കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡ് കൊച്ചിയെ ക്രിട്ടിക്കലി പൊല്യൂട്ടഡ് ഏരിയ അതായത് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുവാന്‍ പര്യാപ്തമായ വായുമലിനീകരണമുള്ള സ്ഥലമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതിനോടനുബന്ധിച്ച് കൊച്ചി മേഖലയില്‍ പുതിയ വ്യവസായശാലകളോ മലിനീകരിക്കാവുന്ന പദ്ധതികളോ തുടങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയതുമാണ്. എന്നാല്‍ സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് കടലാസില്‍ സമര്‍പ്പിച്ച മലിനീകരണ നിയന്ത്രണ ഉപാധികള്‍ പരിഗണിച്ചുമാത്രമാണ് തല്‍ക്കാലത്തേക്ക് മൊറൊട്ടോറിയത്തില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ ഏജന്‍സി കൊച്ചിയെ ഒഴിവാക്കിയിരിക്കുന്നത്. നഗരത്തിലെ വായു മലിനീകരണ സ്രോതസ്സുകള്‍ എങ്ങനെ ഒഴിവാക്കിയെന്നോ, വായു മലിനീകരണനിയന്ത്രണ ഉപാധികള്‍ ഏതൊക്കെ നടപ്പാക്കിയെന്നോ കെഎസ്പിസിബി ഇതുവരെയും ജനങ്ങളെ അറിയിച്ചിട്ടില്ല എന്നതാണ് വാസ്തവം. നിരന്തരമായ ഗതാഗതക്കുരുക്കും പുകയും പൊടിപടലങ്ങളും വ്യവസായ വായു മാലിന്യങ്ങളും ഇന്നും കൊച്ചിയെ പുകമഞ്ഞിലേക്കും ജനജീവിതം വായുവിലെ ഓക്സിജന്റെ കുറവ് മൂലം ദുരിതത്തിലാക്കുന്ന തലത്തിലേക്കുമാണെത്തിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരള ഹൈക്കോടതിയുടെ പുറകില്‍ പക്ഷി സങ്കേതമായി പ്രഖ്യാപിച്ചിട്ടുള്ള മഗംളവനത്തിന് പ്രസക്തിയേറുന്നത്.
ഒരുകാലത്ത് കേരളതീരത്ത് 74000 ഹെക്ടര്‍ തീരപ്രദേശത്ത് വ്യാപിച്ചുകിടന്നിരുന്ന കണ്ടല്‍ക്കാടുകള്‍ ഇന്ന് മംഗളവനം പോലെ വിരലിലെണ്ണാവുന്ന പ്രദേശങ്ങളിലായി ചുരുങ്ങിപ്പോയി. കൊച്ചി നഗരത്തിലെ വായുമലിനീകരണത്തിനെതിരെ നഗരത്തിന്റെ ശ്വാസകോശത്തിന് തുല്യമായി പ്രവര്‍ത്തിക്കുകയാണ് മംഗളവനം. മനുഷ്യശരീരത്തിലെ രക്തത്തിന് ഓക്സിജന്‍ നല്കുന്ന ജോലിയാണ് ശ്വാസകോശംചെയ്യുന്നത്. എന്നാല്‍ മംഗളവനത്തിലെ കണ്ടലുകള്‍ വായുമലിനീകരണംമൂലം പ്രാണവായുവിന്റെ അംശം നഷ്ടപ്പെടുന്ന നഗര വായുവിന് ഓക്സിജന്‍ നല്കുന്നു എന്നുമാത്രം. തീരദേശ സംരക്ഷണം, മലിനീകരണം തടയല്‍, പ്രാണവായു ലഭ്യമാക്കല്‍, ദേശാടന പക്ഷികള്‍ക്ക് ചേക്കേറാന്‍ ഇടം, കായലില്‍നിന്നും കടലില്‍നിന്നും കരയിലെ ജലസ്രോതസ്സുകളിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയല്‍, ഒട്ടനവധി ജീവജാലങ്ങള്‍ക്ക് ആവാസ സ്ഥലം നല്കല്, ഖരമാലിന്യം കായലില്‍ എത്തുന്നത് തടയല്‍, സുനാമി, കൊടുങ്കാറ്റ്, കടലാക്രമണം എന്നിവയെ ചെറുക്കല്‍ തുടങ്ങിയ ഒട്ടനവധി ജീവധര്മ്മങ്ങളാണ് കണ്ടലുകള്‍ നിര്‍വഹിക്കുന്നത്.
ഉപ്പുവെള്ളത്തില്‍ ജീവിക്കുവാന്‍ കണ്ടലുകള്‍ക്ക് കഴിവുണ്ട്. അവ ഉപ്പുവെള്ളത്തില്‍നിന്നും ശുദ്ധജലം വേര്‍തിരിച്ചെടുക്കുകയും ജീവസന്ധാരണം നടത്തുകയും ചെയ്യുന്നു. തീരപ്രദേശത്തെ ഉപ്പു കലര്‍ന്ന മണ്ണില്‍ സാധാരണ ചെടികള്‍ക്കൊന്നും പിടിച്ചുനില്ക്കാനാകാത്തതിനാല് കണ്ടലുകളുടെ സേവനം അവര്‍ണനീയമാണ്. വായു മലിനീകരണത്താല്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന തീരദേശ മേഖലയില്‍ കാര്‍ബണ്‍ഡൈയോക്സൈഡ് വലിച്ചെടുത്ത് ഓക്സിജന്‍ ലഭ്യമാക്കുന്നു എന്നതാണ് കണ്ടലുകള്‍ ചെയ്യുന്ന മഹത്തായ സേവനം. കണ്ടലുകള്‍ക്ക് വേലിയേറ്റവും വേലിയിറക്കവും നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ മാത്രമാണ് തഴച്ചുവളരാനാകുന്നത്. അവയുടെ പ്രത്യേകതരം മെറ്റാബോളിസം തീരദേശത്ത് വളരുവാന്‍ അവയെ സജ്ജമാക്കിയിരിക്കുന്നു. ഇതുകൊണ്ടാണ് തീരപ്രദേശത്തെ കണ്ടലുകള്‍ക്ക് വളരെ പ്രാധാന്യം കല്‍പ്പിക്കുന്നത്. രൂക്ഷമായ വായുമലിനീകരണത്തില്നിന്നും തീരദേശ പട്ടണങ്ങളെ മോചിപ്പിക്കുന്നതും കണ്ടലുകള്‍ പുറത്തുവിടുന്ന ഓക്സിജനാണ്.
കൊച്ചി നഗരമധ്യത്തില്‍ 3.74 ഹെക്ടര്‍ ചതുപ്പുനിലത്തെ കണ്ടല്വൃക്ഷ ശേഖരത്തെയാണ് മംഗളവനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 1984 മുതല്‍ വനംവകുപ്പിന്റെ സംരക്ഷണത്തില്‍ മംഗളവനത്തെ ദേശാടനപക്ഷികളുടെ സംരക്ഷണത്തിനായി ഒരു പക്ഷി സങ്കേതമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കുളവും അതിന് ചുറ്റും വളര്‍ന്നിട്ടുള്ള കണ്ടല്മരങ്ങളുമാണ് മംഗളവനത്തിന്റെ പ്രത്യേകത. ഈ കുളത്തെ കൊച്ചി കായലുമായി ഒരു തോട് വഴി ബന്ധിക്കുന്നുണ്ട്. കായലിലെ വേലിയേറ്റവും വേലിയിറക്കവും മംഗളവന കണ്ടലുകള്‍ക്ക് ലഭ്യമാകുന്നത് ഇടതോടുവഴിയാണ്. ഹിമാലയത്തില്‍നിന്നും ആസ്ട്രേലിയയില്‍നിന്നും നൈജീരിയയില്‍നിന്നും മംഗള വനത്തില്‍ 25 ലധികം സ്പീഷീസ് ദേശാടനപക്ഷികള്‍ മംഗളവനത്തില്‍ വര്‍ഷാവര്‍ഷം ചേക്കേറാറുണ്ടായിരുന്നു. തദ്ദേശീയരായ പക്ഷികള്‍ക്ക് പുറമെയാണിത്. ഞണ്ടുകള്‍, ആമകള്‍, കക്കകള്‍, മുരിങ്ങകള്‍, ചെമ്മീനുകള്‍, ചിലന്തികള്‍, ഷഡ്പദങ്ങള്‍ എന്നിവ മംഗളവനത്തിലെ ജൈവവൈവിധ്യത്തിന് മാറ്റ് കൂട്ടുന്നു. പക്ഷികള്‍ കൂടുകൂട്ടുകയും മുട്ടയിടുകയും കുഞ്ഞുങ്ങളുമായി ദൂരസ്ഥലങ്ങളിലേക്ക് പറന്നുപോകുന്നതും മംഗളവനത്തിലെ പതിവ് കാഴ്ചയായിരുന്നു. പകല്‍ ചേക്കേറുന്നതും രാത്രി ചേക്കേറുന്നതുമായ പക്ഷികളും മംഗളവനത്തിന് മുതല്‍ക്കൂട്ടാണ്.
കേരള ഹൈക്കോടതിയുടെ കെട്ടിടവും സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് കെട്ടിട്ടവും ഫ്ലാറ്റുകളും മറ്റു കെട്ടിടങ്ങളും ഇന്ന് മംഗളവനത്തിലെ ജീവജാലങ്ങള്‍ക്ക് ഭീഷണിയായി ഉയര്ന്നുനില്ക്കുന്നു. പല കെട്ടിടങ്ങളും പക്ഷികളുടെ സഞ്ചാരപദത്തിലാണ്. മംഗളവനത്തിലെ ദേശാടനപക്ഷികള്‍ മിക്കവാറും പാതിരാമണല്‍, കുമരകം, കുട്ടനാട് എന്നീ പ്രദേശങ്ങളിലേക്കുള്ള യാത്രാമദ്ധ്യേ വിശ്രമത്തിനും ഭക്ഷണത്തിനുമാണ് മംഗളവനത്തില്‍ കൂടണയുന്നത്. സുരക്ഷിതത്വവും ഭക്ഷണലഭ്യതയും കണ്ടലുകളും അവയെ മംഗളവനത്തിലേയ്ക്ക് ആകര്‍ഷിക്കുന്നു. മംഗളവനത്തിന്റെ ബഫര്‍സോണായി നിലകൊള്ളുന്ന പ്രദേശം 3.44 ഹെക്ടര്വരും. എന്നാല്‍ റെയില്‍വേയുടെ സ്ഥലവും ഭാരത് പെട്രോളിയം കമ്പനി ഇരുമ്പനത്തേയ്ക്ക് മാറിപ്പോയപ്പോള്‍ ഒഴിവുവന്ന സ്ഥലവും പുറംപോക്ക് ഭൂമിയും റവന്യൂ ഭൂമിയും വനംവകുപ്പിന്റെ ഭൂമിയും ഭവനനിര്‍മാണ വകുപ്പിന്റെ ഭൂമിയും ചേര്‍ത്താല്‍ നിലവിലെ മംഗളവനത്തോട് ചേര്‍ത്ത് 10ഹെക്ടര്‍ ഭൂമി സംഘടിപ്പിക്കുക പ്രയാസമുള്ള കാര്യമല്ല. മംഗളവനപ്രദേശം കോര്‍ ഏരിയ, ബഫര്‍ എരിയ എന്ന രീതിയില്‍ വേര്‍തിരിക്കണം. കോര്‍ ഏരിയ ഒരുതരത്തിലുമുള്ള ശല്യത്തിനും ഇടനല്‍കാതെ സംരക്ഷിക്കുകയും ബഫര്‍ സോണില്‍ കൂടുതല്‍ കണ്ടലുകള്‍ വെച്ചുപിടിപ്പിച്ച് സുരക്ഷിതമാക്കുകയും വേണം.
മംഗളവനം സംരക്ഷണമെന്ന പേരില്‍ സംഘടനകളും വനംവകുപ്പും ഉണ്ടെങ്കിലും പുതിയ കണ്ടലുകള്‍ വച്ചുപിടിപ്പിക്കുന്നതിനോ, ഉപയുക്തമാകുന്നില്ലെന്നതാണ് സത്യം. ആളുകള്‍ കൈയേറുന്നത് തടയുവാനോ കണ്ടല്‍ തീയിട്ട് നശിപ്പിക്കുന്നത് തടയുവാനോ പക്ഷികളെ ശല്യംചെയ്യുന്നത് തടയുവാനോ മംഗളവനത്തിന് ചുറ്റും പുതിയ നിര്‍മിതികള്‍ ഉയര്‍ന്നുവരുന്നത് തടയുവാനോ സാധിക്കുന്നില്ല. ഹൈക്കോടതി കെട്ടിട സമുച്ചയത്തിന് കാര്‍ പാര്‍ക്കിംഗിനായി മംഗളവന പ്രദേശം ഏറ്റെടുക്കുവാന്‍ ശ്രമം നടന്നതാണ്. നഗരത്തിലെ സ്കൂള്‍ കുട്ടികള്‍ ആ ഉദ്യമത്തെ ചെറുത്ത് തോല്‍പ്പിക്കുകയായിരുന്നു. കേരള ഭവനനിര്‍മാണ ബോര്‍ഡും കേരള സര്‍ക്കാരും ചേര്‍ന്ന് മംഗളവനത്തിനടുത്ത് ഇക്കോ ടൗണ്‍ഷിപ്പ് പദ്ധതിക്കായും പരിശ്രമിച്ചതാണ്. ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനാല്‍ അതില്‍നിന്നും പിന്‍വാങ്ങേണ്ടിവന്നു. ഇതിലൊക്കെ മാധ്യമങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. എന്നാല്‍ ബഹുനില കെട്ടിടങ്ങള്‍ മംഗളവനത്തിനടുത്തായി ഉയര്‍ന്നുവരുന്നത് ദേശാടനപക്ഷികള്‍ക്ക് ഭീഷണിയാണ്. പക്ഷികളുടെ ലാന്റിംഗ് പാറ്റേണ്‍ അനുസരിച്ച് പല ബഹുനില കെട്ടിടങ്ങളും അവയ്ക്ക് ശല്യം ചെയ്യുന്നുണ്ട്. പക്ഷികളുടെ സഞ്ചാരപദത്തിന് തടസ്സം നേരിട്ടാല്‍ പക്ഷികള്‍ മംഗളവനത്തില്‍ വരുന്നത് ഒഴിവാക്കി മറ്റു സ്ഥലങ്ങള്‍ കണ്ടെത്തും. കുട്ടനാട് കൊയ്ത്തിന്റെ സമയമാകുമ്പോള്‍ ഉണ്ടാകുന്ന പ്രാണിശല്യം അകറ്റുവാന്‍ നൂറുകണക്കിന് ദേശാടനപക്ഷികളാണ് സഹായിക്കുന്നത്. ഈ പക്ഷികളുടെ ഈറ്റില്ലമായാണ് മംഗളവനത്തെ കാണുന്നത്. അവയ്ക്കുള്ള ഭക്ഷണവും സുരക്ഷിതത്വവും മംഗളവനത്തിന് നല്‍കാനായി അവ മംഗളവനം തെരഞ്ഞെടുക്കുന്നു. അവയ്ക്ക് ശല്യമായി ബഹുനിലകെട്ടിടങ്ങള് ഇനിയും ഉയര്‍ന്നുവന്നാല്‍ മംഗളവനത്തിലെ ദേശാടനപക്ഷികളുടെ വരവ് എന്നെന്നേയ്ക്കുമായി നിലയ്ക്കും.
1999 ല്‍ മാത്രം 41 തരം പക്ഷികള്‍ മംഗളവനത്തില്‍ കൂടുകൂട്ടിയതായി പക്ഷി നിരീക്ഷകര്‍ പറയുന്നു. ആയിരക്കണക്കിന് കിലോമീറ്റര്‍ ദിവസങ്ങളോളം ഇടതടവില്ലാതെ പറന്ന് വിശ്രമത്തിനായി മംഗളവനത്തില്‍ ചേക്കേറുന്ന പക്ഷികള്‍ക്കായി മംഗളവനത്തിന്റെ വിസ്തീര്‍ണ്ണം വ്യാപിപ്പിക്കണം. കൊച്ചി വളരുകയാണ്. ലക്ഷങ്ങളില്‍നിന്നും ദശലക്ഷത്തിലേയ്ക്കാണ് നഗരത്തിലെ ജനസംഖ്യ വളരുന്നത്. ജനസംഖ്യാനുപാതികമായി കൊച്ചിയില്‍ അവശ്യംവേണ്ട മരങ്ങളോ പച്ചപ്പോ അവശേഷിക്കുന്നില്ല. നഗരവാസികള്‍ വായുമലിനീകരണംമൂലം ശ്വാസകോശ സംബന്ധമായ അസുഖങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ്. ടൗണ്‍ പ്ലാനിംഗ് നിയമമനുസരിച്ചുള്ള പാര്‍ക്കുകളിലെ മരങ്ങളോ പൊതുസ്ഥലങ്ങളിലെ മരങ്ങളോ നമുക്കില്ലാതായിട്ട് നാളേറെയായി. അതുകൊണ്ട് തന്നെ മംഗളവനത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നു. നഗരത്തില്‍ നടന്ന സെന്‍സസില്‍ വെറും 5000 ത്തില്‍ താഴെ മരങ്ങളാണ് കൊച്ചി നഗരത്തിലെ വിവിധ വാര്‍ഡുകളില്‍ പൊതുസ്ഥലങ്ങളിലുള്ളതായി എണ്ണിത്തിട്ടപ്പെടുത്തിയത്. ഇത് നഗരവാസികളുടെ പ്രാണവായു ലഭ്യതയ്ക്ക് അപര്യാപ്തമാണ്. അതുകൊണ്ട് മംഗളവനം വികസിപ്പിക്കുകയും കൂടുതല്‍ കണ്ടലുകള്‍ പിടിപ്പിക്കുകയും കൂടുതല്‍ വേലിയേറ്റ വേലിയിറക്ക കായല്‍ ജലത്തിന് മംഗളവനത്തില്‍ കയറിയിറങ്ങാന്‍ സൗകര്യം ഒരുക്കുകയും വേണം.
കൊച്ചി മെട്രോ റെയിലിന് വേണ്ടി നടത്തിയ പരിസ്ഥിതി ആഘാതപഠനത്തില്‍ റെയിലിനുവേണ്ടി മുറിച്ചുമാറ്റപ്പെടുന്ന 477 മരത്തിന് പകരം ഒരുമരത്തിന് പത്ത് മരം വെച്ചുപിടിപ്പിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അതിനായി മംഗളവനത്തോട് ചേര്‍ന്ന് ഭാരത് പെട്രോളിയം കമ്പനി ഇരുമ്പനത്തേയ്ക്ക് മാറിയപ്പോള്‍ ഒഴിവുവന്ന സ്ഥലം 4770 മരം വച്ചുപിടിപ്പിക്കുവാന്‍ ആയിരം മരത്തിന് ഒരു ഹെക്ടര്‍ എന്ന കണക്കില്‍ 4.7 ഹെക്ടര്‍ ഉപയോഗിക്കണമെന്നും എടുത്തുപറയുന്നുണ്ട്. ഈ പദ്ധതി നടപ്പാക്കിയാല്‍ കൊച്ചിയ്ക്ക് കൂടുതല്‍ ഓക്സിജന്‍ ലഭിക്കും. മംഗളവനം സംരക്ഷണമെന്നപേരില്‍ ഇന്ന് നടക്കുന്ന പരിപാടികള്‍ മംഗളവനത്തിന് കത്തിവയ്ക്കുന്ന നടപടികളാകരുത്. ഈ മഴക്കാലത്ത് 1000 കണ്ടലുകളെങ്കിലും മംഗളവനത്തിനകത്ത് അധികം നട്ട് മാതൃക കാണിക്കുവാന്‍ സന്നദ്ധ സംഘടനകളും അവ സംരക്ഷിച്ച് മംഗളവന സംരക്ഷണത്തില്‍ വനംവകുപ്പും പങ്കാളികളാകണം. മംഗളവനത്തെ വനംവകുപ്പിന്റെ വക നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെയ്ക്കണം. ഇക്കോ ടൂറിസമെന്ന പേരില്‍ മംഗളവനത്തെ വികസിപ്പിച്ച് ഇല്ലാതാക്കരുത്. മംഗളവനം വനം വകുപ്പിന്റെ ഗസ്റ്റ് ഹൗസ് ആക്കരുത്. മരങ്ങള്‍ കത്തിയ്ക്കുന്നതും ഭൂമി കയ്യേറുന്നതും തടഞ്ഞ് മംഗളവനത്തെ രക്ഷിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: