രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍ന്ന സംഭവം സജീവ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. മത്സ്യത്തൊഴിലാളികുടുംബങ്ങള്‍ക്ക് ഒരുകോടി വീതവും ബോട്ടുടമയ്ക്ക് 17 ലക്ഷം രൂപയും നല്‍കാമെന്ന ധാരണയിലാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ കരാറുണ്ടാക്കിയിട്ടുള്ളത്. ഇറ്റാലിയന്‍ കപ്പലില്‍ സുരക്ഷയ്ക്കായി വന്ന രണ്ടു നാവികരാണ് പ്രതികള്‍. അവര്‍ ജയില്‍മോചിതരാകുന്ന നിമിഷത്തിന് കാത്തിരിക്കുകയാണ്. കേസിന്റെ ആരംഭത്തില്‍ തന്നെ ഒരുപാട് ദുരൂഹതകള്‍ക്ക് അവസരം ഒരുക്കിയിരുന്നു. കേസ് ദുര്‍ബലമാക്കാന്‍ ബോധപൂര്‍വം കേന്ദ്ര-കേരള സര്‍ക്കാരുകള്‍ പെരുമാറി. കേരളപോലീസിന്റെ എഫ്ഐആര്‍ തന്നെ കേസ് അട്ടിമറിക്കാന്‍ പര്യാപ്തമായതാണെന്ന ആക്ഷേപമുയര്‍ന്നിരുന്നു. വത്തിക്കാനില്‍ നിന്നുള്ള നിര്‍ദേശവും നിര്‍ബന്ധവും മൂലം ചില പളളിമേധാവികളും കേന്ദ്രമന്ത്രിമാര്‍ പോലും കള്ളക്കളി നടത്തി. ഒടുവിലിതാ ലജ്ജകരമാം വിധം കേസ് പിന്‍വലിക്കാനുള്ള സാഹചര്യവും ഉണ്ടാക്കി. ഇത് ഉന്നതതലത്തിലുള്ള സമര്‍ഥമായ നീക്കത്തിലൂടെ നടത്തിയ നാടകമാണെന്ന കാര്യത്തില്‍ ലവലേശം സംശയമില്ല. കേന്ദ്രവും കേരളവും അറിയാതെ കൊലക്കേസ് കക്ഷികള്‍ ചേര്‍ന്ന് രാജിയാകുന്ന സംഭവം കേട്ടുകേള്‍വിയുള്ളതാണോ ? ഏതെങ്കിലും രാജ്യത്ത്, പ്രദേശത്ത് ഇന്ന് ഇമ്മാതിരി ഏര്‍പ്പാടുണ്ടോ ? ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യക്ക് നാണക്കേടാണിതുണ്ടാക്കിയത്. നീതിന്യായവ്യവസ്ഥകളെ അവഹേളിക്കുകയാണ് ഇവിടെ ചെയ്തിട്ടുള്ളത്. ഇങ്ങനെ വന്നാല്‍ പോക്കറ്റില്‍ കനമുള്ളവന് ആരെയും കൊന്ന് തള്ളാമെന്ന സാഹചര്യമല്ലേ ഉണ്ടാവുക. ഇറ്റലിക്കാരി പ്രസിഡന്റായ പാര്‍ട്ടി ഭരിക്കുമ്പോള്‍ ഇന്ത്യയില്‍ എന്തുമാകാമെന്നാണോ ? തടവിലായ രണ്ട് ഇറ്റലിക്കാര്‍ക്കായി അവിടത്തെ സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് മാതൃകാപരമാണ്. ഉദ്യോഗസ്ഥരും മന്ത്രിമാരും നയതന്ത്ര വിദഗ്ധരുമെല്ലാം ദല്‍ഹിയിലും കൊല്ലത്തും തിരുവനന്തപുരത്തുമെല്ലാം പറന്നെത്തി.
കിട്ടാവുന്നവരെയെല്ലാം കണ്ടു. മുട്ടാവുന്ന വാതിലുകളെല്ലാം മുട്ടി. അവര്‍ അവരുടെ പൗരന്മാര് കൊലക്കേസ് പ്രതികളാണെങ്കില്‍ പോലും അവര്‍ക്കു വേണ്ടി എത്ര കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. എന്നാല്‍ നമ്മുടെ സര്‍ക്കാരുകള്‍ ചെയ്തതോ ? നാണംകെട്ട നടപടികള്‍. പ്രതികള്‍ക്ക് പഞ്ചനക്ഷത്ര സംവിധാനങ്ങള്‍. പ്രതികളെ കാണാനെത്തുന്നവര്‍ക്ക് ആര്‍ഭാടപൂര്‍വമായ സ്വീകരണം. പ്രതികളുമായി കെട്ടിപ്പിടിക്കാന്‍ അവസരം. ചിത്രമെടുക്കാന്‍ സൗകര്യം. ഒടുവിലിതാ പള്ളിമേധാവികളുടെ ഒത്താശയോടെ പരാതിയുമില്ല പരിഭവവുമില്ല നമുക്ക് പണം മതി എന്ന അവസ്ഥയിലുമായിരിക്കുന്നു. മത്സ്യബന്ധനത്തിന് പോയ ബോട്ടുടമ 17 ലക്ഷത്തിനുവേണ്ടി ബോട്ടില്‍ ജീവനോടെ എത്തിയവരെ പോലും സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നു. കപ്പലില്‍ നിന്നാണോ വെടിവച്ചതെന്നതിന് ഉറപ്പില്ലെന്നാണ് ഒടുവില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. ആദ്യം പറഞ്ഞതിന് നേര് വിപരീതമാണിത്. മരണപ്പെട്ടവര്‍ക്ക് ഒരുകോടി എന്നത് ഇറ്റാലിയന്‍ നിയമപ്രകാരം വലിയ പിഴയൊന്നുമല്ല. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി വീതം നല്കി കേസൊതുക്കാന്‍ മറ്റാരെങ്കിലും കൂടുതല്‍ പണം പറ്റിയോ എന്നറിയേണ്ടതുണ്ട്. പള്ളിക്കാരതിലുണ്ടോ അതോ സര്‍ക്കാര്‍ വക്കീലന്മാരാണോ, കേന്ദ്രസംസ്ഥാനമന്ത്രിമാരാണോ ഇടനിലക്കാരായത് ? ഇതൊക്കെ വിശദവും വിദഗ്ദധവുമായ ഒരന്വേഷണത്തിലൂടെ മാത്രമേ പുറത്തു കൊണ്ടുവരാന്‍ സാധിക്കൂ. കള്ളക്കളിയും വ്യക്തമായ നിര്‍ദ്ദേശവും ഇല്ലാതെ സര്‍ക്കാര്‍ വക്കീല്‍ ഇറ്റലിക്കാര്‍ക്ക് സഹായകരമായ വാദമുഖങ്ങള്‍ നിരത്തുമോ ? പണത്തോടുള്ള കൊതിയും വെള്ളക്കാരനു മുന്നില്‍ ഓച്ഛാനിച്ചു നില്ക്കുന്ന ശീലവുമാണ് ഇവിടെ പ്രകടമായത്. അതുകൊണ്ടുതന്നെ ഹൈക്കോടതി നിരീക്ഷണവും വിമര്‍ശനവും പ്രസക്തവും അവസരോചിതവുമാണ്.
ഇറ്റാലിയന്‍ കപ്പലില്‍ നിന്നും വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ സായിപ്പിനെ കണ്ടപ്പോള്‍ കവാത്തു മറന്നുവോ എന്നാണ് കോടതി ചോദിച്ചത്. വെടിവയ്പ്പ് കേസില്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പ് ഉണ്ടാക്കിയതായും അതിനാല്‍ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്നുമുള്ള ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി അതിരൂക്ഷമായി വിമര്‍ശനം നടത്തിയിട്ടുള്ളത്. കേസില്‍ കക്ഷി ചേര്‍ന്നതിനു ശേഷം ഇപ്പോള്‍ പിന്മാറുന്നതിലൂടെ കോടതിയുടെ വിലപ്പെട്ട സമയമാണ് പാഴാക്കിയത്. ക്രിമിനല്‍ കേസുകളില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെടിവയ്പ്പ് കേസില്‍ കക്ഷി ചേരേണ്ടതില്ലെന്ന് കോടതി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ ഹര്‍ജിക്കാര്‍ അത് ചെവിക്കൊണ്ടില്ല. കോടതിച്ചെലവ് ഹര്‍ജിക്കാരില്‍ നിന്ന് ഈടാക്കേണ്ടതാണെന്നും ഹൈക്കോടതി ബഞ്ച് അഭിപ്രായപ്പെട്ടത് പ്രോത്സാഹനജനകമാണ്. നഷ്ടപരിഹാരം ലഭിക്കുന്നതോടെ ഇറ്റാലിയന്‍ കപ്പലായ എന്റിക്കലെക്സിക്ക് എതിരെയുള്ള എല്ലാ കേസുകളും ബോട്ടുടമ ഫ്രെഡ്ഡി പിന്‍വലിക്കും. അതോടെ പ്രതികള്‍ക്കും കപ്പലിനും ഇന്ത്യന്‍ തീരം വിട്ടു പോകാന്‍ അവസരം ലഭിക്കും. രാജ്യത്തിന്റെ അന്തസ്സിനു ചേരുന്നതോ ആത്മാഭിമാനം കാക്കുന്നതോ ആയില്ല ഈ കേസ്. ഇതിന്റെ പിന്നിലെ കള്ളക്കള്ളി വെളിച്ചത്തു വരണം. നമ്മുടെ പൗരന്മാര്ക്കും അവരുടെ ജീവനും നിലയും വിലയുമുണ്ടെന്ന് ബോധ്യപ്പെടുത്തണം. തൊലി വെളുപ്പും തോക്കില്‍ ഉണ്ടയുമുണ്ടെങ്കില് ഇന്ത്യാക്കാരെ അപമാനിക്കാം ജീവനെടുക്കാം എന്ന അവസ്ഥ അനുവദിക്കാന്‍ പാടില്ല. അത്തരം കൃത്യങ്ങള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും കൂട്ടു നില്‍ക്കുന്നവരെ കുറിച്ചും ജനം അറിയണം. അതിനായി സമഗ്ര അന്വേഷണം കൂടിയേ തീരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: