ലോകത്ത് അറിവിന്റെ തമ്പുരാനായിരുന്നല്ലോ ഭാരതം. അറിവുനേടാനാഗ്രഹിക്കുന്നവര്‍ ലോകത്ത് നൂറ്റാണ്ടുകളോളം ആശ്രയിച്ചത് ഭാരതത്തെ തന്നെയായിരുന്നു. നലാന്റ, തക്ഷശില എന്നീ സര്‍വകലാശാലകളെ തുലനം ചെയ്യാനുതകുന്ന ഒരു സ്ഥാപനവും ലോകത്തുണ്ടായിരുന്നില്ലല്ലോ. ലോകത്തിലെ തന്നെ ആദ്യത്തെ റസിഡന്‍ഷ്യല്‍ സര്‍വകലാശാലയായിരുന്നു നലാന്റ. ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്നയില്‍ നിന്നും 55കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നലാന്റയിലെത്താം. അതിബൃഹത്തായ ഒരു കലാശാല ഇവിടെ ഉണ്ടായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്ന അവശിഷ്ടങ്ങളാണ് അവിടെ ഇന്നുള്ളത്.
ഗുപ്തസാമ്രാജ്യത്തിനു കീഴില്‍ അഞ്ചാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ഈ സര്‍വകലാശാലയില്‍ 2000 അധ്യാപകര്‍. 10,000 വിദ്യാര്‍ഥികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യം. ഒരേ സമയം നൂറു പ്രഭാഷണങ്ങള്‍ നടത്താനുള്ള സഭാഗൃഹം. ഒമ്പതു നില കെട്ടിടത്തിലായിരുന്നു ഗ്രന്ഥശാല. ലക്ഷക്കണക്കിനായിരുന്നു ഗ്രന്ഥങ്ങള്‍. നൂറോളം ഗ്രാമങ്ങളാണ് ഈ കലാശാല പ്രവര്‍ത്തനത്തിന് സഹായം നല്‍കിയിരുന്നത്. 1193ല്‍ മുഹമ്മദ് ബിന്‍ ഇക്തിയാന് ഖില്‍ജിയാണ് സര്‍വകലാശാല സമുച്ചയം കയ്യേറിയത്. കെട്ടിടങ്ങള്‍ തകര്‍ത്തെറിഞ്ഞു. ഗ്രന്ഥങ്ങള്‍ ചാമ്പലാക്കി. 15 കിലോമീറ്റര്‍ ചുറ്റളവില്‍ അതിന്റെ അവശിഷ്ടങ്ങള്‍ കിടക്കുകയാണിന്നും.
ക്രിസ്തുവിനും അഞ്ച് നൂറ്റാണ്ട് മുമ്പാണത്രെ തക്ഷശില സര്‍വകലാശാല തുടങ്ങിയത്. ഗാന്ധാരത്തിന്റെ (ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍) തലസ്ഥാനമാണ് തക്ഷശില. ഭരതചക്രവര്ത്തിയാണിത് സ്ഥാപിച്ചത്. ഭരതന്റെ പുത്രന് തക്ഷന്‍. തക്ഷന്റെ ശില അങ്ങനെ വന്നതാണെന്നും. തക്ഷശില എന്നാല്‍ വെട്ടുക്കല്ല്. വെട്ടുകല്ലു കൊണ്ട് നിര്മിച്ചതിനാല് ‘തക്ഷശില’യായി എന്നും പറയുന്നു. ആറാം നൂറ്റാണ്ടു വരെ (ഏതാണ്ട് 1200 വര്‍ഷം) ഈ സര്‍വകലാശാല പ്രവര്‍ത്തിച്ചു എന്നു ചരിത്രം. മഹാഭാരതം ആദ്യവായന നടത്തിയത് തക്ഷശിലയിലാണത്രെ. അലക്സാണ്ടറുടെ ആക്രമണ കാലത്ത് ഇവിടെ പരിഷ്കൃത നഗരം ഉണ്ടായിരുന്നതായി തെളിഞ്ഞിരുന്നു. ചാണക്യന്, പാണിനി, ചരകന്‍ തുടങ്ങിയവര്‍ തക്ഷശിലയില്‍ അധ്യാപകരായിരുന്നു എന്നാണ് ചരിത്രം. വെളുത്ത ഹൂണരാണ് (ഹെപ്തലൈറ്റുകള്) തക്ഷശില തകര്‍ത്തത്.
നമ്മുടെ രാജ്യത്ത് സര്‍വകലാശാല എന്നത് ഏതാനും പതിറ്റാണ്ടുകള്‍ക്കിപ്പുറം ഉണ്ടായ പ്രതിഭാസമല്ലെന്ന് അറിയാത്തവരില്ല. നലാന്റയോളമോ തക്ഷശില പോലെയോ തിളക്കമൊന്നും നിലവിലുള്ള ഒരു സര്വകലാശാലകള്ക്കുമില്ലല്ലോ. ഇപ്പോള്‍ സര്വകലയല്ല ‘കൊല’യാണ് ശാലകളില്‍ നടക്കുന്നതെന്ന് പറയാതെ തന്നെ മാലോകരെല്ലാം അറിയുന്നു. കോഴിക്കോട് സര്‍വകലാശാല എന്ന ആവശ്യത്തില്‍ തുടങ്ങി ‘കാലിക്കറ്റ്’ സര്‍വകലാശാലയായി മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. ആ കലാശാലയുടെ ഖ്യാതിയല്ല മതില്‍ക്കെട്ടുകള്‍ ഭേദിച്ച് പുറത്തറിഞ്ഞു കൊണ്ടിരിക്കുന്നത്. തട്ടിപ്പിന്റെയും വെട്ടിപ്പിടിക്കലിന്റെയും കെട്ടുനാറിയ കഥകളാണ് കേരളം കേട്ടു കൊണ്ടിരിക്കുന്നത്. ‘ജാത്യാലുള്ളത് തൂത്താല്‍ പോകില്ല’ എന്ന് പറയാറുണ്ടല്ലോ. ആ സര്‍വകലാശാലയുടെ ജന്മം തന്നെ ആ രീതിയിലാണ്. തുടക്കത്തില്‍ തന്നെ സ്വജനപക്ഷപാതവും സമുദായ പരിഗണന വച്ചുള്ള നിയമനവും ആരോപിക്കപ്പെട്ടതാണ്. ലോട്ടറി ഡയറക്ടറായിരുന്ന സെയ്ത് മുഹമ്മദിനെ സര്‍വകലാശാലയുടെ രജിസ്ട്രാറായി നിയമിച്ചതിനെ ചൊല്ലി 1970 സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നടന്ന നിയമസഭാ സമ്മേളനങ്ങളില്‍ ആക്ഷേപമുയര്‍ന്നിരുന്നു. സ്വജനപക്ഷപാതവും തോന്ന്യാസവുമാണ് അവിടെ നടക്കുന്നതെന്ന് സി.ബി.സി.വാര്യര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സാമുദായിക പരിഗണന വച്ച് നിയമനങ്ങള്‍ നടത്തുന്നതിനെ തലവടി ഉമ്മനും വിമര്‍ശിച്ചതാണ്. അന്നേ തുടങ്ങി അവിടെ ലീഗിന്റെ വെട്ടിപ്പിടിക്കല് ശൈലി.
മലപ്പുറം ജില്ല നേടിയെടുത്ത അതേ സാമര്‍ഥ്യത്തോടെയാണ് “കാലിക്കറ്റ്” സര്‍വകലാശാലയും മുസ്ലീം ലീഗ് നേടിയെടുത്തത്. കേരളത്തില്‍ മുസ്ലീം ലീഗിനെ ആദ്യമായി മന്ത്രിക്കസേരയിലിരുത്തിയത് ഇ.എം.എസ്.നമ്പൂതിരിപ്പാടാണല്ലോ. മാസങ്ങള്‍ക്കുള്ളില്‍ ലീഗിന്റെ ഇംഗിതം പുറത്തെടുത്തപ്പോള്‍ മലപ്പുറം ജില്ലയായി. അതിനു മുന്നേ സര്‍വകലാശാലയും. ഓര്‍ഡിനന്‍സിലൂടെയാണ് സര്‍വകലാശാല സ്ഥാപിച്ചതു തന്നെ. അതിനുള്ള അടിയന്തര സാഹചര്യം എന്തെന്ന് അന്ന് മുഖ്യമന്ത്രിക്കു പോലും വിശദീകരിക്കാനായിട്ടില്ല. തറക്കല്ലിടലിന് ക്ഷണക്കത്ത് അച്ചടിക്കുന്നതിനു പകരം ധൃതിപ്പെട്ട് പത്രത്തില്‍ പരസ്യം ചെയ്താണ് ആളെക്കൂട്ടിയത്. ഓര്‍ഡിനന്‍സിനു പകരമായുള്ള സര്‍വകലാശാല ബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടി നല്‍കവെ വിദ്യാഭ്യാസ മന്ത്രി സി.എച്ച്.മുഹമ്മദ്കോയ ഒരു പ്രഖ്യാപനം നടത്തിയിരുന്നു (1968 ആഗസ്റ്റ് 29). “ലോകപ്രശസ്തമായ ഒരു പട്ടണത്തിന്റെ പേര് ലോകപ്രശസ്തമാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന ഒരു സര്‍വകലാശാലയ്ക്ക് ലോകപ്രസിദ്ധമാകാന്‍ സാധ്യതയുള്ള ഒരു സര്‍വകലാശാലയ്ക്കു നല്കുന്നതില് ഒരു അനൗചിത്യവും കാണിച്ചിട്ടില്ലെന്ന് പ്രസ്താവിച്ചു കൊള്ളട്ടെ….” കാലിക്കറ്റ് മാറ്റി കോഴിക്കോട് എന്നാക്കുന്ന കാര്യം ഭേദഗതി സമയങ്ങളില്‍ പരിഗണിക്കാമെന്ന മുഹമ്മദ് കോയയുടെ ഉറപ്പ് ഇനിയും പാലിച്ചിട്ടില്ല. അദ്ദേഹം ആഗ്രഹിച്ചതു പോലെ തന്നെയാണോ കാലിക്കറ്റ് സര്‍വകലാശാല ഇന്ന് പ്രസിദ്ധമായിരിക്കുന്നത് ?
കോടികള്‍ വിലവരുന്ന സര്‍വകലാശാല ഭൂമി ലീഗ് നേതാക്കളുടെയും ബന്ധുക്കളുടെയും പേരിലുള്ള ട്രസ്റ്റിന് കൈമാറാനായിരുന്നു തീരുമാനം. ബാഡ്മിന്റണ്‍ ഡെവലപ്മെന്റ് ട്രസ്റ്റ്, ഗ്രേസ് എഡ്യൂക്കേഷണല്‍ അസോസിയേഷന്, കേരള ഒളിമ്പിക് അസോസിയേഷന് എന്നിവയായിരുന്നു സംഘടനകള്‍. ഇതില്‍ ബാഡ്മിന്റണ്‍ ഡവലപ്മെന്റ് ട്രസ്റ്റിന്റെ തലവന്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ മകളുടെ ഭര്‍തൃപിതാവായ ഡോ.കെ.കുഞ്ഞാലിയാണ്. ട്രസ്റ്റിന് ബാഡ്മിന്റണ്‍ കോര്‍ട്ടും അനുബന്ധസൗകര്യങ്ങളും ഒരുക്കാന്‍ മൂന്നേക്കര്‍ ഭൂമിയാണ് അനുവദിച്ചത്.
ഗ്രേസ് എഡ്യൂക്കേഷണല്‍ അസോസിയേഷന് മുസ്ലീംലീഗ് ചെയര്മാന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ളതാണ്. ഇതിന് പത്തേക്കര്‍ സ്ഥലമാണ് നല്കാന് തീരുമാനിച്ചിരുന്നത്. സി.എച്ച്.മുഹമ്മദ് കോയയുടെ പേരില്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കാനാണ് സ്ഥലം അനുവദിച്ചത്. കേരള ഒളിമ്പിക് അസോസിയേഷന്റെ സെക്രട്ടറി പി.എ.ഹംസ മന്ത്രി എം.കെ.മുനീറിന്റെ അളിയനാണ്. അസോസിയേഷന് ഗ്രീന്‍ സ്പോര്‍ട്ട്സ് കോമ്പ്ലക്സ് ആരംഭിക്കാനാണ് ഭൂമി നേടിയെടുത്തത്. മുപ്പതേക്കറില്‍ കോമ്പ്ലക്സ് നിര്‍മിക്കാനായിരുന്നു അസോസിയേഷന്റെ പദ്ധതി. നപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെ സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഈ മൂന്ന് സംഘടനകള്‍ക്കും ഭൂമി അനുവദിക്കാന്‍ തീരുമാനിച്ചത് അപേക്ഷകരുടെ നിറവും ഗുണവും മണവുമെല്ലാം നോക്കിയാണെന്നത് വ്യക്തമല്ലേ ? മുഖ്യമന്ത്രി ഇതറിഞ്ഞില്ല. വിദ്യാഭ്യാസ മന്ത്രി അറിഞ്ഞിട്ടേയില്ല. സര്‍ക്കാരിന്റെ ശ്രദ്ധയിലും പെട്ടിട്ടില്ല. നിങ്ങളാരും ഒന്നും അറിയുന്നില്ല. ആരോരുമറിയാതെ കേരളം തീറെഴുതി കൊടുത്തുകൊണ്ടിരിക്കുകയാണ്… എന്റെ റബ്ബേ ! കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് ഇക്തിയാന് ഖില്‍ജി ആവുകയാണോ അബ്ദു റബ്ബ്.
രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് തിരികൊളുത്തിയ ഭൂമിദാനം പുറത്ത് കൊണ്ടുവന്ന ലേഖകന്‍ അനുമോദനം ലഭിക്കുന്നതിനു പകരം ലഭിച്ചത് സ്ഥലം മാറ്റം. ‘മാധ്യമം’ കോഴിക്കോട് ബ്യൂറോയിലെ ലേഖകനായിരുന്ന എം.സി.റഹ്മത്തിനെയാണ്സര്വ്വകലാശാല തീരുമാനം തിരുത്തിക്കൊണ്ട് ഭൂമിദാനം റദ്ദാക്കാന്‍ തീരുമാനിച്ച അന്നുതന്നെ മലപ്പുറം ഡസ്കിലേക്ക് സ്ഥലം മാറ്റിയത്. ലേഖകരെ മാറ്റി വിന്യസിക്കാന്‍ മാനേജ്മെന്റിന് അധികാരമുണ്ട്. പക്ഷേ അതിപ്രധാനമായി കേരളം മുഴുവന്‍ ചര്‍ച്ച ചെയ്ത ഒരു എക്സ്ക്ലൊാസെവ് റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവന്ന ലേഖകനെ മണിക്കൂറുകള്‍ക്കകം സ്ഥലം മാറ്റിയത് തികച്ചും അസ്വഭാവികമാണല്ലോ.
മാധ്യമം മാനേജ്മെന്റിന്റെ ഈ നീക്കത്തിനു പിന്നില്‍ മുസ്ലീംലീഗില്‍ നിന്നുള്ള സമര്‍ദ്ദമാണെന്ന് ആരോപണമുയര്‍ന്നു കഴിഞ്ഞു. വാര്‍ത്ത പുറത്ത് വന്നതോടെ പ്രതിക്കൂട്ടിലായത് മുസ്ലീം ലീഗും നേതാക്കളുമായിരുന്നു. മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിബാഹ് തങ്ങളെ വരെ ആരോപണവിധേയനാക്കി വിജിലന്‍സ് കോടതിയി ഹര്ജിയെത്തുന്ന സാഹചര്യം വരെ ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായി. പ്രതിപക്ഷവും വിദ്യാര്‍ഥി യുവജന സംഘടനകളും ഈ വിഷയം ഏറ്റെടുത്തതോടെ തീരുമാനം പിന്‍വലിക്കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.
സര്‍വകലാശാല ഭൂമി കൈമാറ്റത്തിലെ ഗുണഭോക്താക്കളെല്ലാം മുസ്ലീംലീഗ് ഉന്നതരും അവരുടെ ബന്ധുക്കളുമാണെന്നത് ഏറെ ഗൗരവമുള്ളതാണ്. രാഷ്ട്രീയപരമായും ആശയപരമായും വിയോജിപ്പിലാണെങ്കിലും ലീഗ് നേതൃത്വവുമായി പഴയകാല ഭിന്നതയൊന്നും ജമാഅത്തെ ഇസ്ലാമിക്ക് ഇപ്പോഴില്ല. ലീഗ് നേതാക്കളുമായുള്ള മാനേജ്മെന്റിന്റെ അടുപ്പമാണ് ലേഖകനെ സ്ഥലംമാറ്റുന്നതിലേക്ക് എത്തിച്ചത്. എക്സ്ക്ലൊാസെവ് വാര്‍ത്തകള്‍ക്ക് ലേഖകന്റെ ബെയിലൈന്‍ നല്കുന്ന� മാധ്യമം ഈ വാര്‍ത്തയ്ക്ക് അത്തരത്തില്‍ നല്‍കാത്തതും ആദ്യദിവസത്തെ വാര്‍ത്ത പ്രാദേശിക എഡിഷനുകളില്‍ ഒതുക്കിയതും ലേഖകന്റെ സ്ഥലം മാറ്റത്തോടെ കൂടുതല്‍ ചര്‍ച്ചയായിരിക്കുന്നു.
മറ്റു മാധ്യമപ്രവര്‍ത്തകര്‍ അറിയാതെ പോയ വാര്‍ത്ത ഈ ലേഖകനിലൂടെയാണ് പുറം ലോകമറിഞ്ഞത്. സാധാരണ ഇത്തരം സാഹചര്യത്തില്‍ ലേഖകന്റെ കഴിവിനെ കൂടുതല്‍ ഉപയോഗപ്പെടുത്തുകയാണ് പത്രങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ ഈ ലേഖകനെ റിപ്പോര്‍ട്ടിംഗില്‍ നിന്നുതന്നെ ഒഴിവാക്കി ഡസ്ക്കിലേക്ക് മാറ്റുകയായിരുന്നു. അതും മലപ്പുറത്തേക്ക്. പാണക്കാടും മലപ്പുറത്താണല്ലോ. വേണമെങ്കില്‍ കടിച്ചു കീറിക്കോ എന്ന ഭാവത്തോടെ. റഹ്മത്തിനെ പടച്ചോന് കാക്കട്ടെ…..
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: