ജില്ലകളിലെ 211 സ്വകാര്യ ആശുപത്രികള്‍ സന്ദര്‍ശിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
പല സ്വകാര്യ ആശുപത്രികളിലെയും രാത്രി ജോലികള്‍ 18 മണിക്കൂര്‍ നീളുന്നുവെന്നും രോഗികളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളെ ക്ലിനിക്കല്‍ ജോലിക്ക് നിയമിക്കുന്നതായും കമ്മറ്റി കണ്ടെത്തി. യോഗ്യതയുള്ള നഴ്സുമാരെ എടുക്കുന്നതിന് പകരം സാമ്പത്തികലാഭം ലക്ഷ്യം വച്ചാണ് നഴ്സിംഗ് വിദ്യാര്‍ത്ഥികളെ ക്ലിനിക്കല്‍ ജോലിക്ക് നിയോഗിക്കുന്നത്. വിദ്യാഭ്യാസ വായ്പ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം രാജ്യസഭയില്‍ ചോദ്യരൂപേണ കേരള എംപിമാര്‍ അവതരിപ്പിച്ചതിന് മറ്റ് പാര്‍ട്ടികളില്‍നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചതത്രെ. റിസര്‍വ് ബാങ്ക് നിര്ദ്ദേശലംഘനവും കൂടിയാണ് ഇത്. വായ്പാ വ്യവസ്ഥകള്‍ ഉദാരമാക്കി 2003-04 കാലയളവില്‍ വായ്പയെടുത്തവര്‍ക്ക് സര്‍ക്കാര്‍ സബ്സിഡി അനുവദിച്ചിരുന്നു. 2009നുശേഷം കേന്ദ്രവും പലിശ സബ്സിഡി നല്‍കുന്നുണ്ട്. നാലുലക്ഷം രൂപ വരെ വായ്പകള്‍ക്ക് ഈടുപോലും വേണ്ട. സാഹചര്യങ്ങള്‍ ഇതായിരിക്കെ നഴ്സിംഗ് പഠനമടക്കം ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള വായ്പാ നിഷേധം കൂടുതല്‍ ആത്മഹത്യകള്‍ക്ക് വഴിവയ്ക്കും. കാര്‍ഷികകടം ഏതുവിധം കാര്‍ഷികമേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ച് കര്‍ഷക ആത്മഹത്യകളിലേക്ക് നയിച്ചുവോ ആ വിധം ഒരു പ്രതിഭാസം നഴ്സിംഗ് മേഖലയില്‍ വരുത്താതെ ബലരാമന് കമ്മറ്റി ശുപാര്‍ശ നടപ്പാക്കി നഴ്സുമാരുടെ ബോണ്ട് വ്യവസ്ഥ അവസാനിപ്പിക്കാനും ബാങ്ക് വായ്പകള്‍ അനായാസം ലഭ്യമാക്കാനുമുള്ള നടപടി സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: