മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ലക്ഷ്യമിട്ടുകൊണ്ടുള്ള അപകീര്‍ത്തികരമായ ഇ-മെയില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു എന്ന കുറ്റം ചുമത്തി കൊല്‍ക്കത്തയിലെ പ്രസിദ്ധമായ ജാദവ്പൂര്‍ സര്‍വ്വകലാശാലയിലെ പ്രൊഫസറായ അംബികേഷ് മഹാപാത്രയേയും അദ്ദേഹത്തിന്റെ അയല്‍വാസി സുബ്രതാ സേന് ഗുപ്തയെയും ഏപ്രില്‍ 13ന് അറസ്റ്റ് ചെയ്ത് ക്രിമിനല്‍ കേസ് എടുത്ത മമതയുടെ പോക്ക് എങ്ങോട്ടാണ്?
റെയില്‍വേ മന്ത്രി ആയിരുന്ന ദിനേശ് ത്രിവേദിയെ മാറ്റി മുകുള്‍ റോയിയെ പകരം റെയില്‍വേ മന്ത്രിയാക്കിയ മമത ബാനര്‍ജിയുടെ നടപടിയെ ഫലിത രൂപേണ പരിഹരിക്കുന്ന ഗ്രാഫിക്സ് ചേര്‍ത്ത ഒരു ഇ-മെയില്‍ പ്രചരിപ്പിച്ചതാണ് കേസിനാധാരം. ചലച്ചിത്ര സംവിധായകനായ സത്യജിത് റേയുടെ ഡിറ്റക്ടീവ് മാസ്റ്റര്‍ പീസായ ‘ബോനാര് കെല്ലാ’ എന്ന ചിത്രത്തിലെ സംഭാഷണങ്ങള്‍ മൂന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങള്‍ വച്ച് സൃഷ്ടിച്ചതാണ് ഫിസിക്കല്‍ കെമിസ്ട്രി പ്രൊഫസറായ അംബികേഷ് മഹാപത്രയുടെ ഇ-മെയില്‍ സന്ദേശം.
റെയില്‍വേ മന്ത്രി സ്ഥാനത്ത് നിന്നും പുറത്ത് പോകുവാന്‍ കൂട്ടാക്കാതിരുന്ന ദിനേഷ് ത്രിവേദിയെ ഏതുവിധം പുറത്താക്കി മുകുല്‍ റോയിയെ മന്ത്രിയാക്കാം എന്നത് സംബന്ധിച്ച് മമതയും മുകുല്‍ റോയിയും തമ്മില്‍ നടത്തുന്ന സംഭാഷണശകലമായാണ് അത് ചിത്രീകരിച്ചിരിക്കുന്നത്.
അവരെ ജാമ്യത്തില്‍ വിട്ടയച്ച ഉടനെ അറസ്റ്റില്‍ പ്രതിഷേധിച്ച് ജാദവ്പൂര്‍ സര്‍വ്വകലാശാലയിലെ അദ്ധ്യാപകര്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തശേഷം അറസ്റ്റിലായ പ്രൊഫസര്‍ പറഞ്ഞു, അറസ്റ്റിന് തലേന്ന് വ്യാഴാഴ്ച വൈകിട്ട് ഒരുപറ്റം യുവജനങ്ങള്‍ തന്നെ വളഞ്ഞ് തല്ലുകയും ക്ഷമാപണം നടത്തുവാനും താനൊരു സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനാണെന്ന് പ്രഖ്യാപിയ്ക്കുവാനും നിര്‍ബന്ധിയ്ക്കുകയും ചെയ്തു. എന്നാല്‍ അത് നല്ല ഒരു ഫലിതം ആയതിനിലാണ് താന്‍ ഇ-മെയില്‍ സന്ദേശം അയച്ചത് എന്ന് അദ്ദേഹം പത്രക്കാരോട് വിശദീകരിച്ചു.
പ്രൊഫസര്‍ അയച്ച ഇ-മെയില്‍ മമതാ ബാനര്‍ജിയുടെ സ്വകാര്യ ജീവിതത്തിലെ ഏതെങ്കിലും സംഭവത്തെക്കുറിച്ച് അല്ല. മമതയുടെ രാഷ്ട്രീയമായ നടപടി സംബന്ധിച്ചാണ്. എന്നാല്‍ അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍,സൈബര്‍ കുറ്റകൃത്യം തുടങ്ങിയവ അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്.
ഇന്ത്യയുടെ ഭരണഘടന മൂന്നാംഭാഗം 19-ാം വകുപ്പ് പ്രകാരം ഉറപ്പുവരുത്തുന്ന അഭിപ്രായപ്രകടന സ്വാതന്ത്ര്യം നിഷേധിയ്ക്കുന്നതാണ് പ്രൊഫസര്‍ക്കെതിരെയുള്ള കേസ്.
രാഷ്ട്രീയ തീരുമാനങ്ങളും നടപടികളും ജനങ്ങളുടെ നിശിതമായ പരിശോധനയ്ക്കും വിമര്‍ശനത്തിനും വിധേയമാകുന്ന സമൂഹത്തിലാണ് ജനാധിപത്യം പുലരുന്നത്. നിര്‍ഭയരായ നാട്ടുകാര്‍ക്കും നിര്‍ഭയമായ നാടിനും വേണ്ടി ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്ന രബീന്ദ്രനാഥ ടാഗോറിന്റെ കവിത ഉയിരെടുത്ത ബംഗാളില്‍ രാഷ്ട്രീയ നടപടികളെ വിമര്‍ശിച്ചാല്‍ സര്‍ക്കാരിന്റെ മമത പോവുകയും വിമര്‍ശനം നടത്തിയവരെ തുറങ്കിലടയ്ക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ്!
ആധുനിക ജനാധിപത്യത്തിന്റെ മാത്രമല്ല, രാജവാഴ്ചക്കാലത്ത് പോലും ജനഹിതവും ജനരോഷവും സാമൂഹിക വിമര്‍ശനവും പ്രകടിപ്പിക്കുവാന്‍ കലാ, സാഹിത്യ, സര്ഗപ്രതിഭകള് ഫലിതം ഒരു മാധ്യമമാക്കിയിട്ടുണ്ട്. നമ്മുടെ കുഞ്ചന്‍ നമ്പ്യാരും ബീര്‍ബലും തെന്നാലിരാമനും തുടങ്ങി അറിയപ്പെടുന്നവരും അറിയപ്പെടാത്തവരും അനവധിയുണ്ട്. അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ അധികാര വിമര്‍ശനമുയര്‍ത്തുന്ന ധാരാളം ഫലിതോക്തികളുമുണ്ട്. ആധുനിക സമൂഹത്തില്‍ അച്ചടി മാധ്യമങ്ങളുടെ വളര്‍ച്ചയോടെ ഫലിതരൂപേണയുള്ള വിമര്‍ശനങ്ങള്‍ ഫലപ്രദമായും ലളിതമായും ശക്തമായും ആവിഷ്കരിക്കുന്നതിനുള്ള ഉപാധിയായി കാര്‍ട്ടൂണ്‍ എന്ന ഒരു ശാഖ അവിഭാജ്യഘടകമായി രൂപം കൊണ്ടിട്ടുണ്ട്. പരിഹാസം ജനാധിപത്യാവിഷ്കാരത്തിന്റെ മുഖ്യമാധ്യമങ്ങളില്‍ ഒന്നായിത്തീരുന്നത് ആധുനിക ജനാധിപത്യത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. അച്ചടി മാധ്യമങ്ങളില്‍ നിന്ന് ദൃശ്യമാധ്യമങ്ങളിലേയ്ക്കും ഇന്റര്‍ നെറ്റ് സംവിധാനങ്ങളിലേയ്ക്കും മാധ്യമരംഗം വികസിച്ചത് അധികാരത്തിന്റെ പരിഹാസ വിമര്‍ശനങ്ങള്‍ക്ക് വളരെയേറെ സാദ്ധ്യതകളാണ് നല്‍കുന്നത്. ഒറ്റപ്പെട്ട ഒരു വ്യക്തിക്കുപോലും ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഫലപ്രദമായ ഇടപെടലുകള്‍ നടത്തുവാന്‍ വഴിതുറന്നിരിയ്ക്കുകയാണ്. വ്യവസ്ഥാപിത മാധ്യമങ്ങളുടെ പിന്‍ബലം ഇല്ലാതെയും ആയിരക്കണക്കിന് ആളുകളിലേയ്ക്ക് അത് എത്തിയ്ക്കുവാന്‍ കഴിയുമെന്നത് സവിശേഷമായ ഒരു ജനാധിപത്യ ഇടപെടലായി കഴിഞ്ഞു.
കല്ലേ പിളക്കുന്ന കല്പനയ്ക്കു അധികാരമുള്ള രാജാവിനെ ഭാവനയിലെങ്കിലും നഗ്നനാക്കി പരിഹസിയ്ക്കുന്നത് നിരോധിയ്ക്കുവാനും അടിച്ചമര്‍ത്തുവാനും തുനിഞ്ഞ ഒരുപാട് സ്വേച്ഛാധിപതികളും ഭരണകൂടങ്ങളുമുണ്ട്. ഒരുറുമ്പിനെ പോലും കടത്തിവിടാത്ത വിധം അടഞ്ഞ വ്യവസ്ഥിതികള്‍ സൃഷ്ടിച്ച ഫാസിസ്റ്റുകളുടെ സ്വേച്ഛാധിപത്യവും ജര്‍മനിയിലെ നാസി വാഴ്ചയും കമ്യൂണിസ്റ്റുകളുടെ സോവ്യറ്റ്, കിഴക്കന്‍ യൂറോപ്യന്‍ സമഗ്രാധിപത്യങ്ങളും മൗനത്തിന്റെ ഇരുണ്ട യാമങ്ങള്‍ കടന്നിട്ടാണെങ്കിലും തകര്‍ന്നടിയുക തന്നെ ചെയ്തു. പത്രമാധ്യമങ്ങളുടെ വായ് മൂടിക്കെട്ടി ജനാധിപത്യവാദികളെ തുറങ്കിലിലടച്ച ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയും നിശബ്ദതയില്‍ നിന്ന് ഉയര്‍ന്ന ജനഹിതത്തിനുമുന്നില് അടിയറവു പറയേണ്ടി വന്നു. കമ്മ്യൂണിസ്റ്റുകളുടെ ചൈനയിലെ സമഗ്രാധിപത്യം ബഹുരാഷ്ട്ര കുത്തകകളുടെ ശക്തമായൊരു കാവല്‍ ഗോപുരമായി പരിണമിച്ചുവെങ്കിലും ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യവും അധികാരത്തെ വിമര്ശിയ്ക്കുവാനുള്ള അവകാശവും അംഗീകരിച്ചിട്ടില്ല. അടുത്തകാലത്ത് ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ അഭിപ്രായങ്ങളെയും കെട്ടുകഥകളെയും നിരോധിക്കുവാന്‍ ചൈനയുടെ ഭരണാധികാരികള്‍ നടത്തിയ ശ്രമങ്ങള്‍ രാജ്യാന്തര ശ്രദ്ധനേടുകയുണ്ടായി. വിയോജിക്കുന്നവര്‍ക്കെതിരെ എത്രയേറെ വധശിക്ഷകള്‍ നടപ്പാക്കിയാലും ജനങ്ങളുടെ അഭിപ്രായ ശക്തിയെ തുറങ്കില്‍ അടയ്ക്കുവാന്‍ ഒരു അധികാരത്തിനും കഴിയില്ല.
വിഫലമായിത്തീരുകയാണെങ്കിലും ജനങ്ങളുടെ അഭിപ്രായത്തെ കുച്ചുവിലങ്ങിടുവാന് ബ്രിട്ടീഷുകാര്‍ പോയതിന് ശേഷവും നമ്മുടെ നാട്ടിലെ അധികാരികള്‍ നിരന്തരം ശ്രമിച്ചുവരികയാണ്. കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങള്‍ മാത്രമല്ല സര്‍വ്വകലാശാല അധികാരികള്‍പോലും അതിനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. കോഴിക്കോട് സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായിരുന്ന ഡോ.കെ.കെ.എന്‍.കുറുപ്പ് മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിനപത്രം സര്‍വകലാശാലയില്‍ നിരോധിച്ച സംഭവമുണ്ടായി. സര്‍വ്വകലാശാല ജീവനക്കാരി ആയിരുന്ന പി.ഇ.ഉഷയെ മറ്റൊരു ജീവനക്കാരന് പീഡിപ്പിച്ചതും അതിനെതിരായി പാരതിപ്പെട്ട ഉഷയ്ക്കെതിരെ മാര്‍ക്സിസ്റ്റ് നേതൃത്വത്തിലുള്ള ജീവനക്കാരുടെ യൂണിയനും സര്‍വകലാശാല അധികാരികളും നടത്തിയ കുരിശുയുദ്ധം നിരന്തരം തുറന്നു കാണിക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതായിരുന്നു കുറുപ്പിന്റെ പ്രകോപനത്തിന് കാരണം.
പ്രൊഫസറെ തുറങ്കിലടയ്ക്കുന്ന സംഭവത്തിന് മുമ്പ് മമത ബാനര്‍ജി ബംഗാള്‍ സംസ്ഥാനത്ത് ഗ്രന്ഥശാലകളിലും വായനശാലകളിലും വരുത്തേണ്ട പത്രങ്ങളെ സംബന്ധിച്ച് ഒരു ഉത്തരവിറക്കിയത് ജനാധിപത്യവിശ്വാസികളുടെ പ്രതിഷേധം വിളിച്ചുവരുത്തിയിട്ട് അധികം കാലമായിട്ടില്ല. നീണ്ട കാലം സിപിഎം ഭരിച്ച ബംഗാളില്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള വ്യവസ്ഥാപിത രാഷ്ട്രീയത്തിന്റെ നയപരിപാടികള്‍ നടപ്പിലാക്കിയതിന്റെ ഫലമായി ദരിദ്രര്‍ തിങ്ങിനിറഞ്ഞ ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തോടും മത്സരിക്കാവുന്നവിധം ദരിദ്രഗ്രാമീണരുടെയും പിന്നോക്ക പ്രദേശങ്ങളുടെയും ഒരു സംസ്ഥാനമായി ബംഗാളും അവശേഷിയ്ക്കുന്നു.
എന്നാല്‍ സിപിഎമ്മിന്റെ സ്വാധീനശക്തി കൂടുന്നതനുസരിച്ച് ഓരോ പ്രദേശത്തെയും ജനങ്ങളുടെയും പ്രതിപക്ഷപ്രവര്ത്തകരുടെയും സ്വാതന്ത്ര്യത്തിന് കുച്ചുവിലങ്ങിടുവാനും അടിച്ചമര്‍ത്തുവാനും നടത്തിയ ശ്രമങ്ങള്‍ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും അനുകൂലമായ വലിയ മാറ്റങ്ങള്‍ വരുമെന്ന പ്രതീക്ഷയില്‍ ജനങ്ങള്‍ രണ്ടു വ്യാഴവട്ട കാലത്തിനും അപ്പുറം അവരെ പരാജയത്തിന്റെ രുചി അറിയിക്കാതെയിരുന്നു. എന്നാല്‍ പ്രതീക്ഷകളുടെ പ്രകാശം മങ്ങിത്താഴുകയും വിനാശവികസനത്തിന്റെ അധിനിവേശം രൂക്ഷതരമാവുകയും ചെയ്തഘട്ടത്തില്‍ അടിത്തട്ട് മുതല്‍ അരക്കിട്ടുറപ്പിച്ച സിപിഎമ്മിന്റെ പാര്‍ട്ടി സംവിധാനത്തിന്റെ പേശീബലം ജനങ്ങളുടെ അഭിപ്രായ ശക്തികള്‍ക്ക് മുന്നില്‍ കീഴടങ്ങേണ്ടിവന്നു.
സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സമത്വത്തിന്റെയും രാഷ്ട്രീയംഉള്ക്കൊള്ളുവാന് തയ്യാറാല്ലാത്തവര്‍ മാറിമാറി ഭരണത്തില്‍ വരുന്നതുകൊണ്ട് അര്‍ത്ഥവത്തായ ഒരുമാറ്റവും ഉണ്ടാവുകയില്ല. അധികാരത്തിന്റെ ഏതു രൂപത്തിനും ആധിപത്യ പ്രവണത അന്തര്‍ലീനമായതിനാല്‍ പ്രത്യയശാസ്ത്രപരമായും ആശയപരമായും സ്വാതന്ത്ര്യത്തെയും തുറന്ന സമൂഹത്തെയും നിരാകരിക്കുന്നവര്‍ അധികാരത്തില്‍ വരുന്നതും ദീര്‍ഘകാലം വാഴുന്നതും അപകടകരമാണ്. പുതിയ ഒരു ശക്തി ഉയര്‍ന്ന് വരാത്തിടത്തോളം അത്തരം ശക്തികള്‍ക്ക് ജനങ്ങളുടെ പ്രതിപക്ഷ പ്രവര്‍ത്തനങ്ങളെ ഹൈജാക്ക് ചെയ്യുവാനും വ്യാജമായ പരിവേഷം നേടി ജനങ്ങളെ വഞ്ചിയ്ക്കുവാനും കഴിയും. സിപിഎമ്മിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ജനരോഷത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിയ മമതയുടെ സ്വേച്ഛാധികാര വാഴ്ചയ്ക്കെതിരെ ഇപ്പോള്‍ സിപിഎമ്മിന് പോരാട്ട വീര്യങ്ങള്‍ ചമയ്ക്കുന്നതിനുള്ള ഊഴമായി. നാണം കെടുത്തും വിധം വന്‍തിരിച്ചടികള്‍ നല്കിയ ജനങ്ങളെ അഭിമുഖീകരിയ്ക്കുവാന്‍ കഴിയതെ തല്‍ക്കാലത്തേക്ക് എങ്കിലും ഉള്‍വലിയുവാന്‍ ശ്രമിക്കുന്ന ചില ബുദ്ധദേവുമാര് ഉണ്ടായേക്കാമെങ്കിലും വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളെയും പ്രവര്‍ത്തകരെയും ബോധ്യമില്ലാത്ത സംഗതികള്‍ക്ക് വേണ്ടിയുള്ള പോരാട്ട വീര്യത്തിലേയ്ക്ക് തൊഴില്‍ പരമായ താല്‍പ്പര്യങ്ങള്‍ നിര്‍ബന്ധിക്കുന്ന സ്ഥിതി വിശേഷമാണ് ഇന്ന്. ഭരണാധികാരഘട്ടത്തില് അടിച്ചമര്‍ത്തലിന്റെ വില്ലന്‍ വേഷവും പ്രതിപക്ഷ ഘട്ടത്തില്‍ അവകാശപോരാട്ടങ്ങളുടെ ചാമ്പ്യന്‍പട്ടവും മാറിമാറി അഭിനയിക്കുവാന്‍ അവരെ അത് മടിയില്ലാത്തവരാക്കുന്നു. എന്നാല്‍ വിരുദ്ധമായ ചേരികളായി വഴിപിരിഞ്ഞു നില്‍ക്കുമ്പോഴും വ്യവസ്ഥാപിത രാഷ്ട്രീയം കൈവരിക്കുന്ന നയപരമായ ഐകരൂപ്യം രാഷ്ട്രീയ ശുന്യതയുടെ ഒരു പ്രതിസന്ധിയായി നമ്മെ ചൂഴ്ന്നുനില്‍ക്കുകയാണ്. അധികാരികളുടെ മമത പോകുന്ന പരിഹാസച്ചിരികളുടെ പരമ്പരകള്‍ സ്വാതന്ത്ര്യവും സമത്വവും നിഷേധിക്കുന്ന ആശയങ്ങളെയും പ്രസ്ഥാനങ്ങളെയും നിരാകരിച്ച് പുതിയ ദിശയിലേയ്ക്ക് തിരിയുന്ന ഘട്ടത്തില്‍ വെളിച്ചം വരുന്ന വാതില്‍പ്പടി തുറക്കുമെന്ന് പ്രതീക്ഷിക്കാം.
അഡ്വ: ജോഷി ജേക്കബ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: