കൊച്ചി: എച്ച്‌ഐവി/എയ്ഡ്സ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റെഡ് റിബണ്‍ എക്സ്പ്രസ് ട്രയിന്‍ ഏപ്രില്‍ 29, 30 തീയതികളില്‍ എറണാകുളം സൗത്ത് റയില്‍വെ സ്റ്റേഷനില്‍ എത്തും. ഏപ്രില്‍ 23-ന് പാലക്കാട് എത്തുന്ന ട്രയിന്‍ മെയ് അഞ്ചിന് തിരുവനന്തപുരത്ത് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കും. എയ്ഡ്സ് ബോധവത്കരണത്തിനു പുറമെ പൊതുആരോഗ്യത്തെ കുറിച്ചുള്ള സമഗ്രമായ ബോധവത്കരണ പ്രദര്‍ശനമാണ് റെഡ് റിബണ്‍ എക്സ്പ്രസിന്റെ പ്രത്യേകത.
പാലക്കാട് ഒരു ദിവസം പ്രദര്‍ശനം നടത്തുന്ന ട്രെയിന്‍ 24, 25 തീയതികളില്‍ കണ്ണൂര്‍, 26, 27 തീയതികളില്‍ കോഴിക്കോട്, 28-ന് തൃശൂര്‍, മെയ് ഒന്ന്, രണ്ട് തീയതികളില്‍ ആലപ്പുഴ, മൂന്ന്, നാല് തീയതികളില്‍ കൊല്ലം, മെയ് അഞ്ചിന് തിരുവനന്തപുരം റയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പ്രത്യേകം തയാറാക്കിയ പ്ലാറ്റ്ഫോമുകളില്‍ പ്രദര്‍ശനം നടത്തും. ഇതേസമയം ട്രയിന്‍ എത്താത്ത ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് രണ്ട് ലൈഫ് ബസുകളില്‍ കലാസംഘങ്ങള്‍ യാത്രതിരിക്കും. ദിവസം നാല് കേന്ദ്രങ്ങളില്‍ വീതം ഇവര്‍ പരിപാടികള്‍ അവതരിപ്പിക്കും.
എട്ട് കോച്ചുകളുളള ട്രയിനാണ് റെഡ് റിബണ്‍ എക്സ്പ്രസ്. ഒന്നു മുതല്‍ മൂന്നു വരെയുളള കോച്ചുകളില്‍ എച്ച്‌ഐവി/എയ്ഡ്സ് എന്നിവ സംബന്ധിച്ച എക്സിബിഷനാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഒന്നാമത്തേതില്‍ എയ്ഡ്സ്-വിദ്യാഭ്യാസസംബന്ധമായ കാര്യങ്ങളും രണ്ടാം കോച്ചില്‍ ചികിത്സാ രീതികളും മൂന്നാമത്തേതില്‍ യുവാക്കളെ ലക്ഷ്യമാക്കിയുളള പ്രത്യേക പ്രദര്‍ശനവുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാലാമത്തെ കോച്ചില്‍ പൊതു ആരോഗ്യം, ശുചിത്വം, ടി.ബി., മലേറിയ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍, മാതൃ-ശിശു സംരക്ഷണം എന്നിവ സംബന്ധിച്ചുളള വിവരങ്ങള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിനുണ്ടാകും. ആരോഗ്യ കേരളത്തിന്റെ നേരൃത്വത്തിലായിരിക്കും പ്രദര്‍ശനങ്ങള്‍ നടക്കുക.
ഓഡിറ്റോറിയമായ അഞ്ചാമത്തെ കോച്ചില്‍ എച്ച്‌ഐവി/എയ്ഡ്സ് ബോധവത്കരണ പ്രദര്‍ശനം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സ്വയം സഹായസംഘം പ്രവര്‍ത്തകര്‍, യുവാക്കള്‍ തുടങ്ങിവരുടെ സംഘങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിനുളള സംവിധാനങ്ങള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ആറാം കോച്ചില്‍ ഡോക്ടര്‍മാരും കൗണ്‍സിലര്‍മാരും ഉള്‍പ്പെട്ട കൗണ്‍സിലിംഗ് സംവിധാനം, മെഡിക്കല്‍ സേവനങ്ങള്‍ക്കുളള സംവിധാനം എന്നിവ ഉണ്ടാകും. ഇതോടനുബന്ധിച്ച് സ്റ്റേഷനുകള്‍ക്ക് പുറത്ത് രക്തനിര്‍ണയ-ദാന ക്യാമ്പും സംഘടിപ്പിക്കും.
ഈ വര്‍ഷം യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദേശീയ യുവജന ദിനമായ ജനുവരി 12-ന് റെഡ് റിബണ്‍ എക്സ്പ്രസ് ഡല്‍ഹിയില്‍ നിന്ന് പര്യടനം ആരംഭിച്ചത്. ദേശീയതലത്തില്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സെക്രട്ടറി ചെയര്‍മാനും നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ കോ-ചെയര്‍മാനുമായി 16 അംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറി ചെയര്‍മാനും സംസ്ഥാന ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വൈസ് ചെയര്‍മാനും കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പ്രോജക്ട് ഡയറക്ഷന്‍ കണ്‍വീനറായും ജില്ലാ തലത്തില്‍ ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തിലുമായിരിക്കും റെഡ് റിബണ്‍ എക്സ്പ്രസിന്റെ പര്യടനം.
രാജീവ്ഗാന്ധി ഫൗണ്ടേഷന്‍ രൂപം കൊടുത്ത പ്രചരണ പരിപാടി ദേശീയ എയ്ഡ്സ് നിയന്ത്രണ ഓര്‍ഗനൈസേഷന്‍, കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി, ആരോഗ്യകേരളം, സാമൂഹ്യക്ഷേമ വകുപ്പ്, ആരോഗ്യവകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, നെഹ്‌റു യുവകേന്ദ്ര, നാഷണല്‍ സര്‍വീസ് സ്കീം, വിവിധ കേന്ദ്ര-സംസ്ഥാന വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: