എല്ലാം ഈശ്വരന് ചെയ്യിക്കുന്നുവെന്ന ബോധമുള്ളവന് അത് ശരിയാണ്. ശരിചെയ്ത് അതി്ന്റെ ഗുണം കിട്ടുമ്പോഴും തെറ്റുചെയ്തുശിക്ഷ ലഭിക്കുമ്പോഴും സമഭാവത്തില്‍ ‘എല്ലാം ഈശ്വരന് തരുന്നു’ എന്ന് കാണുവാന്‍ നമുക്ക് കഴിയണം.
തെറ്റുകള്‍ക്കുത്തരവാദി ഈശ്വരനല്ല, നമ്മള്‍തന്നെയാണ്. ടോണിക്ക്, ശരീരപുഷ്ടിക്കുള്ളതാണ്. ദിവസം എത്രനേരം എത്ര സ്പൂണ്‍ വീതം കഴിക്കണമെന്ന് ഡോക്ടര്‍ വ്യക്തമായിപ്പറഞ്ഞിട്ടുണ്ട്. അതനുസരിക്കാതെ മുഴുവനും ഒറ്റ പ്രാവശ്യമായിക്കഴിച്ച് ഉള്ള ആരോഗ്യംകൂടി നഷ്ടമാകുമ്പോള്‍ ഡോക്ടറെ പഴിപറഞ്ഞിട്ട് കാര്യമില്ല. അശ്രദ്ധയോടെ വണ്ടിയോടിച്ച് എവിടെയെങ്കിലും കൊണ്ടിടിച്ചിട്ട് പെട്രോളിനെ കുറ്റംപറയുന്നതുപോലെയാണ്, നമ്മുടെ അറിവുകേടുകൊണ്ടുണ്ടാകുന്ന കുഴപ്പങ്ങള്‍ക്ക് ഈശ്വരനെ പഴിപറയുന്നത്. എങ്ങനെ ഈ ലോകത്തില്‍ ജീവിക്കണമെന്ന് അവിടുന്ന് വ്യക്തമായിപ്പറഞ്ഞുതന്നിട്ടുണ്ട്. അതനുസരിക്കാത്തതുമൂലമുള്ള ഭവിഷ്യത്തുക്കള്‍ക്ക് ഈശ്വരനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
ദുഃഖമൊഴിവാക്കിയ ഒരു ജീവിതം നയിക്കുന്നതിനുവേണ്ടിയാണ് ഭഗവാന് ഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യാന്‍ പറഞ്ഞത്. ഫലത്തെക്കുറിച്ച് ചിന്തിച്ചു വേവലാതിപ്പെടാതെ കര്‍മ്മം ശ്രദ്ധയായിചെയ്യുക. ലഭിക്കേണ്ട പങ്ക് ലഭിക്കുകതന്നെ ചെയ്യും. പഠിക്കുമ്പോള്‍ ശ്രദ്ധിച്ചുപഠിക്കുക. ജയിക്കുമോ, തോല്‍ക്കുമോ എന്നോര്‍ത്തു വിഷമിക്കേണ്ട ആവശ്യമില്ല. കെട്ടിടം പണിയുമ്പോള്‍ അതുവീഴുമോ, വീഴുമോ എന്ന് ആലോചിച്ച് തലപുണ്ണാക്കാതെ കണക്കനുസരിച്ച് നന്നായി പണിയുവാനാണ് ശ്രദ്ധിക്കേണ്ടത്. നല്ല കര്‍മ്മം ചെയ്താല്‍ തീര്‍ച്ചയായും നല്ല ഫലം കിട്ടും. ഒരു കൃഷിക്കാരന് വില്‍ക്കുന്നത് കല്ലില്ലാത്ത നല്ല അരിയാണെങ്കില്‍ എല്ലാവരും വാങ്ങും. ശ്രദ്ധിച്ച് നെല്ല് പുഴുങ്ങി ഉണക്കിക്കുത്തി അരിയാക്കിയ പ്രയത്നത്തിനുവേണ്ട ഫലം കിട്ടുന്നില്ലേ? എന്നാല്‍ അമിതലാഭം കൊതിച്ച് കൃത്രിമം ചെയ്താല്‍ ഇന്നല്ലെങ്കില്‍ നാളെ അതിനുള്ള ശിക്ഷ ലഭിക്കുകതന്നെ ചെയ്യും. മനസ്സിനും അശാന്തിയാകും. അതിനാല്‍ കര്‍മ്മം ശ്രദ്ധയോടെ, ഈശ്വരാര്‍പ്പണബോധത്തോടെ ചെയ്യുകയാണ് വേണ്ടത്. ഫലത്തെക്കുറിച്ച് ചിന്തിച്ചാലുമില്ലെങ്കിലും കര്‍മ്മത്തിനുള്ള ഫലം യാതൊരു കുറവും കൂടുതലും ഇല്ലാതെ ലഭിക്കുകതന്നെ ചെയ്യും. പിന്നെ എന്തിന് ഫലത്തെക്കുറിച്ച് ചിന്തിച്ച് സമയം കളയണം.
– അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: