ഈ ലോകത്തിന് രക്ഷയാകുന്നത് സ്നേഹം മാത്രമാണ്. സ്നേഹം ബന്ധങ്ങളെ ഒന്നിപ്പിക്കുന്നു. വിദ്വേഷം ഭിന്നിപ്പിക്കുന്നു. ഇഷ്ടാനിഷ്ടങ്ങള്‍ നിറഞ്ഞ, ദുരാഗ്രഹവും വെറുപ്പും നിറഞ്ഞ ജീവിതങ്ങള്‍ക്ക് സമൂഹം ഒട്ടും തന്നെയില്ല. സ്നേഹം എല്ലാത്തിന്റെയും അടിസ്ഥാനമായിരിക്കണം. ഇഷ്ടാനിഷ്ടങ്ങള്‍ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് അവസരമുണ്ട്. സ്നേഹം അടിസ്ഥാനമാക്കിയാല്‍ ദുരാഗ്രഹത്തെ നന്മ നിറഞ്ഞ പ്രതിബദ്ധതയാക്കി മാറ്റാം, വെറുപ്പിനെ കരുതലുള്ള സ്നേഹമാക്കി മാറ്റാം.
സ്നേഹമില്ലാത്ത ഹൃദയം നാശത്തിന്റെ പാതയിലാണ്. പുതുമകള്‍ കണ്ടെത്തുന്ന ഒരു മനുഷ്യന് ജീവിതത്തിന്റെ ഓരോ നിമിഷത്തെയും സ്നേഹം കൊണ്ട് നിറയ്ക്കാന്‍ ശ്രമിക്കും. എളുപ്പം പ്രതികരിക്കുന്ന ഹൃദയത്തിന് മാത്രമേ വേദനയുടെ തീവ്രത തിരിച്ചറിയാന്‍ കഴിയുകയുള്ളൂ. സാധാരണഗതിയിലുള്ള വികാരപ്രതികരണത്തിന് വേദനയെ ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല.
ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ നാം വല്ലാതെ പാടുപെടുന്നു. നിങ്ങളില്‍ സ്നേഹത്തിന്റെ അംശം വളരെക്കൂടുതലുണ്ടെങ്കില്‍ നിങ്ങളുടെ പ്രയത്നങ്ങള്‍ ദിവ്യത്വം നിറഞ്ഞതാകും. അതായത് പ്രയത്നങ്ങള്‍ ബുദ്ധിമുട്ട് നിറഞ്ഞതാവുകയില്ല. നിങ്ങള്‍ നായ്ക്കളെ സ്നേഹിക്കുന്ന ഒരാളാണെങ്കില്‍ നായ്ക്കളുടെ എല്ലാത്തരം കളികളും ഗോഷ്ടികളും നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിയും. നമ്മള് സ്നേഹത്തെക്കുറിച്ച് സംസാരിക്കുന്നു. പക്ഷേ, മനസ്സില്‍ സ്നേഹം നിറയ്ക്കുന്നില്ല. നാം സ്നേഹത്തിലാണെന്ന് നടിക്കുന്നു. നമുക്ക് വളരെ തന്ത്രപൂര്‍വ്വം അഭിനയിക്കാന്‍ സാധിക്കുന്നു. വഞ്ചനയുടെ വിത്തുകള്‍ മനസ്സില്‍ സ്ഥാനം പിടിക്കുന്നു. ചതികള്‍ നിറഞ്ഞ, അഭിനയിക്കുന്ന മനസ്സ് ശബ്ദങ്ങള്‍ നിറഞ്ഞതും അസ്വസ്ഥവുമാണ്. ഈ അസ്വസ്ഥതയെ ഇല്ലാതാക്കാന്‍ നിങ്ങള്‍ തെറ്റായ വഴികളിലൂടെ ശ്രമിക്കുന്നു. അങ്ങനെ ഈ അസ്വസ്ഥത നിങ്ങള്‍ മറ്റൊരാള്‍ക്ക് കൂടി സമ്മാനിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ബന്ധങ്ങളെ വല്ലാതെ ഉലയ്ക്കുന്നു.
നിങ്ങള്‍ സ്നേഹം നിറഞ്ഞ ഒരാളാണെങ്കില്‍ ചതി നിറഞ്ഞ തന്ത്രങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാവുകയില്ല. നിങ്ങള്‍ നിശബ്ദനായിരിക്കും. മനസ്സ് സ്വസ്ഥത നിറഞ്ഞതായിരിക്കുകയും ചെയ്യും. ഈ നിശബ്ദത നിങ്ങളുടെ പങ്കാളിയിലേക്ക് ചൊരിയുമ്പോള് ശാരീരിക അടുപ്പത്തേക്കാള്‍ നിശബ്ദതയിലൂടെ സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയും. ഇത്തരത്തിലുള്ള ബന്ധം കൂടുതല്‍ നല്ല ഫലങ്ങള്‍ തരുന്നതുമായിരിക്കും.
യഥാര്‍ത്ഥത്തില്‍ നമ്മുടെ ജീവിതത്തില്‍ സ്നേഹമല്ല, നിറഞ്ഞുനില്ക്കുന്നത്. ആഗ്രഹങ്ങള്‍ സ്നേഹമാകുന്ന മുഖംകൂടി ധരിച്ചുകൊണ്ട് നൃത്തം ചെയ്യുകയാണ്. യഥാര്‍ത്ഥ സ്നേഹം ഒരു തരത്തിലുള്ള വ്യവസ്ഥകളും ആവശ്യപ്പെടുന്നില്ല. “എന്റെ പ്രതീക്ഷകളെല്ലാം സാധിച്ചുതന്നാലേ ഞാന്‍ സ്നേഹം ചൊരിയൂ,” എന്ന് സ്നേഹം പറയുന്നില്ല. എങ്കിലുംസംഭവിക്കുന്നത് ഈ രീതിയിലുള്ള സ്നേഹപ്രകടനമാണ്.
വ്യവസ്ഥകളില്ലാത്ത സ്നേഹത്തില്‍ മാത്രമേ സ്നേഹം നല്കപ്പെടുന്നുള്ളൂ. വ്യവസ്ഥകള്‍ക്കനുസരിച്ച് പെരുമാറുന്നതിനേക്കാള്‍, സ്നേഹം നല്കപ്പെടുന്നതിലൂടെ കൂടുതല്‍ സന്തോഷം കൈവരുന്നു.
ഒരാള്‍ മനസ്സിന്റെ ആഴങ്ങളില്‍ നിശബ്ദത അനുഭവിക്കുമ്പോള്‍ സ്നേഹം സുഗന്ധമായി പൊട്ടിപ്പുറപ്പെടും. ഈ സ്നേഹത്തില്‍ വ്യവസ്ഥകളുണ്ടാവുകയില്ല. പൂവിന്റെ സൗരഭ്യവും ഇതുപോലെയാണല്ലോ. പൂക്കള്‍ മറ്റുള്ളവര്‍ക്ക് സൗരഭ്യം നല്‍കുന്നത് ഒരു രീതിയിലുള്ള വ്യവസ്ഥകള്‍ക്കനുസരിച്ചല്ലല്ലോ. സൗരഭ്യം ആര്‍ക്ക് നല്‍കണം, ആര്‍ക്ക് നല്‍കരുത് എന്ന വ്യവസ്ഥകളുമില്ല. ഇത്തരം സാഹചര്യങ്ങളില്‍ സ്നേഹം പകര്‍ന്നുകൊടുക്കുമ്പോള്‍ മറ്റേയാള്‍ക്ക് ഒരു രീതിയിലുള്ള കടപ്പാടും ഉണ്ടാകുന്നില്ല. നിങ്ങള്‍ പകര്‍ന്നുകൊടുക്കുന്ന സ്നേഹം സ്വീകരിക്കാന്‍ ഒരാള്‍ ഉണ്ടല്ലോ എന്ന ചിന്ത സത്യത്തില്‍ നിങ്ങളെ സന്തോഷിപ്പിക്കുകയാണ് ചെയ്യുക.
സ്നേഹത്തിന്റെ സാമ്പത്തികശാസ്ത്രം ഇതാണ് – സ്നേഹം പകര്‍ന്നുകൊടുക്കുന്തോറും നിങ്ങള്‍ സ്നേഹത്താല്‍ സമ്പന്നനായിക്കൊണ്ടിരിക്കും.
നിങ്ങള്‍ നിശബ്ദനായിരിക്കുമ്പോള്‍ സ്നേഹമാകുന്ന ഊര്‍ജ്ജം നിങ്ങളില്‍ അണപൊട്ടിയൊഴുകുന്നത് നിങ്ങള്‍ അറിയും. ഈ ഊര്‍ജ്ജമാണ് സന്തോഷം. വിദ്വേഷത്തില്‍ ഒരാള്‍ സങ്കോചിക്കുകയും സ്നേഹത്തില്‍ ഒരാള്‍ വികസിക്കുകയും ചെയ്യുന്നു. തന്ത്ര എന്ന വാക്കിനര്‍ത്ഥം വികസിപ്പിക്കുക എന്നതാണ്. ഇത് സംസ്കൃതത്തിലെ വികസിപ്പിക്കുക എന്നര്‍ത്ഥമുള്ള തന് എന്ന വാക്കില്‍ നിന്ന് ഉത്ഭവിച്ചതാണ്.
ഭയവും വിദ്വേഷവും കുടികൊള്ളുമ്പോള്‍ നിങ്ങള്‍ സ്വയം ചുരുങ്ങിപ്പോകും. മറിച്ച് സ്നേഹം നിറയുമ്പോള്‍ നിങ്ങള്‍ വികാസം പ്രാപിക്കുകയും നിങ്ങള്‍ക്ക് സന്തോഷം അനുഭവപ്പെടുകയും ചെയ്യുന്നു. ഈ അവസരത്തില്‍ നിങ്ങള്‍ക്ക് മനസ്സിന്റെയുള്ളില്‍ പൂര്‍ണത കണ്ടെത്താന്‍ കഴിയും. അനുഗ്രഹിക്കപ്പെട്ടതുപോലെ ഊഷ്മളമായ ഒരവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ഭിന്നതകള്‍ ഇല്ലാതാവുന്നു.
ഭിന്നതകള്‍ സ്നേഹത്തിന് തടസവും നിയന്ത്രണവും സൃഷ്ടിക്കുന്നു. സ്നേഹം ഭിന്നതയുടെ മതില് തകര്‍ക്കുന്നു.
പരിശുദ്ധമല്ലാത്ത മനസ്സ് വിഭ്രാന്തികള്‍ സൃഷ്ടിക്കുന്നു. പരിശുദ്ധമായ മനസ്സ് കണ്ണാടിപോലെയാണ്. അത് എല്ലാത്തിനേയും പ്രതിഫലിപ്പിക്കുന്നു. ഇപ്പോഴുള്ള കാര്യങ്ങള്‍ നമ്മളെ ബന്ധനത്തിലാക്കുന്നില്ല. പ്രതീക്ഷകള്‍ നിറഞ്ഞ മനസ്സാണ് നമ്മളെ ബന്ധനത്തിലാക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന കാലം ഒരു പ്രശ്നമേയല്ല. പക്ഷേ, മാറുന്ന കാലത്തെ പ്രതീക്ഷയും ആകാംക്ഷയും നിറഞ്ഞ മനസ്സുകൊണ്ട് വീക്ഷിക്കുന്നതാണ് പ്രശ്നം. ഇത് വ്യക്തമായി മനസ്സിലാക്കുക. പരിശുദ്ധമല്ലാത്ത മനസ്സ് ഒരു തടവറയാണ്. പരിശുദ്ധമായ മനസ്സ് തുറന്ന ആകാശം പോലെയാണ്. പരിശുദ്ധമല്ലാത്ത മനസ്സുമായി ജീവിക്കുകയില്ല എന്ന് തീരുമാനമെടുക്കുക. മോക്ഷത്തിലാണ് നിങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുക, സ്വാതന്ത്ര്യമില്ലെങ്കില്‍ ജീവിതവുമില്ല.
– സ്വാമി സുഖബോധാനന്ദ
പ്രതികരിക്കാൻ ഇവിടെ എഴുതുക: