കേരള പോലീസ് മുതിര്‍ന്ന പൗരന്മാര്ക്കുവേണ്ടി വയോജന സുരക്ഷാ പദ്ധതി ആവിഷ്ക്കരിക്കുന്നത് സ്വാഗതാര്‍ഹമാണ്. കേരളത്തില്‍ ആയുര്‍ദൈര്‍ഘ്യം കൂടിയ പശ്ചാത്തലത്തില്‍ ഇന്ന് സംസ്ഥാനത്തെ ജനസംഖ്യയില്‍ മുതിര്‍ന്ന പൗരന്മാരുടെ ശതമാനം കൂടി വരുമ്പോള്‍ തന്നെ വൃദ്ധര്‍, മാതാപിതാക്കളടക്കം ഒരു ഭാരമാണെന്ന ചിന്തയും അണുകുടുംബ ജീവിതശൈലിയുമെല്ലാം മുതിര്‍ന്ന പൗരന്മാരെ ഒറ്റപ്പെടുത്തുമ്പോള്‍ അവരുടെ അരക്ഷിതബോധം ഒഴിവാക്കാനും ആത്മവിശ്വാസം വളര്‍ത്താനും നടപടികള്‍ ആവശ്യമാണ്. ഇന്ന് വീട്ടില്‍ തനിച്ച് താമസിക്കുന്ന വൃദ്ധകളായ സ്ത്രീകള്‍ മോഷ്ടാക്കളുടെ ശ്രദ്ധാകേന്ദ്രങ്ങളായി ആക്രമിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്നത് പതിവാണ്. പട്ടാപ്പകല്‍പോലും വീട്ടില്‍ ആക്രമിച്ചു കയറി ഒറ്റപ്പെട്ട വൃദ്ധകളെ ആക്രമണത്തിനിരയാക്കുന്നത് പലപ്പോഴും അവരുടെ ആഭരണം കവരാനാണ്. കേരളത്തിലെ പല നഗരങ്ങളിലും അരങ്ങേറുന്ന ഒരു സാധാരണ സംഭവമായി ഇത് മാറുന്നുണ്ട്. വൃദ്ധകള്‍ കേരളത്തില്‍ കൂടുന്നത് ഇവിടെ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം പുരുഷന്മാരേക്കാള് അധികമാണെന്നതിനാലാണ്. കേരളത്തില്‍ ഒരു സമഗ്രമായ വയോജനനയം ഇനിയും രൂപപ്പെട്ടിട്ടില്ല. വാര്‍ദ്ധക്യകാല പെന്ഷന് നല്കുന്നതുകൊണ്ടുമാത്രം ജീവിത സുരക്ഷ ഉറപ്പുവരുന്നില്ല. ഇന്നത്തെ സാഹചര്യത്തില്‍ മക്കള്‍ ഉദ്യോഗസ്ഥരായി അന്യനാടുകളില്‍ ജീവിക്കുമ്പോഴാണ് വൃദ്ധജനങ്ങള്‍ ഒറ്റപ്പെടുന്നത്. വൃദ്ധരെ വൃദ്ധസദനങ്ങളിലാക്കുന്ന രീതി കേരളത്തില്‍ വ്യാപകമായതോടെ വൃദ്ധസദനങ്ങളുടെ എണ്ണവും വര്‍ധിക്കുകയാണ്.
മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ, പ്രത്യേകിച്ച് ഏകാകികളായ വൃദ്ധപൗരന്മാരുടെ സുരക്ഷ കേരളാ പോലീസിന് ഒരു വെല്ലുവിളി തന്നെയാണ്. ഓരോ ജില്ലയിലെയും മുതിര്‍ന്ന പൗരന്മാരുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കി പോലീസ് രൂപീകരിക്കാനുദ്ദേശിക്കുന്ന സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് ബ്യൂറോയില്‍ സൂക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്. പണ്ട് ഗ്രാമങ്ങളിലും നഗരങ്ങളില്‍പ്പോലും ജനസമൂഹത്തിന് പരസ്പ്പരം അറിയാമായിരുന്നു. ഇന്ന് ഫ്ലാറ്റ് സംസ്ക്കാരം നിലവില്‍ വരുകയും നഗരവല്‍ക്കരണം വര്‍ധിക്കുകയും ചെയ്തതോടെ പരസ്പ്പരം അറിയുകയോ ആശയവിനിമയം നടത്തുന്നതോ വിരളമാണ്. ഹൗസിംഗ് കോളനികളിലെ റസിഡന്റ്സ് അസോസിയേഷനുകള്‍ ഈ കുറവ് ഏറെക്കുറെ പരിഹരിക്കുന്നുണ്ട്. പക്ഷെ വൃദ്ധജനങ്ങള്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകളെങ്കിലും പോലീസ് നിരീക്ഷണത്തില്‍ വയ്ക്കണം എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതിന് പ്രധാന കാരണം ഇന്ന് കേരളത്തിലേയ്ക്കുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ കുത്തൊഴുക്കാണ്. നിര്‍മാണ മേഖല ‘പ്ലൈവുഡ്’ മേഖല, കാര്‍ഷികമേഖല മുതലായി ഒരുവിധമെല്ലാ മേഖലകളിലും ഇന്ന് അന്യസംസ്ഥാന തൊഴിലാളികളാണ് പണി എടുക്കുന്നത്. ഇവരുടെ കണക്കോ പശ്ചാത്തലമോ പോലീസിന് പോലും ഇല്ലാത്ത സാഹചര്യത്തിലും ഇവരില്‍ നല്ലൊരു ശതമാനം ക്രിമിനലുകളും മയക്കുമരുന്നും കള്ളനോട്ടും വിതരണം ചെയ്യുന്നവരും തീവ്രവാദബന്ധം പോലും ഉള്ളവരാണെന്ന് പല സംഭവങ്ങളും തെളിയിച്ചിട്ടുണ്ട്. ഇവര്‍ നടത്തുന്ന മോഷണങ്ങളും വീട് കയറി ആക്രമണങ്ങളും വാര്‍ത്തയാകാറുണ്ട്. ഈ ഭീഷണി ഏറ്റവും അധികം ഉയരുന്നതും ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധര്‍ക്ക് നേരെയാണ്.
ഈ പശ്ചാത്തലത്തിലാണ് ജനമൈത്രി പോലീസിന്റെ വൃദ്ധജനങ്ങളുടെ സുരക്ഷയ്ക്കുള്ള പദ്ധതി സ്വാഗതാര്‍ഹമാകുന്നത്. വൃദ്ധമാതാക്കളെ തനിച്ചാക്കി പോകുന്നവര്‍ വിവരം പോലീസിനെ അറിയിച്ചാല്‍ പോലീസിന് നടപടി എടുക്കാന്‍ ഉപകരിക്കും. ഇപ്പോള്‍ തന്നെ അനാഥരാക്കി വഴിയിലും വീടുകളിലും ഉപേക്ഷിക്കപ്പെടുന്ന, പുഴുവരിച്ച് പോലും കിടക്കുന്ന വൃദ്ധജനങ്ങളെ ആശുപത്രികളിലെത്തിക്കാന്‍ ജനമൈത്രി പോലീസ് ശ്രദ്ധിക്കുന്നുണ്ട്. ഇനി വൃദ്ധജനങ്ങള്‍ക്ക് ചികിത്സ, വൈദ്യുതി, വെള്ളം മുതലായവ ലഭ്യമാക്കാന്‍ ഹെല്‍പ്പ് ലൈന്‍ സ്ഥാപിക്കുകയും സുരക്ഷാ ബോധവല്‍ക്കരണം നല്‍കുകയും ചെയ്യാന്‍ പോലീസ് ലക്ഷ്യമിടുന്നുണ്ട്. എല്ലാ പോലീസ് സ്റ്റേഷനുകളിലും സീനിയര്‍ സിറ്റിസണ്‍സ് ഹെല്‍പ്പ് ലൈന്‍ ഡെസ്ക് സ്ഥാപിക്കും. ഇങ്ങനെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാണെന്നുള്ള ബോധവല്‍ക്കരണം നല്‍കേണ്ടത് പരമപ്രധാനമാണ്. ഓരോ മേഖലയിലും റസിഡന്റ്സ് അസോസിയേഷന് രൂപീകൃതമാകുന്നതും അവയില്‍ക്കൂടി അവബോധം വളര്‍ത്തുന്നതും വൃദ്ധജനങ്ങള്‍ക്ക് ഉപകാരപ്രദമാകും. ഇന്നത്തെ സമൂഹദൃഷ്ടിയില്‍ വയോജനങ്ങള്‍ അധികപ്പറ്റും ബാധ്യതയും ഭാരവുമാണ്. അവരുടെ സുരക്ഷ മക്കളുടെ പോലും അജണ്ടയല്ല. ഈ സാഹചര്യത്തില്‍ ഈ പോലീസ് നയരൂപീകരണം ആശ്വാസപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: