കാലടി: വിവാഹം കഴിക്കാതെ തന്നെ വ്യാജവിവാഹ സര്‍ട്ടിഫിക്കറ്റും മറ്റ് രേഖകളുമുണ്ടാക്കി ജര്‍മനിയിലേക്ക് പോകാന്‍ ശ്രമിച്ച യുവതിയെ ബാംഗ്ലൂര്‍ പോലീസ് പിടികൂടി. മഞ്ഞപ്ര ചുള്ളി കോലാറ്റുകുടി ടിന്റു ഉറുമീസ് (21)നെയാണ് മഞ്ഞപ്രയിലെ വീട്ടില്‍ നിന്നും കാലടി പോലീസിന്റെ സഹായത്തോടെ പിടികൂടിയത്. എംആര്‍ഐ, സിഡി സ്കാന്‍ തുടങ്ങിയ കോഴ്സുകള്‍ പഠിച്ച ടിന്റു ജോലിസാധ്യത മുന്നില്‍ക്കണ്ടാണ് ജര്‍മനിയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിലുള്ള ഒരു ഏജന്റ് മുഖാന്തിരമാണ് വ്യാജരേഖകള്‍ ഉണ്ടാക്കിയതും വിദേശത്തേക്ക് പോകുന്നതിനുള്ള നീക്കങ്ങള്‍ നടത്തിയത്.
ബാംഗ്ലൂര്‍ സ്വദേശിയായ മറ്റൊരു പുരുഷന്റെ കൂടെ ഭാര്യയായി അഭിനയിച്ചാണ് ഇവര്‍ ജര്‍മ്മന്‍ കോണ്‍സുലേറ്റില്‍ അപേക്ഷകള്‍ നല്‍കിയത്. ഈ അപേക്ഷകളില്‍ സംശയം തോന്നിയ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ ബാംഗ്ലൂര്‍ പോലീസില്‍ നല്കിയ പരാതിയെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മറ്റു പ്രതികളെ കര്‍ണാടകത്തില്‍ നിന്നും പിടികൂടിയതായും പറയുന്നു. ബാംഗ്ലൂരില്‍ നിന്നും ഇത്തരത്തില്‍ നിരവധി പേര് വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് പല വിദേശ രാജ്യങ്ങളിലേക്കും കടന്നിട്ടുണ്ടെന്നും പറയുന്നു.
പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ബാംഗ്ലൂരില്‍ 8-ാം അഡീഷണല്‍ സിജെഎം കോടതിയില്‍ ഇന്ന് വൈകീട്ട് 5ന് മുമ്പ് ഹാജരാക്കുവാന്‍ മജിസ്ട്രേട്ട് ഉത്തരവിട്ടു. വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചതിനാല്‍ പ്രതിക്ക് കൂടുതല്‍ ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്നും അന്വേഷിക്കുമെന്നും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: