ഒരു പഞ്ചായത്തു മെംബര്‍ പോലുമാകാത്ത രാഷ്ട്രീയനേതാവിന്റെ ചരമവാര്‍ഷികം കുടുംബക്കാരില്‍ മാത്രമേ ഒതുങ്ങുകയുള്ളൂ. എന്നാല്‍ പതിനേഴു വര്‍ഷം പിന്നിടുമ്പോഴും കെ.ജി.മാരാര്‍ എന്ന രാഷ്ട്രീയക്കാരന്റെ ഓര്‍മയ്ക്ക് തിളക്കമേറുകയാണ്. ആദര്‍ശവും അര്‍പ്പണബോധവും സര്‍വോപരി മനുഷ്യപ്പറ്റും പ്രകടിപ്പിക്കാനും പ്രവര്‍ത്തിക്കാനും രാഷ്ട്രീയത്തെ ഉപാധിയാക്കിയതു കൊണ്ടാണതെന്ന് നിസ്സംശയം പറയാം. ആദര്‍ശരാഷ്ട്രീയത്തിന്റെ ആള്‍രൂപമായിരുന്നു കെ.ജി.മാരാര്‍. സാധാരണക്കാര്‍ക്കിടയില്‍ സാധാരണക്കാരനായി ജീവിക്കുകയും അസാധാരണ വ്യക്തിപ്രഭാവം നേടുകയും ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു. ഒരു എംഎല്‍എക്കോ മന്ത്രിക്കോ ജനഹൃദയങ്ങളില്‍ ലഭിക്കാത്ത സ്ഥാനം അദ്ദേഹത്തിന് ജനലക്ഷങ്ങളില്‍ ലഭിച്ചു. ഭരണസംവിധാനങ്ങളുടെ ഭാഗമാകാനുള്ള എല്ലാ അര്‍ഹതയും യോഗ്യതയും അദ്ദേഹത്തിനുണ്ടെന്ന് വ്യക്തിപരമായി അറിയാന്‍ ശ്രമിച്ചവരെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ അതിനു വേണ്ടി നടന്നു വന്ന വീഥികള്‍ വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
പരസ്പര ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും അംശങ്ങള്‍ രാഷ്ട്രീയത്തില്‍ നിന്നും അകന്നകന്നു പോകുന്ന കാലഘട്ടമാണിത്. രാഷ്ട്രീയ പ്രതിയോഗികളെ മാത്രമല്ല സ്വന്തം കക്ഷിക്കാരെ തന്നെ വേട്ടയാടാന്‍ അവസരം നോക്കി നില്ക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് പഞ്ഞമില്ലാത്ത ഇക്കാലത്ത് മാരാര്‍ജിയുടെ സ്മരണപോലും പൊതുസമൂഹത്തിന് ആശ്വാസം നല്‍കുന്നതാണ്. രാഷ്ട്രീയം എന്നത് വര്‍ഗീയത്തിന് വഴിമാറി നില്‍ക്കുകയാണ്. വര്‍ഗീയതയ്ക്കെതിരെ നിരന്തരം മാരാര്‍ജി നല്കി മുന്നറിയിപ്പുകള്‍ ഒന്നൊന്നായി തെളിഞ്ഞു വന്നുകൊണ്ടിരിക്കുന്നു. മുസ്ലീംലീഗിനു മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്ന കോണ്‍ഗ്രസ് ഒരു ഭാഗത്ത്. കോണ്‍ഗ്രസ് ബന്ധം വിട്ടാല്‍ ലീഗുമായി ചങ്ങാത്തം കൂടാന്‍ ഒരുങ്ങി നില്ക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ മറുഭാഗത്ത്. ദൈവത്തിന്റെ സ്വന്തം നാടെന്ന് അഹങ്കരിക്കുന്ന കേരളം ചെകുത്താന്മാരുടെ വിഹാരഭൂമിയായി മാറിക്കഴിഞ്ഞിരിക്കുന്നു.
കഴുത്തില്‍ കത്തി വച്ച് ഘടകകക്ഷികള്‍ കാര്യങ്ങള്‍ പിടിച്ചു വാങ്ങുകയാണെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ വിലപിക്കുന്നു. കെപിസിസിയും ഹൈക്കമാന്റും നിരസിച്ച അഞ്ചാം മന്ത്രി സ്ഥാനം ലീഗിന് ദാനം ചെയ്ത കോണ്‍ഗ്രസ് മാനംകെട്ട് നടക്കുകയാണ്. ചൊടിച്ചു നിന്ന് ലീഗുകാരും ചിരിച്ചു കൊണ്ട് ക്രൈസ്തവവര്ഗീയതയായ കേരള കോണ്‍ഗ്രസും അധികാരങ്ങളും അനര്‍ഹമായ ആനുകൂല്യങ്ങളും തട്ടിയെടുക്കുന്നു. ഭൂരിപക്ഷമായിപ്പോയി എന്നതിനാല്‍ ഹിന്ദുസമൂഹം അവഹേളനയും അവഗണനയും നേരിടുകയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഗര്‍ജനത്തോടെ മാരാര്‍ജി ചങ്കുറപ്പു കാട്ടിയ സംഭവങ്ങള്‍ നിരവധിയാണ്. കണ്ണു പോയാലേ കണ്ണിന്റെ വിലയറിയൂ. മാരാര്‍ജിയുടെ അസാന്നിധ്യം അത് അടിവരയിട്ട് ഉറപ്പിക്കുകയാണ്.
വളരെ എളിയ നിലയില്‍ കഴിഞ്ഞ ഒരു കുടുംബത്തിലെ അംഗമായിട്ടാണ് ഗോവിന്ദനെന്ന കെ.ജി.മാരാര്‍ പിറന്നത്. അദ്ദേഹത്തെപ്പോലെ സാമ്പത്തിക ക്ലേശമനുഭവിച്ച് പഠിച്ചവര്‍ നന്നെ ചുരുങ്ങും. ആരാധകര്‍ ചുരുക്കമായ ഒരമ്പലത്തിലെ കഴകത്തിന് ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമേ കുടുംബത്തിനുണ്ടായിരുന്നുള്ളൂ. വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ രാഷ്ട്രീയ സ്വയം സേവക സംഘം മാരാര്‍ജിയുടെ മനസ്സില്‍ ജീവിതാദര്‍ശത്തിന്റെ നെയ്ത്തിരി കൊളുത്തി, അതിനെ കെടാവിളക്കായി അദ്ദേഹം അന്ത്യശ്വാസം വരെ കാത്തുസൂക്ഷിച്ചു. അതൊരിക്കലും മങ്ങിയുമില്ല. ആളിക്കത്തിയുമില്ല. ആ തിരിയുടെ വെളിച്ചം അദ്ദേഹം ആയിരക്കണക്കിന് യുവാക്കള്‍ക്ക് വഴിതെളിക്കാന്‍ ഉപയോഗിച്ചു.
മാരാര്‍ജിയുടെ പൊതുജീവിതം ആരംഭിക്കുന്നത് ആര്‍എസ്എസ് പ്രചാരകനായിട്ടാണ്. 1956-ല്‍ പയ്യന്നൂരില്‍ ശാഖാ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം അടിത്തറപാകി. മാതൃകാ സ്വയംസേവകനെന്നപോലെ മാതൃകാ അധ്യാപകനുമായിരുന്നു അദ്ദേഹം. പറശ്ശിനിക്കടവ് ഹൈസ്കൂളിലെ മലയാളം അധ്യാപകന്. ഭാരതീയ ജനസംഘത്തിന്റെ പ്രവര്‍ത്തനത്തിനായി അധ്യാപക ജോലി ഉപേക്ഷിച്ച് ഇറങ്ങിയത് വലിയൊരു സാഹസം തന്നെയായിരുന്നു. പത്തുവര്‍ഷത്തെ അധ്യാപകജോലി കൊണ്ട് ഏതാണ്ട് സാമ്പത്തിക ക്ലേശങ്ങള്‍ അകന്നു തുടങ്ങിയ അദ്ദേഹത്തിന്റെ ആ പ്രവൃത്തിക്ക് അസാമാന്യമായ മനക്കരുത്ത് തന്നെ വേണം. കണ്ണൂര്‍ ജില്ലയില്‍ ജനസംഘത്തിന്റെ പ്രവര്‍ത്തനം ഓരോ കല്ലും വച്ച് അദ്ദേഹം പടുത്തുയര്‍ത്തിയെന്ന് പറയുന്നത് അക്ഷരത്തിലും അര്‍ഥത്തിലും ശരിയാണ്. മാര്‍ക്സിസ്റ്റ് ഈറ്റില്ലങ്ങളും ശക്തിദുര്‍ഗങ്ങളുമായി അറിയപ്പെട്ടിരുന്നതും മറ്റു രാഷ്ട്രീയ കക്ഷികള്‍ കടന്നുചെല്ലാന്‍ ഭയന്നിരുന്നതുമായ എത്രയെത്ര ഗ്രാമങ്ങളിലാണ് വശ്യമായ പുഞ്ചിരിയും വചോവിലാസവുമായി കടന്നുചെന്ന് അവിടത്തെ ജനങ്ങളെ ആകര്ഷിച്ചതെന്നു പറയാന്‍ പ്രയാസമാണ്. അധികം താമസിയാതെ പ്രവര്‍ത്തനമേഖല സംസ്ഥാനവ്യാപകമായി. ജനസംഘത്തിന്റെ സംസ്ഥാന കാര്യദര്‍ശിയായും അടിയന്തരാവസ്ഥയ്ക്കു ശേഷം ജനതാ പാര്‍ട്ടിയുടെ സംസ്ഥാന സമിതി അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഭാരതീയ ജനതാ പാര്‍ട്ടി രൂപവത്കൃതമായ ശേഷം ഔദ്യോഗിക സ്ഥാനത്തിരുന്നപ്പോഴും അല്ലാത്തപ്പോഴും മാരാര്‍ജി അതിന്റെ പര്യായവും വക്താവുമായി അറിയപ്പെട്ടു. സാധാരണപ്രവര്‍ത്തകരുമായി മാത്രമല്ല അവരുടെ കുടുംബാംഗങ്ങളുമായും ഹൃദയംഗമമായ ബന്ധം പുലര്‍ത്തി. അദ്ദേഹം ഒരു വീട്ടില്‍ ചെന്നാല്‍ അതിഥിയായിട്ടല്ല കുടുംബാംഗമായിത്തന്നെയാണ് വീട്ടുകാര്‍ കരുതിവന്നത്. രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ നിന്ന് ലഭിച്ച സംസ്കാരസമ്പന്നമായ പെരുമാറ്റമാണ് അതിനു സഹായിച്ചത്.
സ്വര്ഥലേശം പുരളാത്തതായിരുന്നു വ്യക്തിത്വം. സ്വന്തമായി ഒരു തുണ്ടുഭൂമി സമ്പാദിക്കാനോ ബാങ്ക് ബാലന്‍സുണ്ടാക്കാനോ അദ്ദേഹം ചിന്തിച്ചിട്ടേയില്ല. നാറാത്ത് ക്ഷേത്രത്തിന്റെ വാതില്‍മാടത്തില്‍ നിലവിളക്കിന്റെ വെളിച്ചത്തിരുന്ന് പഠിച്ചാണ് വിദ്യാഭ്യാസകാലം കഴിച്ചത്. പീടികത്തിണ്ണയായാലും റെയില്‍വേ പ്ലാറ്റ്ഫോമായാലും ജനസംഘത്തിന്റെയും ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും കാര്യാലയങ്ങളായാലും സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളോ പ്രഭു മന്ദിരങ്ങളോ ആയാലും അവധൂതനെപ്പോലെ നിസ്സംഗനായി അവിടെ താമസിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ചുമരെഴുതിയും കൊടിനാട്ടിയും മുദ്രാവാക്യം വിളിച്ചും വളര്‍ന്ന നേതാവാണ് മാരാര്‍ജി. അദ്ദേഹത്തിന്റെ ആദ്യകാല സഹപ്രവര്‍ത്തകനും ബിജെപി കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയുമായിരുന്ന തൃക്കരിപ്പൂരിലെ കെ.വി.ലക്ഷ്മണന് സാക്ഷ്യപ്പെടുത്തുന്നതു നോക്കാം…..
“ജനസംഘം സംസ്ഥാന സംഘടനാ കാര്യദര്‍ശിയായി പരമേശ്വര്‍ജി പ്രവര്‍ത്തിക്കുന്ന കാലഘട്ടം. കണ്ണൂര്‍ ടൗണില്‍ അദ്ദേഹത്തിന്റെ പര്യടനത്തോടനുബന്ധിച്ച് കണ്‍വെന്‍ഷനും പൊതുയോഗവും നടക്കുന്നു. പ്രധാന പ്രവര്‍ത്തകര്‍ തലേന്നാള്‍ തന്നെ എത്തിച്ചേരണം എന്ന നിര്‍ദ്ദേശമനുസരിച്ച് ഞങ്ങള്‍ തൃക്കരിപ്പൂരിലെയും കാഞ്ഞങ്ങാട്ടെയും ചില പ്രവര്‍ത്തകര്‍ രാത്രി ഒമ്പതുമണിക്ക് കണ്ണൂര്‍ കാര്യാലയത്തില്‍ എത്തി. ഓഫീസില്‍ ആരുമില്ല. മേശപ്പുറത്തെ കുറിമാന പുസ്തകത്തില്‍ നിര്‍ദ്ദേശം. ഭക്ഷണം കഴിഞ്ഞ്?ഓഫീസില്‍ വിശ്രമിക്കാം.?സുഖനിദ്രയിലായിരുന്ന ഞങ്ങളെ രാത്രി രണ്ടുമണി കഴിഞ്ഞപ്പോള്‍ ചിലര്‍ വിളിച്ചുണര്‍ത്തി. എഴുന്നേറ്റു നോക്കിയപ്പോള്‍ കൈയില്‍ ഇരുമ്പുപാരയും പശപ്പാട്ടയും തൂക്കി വിയര്‍ത്തു കുളിച്ചു നില്ക്കുന്ന കെ.ജി.യെയാണ് കണ്ടത്. പി.വി.കൃഷ്ണന് നായര്‍, ശിവജി എന്നീ പ്രവര്‍ത്തകരുമുണ്ട് കൂടെ. പിറ്റേന്നത്തെ പൊതുയോഗത്തിന് കൊടികുത്താന്‍ പോയതായിരുന്നു. മറ്റാരുമുണ്ടായിരുന്നില്ലേ എന്നന്വേഷിച്ചപ്പോള്‍ പെട്ടെന്നു പ്രതികരണമുണ്ടായി. ആടുകയും അണിയറ കാക്കുകയും ചെയ്യേണ്ട സമയമാണിപ്പോള്‍. കുറേ കഴിഞ്ഞാല്‍ ഈ അവസ്ഥ മാറും, മാറ്റണം. ഛോട്ടാ നേതാക്കന്മാര് വരെ കാറിലിരുന്ന് അനുയായികളോടാജ്ഞാപിക്കുന്ന അഭിനവ രാഷ്ട്രീയ യജമാനത്തിന് നേരെ ആത്മാര്‍ഥതയും സംഘടനാ ഭക്തിയും മാത്രം കൈമുതലാക്കിയ ആദര്‍ശനേതാവിനെയാണ് അവിടെ കണ്ടത്. അണിയറ കാക്കാതെ തന്നെ ആട്ടം ഉറപ്പായപ്പോള്‍ ആട്ടക്കാരന് നമുക്ക് നഷ്ടപ്പെട്ടുപോയി . . .” (രാഷ്ട്രീയത്തിലെ സ്നേഹസാഗരം-247)
കെ.കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: