ഏതെങ്കിലും തരത്തിലുള്ള ന്യൂനതയോ തെറ്റോകൊണ്ടു ദൂഷിതമാകാതെ ലോകത്തിലെ ഏറ്റവും പ്രാചീനമായ ധര്മഗ്രന്ഥങ്ങളായി വേദങ്ങള്‍ നിലകൊള്ളുന്നു. അവയിലെ ശാസനങ്ങളും ഒപ്പം മറ്റു വൈദിക ഗ്രന്ഥങ്ങളിലെ നിര്‍ദ്ദേശങ്ങളും അനുസരിക്കാനുള്ള അവകാശം ഓരോ മനുഷ്യനുമുണ്ട്. ശ്രുതി(വേദങ്ങളും ഉപനിഷത്തുകളും) യും സ്മൃതി(വേദാന്തസൂത്രം, പുരാണങ്ങള്‍, രാമായണവും മഹാഭാരതവും പോലുള്ള ഇതിഹാസങ്ങള്‍, പഞ്ചരാത്രങ്ങള്‍, അവസാനമായി ശ്രീമദ്ഭാഗവതം)യും ചേര്‍ന്നതാണു വൈദികസാഹിത്യം. ശ്രീമദ്ഭാഗവതം വേദാന്തസൂത്രത്തിന്റെ സ്വാഭാവിക വ്യാഖ്യാനമാണ്. ജീവിതം പരിപൂര്ണ്ണമാക്കിത്തീര്ക്കാനുള്ള വിദ്യാഭ്യാസം അത് നമുക്ക് പ്രദാനം ചെയ്യുന്നു. സമീപകാലത്ത് സ്മൃതിപാഠങ്ങള്ക്കു വളരെ പ്രാമുഖ്യം സിദ്ധിച്ചിരിക്കുന്നു. അവ മനുഷ്യന്റെ ചിന്തയേയും പ്രവൃത്തിയേയും സ്വാധിനിച്ചിട്ടുമുണ്ട്. സാമൂഹികവും ധാര്‍മ്മികവുമായ നന്നാലു ജീവിതക്രമങ്ങള്‍ക്ക്, അതായത് വര്‍ണാശ്രമ ധര്‍മ്മങ്ങള്‍ക്ക് ഈ വൈദികഗ്രന്ഥങ്ങള്‍ പൂര്‍ണമായും പിന്തുണ നല്കുന്നു. എന്നാല്‍ വൈദികഗ്രന്ഥങ്ങള്‍ തീരെ പിന്തുണയ്ക്കാത്ത നീരീശ്വര സങ്കല്പമാണ് ഇന്നു വര്ണാശ്രമങ്ങളെന്ന പേരിലറിയപ്പെടുന്നത്. യഥാര്‍ത്ഥ വര്‍ണാശ്രമം ജന്മാധിഷ്ഠിതമല്ല; അതു ജനങ്ങളുടെ ഗുണങ്ങളേയും കര്‍മ്മങ്ങളേയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്നത്തെ ആസുരമായ ജാതി സമ്പ്രദായം പരിപാലിച്ചുകൊണ്ട് വൈദികഗ്രന്ഥങ്ങളിലെ ലക്ഷ്യം നേടാനാവില്ല. ദൈവീവര്ണാശ്രമം, അതായത് അതിന്ദ്രിയ വര്‍ണാശ്രമ സമ്പ്രദായം അതരിപ്പിച്ചാല് മാത്രമേ വൈദിതഗ്രന്ഥങ്ങളുടെ ലക്ഷ്യം കൈവരിക്കാനാകൂ. ഇത് മനുഷ്യവര്‍ഗ്ഗത്തെ മുക്തിയിലേക്കു നയിക്കും.
ഗംഭീരമായ മതശാസനങ്ങളുടെ യഥാര്‍ത്ഥ പൊരുളുമായി സ്വാര്ഥലക്ഷ്യങ്ങളെയും വഞ്ചനാഭാവങ്ങളേയും പൊരുത്തപ്പെടുത്താന്‍ ഒരു വിഷമവുമില്ല. ഇതു സംഭവിക്കുമ്പോള്‍ ജനങ്ങള്‍ പ്രകടപരമായ ധാര്‍മികത, ഭൗതികലാഭം, വിഷയസുഖം, നിര്വ്യക്തിഗതമുക്തി എന്നിവ ആഗ്രഹിച്ചു തുടങ്ങും. നേരെ മറിച്ച് മതാനുശാസനങ്ങളുടെ ആത്മാര്‍ത്ഥമായ അനുഷ്ഠാനം നമ്മെ സര്‍വ്വവിധമായ ജീവിത വിജയത്തിലേയ്ക്കു നയിക്കുന്നു.
മുക്തിയിലേക്കുള്ള ആദ്യത്തെ കാല്‍വയ്പു കൊണ്ടുമാത്രം ആയില്ല, ഈ ജീവിതകാലത്തു തന്നെ അന്തിമലക്ഷ്യം പ്രാപിക്കാന്‍ നാം കഠിനാദ്ധ്വാനം ചെയ്യണം. ഈ ലക്ഷ്യം നേടാന്‍ വേദങ്ങളിലും വൈദിക സാഹിത്യങ്ങളിലും നിഷ്ണാതനായ ഒരു ആധ്യാത്മികാചാര്യനെ സമീപിച്ച് വൈദികനിയമങ്ങള് എങ്ങനെ പിന്തുടരണമെന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക എന്നതു കൂടിയേ തീരൂ. ഈ നിയമങ്ങള്‍ ബദ്ധാത്മാക്കള്ക്കു വേണ്ടിയുള്ളതാണ്, ഭഗവത്പാദാരവിന്ദങ്ങളെ പൂര്‍ണമായും അഭയം പ്രാപിച്ചിരിക്കുന്ന മൂക്താത്മാക്കള്ക്കുള്ളതല്ല. അവര്‍ വൈദിക ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും അതീതരായിത്തീര്ന്നിരിക്കുന്നു.
ഭക്തിവേദാനന്ത സ്വാമിപ്രഭുപാദര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: