നവോദയ അപ്പച്ചന് കാഴ്ചക്കപ്പുറത്തേക്ക് മറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ അദ്ദേഹം മലയാള സിനിമക്ക് നല്കിയ അതുല്യ സംഭാവനകള്‍ക്കൊപ്പം വിരിയുന്നത് ഞാന്‍ അഭിമുഖം എടുക്കാന്‍ കാക്കനാട്ട് അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയ ഓര്‍മകളുമാണ്.
നവോദയ അപ്പച്ചന് മലയാള സിനിമയിലെ നവോദയമായിരുന്നപോലെ ഒരുപാട് താരോദയങ്ങള്‍ക്കും അദ്ദേഹം വേദിയൊരുക്കി. പക്ഷെ അതിനെല്ലാം അപ്പുറം നമുക്കോര്‍മ്മവരിക അദ്ദേഹം മലയാള സിനിമക്ക് നല്കിയ പുതുമകളുടെ പൂക്കാലമായിരുന്നു. വടക്കന്‍പാട്ട് സിനിമകള്‍ കഴിഞ്ഞ് അദ്ദേഹമാണ് മലയാള സിനിമക്ക് ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രവും ആദ്യത്തെ 70 എംഎം ചിത്രവും ഇന്ത്യയിലെതന്നെ ആദ്യത്തെ ത്രീഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനും മറ്റും നല്‍കിയത്. അക്കാലത്തുപോലും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ എടുക്കാന്‍ അദ്ദേഹം ധൈര്യം കാണിച്ചിരുന്നു.
സിനിമാരംഗത്തെക്കുറിച്ച് സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്തിരുന്ന എന്റെ സഹപ്രവര്‍ത്തകയും ഇപ്പോള്ഹിന്ദു ദിനപത്രത്തിന്റെ മെട്രോപ്ലസ് എഡിറ്ററുമായ പ്രേമ മന്മഥന് അദ്ദേഹത്തെ വളരെയധികം പ്രാവശ്യം ഇന്റര്‍വ്യൂ ചെയ്ത മാധ്യമപ്രവര്‍ത്തകയാണ്. പുതുതായ എന്തും ചെയ്യാന്‍ അസാമാന്യമായ ധൈര്യമാണ് അദ്ദേഹത്തിനുണ്ടായിരുന്നതെന്ന് പ്രേമ ഓര്‍ക്കുന്നു.നിര്‍മാതാവ്, പ്രൊഡക്ഷന്‍ കണ്ട്രോളര്, മാനേജര്‍, പിആര്‍ഒ- ഏത് രംഗത്തും അദ്ദേഹത്തിന്റെ പ്രതിഭ അപാരമായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പും പ്രേമ അദ്ദേഹത്തിന്റെ വസതിയില്‍ പോകുകയും ഒപ്പം ആഹാരം കഴിക്കുകയും ചെയ്തിരുന്നു.
ഞാന്‍ അപ്പച്ചനെ കാണുന്നത് അദ്ദേഹം ബൈബിളിനെക്കുറിച്ച് സീരിയലെടുക്കുമ്പോഴായിരുന്നു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളില്‍ ദൂരദര്ശന് മാത്രമാണ് സീരിയലുകള്‍ കാണിച്ചിരുന്നത്. അന്ന് ഞാന്‍ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് ‘7ീ രഹീരസ ശെ ്യമംി ശോല’ (കോട്ടുവായിടുന്ന സമയം) എന്നായിരുന്നു. ആവര്ത്തനവിരസമാര്ന്നതും അഭിനയരാഹിത്യവുമുള്ള സീരിയലുകളായിരുന്നു മലയാളം ദൂരദര്ശന് പ്രദര്‍ശിപ്പിച്ചിരുന്നത്. “കാച്ചിയ പപ്പടം ടിന്നില്‍ കുത്തിത്തിരുകിയാല്‍ എങ്ങനെ ഇരിക്കുമോ അങ്ങനെയാണ് ഇന്നത്തെ സീരിയലുകള്‍” എന്ന് പി. ഭാസ്കരന് എന്നോട് പറഞ്ഞതും ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അന്നും ഇന്ത്യക്കാര്‍ ശ്വാസമടക്കി കാത്തിരുന്നത് ഹിന്ദിയില്‍ വന്നിരുന്ന ‘മഹാഭാരതം’ പരമ്പര കാണാനാണ്. രാവിലെ ഒന്‍പത് മണിക്കായിരുന്നു മഹാഭാരതം സംപ്രേഷണം ചെയ്തിരുന്നത്. അങ്ങനെയാണ് പുരാണങ്ങള്‍ വായിക്കുന്നത് ഫാഷന്‍ അല്ലാത്തതുകൊണ്ടോ സമയമില്ലാത്തതുകൊണ്ടോ പുരാണകഥകളെപ്പറ്റി തികഞ്ഞ അജ്ഞത പുലര്‍ത്തുന്ന പുതുതലമുറ അതേക്കുറിച്ച് മനസ്സിലാക്കിയത്. വടക്കേ ഇന്ത്യയിലെ പോലെതന്നെ കേരളത്തിലും പ്രേക്ഷകര്‍ ഇതിനോട് വലിയ ആഭിമുഖ്യം പുലര്‍ത്തി. അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകരന് പോലും ഒരിക്കല്‍ ഒന്‍പത് മണിക്ക് പത്രസമ്മേളനം വിളിച്ചിട്ടും എത്തിയത് ഒരു മണിക്കൂര്‍ വൈകിയാണ്. മഹാഭാരതം സീരിയല്‍ കാണുന്നത് ഒരിക്കലും മുടക്കാത്ത അദ്ദേഹം പത്രസമ്മേളനത്തിന് പോലും അതില്‍ കുറഞ്ഞ പ്രാധാന്യമേ നല്കിയുള്ളൂ. മഹാഭാരതത്തിലെ നായകന് പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനംപിടിച്ച് ഒടുവില്‍ തെരഞ്ഞെടുപ്പില്‍ പോലും മത്സരിച്ചത്രേ.
മഹാഭാരതത്തിന്റെ വന്‍വിജയത്തിന് ശേഷമാണ് ദൂരദര്ശന് ബൈബിള്‍ സീരിയല്‍ സംപ്രേഷണം ചെയ്തത്. മഹാഭാരതത്തിന് ശേഷം ഒരു ക്രൈസ്തവ പുരാണകഥയും അവതരിപ്പിക്കാമെന്ന ആശയം ഉയര്‍ന്നപ്പോള്‍ സ്വാഭാവികമായും അവര്‍ തെരഞ്ഞെടുത്തത് ഇന്ത്യയിലെതന്നെ ആദ്യത്തെ ത്രിമാനചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ നിര്‍മാതാവായ നവോദയ അപ്പച്ചനെയായിരുന്നു. മൈ ഡിയര്‍ കുട്ടിച്ചാത്തന് തീയേറ്ററുകളില്‍ ഓടിയത് ഏതാണ്ട് ഒരുവര്ഷത്തോളമായിരുന്നല്ലോ.
തൊണ്ണൂറ് മിനിറ്റ് നീണ്ടുനില്‍ക്കുന്ന 31 എപ്പിസോഡുകളായിട്ടാണ് ബൈബിള്‍ സീരിയല്‍ വിഭാവനം ചെയ്തത്; പുതിയ നിയമത്തില്‍നിന്നും തെരഞ്ഞെടുത്ത കഥകള്‍. സൃഷ്ടി മുതല്‍ കുരിശാരോഹണം വരെ ഉള്‍പ്പെടുന്ന ബൈബിളില്‍ മിശിഹയുടെ വരവും അദ്ദേഹത്തിന്റെ 12 ശിഷ്യന്മാര്, അല്ഭുതങ്ങള്, ജറുസലേമിലേക്കുള്ള പ്രവേശനം, വിചാരണ, കുരിശാരോഹണം മുതലായവയാണ് ഉള്‍പ്പെടുത്തിയത്. വിശ്വാസത്തിന്റെയും തത്വചിന്തയുടെയും സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും കഥകള്‍.
ബൈബിള്‍ മിനിസ്ക്രീനിലെത്തിയാല് മഹാഭാരതം ആവര്‍ത്തിക്കപ്പെടും എന്നായിരുന്നു പ്രതീക്ഷ. കഥകള്‍ക്കുള്ളില്‍ കഥകളുള്ള വിശ്വാസത്തിന്റെ പ്രതീകമായ കഥകളാണ് ബൈബിള്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലുമുള്ളത്. ഒരു പ്രാകൃത സമൂഹം ദൈവത്തിന്റെ കല്‍പ്പനപ്രകാരം നോഹയുടെ പേടകം ഉണ്ടാക്കുന്നതുമുതല്‍ തുടങ്ങുന്ന ബൈബിള്‍ നവോദയ അപ്പച്ചന് സ്വാഭാവിക ചാരുതയോടെ രൂപപ്പെടുത്തി. പലര് ചേര്‍ന്ന് സംവിധാനംചെയ്തു എന്നതായിരുന്നു ഇതിന്റെ ഒരു സവിശേഷത. ആദിയില്‍ ശൂന്യത, പിന്നെ വെളിച്ചം എന്ന മുഖവുരയോടെ തുടക്കം. സസ്യജാലവും മൃഗങ്ങളും ആദിമമനുഷ്യനും സ്ത്രീയും കായേന് ആബേലിനെ കൊല്ലുന്നതുമൊക്കെയാണ് ആദ്യ എപ്പിസോഡ് എന്ന് അപ്പച്ചന് അഭിമുഖത്തില്‍ എന്നോട് പറഞ്ഞു. റാസാ മുറാദ്, കമ്മി കപൂര്‍, നസിറുദ്ദീന്‍ ഷാ, രാജ് ബബ്ബാര്‍, അലോക്നാഥ് മുതലായവരായിരുന്നു അഭിനേതാക്കള്‍.
അന്നത്തെ അഭിമുഖത്തില്‍ അദ്ദേഹം എന്നോട് പറഞ്ഞത് ബൈബിളിന്റെ ചിത്രീകരണത്തിലൂടെ താന്‍ ലക്ഷ്യമിടുന്നത് വിദ്യാഭ്യാസവും സംസ്കാരവും പിന്നെ ക്രൈസ്തവ ചരിത്രം അനാവരണം ചെയ്യലുമൊക്കെയാണ് എന്നായിരുന്നു. നഗ്നത മറയ്ക്കാന്‍ ഉപയോഗിച്ച ഇലയില്‍നിന്നും തുടങ്ങി വസ്ത്രങ്ങള്‍ വരുന്നതും ഇഷ്ടികകള്‍ ഉണ്ടാക്കുന്നതും മൃഗങ്ങളെ മെരുക്കുന്നതും ചക്രത്തിന്റെ കണ്ടുപിടിത്തവും സംഗീതത്തിന്റെ ആവിര്‍ഭാവവും എല്ലാം ദൃശ്യവല്ക്കരിക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. ഇതുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ന് ടിവി പരിപാടികളുടെ നിലവാരം എവിടെ എത്തിനില്‍ക്കുന്നു?
അന്ന് ബൈബിളിന്റെ പ്രത്യേകതയായി അദ്ദേഹം പറഞ്ഞ തമാശ ബൈബിളില്‍ ‘പരന്തു’ ഒരു നടനല്ല എന്നായിരുന്നു. രാമായണവും മഹാഭാരതവും മറ്റും കണ്ട പ്രേക്ഷകര്‍ ഓര്‍ക്കുന്നുണ്ടാകും ഓരോ സംഭാഷണത്തിലും ‘പരന്തു’ എന്ന പ്രയോഗം. ‘പരന്തു’ എന്ന് ആദ്യമായി കേട്ട, ഹിന്ദി വിജ്ഞാനം തീരെ കുറവായ ഞാന്‍ ഇതെന്താണെന്നറിയാതെ അന്തംവിട്ടിരുന്നതായി ഓര്‍ക്കുന്നു. ഭൂഷണ് വന്മാലി ഉറുദുവില്‍ എഴുതിയതായിരുന്നു ‘മഹാഭാരത’ത്തിന്റെ തിരക്കഥ. ബൈബിള്‍ മനോഹരമായി ചിത്രീകരിച്ചെങ്കിലും ഏകദേശം പകുതിയായപ്പോള്‍ എന്തുകൊണ്ടോ സംപ്രേഷണം നിലച്ചു.
ഇത് എഴുതുമ്പോള്‍ തകഴിയുടെ കയര്‍ മിനിസ്ക്രീനില്‍ പകര്‍ത്തിയ കഥ എനിക്കോര്‍മ്മ വരുന്നു. കയര്‍ സീരിയലാക്കിയത് അവാര്‍ഡ് ജേതാവും പ്രസിദ്ധനുമായ സച്ചുവായിരുന്നു. കയര്‍ കുട്ടനാടിന്റെ കഥയായതിനാല്‍ അത് കുട്ടനാട്ടില്വച്ചുതന്നെ ചിത്രീകരിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെയാണ് സച്ചു ചിത്രീകരണം തുടങ്ങിയത്. കഥാപാത്രങ്ങളെക്കാള്‍ പ്രാധാന്യം സംഭവങ്ങള്‍ക്കാണ്. ഈ കഥ എനിക്ക് ഒരു ഹരം മാത്രമല്ല, ഒരു വെല്ലുവിളികൂടിയാണ് എന്ന് സച്ചു അഭിമുഖത്തില്‍ പറഞ്ഞതും ഞാന്‍ ഓര്‍ക്കുന്നു. കയറിന്റെ ഇംഗ്ലീഷ് തിരക്കഥ എഴുതിയത് പ്രസിദ്ധ മാധ്യമപ്രവര്ത്തകന് ബി.ആര്.പി. ഭാസ്ക്കര്‍ ആയിരുന്നു. അന്ന് തകഴി ചോദിച്ച ഒരു ചോദ്യവും എനിക്കോര്‍മ്മ വരുന്നു. “എന്റെ പ്രിയപ്പെട്ട ശിലാത്തിപ്പള്ളി കല്യാണി” എങ്ങനെയായിരിക്കും ഹിന്ദി പറയുക?”
കേരളത്തിലെ ചാനല്‍ കയ്യേറ്റത്തിനുശേഷം വന്ന സാമൂഹ്യമാറ്റങ്ങള്‍, സ്ത്രീകളുടെ സീരിയല്‍ ഭ്രാന്ത്, പെണ്‍കുട്ടികളുടെ പൈങ്കിളിപ്രേമം, സ്ത്രീകളുടെ ബൗദ്ധിക നിലവാരത്തകര്‍ച്ച എല്ലാം കാണുമ്പോള്‍ ദൃശ്യമാധ്യമങ്ങള്‍ കേരള സംസ്കാരത്തെ എങ്ങനെ മാറ്റിമറിച്ചു എന്നോര്‍ത്ത് ഞാന്‍ ദുഃഖിക്കാറുണ്ട്. സ്ത്രീ എന്ന മെഗാ പരമ്പരയോടുകൂടി തുടങ്ങിയതാണ് സ്ത്രീകളുടെ ചാനല്‍ വിധേയത്വവും സാംസ്കാരികത്തകര്‍ച്ചയും.
ഇന്ന് അപ്പച്ചന് കാലഘട്ടം അസ്തമിച്ചിരിക്കുകയാണ്. അപ്പച്ചന്റെ ദേഹവിയോഗത്തിന് മുമ്പുതന്നെ സിനിമയും മാറിയിരുന്നു. ‘രാധയും കൃഷ്ണനും’ വരെ തിയേറ്ററുകള്‍ കീഴടക്കുന്ന ഇക്കാലത്ത് അപ്പച്ചന് ഏതുതരം സിനിമയായിരിക്കും തിരിച്ചുവരുമ്പോള്‍ വിഭാവന ചെയ്തിരുന്നത്? വ്യാജ സിഡി കയ്യേറ്റത്തില്‍ സിനിമ മരിക്കുന്നതില്‍ ദുഃഖിതനായി സിനിമാരംഗം വിട്ടുനിന്ന അദ്ദേഹം ഒരു തിരിച്ചുവരവിന് തയ്യാറെടുത്തിരുന്നുവത്രേ. ഒരുകാലത്ത് മരിച്ച മലയാളസിനിമക്ക് പുതുജീവന്‍ നല്കിയ മഹാപ്രതിഭയായിരുന്നല്ലോ മരണമില്ലാത്ത നവോദയ അപ്പച്ചന്.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: