കൊച്ചി: നിര്‍ദ്ദിഷ്ട മൂലമ്പിളളി-ചാത്തനാട് നാലുവരിപ്പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍ക്ക് ഒരേ സ്വരം. പാതയിലെ മൂന്നുപാലങ്ങളുടെ നിര്‍മാണം സംബന്ധിച്ച പ്രാഥമിക പഠനത്തിനെത്തിയ ദല്‍ഹി മെട്രോ റെയില്‍ ഉപദേശകന് ഇ.ശ്രീധരന് പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്കി. എന്നാല്‍ പദ്ധതിക്കാവശ്യമായ മുഴുവന്‍ സ്ഥലവും ജിഡ ഇപ്പോഴേ കൈവശപ്പെടുത്തിയില്ലെങ്കില്‍ ഡിഎംആര്‍സിയെ പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ ഒമ്പതരയോടെ എറണാകുളത്തെ ഗേറ്റ്വേ ഹോട്ടലിനു സമീപത്തെ ജെട്ടിയില്‍ നിന്നാണ് ശ്രീധരനും സംഘവും നിര്‍ദ്ദിഷ്ട പാലങ്ങള്‍ നിര്‍മിക്കുന്നതിനുളള സ്ഥലം സന്ദര്‍ശിക്കാന്‍ സ്പീഡ് ബോട്ടില്‍ യാത്രയായത്. കായല്‍ഭംഗി ആവോളം ആസ്വദിച്ച് പദ്ധതി പ്രദേശങ്ങള്‍ കൃത്യമായി പഠിച്ചാണ് അദ്ദേഹം മടങ്ങിയത്. എംഎല്‍എ മാരായ ഹൈബി ഈഡന്, എസ്.ശര്‍മ, വി.ഡി.സതീശന് ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, ഡിഎംആര്‍സി പ്രോജക്ട് ഡയറക്ടര്‍ ശ്രീരാം, ജിഡ ടൗണ്‍ പ്ലാനര്‍ ഷാജി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
യാത്രയ്ക്കു ശേഷം മടങ്ങിയെത്തിയ ശ്രീധരന് പദ്ധതിക്കു തത്വത്തില്‍ അംഗീകാരം നല്‍കുന്നതായി അറിയിച്ചു. രണ്ടു കാര്യങ്ങളാണ് അദ്ദേഹത്തെ പദ്ധതിയുമായി അടുപ്പിച്ചത്. പദ്ധതിക്കാവശ്യമായ ഫണ്ട് ജിഡയുടെ കൈവശമുണ്ടെ്. ജിഡ പദ്ധതിക്കാവശ്യമായ അനുമതി നേരത്തെ വാങ്ങിക്കഴിഞ്ഞതിനാല്‍ സര്‍ക്കാരിന്റേതായ മറ്റു തടസങ്ങളൊന്നും ഉണ്ടാവില്ലെന്നതാണ് പ്രധാനപ്പെട്ട മറ്റൊരുകാര്യം. അതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഞങ്ങള്‍ ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിര്‍ദ്ദിഷ്ട പദ്ധതിക്കാവശ്യമായ പരമാവധി ഭൂമിയും ഇപ്പോഴേ ജിഡയുടെ കൈവശത്തിലാക്കണമെന്ന് ശ്രീധരന് ജില്ലാ കളക്ടറോട് നിര്‍ദ്ദേശിച്ചു. ആവശ്യമായ സ്ഥലം തന്നാല്‍ മൂന്നു വര്‍ഷത്തിനകം പാലം പണിതുതരും. നാലുവരിപ്പാത പരമാവധി എത്രവീതിയില്‍ ആകാമോ അത്രയും നന്നാക്കുമെന്ന് കൂടി അദ്ദേഹം ഓര്‍മിപ്പിച്ചു.
നാലുവരിപ്പാതയിലെ പാലങ്ങള്‍ രണ്ടുഘട്ടമായി നിര്‍മിക്കുകയാവും ഉചിതമെന്നാണ് ശ്രീധരന്റെ പക്ഷം. എന്നാല്‍ നാലുവരിയ്ക്കുളള അടിസ്ഥാനം തന്നെ ഇടണമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ഭൂമി എടുക്കുന്നത് പദ്ധതി വിജയത്തിനു ഏറെ ഗുണമാകുമെന്നും അദ്ദേഹം നിര്‍ദേശിച്ചു. രാവിലെ ഒമ്പതിനു ജെട്ടിയില്‍ നിന്നാരംഭിച്ച പഠന യാത്ര മുളവുകാട് മൂലമ്പിളളി വഴി പിഴലയിലെ ആദ്യ നിര്‍ദ്ദിഷ്ട കേന്ദ്രത്തില്‍ എത്തി. സംഘം വരുന്നതറിഞ്ഞ് ഗ്രാമവാസികളും ശ്രീധരനെ കാണാനെത്തിയിരുന്നു. തുടര്‍ന്ന് പിഴല-വലിയകടമക്കുടി പാലത്തിനുളള സ്ഥലവും വലിയകടമക്കുടി-ചാത്തനാട് പാലത്തിനുളള സ്ഥലവും സന്ദര്‍ശിച്ച സംഘം ഉച്ചയ്ക്ക് 12.30-ന് മടങ്ങിയെത്തി.
യാത്ര അവസാനിപ്പിച്ച് സംഘം പിരിയുന്നതിനു മുമ്പ് എം.എല്‍.എ മാര്‍ മൂവരും പദ്ധതിയുടെ കാര്യത്തില്‍ തങ്ങളെന്നും ഒറ്റക്കെട്ടാണെന്നറിയിച്ചു. ഒരു വേള കൊച്ചി മെട്രോയെക്കാള്‍ താല്‍പര്യമിതാണെന്ന് അവര്‍ വ്യക്തമാക്കി. ദ്വീപ്സമൂഹങ്ങളുടെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിനു ഏറെ സഹായിക്കുന്നതാകും പദ്ധതിയെന്ന് മൂവരും അഭിപ്രായപ്പെട്ടു.
ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ (ജിഡ) കഴിഞ്ഞ ജനുവരിയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദിഷ്ട നാലുവരിപ്പാതയ്ക്ക് അനുമതിയായത്. ഇതിന്റെ നിര്‍മാണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജിഡ ഡി.എം.ആര്.സിക്കു കത്തു നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസം ഡി.എം.ആര്.സിയുടെ ഉന്നതതല സംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നു.
മൂലമ്പിള്ളി-ചാത്തനാട് നാലുവരിപ്പാതയില്‍ മൂന്നു പ്രധാനപ്പെട്ട പാലങ്ങളാണ് നിര്‍മിക്കുന്നത്. മൂലമ്പിള്ളി-പിഴല പാലത്തിന് 180 മീറ്ററും പിഴല-വലിയകടമക്കുടി പാലത്തിന് 230 മീറ്ററും വലിയകടമക്കുടി-ചാത്തനാട് പാലത്തിന് 350 മീറ്ററും വീതം നീളം വരും. പിഴലയിലെ ചെറിയ പാലത്തിന് 40മീറ്റര്‍ നീളമുണ്ടാകും. 4.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലുവരിപ്പാതയ്ക്ക് 22 മീറ്റര്‍ വീതിയാണ് വിഭാവന ചെയ്യുന്നത്. ഇതില്‍ 15 മുതല്‍ 18 വരെ കലുങ്കുകളും നിര്‍മിക്കേണ്ടതുണ്ട്. 97.2 കോടി രൂപയാണ് മൂലമ്പിള്ളി-ചാത്തനാട് നാലുവരിപ്പാതയ്ക്ക് ചെലവു പ്രതീക്ഷിക്കുന്നത്.
മൂലമ്പിള്ളി-ചാത്തനാട് റോഡ് യാഥാര്‍ഥ്യമാകുന്നതോടെ ചാത്തനാടിനെ വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡുമായി മൂലമ്പിള്ളിയില്‍ ബന്ധിപ്പിക്കാനാവും. പദ്ധതിയുടെ ഗുണം ഏറ്റവും കൂടുതല്‍ ലഭിക്കുക കടമക്കുടി പഞ്ചായത്തിനായിരിക്കും. കടമക്കുടിക്ക് എറണാകുളത്തേക്ക് കണ്ടെയ്നര്‍ റോഡില്‍ ഇതുവഴി എളുപ്പം പ്രവേശിക്കാനാകും.
പദ്ധതി സംസ്ഥാന അവലോകന സമിതി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് പാരിസ്ഥിതിക അനുമതിക്കായി അയച്ചിരുന്നു. സെസ്സിന്റെ പഠന റിപ്പോര്‍ട്ടോടെ തിരിച്ചു കിട്ടിയ നിര്‍ദ്ദേശം സംസ്ഥാന തീരദേശ മാനേജ്മെന്റ് അതോറിറ്റി പഠിച്ച് വീണ്ടും കേന്ദ്ര മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. പദ്ധതി പ്രദേശത്തെ ജനങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ ഭൂമി വിട്ടുകിട്ടുന്നതിന് എം.എല്‍.എമാരായ വി.ഡി.സതീശന്, എസ്.ശര്‍മ്മ എന്നിവരെ ചര്‍ച്ച നടത്താന്‍ ജിഡ യോഗത്തില്‍ ധാരണയായിരുന്നു. സൗജന്യമായി വിട്ടുകിട്ടുന്ന ഭൂമിക്ക് ആനുപാതികമായി ഭൂമി വികസിപ്പിക്കാന്‍ സ്ഥല ഉടമകള്‍ക്ക് അനുവാദവും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: