ഒരു സ്വകാര്യ ഏജന്‍സി നല്കുന്നതായിട്ടു കൂടി ഭാരതത്തില്‍ കൂടുതല്‍ ആദരിക്കപ്പെടുന്ന ജ്ഞാനപീഠ പുരസ്കാരം പലപ്പോഴും വിവാദച്ചുഴിയിലകപ്പെടാറുണ്ട്. സാഹിത്യത്തിനു നല്‍കിവരുന്ന പ്രശസ്തമായ പുരസ്കാരമാണ് ജ്ഞാനപീഠം. ഏഴുലക്ഷം രൂപയും വാഗീശ്വരിയുടെ ശില്പവുമടങ്ങുന്ന ജ്ഞാനപീഠപുരസ്കാരം ലഭിച്ചിരുന്നെങ്കിലെന്ന് കൊതിക്കുന്ന വലിയൊരു സമൂഹം എഴുത്തുകാര്‍ ഭാരതത്തിലുണ്ട്. അവര്‍ അതിനായി ശ്രമിക്കുകയും ചെയ്യുന്നു. ചിലരുടെ ശ്രമങ്ങള്‍ വിജയിക്കുകയും മറ്റുചിലരുടേത് പരാജയപ്പെടുകയും ചെയ്യും. പരാജയപ്പെട്ടവര്‍ വിജയിക്കുന്നതു വരെ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കും.
ജ്ഞാനപീഠ പുരസ്കാരം സര്‍ക്കാര്‍ നല്‍കിവരുന്നതാണന്ന് ധരിച്ചിരിക്കുന്നവരാണേറെയും. എന്നാല്‍ അതൊരു സ്വകാര്യ സമിതി നല്കുന്നതാണെന്ന അറിവ് കുറച്ചാളുകളില്‍ മാത്രമേയുള്ളു. ജ്ഞാനപീഠത്തിനു നല്‍കിവരുന്ന സമ്മാനത്തുകയല്ല അതിന്റെ പ്രിയം കൂട്ടുന്നത്. ഏഴുലക്ഷം രൂപ നല്ല ഒരെഴുത്തുകാരന് അത്രവലിയ തുകയല്ല. ആ പുരസ്കാരത്തിന് ജനങ്ങളുടെയിടയിലുള്ള വിശ്വാസ്യതയാണ് അതിന്റെ വലിപ്പം കൂട്ടുന്നത്. 1961ല്‍ �ടൈംസ് ഓഫ് ഇന്ത്യയുടെ ഉടമസ്ഥരായ സാഹുജയിന്‍ കുടുംബമാണ് ജ്ഞാനപീഠ പുരസ്കാരം ഏര്‍പ്പെടുത്തിയത്. അക്കാലത്ത് സാഹിത്യത്തിന് വിലയും നിലയുമുള്ള മറ്റൊരു പുരസ്കാരം നല്‍കുന്നുണ്ടായിരുന്നില്ല. 1961 ല്‍ രൂപീകൃതമായെങ്കിലും 1965 മുതലാണ് പുരസ്കാരം നല്കിത്തുടങ്ങിയത്. മലയാള കവി ജി.ശങ്കരക്കുറുപ്പിനാണ് ആദ്യത്തെ ജ്ഞാനപീഠം നല്‍കിയത്. ശങ്കരക്കുറുപ്പിന്റെ �ഓടക്കുഴല്‍� എന്ന കാവ്യസമാഹാരത്തിനായിരുന്നു ആദ്യത്തെ ജ്ഞാനപീഠം.
എതിരഭിപ്രായങ്ങളൊന്നുമില്ലാതെയാണ് ജി.ശങ്കരക്കുറുപ്പിനെ ജ്ഞാനപീഠത്തിനായി തെരഞ്ഞെടുത്തത്. പിന്നീടിങ്ങോട്ട് പലര്‍ക്കും മലയാളത്തില്‍ നിന്നു തന്നെ ജ്ഞാനപീഠം ലഭിച്ചു. ഏറ്റവും ഒടുവില്‍ കവി ഒ.എന്‍.വികുറുപ്പിനു വരെ.
ഓരോതവണയും ജ്ഞാനപീഠം ഓരോരുത്തര്‍ക്കും ലഭിക്കുമ്പോള്‍ ഒപ്പം വിവാദവും പതിവാണ്. ഒ.എന്‍.വിക്കു ലഭിച്ചപ്പോഴും വിവാദങ്ങളുണ്ടായി. അദ്ദേഹം ജ്ഞാനപീഠം സംഘടിപ്പിച്ചെടുത്തതാണെന്നായിരുന്നു ഉയര്‍ന്നു വന്ന ആക്ഷേപം. ഒ.എന്‍.വിക്കു ജ്ഞാനപീഠം നല്‍കിയതിനെ എതിര്‍ത്ത് പ്രമുഖര്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. കവി അതിനായി നടത്തിയ ചരടുവലികള്‍ നന്നായി അറിയാവുന്നവരായിരുന്നു അവരെല്ലാം. ഒഎന്‍വി കുറുപ്പിന് ലഭിച്ച ജ്ഞാനപീഠ പുരസ്കാരം ഏറെ നാളത്തെ പ്രയത്നത്തിനൊടുവില്‍ സംഘടിപ്പിച്ചെടുത്തതാണെന്നായിരുന്നു എഴുത്തുകാരന് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ അഭിപ്രായം.
ഉന്നതരായ ചിലരുടെ ശുപാര്ശയിലൂടെയാണ് ഒഎന്‍വിക്ക് പുരസ്കാരം ലഭിച്ചതെന്നാണ് പുനത്തില്‍ പറഞ്ഞത്. കേന്ദ്ര സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി കെ സച്ചിദാനന്ദന് ഇതില്‍ നിര്‍ണ്ണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. അല്പം കഴിവുണ്ടെങ്കില്‍ ആര്‍ക്കും ഇത്തരം അവാര്‍ഡുകള്‍ സംഘടിപ്പിക്കാവുന്നതാണെന്നും പുനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.
പുനത്തിലിന്റെ അഭിപ്രായത്തോട് യോജിച്ചും വിയോജിച്ചും നിരവധിപേര്‍ രംഗത്തു വന്നു. ഒഎന്‍വിയെ അടുത്തറിയുന്നവര്‍ക്കും അദ്ദേഹത്തിന്റെ കാവ്യബാഹ്യമായ ജീവിതത്തെ മനസ്സിലാക്കിയിട്ടുള്ളവര്‍ക്കും പുനത്തിലിന്റെ വാക്കുകള്‍ വിശ്വസിക്കേണ്ടി വരും. ഒഎന്‍വി നല്ല കവിയാണെന്ന് പുനത്തിലും സമ്മതിക്കുന്നുണ്ട്. പക്ഷേ, അതുകൊണ്ടു മാത്രം അദ്ദേഹം നടത്തിയ ചരടുവലികള്‍ ഇല്ലാതാകുകയില്ലല്ലോ.
വിവാദങ്ങള്‍ പതിവുപോലെ ഉണ്ടായപ്പോഴും ചര്‍ച്ചയ്ക്കു വന്ന പ്രധാനപ്പെട്ട ഭാഗം വളരെ ശ്രദ്ധേയമാണ്. മലയാള സാഹിത്യകാരന്മാര്ക്ക് ജ്ഞാനപീഠം ലഭിക്കുമ്പോള്‍ അവരേക്കാള്‍ അതിന് അര്‍ഹതയുള്ള പലരും തഴയപ്പെടുന്നുണ്ടെന്നതാണ് അത്. മഹാകവി അക്കിത്തത്തിനും കവി അയ്യപ്പപണിക്കര്‍ക്കും നല്‍കാത്ത ജ്ഞാനപീഠമാണ് ഒ.എന്‍.വിക്ക് നല്‍കിയത്. ജ്ഞാനപീഠ പുരസ്കാരത്തിന് അക്കിത്തം എത്രയോ യോഗ്യനാണെന്നത് ആര്‍ക്കും തര്‍ക്കമുള്ള വസ്തുതയല്ല. പ്രമുഖരും യോഗ്യരുമായ പലര്‍ക്കും ലഭിക്കാത്ത ജ്ഞാനപീഠമാണ് മറ്റു പലര്‍ക്കും ലഭിച്ചതെന്ന സത്യം വിസ്മരിക്കാന്‍ കഴിയില്ല.
ജ്ഞാനപീഠത്തെക്കുറിച്ചും അതുയര്‍ത്തിയിട്ടുള്ള വിവാദത്തെക്കുറിച്ചും ഇപ്പോള്‍ പറയാന്‍ പ്രത്യേക കാരണമുണ്ട്. പ്രമുഖ കഥാകൃത്ത് ടി.പദ്മനാഭന് ഉറൂബിന് ജ്ഞാനപീഠം നല്കാതിരുന്നതിനെക്കുറിച്ചു നടത്തിയ പ്രസ്താവനയാണ് കാരണം. ഉറൂബിന് ലഭിക്കേണ്ടിയിരുന്ന ജ്ഞാനപീഠ പുരസ്കാരം അട്ടിമറിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. ജ്ഞാനപീഠ പുരസ്കാര നിര്‍ണ്ണയത്തിനു പിന്നിലെ അടിയൊഴുക്കുകളെക്കുറിച്ച് അദ്ദേഹം വളരെ വികാരത്തോടെയാണ് സംസാരിച്ചത്. ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും എന്ന കൃതിക്ക് ജ്ഞാനപീഠം നല്കാന് തീരുമാനിച്ചിരുന്നുവത്രെ. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പത്രങ്ങളില്‍ അറിയിക്കാനിരിക്കവെയാണ് അട്ടിമറിയുണ്ടായതെന്നും ടി.പദ്മനാഭന് പറഞ്ഞു. രാഷ്ട്രീയ കേന്ദ്രങ്ങളില്‍ പിടിപാടുള്ള ഒരു തമിഴ് സാഹിത്യകാരനു നല്‍കാനായാണ് ഉറൂബിന് നിശ്ചയിച്ചിരുന്ന ജ്ഞാനപീഠം അട്ടിമറിക്കപ്പെട്ടതെന്നും പദ്മനാഭന് വെളിപ്പെടുത്തി. അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുണ്ടായ ഇടപെടലാണ് ഉറൂബിനു നല്‍കേണ്ട പുരസ്കാരം ഇല്ലാതാക്കിയത്. അന്ന് ജ്ഞാനപീഠം ലഭിച്ച തമിഴ് എഴുത്തുകാരന് അന്നും ഇന്നും അപ്രശസ്തനാണെന്നും അദ്ദേഹത്തിന്റെ രചനകള്‍ മൂന്നാംതരമാണെന്നും പദ്മനാഭന് പറഞ്ഞു.
പുരസ്കാരങ്ങള്‍ തരപ്പെടുത്തിയെടുക്കാന്‍ സാഹിത്യപ്രഭൃതികള്‍ നെട്ടോട്ടമോടുന്ന കാലമാണിത്. അതിനാല്‍ തന്നെ ടി.പദ്മനാഭന്റെ വാക്കുകളെ അവിശ്വസിക്കേണ്ടതില്ല. കേരളത്തില്‍ നിന്ന് ജ്ഞാനപീഠം കിട്ടിയവരില്‍ ആരൊക്കെ ഇത്തരത്തില്‍ സംഘടിപ്പിച്ചെടുത്തിട്ടുണ്ടെന്ന് വിശകലനം ചെയ്യാന്‍ മുതിരുന്നില്ല. പക്ഷേ, കിട്ടിയവരേക്കാള്‍ കൂടുതല്‍ കിട്ടാന്‍ അര്‍ഹതയുണ്ടായിരുന്നിട്ടും കിട്ടാത്തവരാണെന്നത് പറയാതിരിക്കാന്‍ കഴിയില്ല. ജി.ശങ്കരക്കുറിപ്പിനു ജ്ഞാനപീഠം കിട്ടുമ്പോള്‍ വൈലോപ്പിള്ളിയും കുഞ്ഞിരാമന്നായരുമിവിടെയുണ്ടായിരുന്നു. പൊറ്റക്കാടിന് ജ്ഞാനപീഠം കിട്ടുമ്പോള്‍ ‘സുന്ദരികളും സുന്ദരന്മാരും’ എഴുതിയ ഉറൂബ് ജീവിച്ചിരിപ്പുണ്ടായിരുന്നു. വൈക്കം മുഹമ്മദ് ബഷീറുമുണ്ടായിരുന്നു. ഉറൂബിന്റെ പ്രതിഭാശാലിത്വത്തിനുമുന്നില് പൊറ്റക്കാട് അത്രയൊന്നും മുഴച്ചു നില്‍ക്കുന്നില്ലെന്ന് പറയാതെവയ്യ.
വൈക്കം മുഹമ്മദ് ബഷീര്‍ ജീവിച്ചിരിക്കെത്തന്നെയാണ് തകഴി ശിവശങ്കരപ്പിള്ളയും ജ്ഞാനപീഠം കയറിയത്. ബഷീറിന് കാര്യമായ ഒരു പുരസ്കാരവും കിട്ടിയിട്ടില്ലെന്നതും ഓര്‍ക്കേണ്ടതുണ്ട്. എം.ടിയ്ക്ക് ജ്ഞാനപീഠം കിട്ടിയത് നല്ലതു തന്നെ. എന്നാല്‍ ഖസാക്കിന്റെ ഇതിഹാസകാരന് ഒ.വി.വിജയനു ലഭിക്കാത്ത ജ്ഞാനപീഠമാണതെന്നത് വേദനിപ്പിക്കുന്നുണ്ട്. മുകളില്‍ സൂചിപ്പച്ചതുപോലെ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’കാരന് മഹാകവി അക്കിത്തത്തിന് നല്‍കാതെയാണ് ഒ.എന്‍.വിക്ക് ജ്ഞാനപീഠം നല്കിയതെന്നതും വേദനിപ്പിക്കുന്നതാണ്.
ഉറൂബിന് നല്‍കാത്ത ജ്ഞാനപീഠത്തെക്കുറിച്ച് ടി.പദ്മനാഭന് ഇപ്പോള്‍ പ്രതികരിച്ചപ്പോഴാണ് ജ്ഞാനപീഠം ലഭിക്കാതെ പോയ അര്‍ഹരായവരെക്കുറിച്ച് ഓര്‍ക്കേണ്ടി വന്നത്. ഉറൂബ് എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ട പി.സി.കുട്ടികൃഷ്ണന് മലയാള സാഹിത്യത്തിന്റെ പുണ്യമാണ്. കാവ്യാത്മകത തുളുമ്പുന്ന ഭാഷ, പ്രകൃതിയിലെ ഓരോ ജീവജാലങ്ങളെയും വീക്ഷിച്ചു കൊണ്ട് കഥ പറയുന്ന രീതി, നമ്മെ കാഴ്ചയുടെ പരമോന്നതിയില്‍ എത്തിക്കാന്‍ കഴിയുന്ന രചനാപാടവം എല്ലാം ഉറൂബില്‍ വിസ്മയിപ്പിക്കുന്ന തരത്തില്‍ സമ്മേളിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹത്തിനു ജ്ഞാനപീഠം നല്കാന് തീരുമാനിച്ച ശേഷം രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്ന് അത് അട്ടിമറിച്ചിട്ടുണ്ടെങ്കില്‍ ഏറ്റവും നിന്ദ്യം എന്നല്ലാതെ മറ്റൊന്നും പറയാന്‍ കഴിയില്ല. മറ്റേതൊരു പുരസ്കാരത്തെയും പോലെ ജ്ഞാനപീഠവും ദുര്‍ഗന്ധപൂരിതമായെന്ന് പറയാതിരിക്കാന്‍ കഴിയില്ല.
ഉറൂബിനെപ്പോലെ മഹാനായ ഒരെഴുത്തുകാരന് നല്കാന് തീരുമാനിച്ചിരുന്ന ജ്ഞാനപീഠ പുരസ്കാരം അവസാന നിമിഷം തട്ടിത്തെറിപ്പിച്ച് മറ്റൊരാള്‍ക്ക് നല്‍കിയത് ജ്ഞാനപീഠ പുരസ്കാരത്തെ ഇകഴ്ത്തുന്നതിനു തുല്യമാണ്. ഉറൂബിന് നല്‍കാത്ത ജ്ഞാനപീഠം മലയാളത്തില്‍ മറ്റാര്‍ക്ക് നല്‍കിയിട്ട് എന്തുകാര്യം?
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: