ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ ഇത്രയും അപമാനകരമായ ഒരു ജീവിതം നയിച്ച കാലം ഉണ്ടായിട്ടില്ല. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥക്കാലത്ത് ‘കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴയുകയായിരുന്നു’ മാധ്യമപ്രവര്‍ത്തകരെങ്കില്‍ സോണിയയുടെ യുപിഎ ഭരണത്തില്‍ ആജ്ഞകളൊന്നും ആവശ്യമില്ലാതെ തന്നെ അവരുടെ കാലുനക്കുകയാണ് വലിയൊരു വിഭാഗം മാധ്യമപ്രവര്‍ത്തകരെന്ന് വ്യക്തമായിരിക്കുന്നു. ഇന്ത്യ ഒരു അഴിമതി റിപ്പബ്ലിക്കായി അറിയപ്പെടാനിടയായ ബോഫോഴ്സ് ഇടപാടില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ സ്വീഡിഷ് പോലീസ് മേധാവി സ്റ്റെന്‍ ലിന്‍സ്ട്രോം വെളിപ്പെടുത്തിയ സോണിയയുടെ പങ്കിനെക്കുറിച്ച് ജനങ്ങളെ ഒരുവിധത്തിലും അറിയിക്കാന്‍ കൂട്ടാക്കാതിരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ അടിയന്തരാവസ്ഥക്കാലത്തെ അതിശയിപ്പിക്കുന്ന ദാസ്യവൃത്തിയാണ് അനുഷ്ഠിക്കുന്നത്.
മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ മാത്രമല്ല പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്കിടയിലും ഇത്തരം ദല്ലാളുകളെ വളര്‍ത്തിയെടുക്കാന്‍ സോണിയക്ക് കഴിഞ്ഞതിന് തെളിവാണ് ലിന്റ്സ്ട്രോമിന്റെ വെളിപ്പെടുത്തലിനെ പരാമര്ശിക്കേണ്ടിവന്നപ്പോഴൊക്കെ സോണിയയുടെ പങ്കിനെക്കുറിച്ച് അവര്‍ പുലര്‍ത്തിയ നീതീകരിക്കാനാവാത്ത മൗനം. പലതരം കൊടികള്‍ പിടിക്കുന്ന ഒരേതരക്കാരായ ഈ ദല്ലാളുകള്ക്കിടയില് ഒരാള്‍മാത്രം തീര്‍ച്ചയായും പ്രശംസയര്‍ഹിക്കുന്നു. ബിജെപിയുടെ മുഖ്യവക്താവും മുന്‍ കേന്ദ്ര നിയമമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ്. “സോണിയ ഒരുപാട് കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടതുണ്ട്” എന്ന് വാര്‍ത്താസമ്മേളനത്തില്‍ പരസ്യമായി പറയാന്‍ ധൈര്യം കാണിച്ചതിനാണിത്.
ലിന്റ്സ്ട്രോം നടത്തിയ വെളിപ്പെടുത്തലിന്റെ വാര്‍ത്തകള്‍, ഇതുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകള്‍, പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗങ്ങള്‍ നടത്തിയ പ്രസംഗങ്ങള്‍, പത്രങ്ങളുടെ മുഖപ്രസംഗങ്ങള്‍ എന്നിവയില്‍നിന്നെല്ലാം സോണിയയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കപ്പെട്ടു. സോണിയയെക്കുറിച്ചുള്ള ഭാഗങ്ങള്‍ കൊടുക്കേണ്ടിവരുമെന്നതിനാലാവാം ലിന്റ്സ്ട്രോമിന്റെ വെളിപ്പെടുത്തല്‍ ഇന്ത്യന്‍ മാധ്യമങ്ങളൊന്നും പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിച്ചില്ല. കുറ്റകരമായ വിധത്തില്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ‘ദ് ഹിന്ദു’വിനെപ്പോലുള്ള ചില പത്രങ്ങള്‍ ലിന്റ്സ്ട്രോമിന്റെ സത്യസന്ധതയെയും ധീരതയെയും പ്രശംസിക്കുന്നതിന് പകരം അദ്ദേഹത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനാണ് ശ്രമിച്ചത്. ഇന്ത്യന്‍ നിയമവ്യവസ്ഥ ലിന്റ്സ്ട്രോം പറയുന്നതില്‍നിന്ന് വ്യത്യസ്തമാണത്രെ!
ഏത് രാജ്യത്തുനിന്ന് തോക്കുകള്‍ വാങ്ങണം എന്ന കാര്യത്തില്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ തീരുമാനമെടുക്കാതിരിക്കുകയായിരുന്നു. കാരാറുണ്ടാക്കാന്‍ സ്വീഡിഷ് തോക്ക് നിര്‍മാണകമ്പനിയായ ബോഫോഴ്സ് നിയോഗിച്ച രണ്ട് ഇടനിലക്കാര്‍ക്ക് അതിന് കഴിഞ്ഞില്ല. പൊടുന്നനെയാണ് 1982ല്‍ എഇ സര്‍വീസസ് എന്ന കമ്പനി ബോഫോഴ്സ് അധികൃതരെ സമീപിക്കുന്നത്. 1986 മാര്‍ച്ച് 31ന് മുമ്പ് കോണ്‍ഗ്രസ് സര്‍ക്കാരുമായി കരാറുണ്ടാക്കാന്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് മൂന്ന് ശതമാനം ഫീസ് തരിക, കഴിഞ്ഞില്ലെങ്കില്‍ ഒന്നുംതരേണ്ട എന്ന വാഗ്ദാനം എഇ സര്‍വീസസ് മുന്നോട്ടുവെയ്ക്കുന്നു. പറഞ്ഞതുപ്രകാരം നിശ്ചിത ദിവസത്തിന് ഏഴ് ദിവസം മുമ്പ് 1986 മാര്‍ച്ച് 22ന് രാജീവ് ഗാന്ധി സര്‍ക്കാര്‍ ബോഫോഴ്സ് കമ്പനിയുമായി ഹോവിസ്റ്റര്‍ തോക്കുകള്‍ വാങ്ങാന്‍ കരാറൊപ്പിട്ടു. ആറ് മാസത്തിനുള്ളില്‍ കോഴപ്പണത്തിന്റെ ആദ്യപങ്കായ 7.3 ദശലക്ഷം ഡോളര്‍ 1986 സെപ്തംബര്‍ മൂന്നിന് എഇ സര്‍വീസസിന്റെ സൂറിച്ചിലെ നോര്‍ഡ് ഫിനാന്‍സ് ബാങ്കിലെ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ടു.
ഇറ്റാലിയന്‍ വ്യാപാരിയായി അറിയപ്പെടുന്ന ഒട്ടാവിയോ ക്വത്റോച്ചിയുടെതായിരുന്നു ഈ എഇ സര്‍വീസസ്. ക്വത്റോച്ചിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെമേലുള്ള സ്വാധീനം മനസ്സിലാക്കിയാണ് ബോഫോഴ്സ് കമ്പനി എഇ സര്‍വീസസുമായി കരാറുറപ്പിച്ചത്. ഇവിടം മുതലാണ് ബോഫോഴ്സ് അഴിമതിയുടെ പിന്നിലെ സോണിയയുടെ കരങ്ങള്‍ വെളിപ്പെടുന്നത്.
ഇറ്റലിക്കാരിയായ സോണിയയുടെ കുടംബസുഹൃത്തുക്കളാണ് ഒട്ടാവിയോ ക്വത്റോച്ചിയും ഭാര്യ മരിയയും. ദൂരയാത്രക്ക് പോകേണ്ടിവരുമ്പോഴോക്കെ കുട്ടികളെ പരസ്പരം നോക്കാനേല്‍പ്പിക്കുന്നത്ര അടുപ്പം രണ്ടു കുടുംബങ്ങള്‍ക്കുമുണ്ടായിരുന്നു. സോണിയ വഴിയാണ് ക്വത്റോച്ചി രാജീവ് ഗാന്ധിയുമായി ബന്ധം സ്ഥാപിച്ചത്. ബോഫോഴ്സ് കരാറിലെ ക്വത്റോച്ചിയുടെ ഇടപെടല്‍ സോണിയ ഇടപെടുന്നതിന് തുല്യമായിരുന്നു. കേസില്‍ പ്രതിക്കൂട്ടിലായത് രാജീവാണെങ്കിലും ബോഫോഴ്സ് കേസില്‍ ക്വത്റോച്ചിയെ സംരക്ഷിക്കേണ്ടത് രാജീവ് ഗാന്ധിയെക്കാളും സോണിയയുടെ ആവശ്യമായിരുന്നു. കോഴ ഇടപാട് നടന്നിട്ടുണ്ടെന്ന് 1987 ഏപ്രിലില്‍ സ്വീഡിഷ് റേഡിയോ പുറത്തുവിട്ടതോടെയാണ് ബോഫോഴ്സ് കരാര്‍ ദേശീയ ശ്രദ്ധനേടിയതും പ്രതിപക്ഷവും മാധ്യമങ്ങളും ഇതിനെതിരെ രംഗത്തുവന്നതും. 1993ല്‍ കരാറിലെ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ സ്വീഡിഷ് സര്‍ക്കാര്‍ ഇന്ത്യയ്ക്ക് കൈമാറി ആറ് മാസത്തിനകം ക്വത്റോച്ചി ഇന്ത്യവിട്ടു. പി.വി.നരസിംഹറാവുവിന്റെ ഭരണകാലത്ത് സഹമന്ത്രിയായിരുന്ന മാര്‍ഗരറ്റ് ആല്‍വയാണ് ഇതിന് ഒത്താശ ചെയ്തത്. ഇതോടെ ഒട്ടാവിയോ ക്വത്റോച്ചി കേസിലെ പിടികിട്ടാപുള്ളിയായി.
2003ല്‍ ബിജെപി സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം ലണ്ടന്‍ ബാങ്കിലെ ക്വത്റോച്ചിയുടെ രണ്ട് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി മന്മോഹന് സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ബി.ദത്തയെ ഇംഗ്ലണ്ടിലേക്കയച്ച് ബ്രിട്ടീഷ് സര്‍ക്കാരിനോട് നടത്തിയ അഭ്യര്‍ത്ഥയനുസരിച്ച് 2006 ജനുവരി 11ന് പിന്‍വലിച്ചു. രണ്ട് അക്കൗണ്ടുകളില്‍നിന്നും പണം പിന്‍വലിക്കാന്‍ ക്വത്റോച്ചിയെ അനുവദിക്കരുതെന്ന് ജനുവരി 16ന് സുപ്രീംകോടതി മന്മോഹന് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ നിക്ഷേപതുക പിന്‍വലിച്ചതായി 2006 ജനുവരി 23ന് സിബിഐ സമ്മതിച്ചു. ഇന്റര്‍പോളിന്റെ ‘റെഡ് കോര്‍ണര്‍ നോട്ടീസ്’ നിലനില്‍ക്കുന്ന ക്വത്റോച്ചിക്കുവേണ്ടി വഴിവിട്ട് ഇക്കാര്യം ചെയ്തുകൊടുത്തത് അയാള്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാരിനുമേലുള്ള സ്വാധീനംകൊണ്ടാണെന്നും സോണിയാ ഗാന്ധിയാണ് ഈ സ്വാധീന കേന്ദ്രമെന്നും പകല്‍പോലെ വ്യക്തമായിരുന്നു. ക്വത്റോച്ചിയുടെ കമ്പനിയായ എഇ സര്‍വീസസുമായി ബന്ധമുള്ള മെയിലസ് ടി. സ്റ്റോട്ടിന്റെ പ്രസ്താവന ബോഫോഴ്സ് അഴിമതിയില്‍ സോണിയയുടെ പങ്കിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. “ഇന്ത്യക്ക് തോക്കുകള്‍ വിറ്റതിന്റെ വകയില്‍ ബോഫോഴ്സ് കമ്പനി നല്കിയ പണം ക്വത്റോച്ചിയുടെ കമ്പനികളായ എഇ സര്‍വീസസ്, കോള്‍ബാര്‍ ഇന്‍വെസ്റ്റ്മെന്റ്സ്, വെറ്റള്‍ഡന്‍ ഓവര്‍സീസ് എന്നിവ വഴിയാണ് കൈമാറിയത്”- എന്നാണ് സ്റ്റോട്ട് വെളിപ്പെടുത്തിയത്.
പിടികിട്ടാപ്പുള്ളിയായ ക്വത്റോച്ചി 2007 ഫെബ്രുവരി ആറിന് ഇന്റര്‍പോളിന്റെ നിര്‍ദ്ദേശപ്രകാരം അര്‍ജന്റീനയില്‍വച്ച് പിടികൂടപ്പെട്ടു. എന്നാല്‍ ഈ വിവരം സിബിഐ പുറത്തുവിട്ടത് 23നും. കേന്ദ്രസര്‍ക്കാര്‍ ഈ വിവരം ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കുകയായിരുന്നു. ഫെഫ്രുവരി 26ന് അര്‍ജന്റീനിയന്‍ പോലീസ് ക്വത്റോച്ചിയെ മോചിപ്പിച്ചെങ്കിലും പാസ്പോര്‍ട്ട് പിടിച്ചുവെച്ചു. ക്വത്റോച്ചിയെ വിട്ടുകിട്ടാന്‍ അര്‍ജന്റീനയുടെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കാന് മന്മോഹന് സര്‍ക്കാര്‍ തയ്യാറായില്ല. ക്വത്റോച്ചിയെ വിട്ടുകിട്ടാന്‍ അര്‍ജന്റീനയിലേക്ക് പോയ രണ്ട് സിബിഐ ഉദ്യോഗസ്ഥരുടെ രഹസ്യ ദൗത്യം അയാളെ രക്ഷപ്പെടുത്തലായിരുന്നു. ലണ്ടന്‍ ബാങ്കിലെ ക്വത്റോച്ചിയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടി പിന്‍വലിച്ചതിനും അര്‍ജന്റീനയില്‍നിന്ന് അയാളെ രക്ഷപ്പെടാന്‍ അനുവദിച്ചതിനും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്‍മികത്വം വഹിച്ചത് നിയമമന്ത്രിയായിരുന്ന എച്ച്.ആര് ഭരദ്വാജായിരുന്നു.
ബോഫോഴ്സ് ഇടപാടില്‍ സോണിയാഗാന്ധിയുടെ പങ്കിനെക്കുറിച്ച് ലിന്റ്സ്ട്രോമിനും യാതൊരു ആശയക്കുഴപ്പവുമില്ല. “സോണിയാഗാന്ധിയെ ചോദ്യം ചെയ്തേ പറ്റൂ, ഞാന്‍ ആലോചിച്ചുതന്നെയാണ് പറയുന്നത്”- എന്നാണ് ലിന്റ്സ്ട്രോം പറയുന്നത്. “ക്വത്റോച്ചിക്ക് സ്വാഭാവികമായി പണം ലഭിക്കുകയായിരുന്നില്ല. തീര്‍ച്ചയായും ചില ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. ഇക്കാര്യം അവര്‍ക്ക് (സോണിയക്ക്) വിശദീകരിക്കാനാവും” എന്നും ലിന്റ്സ്ട്രോം അഭിപ്രായപ്പെടുന്നു. “അവരെ (സോണിയയെ) ചോദ്യംചെയ്യാനുള്ള നടപടികള്‍ ഇന്ത്യന്‍ അന്വേഷകര്‍ എന്തുകൊണ്ട് സ്വീകരിച്ചില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു.” ലിന്റ്സ്ട്രോമിന്റെ ഈ വാക്കുകള്‍ മാധ്യമങ്ങളില്‍ വരാതിരിക്കുന്നതിന് പിന്നില്‍ ബോഫോഴ്സ് കേസ് കുഴിച്ചുമൂടാന്‍ കോണ്‍ഗ്രസ് നടത്തിയതും നടത്തുന്നതുമായ ശ്രമങ്ങളുടെ തുടര്‍ച്ചതന്നെയാണ്. ലിന്റ്സ്ട്രോം പറയുന്നതിന്റെ അപകടം മനസിലാക്കിയാവണം സോണിയയെ ചോദ്യം ചെയ്യേണ്ട യാതൊരു ആവശ്യവുമില്ലെന്ന് ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് ഇന്ത്യയിലെ മുന്‍നിര മാധ്യമപ്രവര്ത്തകന് എന്‍. റാം പറഞ്ഞത്. കോണ്‍ഗ്രസിനും രാജീവ്ഗാന്ധിക്കും വിനയാകുമെന്ന ഘട്ടം വന്നപ്പോള്‍ ബോഫോഴ്സ് അഴിമതി സംബന്ധിച്ച ചിത്രാ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നത് ദ് ഹിന്ദു പൊടുന്നനെ നിര്‍ത്തുകയായിരുന്നു. പിന്നീട് ഇന്ത്യന്‍ എക്സ്പ്രസിലാണ് ചിത്രയുടെ റിപ്പോര്‍ട്ടുകള്‍ വന്നത്. രണ്ടര പതിറ്റാണ്ടിന് ശേഷവും ‘ഹിന്ദു’വും എന്‍. റാമും നിലപാട് മാറ്റിയിട്ടില്ല.
ബോഫോഴ്സ് കേസ് അടഞ്ഞ അധ്യായമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ പറയുന്നത് ഇടപാടില്‍ രാജീവ്ഗാന്ധി കോഴ കൈപ്പറ്റിയിട്ടില്ലെന്ന് ലിന്റ്സ്ട്രോം പറയുന്നതിനാലാണ്. എന്നാല്‍ ഇതേ ലിന്റ്സ്ട്രോംതന്നെ ക്വത്റോച്ചിയെ രക്ഷിച്ചത് രാജീവ്ഗാന്ധിയാണെന്ന് തീര്‍ത്തുപറയുന്നുമുണ്ട്. ഇതിനുനേര്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം കണ്ണടക്കുകയാണ്. കാരണം ഇടപാടില്‍ കോഴയൊന്നും ലഭിച്ചിട്ടില്ലെങ്കില്‍ അധികാരമുപയോഗിച്ച് രാജീവ്ഗാന്ധി ക്വത്റോച്ചിയെ സംരക്ഷിച്ചത് എന്തിനാണെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടിവരും. സോണിയക്കുവേണ്ടിയായിരുന്നു ഇത്. യഥാര്‍ത്ഥത്തില്‍ ക്വത്റോച്ചിയെ രക്ഷപ്പെടുത്താന്‍ രാജീവ്ഗാന്ധി തുടങ്ങിവെച്ച ശ്രമങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുക മാത്രമാണ് സോണിയ ചെയ്തത്. അഴിമതി നടത്തുന്നതുപോലെ കുറ്റകരമാണ് അതിന് കൂട്ടുനില്ക്കുന്നതും അഴിമതി മൂടിവെക്കാന്‍ ശ്രമിക്കുന്നതും. ആരും പറഞ്ഞു മനസിലാക്കിക്കൊടുക്കേണ്ട കാര്യമില്ലെങ്കിലും സോണിയയുടെ കാര്യം വരുമ്പോള്‍ സമൂഹത്തെ സദാചാരം പഠിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഇത് ബോധപൂര്‍വം വിസ്മരിക്കുകയാണ്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് ദല്‍ഹിയില്‍നിന്നിറങ്ങുന്ന ഹിന്ദി വാരികയായ ‘പാഞ്ചജന്യ’ സോണിയയെക്കുറിച്ച് ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് വിവാദമാവുകയുണ്ടായി. ഭരണത്തിലെയും പാര്‍ട്ടിയിലെയും അധികാരദാസന്മാര് സോണിയയുടെ കാല് നക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍. സോണിയക്കെതിരായ ലിന്റ്സ്ട്രോമിന്റെ വെളിപ്പെടുത്തലുകളോട് ഇപ്പോള്‍ പുറംതിരിഞ്ഞുനില്‍ക്കുന്ന മാധ്യമങ്ങളും പത്രാധിപന്മാരും ചെയ്യുന്നതും മറ്റൊന്നല്ല.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: