കൊച്ചി: കഞ്ചാവ് വില്പനക്കാരായ രണ്ട് പേരെ ഷാഡോപോലീസ് പിടികൂടി. സിറ്റിയിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്‍പ്പന നടത്തിവന്ന ചേര്‍ത്തല, കളവംകോടം, പാടത്ത് നികര്‍ത്തില്‍ രമണന്റെ മകന് അജയകുമാര്‍ (40) ആണ് എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു സമീപത്തുനിന്നും ഷാഡോ പോലീസിന്റെ പിടിയിലായത്.
ആലപ്പുഴ സ്വദേശിയായ ഇയാള്‍ എറണാകുളത്ത് ഓട്ടോഡ്രൈവറായിരിക്കെ ആലപ്പുഴ ഭാഗത്തു നിന്നും വന്‍തോതില്‍ കഞ്ചാവ് വാങ്ങി എറണാകുളം, അരൂര്‍, എരമല്ലൂര്‍ ഭാഗങ്ങളില്‍ 100,200 രൂപയുടെ ചെറിയ പൊതികളാക്കിയാണ് ഓട്ടത്തിനിടയില്‍ വില്‍പ്പന നടത്തിയിരുന്നത്. ഫോണ്‍ മുഖാന്തിരം ബന്ധപ്പെടുന്ന സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ഓട്ടോറിക്ഷാ ഡ്രൈവര്മാര്ക്കിടയിലുമാണ് ഇയാള്‍ പ്രാധനമായും കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. ആവശ്യക്കാര്‍ക്ക് പറയുന്ന സ്ഥലങ്ങളില്‍ കഞ്ചാവ് എത്തിക്കുന്നതിനായി ഇയാള്‍ ഓട്ടോറിക്ഷ ഒഴിവാക്കി സ്കൂട്ടറിലായിരുന്നു ഈ അടുത്ത കാലത്തായി കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. എറണാകുളം മുല്ലശ്ശേരികനാല്‍ റോഡിന് സമീപം കഞ്ചാവു വില്‍പ്പന നടത്തുന്നതിനിടെയാണ് കാല്‍കിലോയോളം കഞ്ചാവുമായി ഷാഡോ പോലീസും സെന്‍ട്രല്‍ പോലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇയാള്‍ വലയിലായത്. എറണാകുളം പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്പ്പനനടത്തിയിരുന്ന വല്ലാര്‍പാടം, അയിനിക്കാട്ടുപറമ്പില് സുകുമാരന്റെ മകന് അഭി എന്നിവിളിക്കുന്ന ആദര്‍ശ് (28) ആണ് പോലീസ് പിടിയിലായത്.
കലൂര്‍, നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് പരിസരങ്ങളില്‍ കഞ്ചാവ് വില്‍പ്പനനടത്തി വന്ന ഇയാള്‍ ദേശാഭിമാനി ജംഗ്ഷന് ഭാഗത്തുനിന്നാണ് ഷാഡോ പോലീസിന്റെ പിടിയിലായത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കും , സ്കൂള്‍- കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുമിടയിലാണ് ഇയാള്‍ ബസ്റ്റാന്റ് , റെയില്‍വേ സ്റ്റേഷന് പരിസരങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. പിടിയിലാകുമ്പോള്‍ ഇയാളുടെ കൈവശം 10 ഓളം കഞ്ചാവ് പൊതികള്‍ ഉണ്ടായിരുന്നു.
സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടോമി സെബാസ്റ്റ്യനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ എസ്ഐ മുഹമ്മദ് നിസ്സാര്‍, നോര്‍ത്ത് എസ്ഐ വിജയ ശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഷാഡോ പോലീസും നോര്‍ത്ത് പോലീസും ചേര്‍ന്നാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: