ദേശീയപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയിലും വികാസത്തിലും കനപ്പെട്ടസംഭാവനകള് നല്കിയ നിരവധി സഹപ്രവര്‍ത്തകര്‍ ഇക്കഴിഞ്ഞ ആഴ്ചകളില്‍ നമ്മെവിട്ടുപിരിഞ്ഞു. പലരും തങ്ങളുടെ ജീവിതത്തിന്റെ ഏറ്റവും നല്ല, സുവര്ണയൗവനത്തില് സംഘപ്രവര്‍ത്തനത്തില്‍ കഴിഞ്ഞവരായിരുന്നു. തങ്ങളുടെ തൊഴില്‍ രംഗങ്ങളിലും സംഘടനാ മേഖലകളിലും അവര്‍ സംഘത്തിന്റെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചവരായിരുന്നു. സംഘപഥത്തിലെ പഥികരായി അവര്‍ വളരെക്കാലം മുന്നേറി.
കാഞ്ഞങ്ങാട്ടെ പ്രമുഖ വ്യാപാര സ്ഥാപനം നടത്തിവന്ന ഉമാനാഥ കമ്മത്തിനെയാണ് ആദ്യം ഓര്‍മയില്‍ വരുന്നത്. അദ്ദേഹത്തിന്റെ ചരമവാര്‍ത്ത അറിഞ്ഞത് വളരെ വൈകിയായിരുന്നു. ജനസംഘസംഘടനാകാര്യദര്ശിയെന്നനിലയ്ക്കു കാഞ്ഞങ്ങാട്ട് പരമേശ്വര്‍ജിയോടൊപ്പം ആദ്യം പോയപ്പോള്‍ താമസിച്ചത് അദ്ദേഹത്തിന്റെ ഹൊസദുര്ഗയിലുള്ള വസതിയിലായിരുന്നു. അവിടത്തെ ആദ്യകാല സ്വയംസേവകരായിരുന്ന നാമദേവ കമ്മത്ത് വിശ്വനാഥകമ്മത്ത്, രഘുവീര്കമ്മത്ത് തുടങ്ങിയവരുമായിനേരത്തെ പരിചയമുണ്ടായിരുന്നു. ബിജെപിയുടെയും ജനസംഘത്തിന്റെയും സമുന്നത പദവികള്‍ വഹിച്ച ഉമാനാഥ റാവുവിനോടൊപ്പമാണ് എന്റെ സംഘശിക്ഷാവര്‍ഗ് നടന്നത്. പ്രമുഖ വ്യാപാരിയായിരുന്ന സുബ്ബറായ നായക്കുമായും അടുത്ത സൗഹൃദമുണ്ടായിരുന്നു. 1970ലെ ഇടക്കാലനിയമസഭാതെരഞ്ഞെടുപ്പില് സ്ഥാനാര്‍ത്ഥിയായി കെ.ജി.മാരാര്‍ജി മത്സരിക്കണമെന്ന് തീരുമാനിക്കാന്‍ ഹൊസദുര്‍ഗ ടൗണില്‍ ചേര്‍ന്ന ബൈഠക്കില്‍ ഇവരൊക്കെയുണ്ടായിരുന്നു. 1942 കാലത്ത് തന്നെ ഹൊസദുര്‍ഗയില്‍ സംഘ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ഇവരൊക്കെയാണ് സജീവമായി പ്രവര്‍ത്തിച്ചത്. അന്നുദക്ഷിണകര്ണാടകജില്ലയിലാരുന്നതിനാല് അവിടെ ശാഖയിലെ ഭാഷയും കന്നടം തന്നെയായിരുന്നു. തൃക്കാരിപ്പൂര്വരെ ദക്ഷിണ കന്നട ജില്ല അന്നുണ്ടായിരുന്നു. പണ്ടു മംഗലാപുരത്തിനു തെക്കുള്ള ഏറ്റവും പ്രാധാനവിദ്യാലയം നിലേശ്വരം രാജാസ് ഹൈസ്കൂളായിരുന്നു. അവിടെ പഠിച്ചവരായി ഒട്ടേറെകന്നട സാഹിത്യകാരന്മാരുമുണ്ടായിരുന്നു. ഇന്നുമുണ്ട്.
ഉമാനാഥകമ്മത്തിന്റെ വിട്ടിലെ താമസം വളറെ ഹൃദ്യമായിരുന്നു. മാരാര്‍ജിയുടെ തെരഞ്ഞെടുപ്പിന്റെ കാലത്ത് പതവണ അവിടെതാമസിച്ചിട്ടുണ്ട്. ഊണുകഴിക്കുമ്പോള്‍ മോരിനും, തൈരിനും പകരം പാല്‍തന്നെ ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ വീട്ടില്‍ ആണ് ആദ്യമായി കണ്ടത്. അതാകുമ്പോള്‍ പായസം വേറെ വേണ്ടല്ലോ എന്നുപറഞ്ഞാണ് ആസ്വദിച്ചത്. 1948 ലെ സംഘസത്യാഗ്രഹത്തില്‍ പങ്കെടുത്ത് ജയില്‍ശിക്ഷ അനുഭവിച്ചവരില്‍ അദ്ദേഹമുമാണ്ടായിരുന്നു. സത്യാഗ്രഹികളെ നേരിടാന്‍ മംഗാലപുരത്ത് എംഎസ്പിയെ ആണു നിയോഗിച്ചിരുന്നത്. അവരാകട്ടെ തങ്ങളുടെ മര്‍ദ്ദനമുറകള്‍ നിര്‍ലോപം സത്യഗ്രഹികളുടെ മേല്‍ അഴിച്ചുവിടുകയും ചെയ്തിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് അയയ്ക്കപ്പെട്ടത്. എല്ലാവരും പരവശരായിരുന്നു. ഞാന്‍ പരിചയപ്പെടുന്ന കാലത്തുതന്നെ ഉമാനാഥകമ്മത്ത് സജീവപ്രവര്‍ത്തനത്തില്‍നിന്ന് വിരമിച്ചിരുന്നുവെങ്കിലും സംഘം മുന്നില്‍നിന്ന് ഏറ്റെടുത്ത സംരംഭങ്ങള്‍ക്ക് മുന്നില്ക്കുന്നവരില്പെട്ടു. സേവാസംരംഭമായ വിവേകാനന്ദ സേവാകേന്ദ്രത്തിന്റെ തുടക്കക്കാരിലുംപ്പെട്ടിരുന്നു. 2001ല്‍ കാഞ്ഞങ്ങാട് ദുര്‍ഗാ ഹൈസ്കൂളില്‍ സംഘശിക്ഷാവര്‍ഗ് നടന്നപ്പോള്‍ അവിടെ ഉമാനാഥ കമ്മത്തിനെ കാണാനും പഴയകാര്യങ്ങളെ ഓര്‍ക്കാനും സാധിച്ചു. അവശനിലയില്‍ കഴിഞ്ഞിരുന്ന കാഞ്ഞങ്ങാട്ടെ ആദ്യസ്വയം സേവകന് നാമദേവകമ്മത്തിനെ സന്ദര്‍ശിക്കാനും അദ്ദേഹത്തൊടൊപ്പം പോയി. ഒട്ടേറെ അവസ്മരണിയനിമിഷങ്ങള് തന്നെ കാഞ്ഞങ്ങാട്ട് പിന്നെ പോകാന്‍ അവസരം കിട്ടിയില്ല.
സുബ്ബരായനായിക്കിന്റെ മകന് ഡോ.രാമദാസ് നായക് ഹൃദ്രോഗ ചികിത്സാവിദഗ്ധനാണ്. ആഞ്ജിയോപ്ലാസ്റ്റി വിഭാഗത്തില്‍ അമൃതാ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ അദ്ദേഹത്തെ കൂടുതല്‍ അടുത്തുപരിചയപ്പെട്ടു. കോട്ടച്ചേരിക്കടുത്ത സുബ്ബറായനായിക്കിന്റെ വീട്ടില്‍പോയപ്പോള്‍ മകന്റെ കാര്യം പറഞ്ഞിരുന്നു. രാമദാസ് ഇപ്പോള്‍ തൊടുപുഴയിലെ സെന്റ് മേരീസ് ആസ്പത്രിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഞാന്‍ രണ്ടുമാസം കൂടുമ്പോള്‍ പതിവ് പരിശോധനയ്ക്കുപോകുമ്പോള് അദ്ദേഹത്തെയും കാണാറുണ്ട്. പഴയ ധാരാളം ഓര്‍മകള്‍ പങ്കുവെക്കാന്‍ അതവസരം തരുന്നു.
ഇതിനിടെ കോഴിക്കോട്ട് മുന്‍കാലങ്ങളിലെ പഴയ പ്രവര്‍ത്തകനും പഴക്കം ചെന്ന വക്കീല്‍ ഗുമസ്തനുമായിരുന്ന എന്‍.പി.ശങ്കരന്റെ മരണവൃത്താന്തവും അറിഞ്ഞു. ശങ്കരനെക്കുറിച്ചും വളരെയേറെ ഓര്‍മകള്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ശങ്കര്‍ ശാസ്ത്രിജി മലബാര്‍ പ്രചാരകനയായിരുന്ന 1940കള്‍ മുതല്‍ സജീവമായിരുന്നു സംഘത്തില്‍ ശങ്കരന്. കോഴിക്കോട്ട് പ്രമുഖ അഭിഭാഷകന് രത്നസിംഗിന്റെ ഗുമസ്ഥന് എന്നനിലയ്ക്കും അദ്ദേഹത്തിന്റെ സേവനം സംഘപ്രസ്ഥാനങ്ങള്‍ക്ക് ലഭിച്ചു. വക്കീലിനെക്കാള്‍ പ്രാധാന്യം ഗുമസ്ഥന് എന്നു തോന്നത്തക്കവിധം കക്ഷികളെ കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹത്തിന് സാമര്‍ത്ഥ്യമുണ്ടായിരുന്നു.
മാവൂര്‍ ഗ്വാളിയര്‍ റയണ്‍സ് കമ്പനിയുടെ സമീപത്ത് ബിഎംഎസ് തൊഴിലാളികളും സിഐടിയുക്കാരും തമ്മിലുണ്ടായ സംഘര്‍ഷം 1968ല്‍ വളരെ ഗുരുതരമായ അവസ്ഥയുണ്ടാക്കിയിരുന്നു. സംഘപരിവാറില്‍പ്പെട്ട ഒട്ടേറെപ്പേര്‍ പ്രതികളായ ഒരു കേസ് അതിന്റെ ഫലമായി ഉണ്ടായി. അന്നു കോടിക്കോട്ടെ ജനസംഘകാര്യാലയത്തിന്റെ ചുമതല മണ്ടിലേടത്തു ശ്രീധരനും, കെ.ജി.വാധ്യാരും ചേര്‍ന്നാണ് നടത്തിയത്. കേസ് വളരെ പ്രമാദമായിത്തീരുമെന്നുറപ്പായതിനാല് അവര്‍ ശങ്കരന്റെ ഉപദേശം തേടുകയും അന്നത്തെ പ്രസിദ്ധ അഭിഭാഷകനായിരുന്ന കെ.കുഞ്ഞിരാമമേനോനെ കേസ് ഏല്പിക്കാന് തീരൂമാനിക്കുകയും ചെയ്തു. ശ്രീധരേട്ടനും വാധ്യാര്‍ജിയും, അദ്ദേഹത്തെകണ്ട് റീട്ടെയിനര്‍ എന്ന നിലക്കു ഒരുതുക നല്‍കുകയും ചെയ്തു. സാധാരണയായി മാര്‍ക്സിസ്റ്റുകാര്‍ക്കു വണ്ടി ഹാജരാകാറുള്ള അദ്ദേഹം ആ കേസില്‍ അവര്‍ക്കെതിരായി വാദിച്ചു. രത്നസിംഗും ഏതാനും പ്രതികളുടെ വക്കാലത്ത് സ്വീകരിച്ചു. കേസിന്റെ വിചാരണസമയത്ത് കോടതിയില്‍ പോയപ്പോഴാണ് ഒരു വക്കീല്‍ ഗുമസ്ഥന് എങ്ങിനെയാണ് വക്കീലിനെയും കക്ഷികളെയും കൈകാര്യം ചെയ്യുന്നതെന്നറിഞ്ഞത്. അടിയന്തരാവസ്ഥക്കാലത്തു ഡിഐആര്കള്ളക്കേസില് ജയില്‍ വാസമനുഭവിച്ച് ഞങ്ങള്‍ ആറുപേരുടെ ഭാഗം കോടതിയില്‍ വാദിക്കാന്‍ എന്‍.പി.ശങ്കരന് രത്നസിംഗിന്റെ സഹ അഭിഭാഷകന് ബാലഗോപാലനെ ഏര്‍പ്പെടുത്താന്‍ സൗകര്യപ്പെടുത്തിത്തന്നു. ശ്രീധരനും ശങ്കരനും തന്നെയാണ് പ്രതികള്‍ക്കുവേണ്ടി വക്കീലിനെ വിവരങ്ങള്‍ ധരിപ്പിച്ചത്. ജയിലില്‍ നിന്നു പുറത്തുവന്ന് ബാലഗോപാല്‍ വക്കീലിനെ കാണാന്‍ പോയപ്പോള്‍ അദ്ദേഹം പഞ്ഞാണ് കാര്യം അറിഞ്ഞത്.
കോഴിക്കോട് 1967ല്‍ ജനസംഘത്തിന്റെ അഖിലഭാരത സമ്മേളനം നടന്നപ്പോള്‍, അതിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ ഒരു മഹിളാവിഭാഗം തയാറാക്കേണ്ടിയിരുന്നു. നഗരത്തിലെ പഴയ പല സ്വയംസേവകരുടെയും പത്നിമാരും, സഹോദരിമാരും, അമ്മമാരും, പരമേശ്വര്‍ജിയുടെയും, രാംദാവുഗോഡ് ബൊലേയുടെയും പ്രേരണയില്‍ ആ ചുമതലേറ്റെടുക്കാന് മുന്നോട്ടുവന്നു. അകൂട്ടത്തില് പ്രധാനപങ്കുവഹിച്ചവരില്‍ ശങ്കരന്റെ ഭാര്യ അഹല്യയും, സഹോദരി ലക്ഷ്മിയുമുണ്ടായിരുന്നു. അഹല്യാശങ്കര്‍ അടുത്തകാലം വരെ ബിജെപിയുടെ നേതൃനിരയില്‍ സജീവയായിരുന്നു. ലക്ഷ്മിയാകട്ടെ ആദ്യം ജനസംഘത്തിന്റെ പ്രവര്ത്തനത്തിലായിരുന്നെങ്കിലും, രാഷ്ട്രീസേവികാ സമിതി ആരംഭിച്ചപ്പോള്‍ അതിന്റെ ചുമതലയേറ്റെടുത്തു. സ്വഭവനത്തിലെ രണ്ടുപേര്‍ സജീവമായി പൊതുരംഗത്തു പ്രവര്‍ത്തിച്ചതിന് പ്രോത്സാഹനം നല്കിയ ആളായിരുന്നു എന്‍.പി.ശങ്കരന്.
ആദ്യമായി മത്സ്യപ്രവര്ത്തകര്ക്കിടയില് സംഘടനയുണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ ശങ്കരനും, അനുജന് കൃഷ്ണനും അതിനു മുന്നിട്ടിറങ്ങിയവരില്‍ പെട്ടു. പയ്യോളിയിലെ മേലടിക്കടപ്പുറത്തെ ആദ്യത്തെ ആലോചനായോഗത്തില്‍ പയ്യോളി, തിക്കോടി, കൊല്ലം, പുതിയാപ്പ, വെള്ളയില്‍, മാറാട് കടപ്പുറങ്ങളില്‍ നിന്നായി പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. അതിലും ശങ്കരന് വന്നിരുന്നുവെന്നാണോര്മ. കേരളത്തിലെ ആദ്യകാല സ്വയംസേവകരില്‍ പെട്ട ഒരാള്‍ കൂടി യാത്രയായി എന്നതാണ് അര്‍ത്ഥം.
അടൂരിലെ അഡ്വക്കറ്റ് മധുസൂദനന് നായര്‍ ബിജെപിയുടെ സംസ്ഥാന സമിതികളില്‍ സജീവസാന്നിധ്യമായിരുന്നു. അദ്ദേഹം ഇടിക്കിലോകസഭാ സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ പ്രചാരണത്തിന്റെ ഭാഗമായി ഞങ്ങളുടെ ഭാഗത്തുവന്നിരുന്നു. വളരെ പ്രായോഗികമതിയായ രാഷ്ട്രീയക്കാരന് ആയിട്ടാണ് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞത്. അദ്ദേഹത്തിന്റെ മകന് മഹേശ് ജേര്‍ണലിസം കോഴ്സ് കഴിഞ്ഞു കുറച്ചുകാലം ജന്മഭൂമിയില് ഉണ്ടായിരുന്നു. പിന്നീട് മാതൃഭൂമിയില്‍ ചേര്‍ന്നതായി അറിയാന്‍ കഴിഞ്ഞു. ബിജെപി സമിതികളില്‍ പക്വതയോടെ അഭിപ്രായപ്രകടനം നടത്തുന്ന ആളായിട്ടാണ് തോന്നിയിട്ടുള്ളത്.
ബിഎംഎസ്സിന്റെ സംസ്ഥാന സെക്രട്ടറിയും മാതൃകാ പ്രചരണാലയം ഡയറക്ടര്‍ ബോര്‍ഡംഗവുമായിരുന്ന എം.കെ.കമലനുമായി എനിക്കുള്ള പരിചയവും, ബന്ധവും വളരെ കുറവായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് പ്രസ്ഥാനത്തില്‍ നേടാന്‍ കഴിഞ്ഞ ആദരവും, പടിപടിയായ ഉയര്‍ച്ചയും അത്യന്തം ആദരവോടെ നോക്കിക്കൊണ്ടിരുന്നു. ബിഎംഎസ്സിനെ പല ഔദ്യോഗിക സമിതികളിലും വളരെ ഫലപ്രദമായി പ്രതിനീധികരിച്ചിരുന്ന ആളാണ് ശ്രീകമലന്, അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത തീരെ അപ്രതീക്ഷിതമായിരുന്നു. അതിനാല്‍ തന്നെ ദുഖകരവും. ഓര്‍മച്ചെപ്പില്‍ പതിഞ്ഞുകിടന്ന സഹപ്രവര്‍ത്തകരെ അനുസ്മരിക്കുന്നതിന് ഈ പംക്തി ഉപയോഗപ്പെടുത്തുകയാണ്.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: