ബഹുമാന്യനായ പ്രധാനമന്ത്രി നമ്മുടെ ഉന്നതമായ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്താല്‍ ഈ സമ്മേളനത്തെ ബഹുമാനിച്ചിരിക്കുന്നതില് എനിക്ക് അത്യധികം സന്തോഷമുണ്ട്. ലേബര്‍ പാര്‍ലമെന്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സിന് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് സാമ്പത്തിക തൊഴില്‍ മേഖലകള്‍ തികച്ചും യാതനാനിര്‍ഭരമായ ഒരു കാലഘട്ടത്തില്‍ കൂടി കടന്നുപോകുമ്പോള്‍. അസംഘിടത മേഖലയിലെ കോടിക്കണക്കിന് തൊഴിലാളികളുടെ പ്രശ്നങ്ങളും, സംഘടിതമേഖലയിലെ കരാര്‍ തൊഴിലാളികളുടെ പ്രശ്നങ്ങളും, ആണ് ഏറ്റവും ശ്രദ്ധവെയ്ക്കേണ്ട രണ്ട് പ്രശ്നങ്ങള്‍. വളറെ ശ്രദ്ധയോടെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ സ്ഫോടനാത്മകമായ സ്ഥിതിവിശേഷം രാജ്യത്ത് സംജാതമാകും.
ഇന്ത്യ ആഗോളീകരണത്തിന്റെ രണ്ട് പതിറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു. ആഗോളീകരണം ഇന്ത്യയെ എങ്ങനെയെല്ലാം ബാധിച്ചു എന്ന് നിഷ്പക്ഷമായ വിലയിരുത്തല്‍ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒന്നു വ്യക്തമാണ്. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാത്ത സാമ്പത്തിക വളര്‍ച്ചയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. സംഘടിത മേഖല 8 ശതമാനത്തില്‍ നിന്നും 6 ശതമാനമായി കുറഞ്ഞിരിക്കുന്നു. ഇതിന്റെ അര്‍ത്ഥം രണ്ട് ശതമാനം തൊഴിലാളികള്‍ സുരക്ഷിതവും മാന്യവുമായ തൊഴിലില്‍നിന്നും പുറന്തള്ളപ്പെട്ടിരിക്കുന്നു എന്നാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലം തൊഴില്‍ നഷ്ടത്തിന്റേയും, അടച്ചുപൂട്ടലുകളുടേയും, കരാര്‍ തൊഴിലാളി വത്കരണത്തിന്റേയും കര്‍ഷക ആത്മഹത്യകളുടേയും കാലമായിരുന്നു. അസംഘടിത മേഖലയിലെ കോടിക്കണക്കിന് തൊഴിലാളികള്‍ക്ക് യാതൊരുവിധ സാമൂഹ്യസുരക്ഷാ പദ്ധതികളും ഈ കാലഘട്ടത്തില്‍ ഉണ്ടായില്ല. സമഗ്രവികസനം എന്നത് യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. അതിവേഗമുള്ള വളര്‍ച്ചയില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമാണുള്ളത്. എന്നാല്‍ സാമൂഹ്യസുരക്ഷാ പദ്ധതികളുടെ കാര്യത്തിലും ദാരിദ്ര്യനിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലും ഒക്കെ ലോകസൂചകങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യയിലെ നില നിരാശാജനകമാണ്. ഗ്രാമത്തില്‍ പ്രതിദിനം 15 രൂപ വരുമാനമുള്ളയാള്‍ ദാരിദ്ര്യരേഖയ്ക്കു മുകളിലാണെന്ന ആസൂത്രണ കമ്മീഷന്റെ നിലപാട് ഞെട്ടലുളവാക്കുന്നതാണ്.
രാജ്യത്തെ തൊഴില്‍ശക്തിയുടെ 94 ശതമാനം മതിയായ വേതനമോ, മറ്റ് സാമൂഹ്യസുരക്ഷയോ ലഭിക്കാതെ നരകിക്കുകയാണ്. 2008ല്‍ നിയമമാക്കിയ അസംഘിത മേഖലാ തൊഴിലാളികള്‍ക്കായുള്ള സാമൂഹ്യസുരക്ഷാ നിയമത്തിന്റെ ശരിയായ നടപ്പിലാക്കലിനുവേണ്ടി കാത്തിരിക്കുകയാണ്. സ്വാതന്ത്ര്യം ലഭിച്ച ഉടനെ, 1948ല്‍ നിയമിച്ച ന്യായ വേതനകമ്മറ്റി (കമ്മറ്റി ഓണ്‍ ഫെയര്‍ വേജസ്) രാജ്യത്ത് കഴിവതും വേഗം തന്നെ മതിയായ വേതനം (ലിവിംഗ് വേജസ്) നടപ്പിലാക്കണമെന്ന് ശുപാര്‍ശ ചെയ്യുകയുണ്ടായി. ആദ്യം മിനിമം വേജസ്, തുടര്‍ന്ന് ഫെയര്‍ വേജസ്, തുടര്‍ന്ന് മതിയായ വേതനം അഥവാ ലിവിംഗ് വേജസ് എന്നിങ്ങനെ ഘട്ടംഘട്ടമായി നടപ്പില്‍വരുത്തണം എന്നായിരുന്നു ശുപാര്‍ശ. ദീര്‍ഘമായ 63 വര്‍ഷത്തിനുശേഷം നാമിവിടെ ചര്‍ച്ചചെയ്യുന്നത് ഒരു ദേശീയ മിനിമം വേതനം പ്രായോഗികമാണോ എന്നാണ്. എപ്പോഴാണ് നാം മതിയായ വേതനം അഥവാ ലിവിംഗ് വേജസ്സിനെപ്പറ്റി ആലോചിച്ചു തുടങ്ങുക? സംസ്ഥാനങ്ങള്‍ തമ്മിലും വ്യവസായങ്ങള്‍ തമ്മിലും ജോലികള്‍ തമ്മിലും ഒക്കെ മിനിമം വേജസ്സില്‍ നിലനില്‍ക്കുന്ന അന്തരം സമീകൃതമായ വികസനത്തിന് തടസ്സം നില്‍ക്കുകയാണ്. കൂലി കുറച്ചുകൊടുത്ത് വിലയും ഗുണനിലവാരവും കുറഞ്ഞ സാധനങ്ങള്‍ ഉല്പാദിപ്പിക്കുന്ന ചൈനയുടെ രീതികള്‍ ഇന്ത്യ ഒരു കാരണവശാലും അനുകരിക്കരുത്.
പൊതുമേഖലാ സ്ഥാപനങ്ങളില്‍പോലും സ്ഥിരംതൊഴിലുകള്വരെ കരാര്‍തൊഴിലാളികളെ കൊണ്ട് എടുപ്പിക്കുകയാണ്. ജോലിസുരക്ഷയും, വേതനസുരക്ഷയും സാമൂഹ്യസുരക്ഷയും ഇല്ലാത്ത കരാര്‍തൊഴില്‍ സുരക്ഷിതവും മാന്യവും അല്ലാത്തതാണ്. താഴ്ന്ന വേതനവും തൊഴില്‍ സാഹചര്യങ്ങളും ഉള്ള കരാര്‍ തൊഴില്‍ സമ്പ്രദായം തികഞ്ഞ ചൂഷണമാണ്. നിയമപരമായ പല ബാധ്യതകളില്‍നിന്നും രക്ഷപ്പെടാന്‍ സ്വീകരിക്കുന്ന കരാര്‍ തൊഴില്‍ സമ്പ്രദായം അവസാനിപ്പിക്കുകതന്നെ വേണമെന്ന് ഭില്വാരകേസില് സുപ്രീം കോടതി തന്നെ അഭിപ്രായപ്പെടുകയുണ്ടായി. കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തി അവര്‍ക്ക് സ്ഥിരം തൊഴിലാളികളുടെ മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ വേണ്ടത് ചെയ്യാമെന്ന് കഴിഞ്ഞ ഐഎല്‍സി യോഗത്തില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നതാണെന്നും ഓര്‍മിക്കട്ടെ.
അംഗന്‍വാടി ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, ഉച്ചഭക്ഷണം തയ്യാറാക്കുന്നവര്‍ തുടങ്ങിയ ഗ്രാമീണ മഹിളാ തൊഴിലാളികള്‍ക്ക് ഓണറേറിയം എന്ന പേരില്‍ നാമമാത്രമായ വേതനം മാത്രമാണ് നല്‍കുന്നത്. ദരിദ്രഗ്രാമീണ വനിതകളോട് സര്‍ക്കാര്‍ ദയവായി സൗജന്യസേവനം ആവശ്യപ്പെടരുത് എന്ന് പറഞ്ഞുകൊള്ളട്ടെ. ഭരണാധികാരികളുടെ മൂക്കിന് താഴെ ദല്‍ഹിയില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ വീട്ടുവേലക്കാര്ക്ക് മതിയായ വേതനവും മറ്റ് സൗകര്യങ്ങളും നല്‍കാതെ ചൂഷണം ചെയ്യുകയാണ്. ഗ്രാമീണ മഹിളകളുടെ നിസ്സഹായതയാണ് ചൂഷണം ചെയ്യുന്നത് എന്നോര്‍ക്കുക. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ തൊഴില്‍ ഉടമകള്‍ക്ക് സര്‍ക്കാര്‍ കയ്യയച്ച് സഹായം ചെയ്തു. നഷ്ടത്തെ ഇതില്‍കൂടി സര്‍ക്കാര്‍ ദേശസാത്കരിക്കുകയും ലാഭത്തെ സ്വകാര്യവത്കരിക്കുകയും ചെയ്തു. സ്വകാര്യകമ്പനികളെ സഹായിച്ച സര്‍ക്കാര്‍, തൊഴിലാളികളുടെ പെന്ഷന് വര്‍ദ്ധിപ്പിക്കാന്‍വേണ്ടി പ്രോവിഡന്റ് ഫണ്ട് ബോര്‍ഡിനെ സഹായിച്ചില്ല എന്നുകൂടി ചൂണ്ടിക്കാണിക്കട്ടെ. തൊഴിലാളികള്‍ നികുതിനല്കുമ്പോള് വ്യവസായികള്‍ നികുതിവെട്ടിക്കുന്നു.
അന്താരാഷ്ട്ര തൊഴില്‍സംഘടന (ഐഎല്‍ഒ)യുടെ കണ്‍വന്‍ഷനുകള്‍ അംഗീകരിച്ച് നിയമമാക്കുന്നതില്‍ ഏറ്റവും പുറകില്‍ നില്ക്കുന്ന രണ്ട് രാഷ്ട്രങ്ങളാണ് ഇന്ത്യയും അമേരിക്കയും എന്ന് ഐഎല്‍ഒയുടെ 2010ലെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 189 ഐഎല്‍ഒ കണ്‍വന്‍ഷനുകളില്‍ 43 എണ്ണം മാത്രമാണ് ഇന്ത്യ അംഗീകരിച്ച് നിയമമാക്കിയിട്ടുള്ളത്. എട്ട് അടിസ്ഥാന കണ്‍വന്‍ഷനുകളില്‍ നാല് എണ്ണം മാത്രമേ ഇന്ത്യ നിയമമാക്കിയിട്ടുള്ളൂ. തൊഴിലാളികള്‍ക്ക് സംഘടിക്കുന്നതിനും കൂട്ടായ വിലപേശല്‍ നടത്തുന്നതിനും അവകാശം നല്കുന്ന കണ്വെന്ഷന്, ബാലതൊഴില്‍ 2016 ഓടെ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുള്ള കണ്വന്ഷന് തുടങ്ങിയ സുപ്രധാന കണ്‍വന്‍ഷനുകള്‍ ഇന്ത്യ നിയമമാക്കിയിട്ടില്ലെന്നോര്ക്കുക. ഐഎല്‍ഒ നിശ്ചയിക്കുന്ന അടിസ്ഥാന സൂചകങ്ങള്‍ക്ക് എല്ലാ രാജ്യങ്ങളും അംഗീകരിച്ച് അതിനനുസൃതമായ നിയമനിര്‍മാണം നടത്തേണ്ടതാണെന്നും മറക്കരുത്.
പ്രത്യേക സാമ്പത്തിക മേഖലയെയും വിവരസാങ്കേതിക വിദ്യാമേഖലയെയും ബഹുരാഷ്ട്രകുത്തകകമ്പനികളേയുമൊക്കെ യൂണിയന് മുക്തമാക്കാനാണ് തല്പരകക്ഷികള് ആഗ്രഹിക്കുന്നത്. പശ്ചിമബംഗാളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സംഘടിക്കുന്നതിനുള്ള അവകാശം എടുത്തുകളഞ്ഞിരിക്കുന്നു. സംഘടിക്കുകയും സമരം ചെയ്യുകയും ചെയ്യുക എന്നത് തൊഴിലാളികളുടെ മൗലികാവകാശമാണ്. തൊഴിലാളി പീഡനം തൊഴില്‍ വ്യവസായ സമാധാനത്തെ തകര്‍ക്കുക തന്നെ ചെയ്യും. തൊഴിലാളി വികനത്തിന്റേയും പുരോഗതിയുടേയും തുല്യപങ്കാളിതന്നെയാണ്. തൊഴിലാളികളുടെ സ്വപ്നങ്ങളുടെ ശവക്കുഴിയില്‍ നിന്നും വ്യവസായ സാമ്രാജ്യം കെട്ടിപ്പടുക്കുവാന്‍ കഴിയുകയില്ലതന്നെ. ദേശീയ താല്പര്യത്തിനൊപ്പം നില്ക്കുന്നു തൊഴിലാളികളുടെ താല്പര്യവും. അതിനാല്‍ തൊഴിലാളികളെ സംരക്ഷിക്കുകയും അതില്കൂടി രാഷ്ട്രത്തെ രക്ഷിക്കുകയുമാണ് വേണ്ടത്. ഖേദപൂര്‍വ്വം പറയട്ടെ, സര്‍ക്കാര്‍ തൊഴിലാളി താല്പര്യങ്ങളെ മാനിക്കുന്നില്ല. കരാര്‍തൊഴില്‍ സമ്പ്രദായത്തിനെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളാമെന്ന കഴിഞ്ഞ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സിലെ തീരുമാനം സര്‍ക്കാര്‍ നടപ്പിലാക്കിയില്ല. പൊതുവേ ദുര്‍ബലമായ തൊഴില്‍ നിയമങ്ങളെ പുതിയ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് കൂടുതല്‍ ദുര്‍ബലപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ തൊഴില്‍ നിയമങ്ങള്‍ ഭേദഗതിചെയ്യും എന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ അശങ്കയോടെയേ തൊഴിലാളികള്‍ക്ക് അതിനെ സമീപിക്കാന്‍ കഴിയുള്ളൂ.
ധനകാര്യവകുപ്പും വാണിജ്യ കാര്യവകുപ്പും തൊഴില്‍ വകുപ്പിന്റെ അധികാരപരിധിയില്‍ നൂഴഞ്ഞുകയറുന്നത് അംഗീകരിക്കാന്‍ കഴിയില്ല. പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ പലിശ നിര്‍ണയം, പെന്‍ഷന്‍ഫണ്ട് നിയന്ത്രണനിയമം ദേശീയ ഉല്പാദന നയം തുടങ്ങിയവ ഉദാഹരണം. വ്യവസായ വളര്‍ച്ച തൊഴിലാളിയുടെ ചിലവില്‍ നടത്തണം എന്നാണ് മേല്‍വകുപ്പ് മന്ത്രിമാര്‍ കരുതുന്നത്. തൊഴിലാളികളെ പിരിച്ചുവിടാത്ത വികസനമാണ് ആവശ്യം.
ഭക്ഷ്യധാന്യങ്ങളുടെ വിലയില്‍ 56 ശതമാനവും പച്ചക്കറികളുടെ വിലയില്‍ 60 ശതമാനവും വര്‍ദ്ധനവുണ്ടായി. പെട്രോളിയം ഉല്പന്നങ്ങളുടെ വില നിരവധി തവണ വര്‍ദ്ധിക്കുമ്പോഴും കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന വിചിത്രമായ സാഹചര്യവും രാജ്യത്ത് നിലനല്‍ക്കുന്നു. അഴിമതി എല്ലാ പരിധികളും ലംഘിച്ച് വളര്‍ന്ന് ഭീമാകാരം പൂണ്ട് നില്ക്കുന്നു. സമ്പത്ത് സമൂഹത്തെയാകെ ചൊല്പടിക്ക് നിര്‍ത്തുകയാണ്. ആഗോളീകരണത്തെത്തുടര്ന്ന് സ്വകാര്യമേഖലയിലെ അഴിമതി വല്ലാതെ വര്‍ദ്ധിച്ചിരിക്കുന്നു. അഴിമതി രഹിത ഭാരതത്തെ നമുക്ക് കെട്ടിപ്പടുക്കാം.
ആധുനിക വികസന സ്വപ്നങ്ങളില്‍ സമതുലിതവും സമീചിനവുമായ സമൂഹം എന്ന സങ്കല്പത്തിന് എന്തെങ്കിലും സ്ഥാനമുണ്ടോ. സമഗ്രവും സര്വ്വതലസ്പശിയുമായ വികാസം ആണ് രാജ്യത്തിനാവശ്യം. ഓരോ ഗ്രാമീണന്റെ ജീവിതത്തിലും ഗുണകരമായ മാറ്റം ദൃശ്യമാവണം.
ഗുണമേന്മയേറിയതും ഉല്പാദനക്ഷമവുമായ തൊഴിലാണ് രാഷ്ട്രത്തിന് ആവശ്യം. മാന്യമായ തൊഴില്‍ രാഷ്ട്രത്തിന്റെ ലക്ഷ്യം ആയിരിക്കണം. ഒച്ചിഴയുന്ന വേഗത്തിലുള്ള സര്‍ക്കാര്‍ നടപടികള്‍ ജനങ്ങളിലെത്തില്ല. വിശക്കുന്നവന് അധികസമയം കാത്തിരിക്കാന്‍ കഴിയുകയില്ലാ എന്നോര്‍ക്കുക. ദുര്‍ബ്ബലനെ ശാക്തീകരിക്കാന്‍ തക്കവിധേന നമ്മുടെ സാമ്പത്തിക മേഖലയെ ആകെ പൊളിച്ചെഴുതേണ്ടതായിട്ടുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികളും ട്രേഡ് യൂണിയനുകളും മാധ്യമങ്ങളും നീതിന്യായസംവിധാനങ്ങളും എല്ലാം ഇന്ത്യയിലെ നിശബ്ദ ജനവിഭാഗങ്ങളോട് കടുത്ത അനീതി കാട്ടി. പാവങ്ങള്‍ അശരണരായി കഴിയുന്നു. രാജ്യത്തെ ട്രേഡ് യൂണിയനുകള്‍ സന്ദര്‍ഭത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് മുന്നോട്ട് വന്നിരിക്കുന്നു. ചരിത്രത്തില്‍ ഇദംപ്രഥമമായി എല്ലാ ട്രേഡ് യൂണിയനുകളും ഒരു മിച്ച് ചേര്‍ന്ന് 10 സുപ്രധാന ആവശ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. ട്രേഡ് യൂണിയനുകള്‍ ഒറ്റക്കെട്ടായി പ്രക്ഷോഭത്തിന്റെ മാര്‍ഗത്തിലാണ്. തൊഴിലാളികള്‍ സിംഹവീര്യത്തോടെ ഉണര്‍ന്നെണീറ്റ് കഴിഞ്ഞു. തൊഴിലാളികളുടെ ന്യായമായ ഈ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഈ ഐഎല്‍സി യോഗം ചരിത്രപരമായിത്തീരട്ടെ എന്ന് ഞങ്ങള്‍ പ്രത്യാശിക്കുകയാണ്. സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹച്ച പ്രധാനമന്ത്രിയോട് ഒരിക്കല്‍ കൂടി നന്ദിയും കടപ്പാടും രേഖപ്പെടുത്തിക്കൊണ്ട് നിര്‍ത്തട്ടെ. എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.
അഡ്വ. സി.കെ. സജിനാരായണന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: