മലയാളികള്‍ക്ക് ഇപ്പോള്‍ കുടിവെള്ളം മലിനജലമാണ്. നഗര-ഗ്രാമ ഭേദമില്ലാതെ, പൈപ്പ് വെള്ളം, ടാങ്കര്‍ വെള്ളം, കുഴല്‍ക്കിണര്‍ വെള്ളം എന്ന വ്യത്യാസമില്ലാതെ എല്ലാ ജലവും മലിനീകരിക്കപ്പെട്ടിരിക്കുന്നു. കേരളത്തില്‍ 40 ശതമാനം ജനങ്ങളാണ് പൈപ്പ് വെള്ളം ഉപയോഗിക്കുന്നത്. മറ്റ് 19 സംസ്ഥാനങ്ങളില്‍ ഇത് 50 ശതമാനത്തിന് മീതെയാണ്. കേരളത്തില്‍ ഇപ്പോഴും 62 ശതമാനം വീടുകളിലും കിണറുണ്ടെങ്കിലും ഭൗമജല സ്രോതസുകളിലും പൈപ്പ് വെള്ളത്തില്‍പ്പോലും ഇ-കോളിയുടെ ശക്തമായ സാന്നിധ്യമുണ്ട്. കേരളത്തില്‍ ജലവിതരണത്തിന്റെ ചുമതല ജലഅതോറിറ്റിക്കാണ്. കേരളമാണ് ഇന്ത്യയില്‍ ആദ്യമായി ജലനയം രൂപീകരിച്ചതും, ജലത്തിനുള്ള അവകാശം മനുഷ്യാവകാശമായി പ്രഖ്യാപിച്ചതും. കേരളത്തില്‍ ജലനിധി എന്ന പേരില്‍ ഗ്രാമീണ ജലവിതരണ ശുചിത്വ ഏജന്‍സിയുണ്ട്. ഇവയുടെ എല്ലാം പ്രഖ്യാപിത ലക്ഷ്യം ശുദ്ധജലം ഉറപ്പുവരുത്തലാണ്. പണ്ട് കേരളത്തിലെ 77 ശതമാനം ജനങ്ങളും സ്വന്തം വീട്ടില്‍ ജലസ്രോതസുള്ളവരായിരുന്നു. ഇവിടെ 44 നദികളും ദീര്‍ഘമായ കാലവര്‍ഷവും ഉണ്ട്. പക്ഷേ കാലവര്‍ഷത്തില്‍ സമൃദ്ധമായി കിട്ടുന്ന മഴ കടലിലേക്കൊഴുകിപ്പോകുന്നതല്ലാതെ തടയിണകള്‍ സൃഷ്ടിച്ചുപോലും അവ സംഭരിക്കാന്‍ കേരളം തയ്യാറായില്ല. ഇപ്പോള്‍ കേരളത്തിലും ജലദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. ആഗോളതാപനം മൂലമുണ്ടാകുന്ന സമുദ്രനിരപ്പിന്റെ ഉയര്‍ച്ച ഉപ്പുവെള്ളം നദീജലത്തില്‍ കലരാന്‍ കാരണമാകുന്നു. ഇതിനെല്ലാം പുറമെയാണ് മലയാളികളുടെ മാലിന്യവല്‍ക്കരണ സംസ്ക്കാരം. ജലലഭ്യത കുറഞ്ഞതും കാലാവസ്ഥാ വ്യതിയാനവും കേരളത്തെ ടാങ്കര്‍ വെള്ളത്തെ ആശ്രയിക്കാന്‍ നിര്‍ബന്ധിതമാക്കിയതോടെ ജലവിതരണം ജലമാഫിയകള്‍ കയ്യടക്കി.
റോഡുകളില്‍ തലങ്ങും വിലങ്ങും ഓടുന്ന ടാങ്കര്‍ ലോറികള്‍ ഇതിന് സാക്ഷ്യംവഹിക്കുന്നു. ജലഅതോറിറ്റി ആവശ്യത്തിന് ജലം ലഭ്യമാക്കാത്തതാണ് ടാങ്കര്‍ മാഫിയ രൂപംകൊള്ളാന്‍ പശ്ചാത്തലമൊരുക്കിയത്. ലോകബാങ്കിന്റെ സഹായത്തോടെ 381 കോടി രൂപയുടെ ശുദ്ധജല പദ്ധതി നടപ്പാക്കിയെങ്കിലും ജലവിതരണം കാര്യക്ഷമമായില്ല. 2012 ലെ ജലനയത്തില്‍ ജലവിതരണം സര്‍ക്കാര്‍ ചുമതലയില്‍നിന്ന് മാറ്റി സര്‍ക്കാര്‍ നിയന്ത്രണമുള്ള രംഗമാക്കണമെന്ന നിര്‍ദ്ദേശം പൊതു-സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുമെന്ന ആരോപണമുയര്‍ത്തിയിരുന്നു. അത് പ്രായോഗികമാകുന്നതിന് മുമ്പുതന്നെ ജലം കച്ചവടച്ചരക്കായി. ഇന്ന് മലയാളികള്‍ക്ക് പൈപ്പില്‍ക്കൂടി ലഭിക്കുന്നകുടിവെള്ളവും ടാങ്കര്‍ ലോബി വിതരണം ചെയ്യുന്ന ജലവും മലിനമാണെന്ന് പരിശോധനകള്‍ തെളിയിക്കുന്നു. പെരിയാര്‍ ജലത്തില്‍തന്നെ ഇ-കോളി ബാക്ടീരിയയും എന്‍ഡോസള്‍ഫാനും എല്ലാം കലരുന്നത് കക്കൂസ് മാലിന്യവും ഫാക്ടറി മാലിന്യവും കൊണ്ടുവന്നത് തള്ളുന്നതിനാലാണ്. കേരളത്തിലെ എല്ലാ ജലസ്രോതസുകളും ഇന്ന് മാലിന്യനിക്ഷേപ കേന്ദ്രങ്ങളായി ജനം മാറ്റിയപ്പോള്‍ ശുദ്ധജലം എന്നത് സങ്കല്‍പ്പം മാത്രമായിരിക്കുന്നു. ഓടയിലെ വെള്ളംപോലും ഇന്ന് കുടിവെള്ളമായി വിതരണം ചെയ്യുന്നുവെന്ന് ദൃശ്യമാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ തെളിയുന്നു. ഈ മലിനജല സ്രോതസുകളിലെ വെള്ളവും പെരിയാറില്‍നിന്ന് അനധികൃതമായി ശേഖരിക്കുന്ന വെള്ളവുമാണ് ടാങ്കര്‍ മാഫിയ വിതരണം ചെയ്യുന്നത്. ഇത് സര്‍ക്കാര്‍ ഇപ്പോള്‍ തിരിച്ചറിയുന്നു.
സര്‍ക്കാരിന് വീഴ്ചപറ്റിയെന്നും ജലമാഫിയയെ നിയന്ത്രിക്കാനായില്ലെന്നും ജലവിഭവ വകുപ്പ് മന്ത്രി കുമ്പസാരം നടത്തുന്നു. പക്ഷേ സര്‍ക്കാരിന്റെ അശ്രദ്ധയാണ് ഇന്ന് ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി മുതലായവ ഇപ്പോള്‍തന്നെ പടര്‍ന്നുപിടിക്കാന്‍ കാരണം. ഗ്രാമീണമേഖലയും ആദിവാസികള്‍പോലും ജലജന്യരോഗങ്ങളില്‍നിന്ന് വിമുക്തമല്ല. ഇപ്പോള്‍ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ടാങ്കര്‍ലോറികള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്നും ഇതിനുള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു. വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള ചുമതല ആരോഗ്യവകുപ്പിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കുമായിരിക്കും. മലിനജലം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികള്‍ പിടിച്ചെടുക്കുകയും വിതരണക്കാരെ ശിക്ഷിക്കുകയും ഇതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുമെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അടുത്ത ലോകമഹായുദ്ധം ജലത്തിന് വേണ്ടിയായിരിക്കുമെന്ന് പ്രവചനമുണ്ട്. പക്ഷേ സ്വന്തം ജലം സ്വയം മലിനമാക്കി ശുദ്ധജലത്തിനുവേണ്ടി, ദാഹജലത്തിനുവേണ്ടി കേഴേണ്ട അവസ്ഥ മലയാളിയുടെ സ്വയംകൃതാനര്‍ത്ഥമാണ്. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ പലതും രാഷ്ട്രീയ വിവാദങ്ങളില്‍ മുങ്ങിപ്പോകാറുണ്ട്. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ഐക്യമുന്നണി സര്‍ക്കാര്‍ ഇതും ഷെല്‍ഫില്‍ വെയ്ക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: