മലയാള സിനിമാ രംഗത്ത് വിസ്മയങ്ങള്‍ സൃഷ്ടിച്ച് സിനിമാലോകത്ത് വിസ്മരിക്കാനാവത്ത വ്യക്തിത്വമായി മാറിയ പ്രതിഭയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച നവോദയ അപ്പച്ചന്. മലയാള സിനിമാരംഗത്തും ഇന്ത്യന്‍ സിനിമയിലും നിരവധി പുതുമകള്‍ അവതരിപ്പിച്ചത് നവോദയ അപ്പച്ചനായിരുന്നു. മൈ ഡിയര്‍ കുട്ടിച്ചാത്തന്, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, പടയോട്ടം തുടങ്ങി മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത ഒട്ടനവധി ചിത്രങ്ങളുടെ നിര്‍മാതാവായ നവോദയ അപ്പച്ചന് പകരം വയ്ക്കാന്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ മറ്റൊരാളില്ല. നിര്‍മ്മാതാവ്, സംവിധായകന് എന്നീ നിലകളില്‍ അപ്പച്ചന് മലയാള സിനിമയ്ക്ക് നല്കിയ സംഭാവനകള്‍ നിരവധിയാണ്. ജെ സി ഡാനിയല്‍ പുരസ്ക്കാരമുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെത്തേടിയെത്തിയിട്ടുണ്ട്. അപ്പച്ചന് മലയാള സിനിമാലോകത്ത് സ്ഥാപിച്ച വ്യക്തിമുദ്രകള്‍ വിലപ്പെട്ടതാണ്. കടത്തനാട്ട് മാക്കം, മാമാങ്കം, തീക്കടല്‍ തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. മലയാള സിനിമാരംഗത്ത് നിന്ന് വിട്ടുനിന്ന കാലയളവില്‍ ചെന്നൈയില്‍ ഇന്ത്യയിലെ ആദ്യ വാട്ടര്‍തീം പാര്‍ക്കായ കിഷ്ക്കിന്ദ സ്ഥാപിച്ചു. അപ്പച്ചന്റെ നിര്യാണം മലയാളസിനിമയില്‍ ഒരു കാലത്തിന്റെയും യുഗത്തിന്റെയും അസ്തമയമാണ്. മലയാളസിനിമയ്ക്ക് വാണിജ്യപരമായും സാങ്കേതികമായും നവോദയം പ്രദാനം ചെയ്ത നിര്‍മാതാവായിരുന്നു അപ്പച്ചനെന്നത് തര്‍ക്കമറ്റകാര്യമാണ്. വന്ചുവടുകള്കൊണ്ട് മലയാളസിനിമയുടെ സാങ്കേതികസജ്ജതയ്ക്ക് വന്‍കുതിച്ചുചാട്ടം അപ്പച്ചന് നല്കി.
മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പു ചിത്രം, മലയാളത്തിലെ ആദ്യത്തെ 70 എംഎം ചിത്രം, മലയാളത്തിലെ ആദ്യത്തെ ത്രീഡി ചിത്രം എന്നിവ അപ്പച്ചന് നേതൃത്വം നല്കിയ നവോദയയുടെ മാത്രം ഭാവനയില്‍ വിരിഞ്ഞ്, സാഫല്യം നേടിയവയാണ്. തച്ചോളി അമ്പു, പടയോട്ടം, മൈഡിയര്‍ കുട്ടിച്ചാത്തന് എന്നിവയോട് കിടപിടിക്കുന്ന മറ്റൊരു ചിത്രവും മലയാളത്തിലില്ലെന്നു തന്നെ പറയാം. ഇവയെല്ലാം ഏഴുവര്‍ഷത്തെ ഇടവേളയില്‍ സംഭവിച്ചതാണ്. ഇവയില്‍ മൈഡിയര്‍ കുട്ടിച്ചാത്തന് ഏഷ്യയിലെത്തന്നെ ആദ്യത്തെ ത്രിമാനസംരംഭമാണെന്നറിയുമ്പോഴാണ് അപ്പച്ചനെന്ന അതുല്യ പ്രതിഭയുടെ സാഹസികമായ പരിശ്രമത്തിന്റെ വിലയറിയുക. മലയാളികളുടെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ മഹാത്ഭുതമെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന മോഹന്‍ലാലിനെയും അവതരിപ്പിച്ചത് അപ്പച്ചനാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയാണിത്. തച്ചോളി അമ്പുവിനുശേഷം അനേകം സിനിമാസ്കോപ്പ് സിനിമകള്‍ വന്നിട്ടുണ്ട്. മൈ ഡിയര്‍ കുട്ടിച്ചാത്തനുശേഷം ഏതാനും ത്രിമാനചിത്രങ്ങളും വന്നു. എന്നാല്‍ പടയോട്ടത്തിനുശേഷം ഒരു 70 എംഎം സിനിമയും ഉണ്ടായിട്ടില്ല. ഇനി മിക്കവാറും ഉണ്ടാകാന്‍ പോകുന്നുമില്ല. ആ വിധത്തില്‍ മലയാളത്തിലെ ആദ്യത്തെയും അവസാനത്തെയും 70 എം എം ചിത്രത്തിന്റെ നിര്‍മ്മാതാവെന്ന വിശേഷണം അപ്പച്ചനു മാത്രം അവകാശപ്പെട്ടതായി തീര്‍ന്നിരിക്കുന്നു. പടയോട്ടം എന്ന 70എം എം സിനിമ റിലീസ് ചെയ്യാന്‍ കേരളത്തില്‍ 70 എംഎം സ്ക്രീനുകള്‍ ആവശ്യമായിരുന്നു.
സിനിമയുടെ വിസ്മയസാദ്ധ്യതയെക്കുറിച്ചു മനസ്സിലാക്കിക്കാന്‍ തിയറ്ററുകളുമായുള്ള അപ്പച്ചന്റെ സംഭാഷണങ്ങള്‍ക്കു സാധിച്ചു. അപ്പച്ചനെന്ന നിര്മാതാവിലുള്ള വിശ്വാസംകൊണ്ടുകൂടിയാണ് കേരളത്തില്‍ അന്ന് ഈ പടത്തിനായി 70 എംഎം തിയറ്ററുകളുണ്ടായത്. എന്നാല്‍, ചില ഇംഗ്ലീഷ് ചിത്രങ്ങള്‍ക്കു കൂടി ഉപകരിച്ചു എന്നതല്ലാതെ മലയാളത്തിലോ, ഇന്ത്യയില്‍ത്തന്നെയോ പിന്നീട് ഇത്തരം സംരംഭങ്ങള്‍ ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. ഹോളിവുഡിലെ സ്റ്റുഡിയോ സംസ്കാരം മലയാളത്തില്‍ കൊണ്ടുവന്നതില്‍ അപ്പച്ചനും വലിയ പങ്കുണ്ട്. ഉദയയില്‍ പങ്കാളിത്തമുണ്ടായിരുന്ന അപ്പച്ചന് പിന്നീട് സ്വന്തമായി നവോദയ തുടങ്ങി. പതിനേഴാം വയസില്‍ ജ്യേഷ്ഠന് കുഞ്ചാക്കോ ഉദയ സ്റ്റുഡിയോയുടെ മാനേജിംഗ് ഡയറക്ടറാക്കിയതുമുതല് അപ്പച്ചന് സിനിമയെ ഒപ്പം കൂട്ടിയതാണ്. ഗായകന് യേശുദാസിന്റെ പിതാവും കുഞ്ചാക്കോയുടെ അടുത്ത സുഹൃത്തുമായ അഗസ്റ്റിന് ജോസഫ് അഭിനയിച്ച നല്ലതങ്കയാണ് അപ്പച്ചന് ഭാഗമായ ആദ്യ സിനിമ. ഉദയ പുതുമയുള്ള നിരവധി സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു. വടക്കന്‍ പാട്ടുകളും സംഭവങ്ങളും ചരിത്രങ്ങളുമെല്ലാം സിനിമകളാക്കിയതോടെ ഉദയ പ്രശസ്തിയിലേക്കുയര്‍ന്നു. കുഞ്ചാക്കോയുടെ മരണശേഷമാണ് ‘നവോദയ’ ജന്മം കൊള്ളുന്നത്. ചെറുപ്പത്തില്‍ തന്നെ സിനിമാ മേഖലയില്‍ ലഭിച്ച പരിചയസമ്പത്തായിരുന്നു നവോദയയെ ഒറ്റയ്ക്ക് നയിക്കാന്‍ ധൈര്യമേകിയത്.
ഉദയയെപ്പോലെ തന്നെ നവോദയയും മലയാളികള്‍ക്ക് പുതുമയും വ്യത്യസ്തതയുമുള്ള നിരവധി ചിത്രങ്ങള്‍ സമ്മാനിച്ചു. പുതുമുഖസംവിധായകരോട് എന്നും ചായ്വു കാട്ടി. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ ഫാസിലിനെയും ഒന്നുമുതല്‍ പൂജ്യം വരെയില്‍ രഘുനാഥ് പലേരിയെയും പടയോട്ടത്തില്‍ ജിജോയെയും ചാണക്യനില് ടി.കെ.രാജീവ് കുമാറിനെയും അവതരിപ്പിച്ചു. പടയോട്ടം അലക്സാണ്ടര്‍ ദ്യൂമയുടെ മോണ്ടിക്രിസ്റ്റോയുടെ മലയാളപതിപ്പുകൂടിയാണ്. ചാണക്യനുശേഷം കാര്യമായി സിനിമാരംഗത്തു തുടരാതിരുന്ന അപ്പച്ചന് കിഷ്കിന്ദ എന്ന തീം പാര്‍ക്കിന്റെ നിര്‍മാണത്തിലും മറ്റും മുഴുകി. ഇടയ്ക്ക് ബൈബിള്‍ പരമ്പര ആവിഷ്കരിക്കാന്‍ ശ്രമിച്ചത് പലതരം പ്രതിസന്ധികള്‍ മൂലം ഫലവത്തായില്ല. ഏതാനും എപ്പിസോഡുകള്‍ ദേശീയ ദൂരദര്‍ശനില്‍ വന്നിരുന്നു. സ്വന്തം സിനിമകള്‍ക്ക് പുതിയ സാങ്കേതിക സൗകര്യങ്ങള്‍ വേണമെന്നു കരുതുകയും ലോകസിനിമ എങ്ങനെ മാറുന്നു എന്നു വീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്ത നിര്‍മാതാവു കൂടിയായിരുന്നു അപ്പച്ചന്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ക്കുവേണ്ടി വിദേശത്തു പോയി ക്യാമറ വാങ്ങുകയുമുണ്ടായി. ആ ക്യാമറയാണ് ഈയിടെ അദ്ദേഹം മോഹന്‍ലാലിന് സമ്മാനമായി നല്‍കിയത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ തന്നെ ഒപ്പിയെടുത്ത ക്യാമറ അപൂര്‍വസമ്മാനമായി ലാല്‍ ഏറ്റുവാങ്ങുകയും ചെയ്തു. അപ്പച്ചന് മലയാള സിനിമയുടെ തന്നെ അപ്പച്ചനാണെന്ന് മലയാള സിനിമാ താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. അപ്പച്ചന്റെ വിയോഗം ദൃശ്യകലയ്ക്ക് കനത്ത നഷ്ടം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: